Tuesday, February 22, 2011

Don 2 - the chaise continuous - stills









‘ഡോണ്‍ 2 - ദ് ചെയ്സ് കണ്ടിന്യൂസ്’



‘ഡോണ്‍ 2 - ദ് ചെയ്സ് കണ്ടിന്യൂസ്’ ഒരുങ്ങുകയാണ്. 2006ല്‍ പുറത്തിറങ്ങിയ ‘ഡോണ്‍ ദ് ചെയ്സ് ബിഗിന്‍സ് എഗൈന്‍’ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം. ഷാരുഖ് ഖാന്‍ തന്നെ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ സ്റ്റില്ലുകള്‍ പുറത്തുവന്നു. ഷാരുഖ് ഖാന്‍ പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതാണ് സ്റ്റില്ലുകള്‍. സിക്സ് പാക്ക് ശരീരമാണ് ഈ സിനിമയില്‍ ഷാരുഖിന്. നീളന്‍ മുടിയും ഈ കഥാപാത്രത്തിന്‍റെ പ്രത്യേകതയാണ്.

പുതിയ ചിത്രത്തില്‍ ഡോണ്‍ ജയിലില്‍ കഴിയുകയാണ്. ഡോണ്‍ ഒരു ജയില്‍ഭേദനത്തിനൊരുങ്ങുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അവര്‍ അയാളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഫര്‍ഹാന്‍ അക്തറാണ് ഡോണ്‍ 2 സംവിധാനം ചെയ്യുന്നത്. സാഹസികമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ഈ സിനിമ. ബെര്‍ളിനില്‍ വച്ച് ഒരു കാര്‍ചേസ് രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വിലകൂടിയ ഒരു മൂവീ ക്യാമറ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റില്ല എന്നത് ആശ്വാസമായി.

യൂറോപ്യന്‍ അധോലോകം കീഴടക്കുക എന്നതാണ് ഈ സിനിമയില്‍ ഡോണിന്‍റെ ലക്‍ഷ്യം. 11 രാജ്യങ്ങളാണ് ഡോണിനായി വലവീശിയിരിക്കുന്നത്.
പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. ലാറ ദത്ത, കുനാല്‍ കപൂര്‍, ബൊമന്‍ ഇറാനി, ഓം‌പുരി തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. പ്രിയങ്ക ചോപ്രയും ഓം‌പുരിയും ഒരു ലിഫ്റ്റില്‍ വരുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. താന്‍ പൊലീസില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് ഓം‌പുരി പ്രിയങ്കയോട് വെളിപ്പെടുത്തുന്നു. ലിഫ്റ്റ് തുറക്കുമ്പോള്‍ തൊട്ടു മുന്നില്‍ ഡോണ്‍!

ഹൃത്വിക് റോഷന്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. ഡിസംബര്‍ 23നാണ് ഡോണ്‍ 2 റിലീസ് ചെയ്യുന്നത്.

അന്ന് കലാഭവന്‍ മണി, വിക്രം - ഇന്ന് വിശാല്‍



വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി, അതിനു ശേഷം വിക്രം. ഇപ്പോഴിതാ വിശാല്‍. എന്താണ് ഇവര്‍ തമ്മിലുള്ള ബന്ധം എന്നല്ലേ? കണ്ണുകള്‍ കൊണ്ടുള്ള അഭ്യാസത്തില്‍ വിരുത് തെളിയിച്ചവരാണ് ഈ മൂന്ന് നടന്‍‌മാരും. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ അന്ധനായി അഭിനയിച്ച് മണി കഴിവ് തെളിയിച്ചു. ‘കാശി’ എന്ന തമിഴ് ചിത്രത്തില്‍ വിക്രം അത് ആവര്‍ത്തിച്ചു.

കൃഷ്ണമണി മുകളിലേക്ക് വച്ച് വളരെ ബുദ്ധിമുട്ടിയാണ് മണിയും വിക്രവും അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സിനിമയിലെ എല്ലാ സീനുകളും ആ രീതിയില്‍ അവര്‍ ഗംഭീരമാക്കി. ഇപ്പോഴിതാ, പുരട്ചി ദളപതി വിശാല്‍ പുതിയ സ്റ്റൈലില്‍ എത്തുന്നു. അതും കണ്ണുകള്‍ കൊണ്ടുള്ള അഭ്യാസം തന്നെ. ബാല സംവിധാനം ചെയ്യുന്ന ‘അവന്‍ ഇവന്‍’ എന്ന സിനിമയില്‍ കോങ്കണ്ണുകള്‍ ഉള്ള യുവാവായാണ് വിശാല്‍ അഭിനയിക്കുന്നത്.

കോങ്കണ്ണനായി ഒരു സിനിമയിലെ എല്ലാ രംഗങ്ങളും അഭിനയിക്കുക എന്ന വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആവേശത്തിലാണ് വിശാല്‍. “ലോകത്തില്‍ ആദ്യമായാണ് ഒരു നായകന്‍ സിനിമയിലുടനീളം കോങ്കണ്ണനായി പ്രത്യക്ഷപ്പെടുന്നത്. അതുതന്നെയാണ് എന്നെ ത്രില്ലടിപ്പിച്ചത്. ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു ഡോക്ടറുടെ ഉപദേശം തേടിയിരുന്നു. ഓരോ സീനും അഭിനയിച്ചുകഴിഞ്ഞ് കടുത്ത തലവേദന എനിക്കുണ്ടായി. സിനിമയോടുള്ള ആവേശവും ബാലയ്ക്കൊപ്പം ജോലി ചെയ്യുന്നതിന്‍റെ സന്തോഷവുമാണ് ‘അവന്‍ ഇവന്‍’ പൂര്‍ത്തിയാക്കാന്‍ എനിക്ക് ധൈര്യം തന്നത്” - വിശാല്‍ വ്യക്തമാക്കി.

സേതു, പിതാമഹന്‍, നാന്‍ കടവുള്‍ തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് സൃഷ്ടിച്ച ബാലയുടെ ‘അവന്‍ ഇവന്‍’ ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമാണ്. ആര്യയും ഈ സിനിമയില്‍ നായകനാണ് എന്ന സവിശേഷതയുമുണ്ട്. ഏപ്രിലില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ സിനിമയുടെ സംഗീതം യുവന്‍ ശങ്കര്‍ രാജ.

Monday, February 21, 2011

കൊച്ചിക്കുവേണ്ടി പ്രിയന്റെ ആക്ഷന്‍



പണ്ട് ഒരു ക്രിക്കറ്റ് പന്തിന്റെ തീവ്രചുംബനം ഏറ്റുവാങ്ങിയ കണ്ണുകൊണ്ട് പ്രിയദര്‍ശന്‍ കൊച്ചിക്കായലിനെ നോക്കി. അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും പോലെയുള്ള നക്ഷത്രങ്ങളിലെ രാജകുമാരന്മാര്‍ക്കുവേണ്ടി മാത്രം ചലിക്കുന്ന നാവില്‍നിന്ന് 'ആക്ഷന്‍' എന്ന ശബ്ദം ഉയര്‍ന്നപ്പോള്‍ കള്ളുംകുടംപോലുള്ള വയറും കറുത്ത ശരീരത്തെ മുത്തിയ കുരിശുമാലയുമായി വരാപ്പുഴക്കാരന്‍ തോമസ്‌ചേട്ടന്‍ കായലിലേക്ക് ചാടി. വലയ്ക്ക് പിന്നാലെ വീഴുമ്പോള്‍ വലിയൊരു ആരവം: 'സ്‌കോറെത്രയായി?'

ലോകം ഒരു ക്രിക്കറ്റ് കപ്പിലേക്ക് ചുരുങ്ങി നില്‍ക്കെ ഇന്ത്യന്‍ സിനിമയിലെ സ്വപ്ന സംവിധായകന്‍ വരാപ്പുഴയിലെ മണ്ണന്തുരുത്ത് ഫെറിയില്‍ ഐ.പി.എല്‍. ആവേശത്തെ ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു. കൊച്ചിയുടെ സ്വന്തം ടീമായ 'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യചിത്രത്തിന്റെ സംവിധായകനായാണ് പ്രിയന്‍ കൊച്ചിയിലെത്തിയത്. കൊച്ചിയെ ഗ്രാമ്യതയുടെ ചീനവലയിലേക്ക് കോരിയെടുക്കാന്‍ തിരക്കുകള്‍ മാറ്റിവച്ച് പറന്നുവരികയായിരുന്നു ഈ ഹിറ്റ്‌മേക്കര്‍.

'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യം ചിത്രീകരിക്കാന്‍ കരാറെടുത്ത പാലക്കാട്ടുകാരനായ പ്രമുഖ പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രിയന്‍ വന്നത്. ഏറെക്കാലത്തിനുശേഷം മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന 'അറബിയും മാധവന്‍നായരും ഒട്ടകവും' എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയശേഷമാണ് 'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യത്തിനായി പ്രിയന്‍ സമയം കണ്ടെത്തിയത്.

കൊച്ചിയുടെ ടീമിനെ, കളരിയുടെ പശ്ചാത്തലത്തിലാണ് പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്നത്. കളരിയുടെയും ക്രിക്കറ്റിന്റെയും താളം ഒന്നാണെന്ന് പ്രിയന്‍ പറയുന്നു.''ആഘോഷത്തിന്റെ മൂഡ് ആയിരിക്കും ഇതില്‍. ഐ.പി.എല്ലിന്റെ ആഗോളസാധ്യതകള്‍ കണക്കിലെടുത്ത് കൊച്ചിയുടെ ടൂറിസം സാധ്യതകളെക്കൂടി പകര്‍ത്തുന്നതായിരിക്കും അത്''-സംവിധായകന്റെ വാക്കുകള്‍.

നിലവിളക്കുമായി റിമ കല്ലിങ്ങല്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് പരസ്യചിത്രം തുടങ്ങുന്നത്. അതിന്റെ പ്രകാശത്തിനു പിന്നാലെ കലൂര്‍‌സ്റ്റേഡിയത്തിലെ പിച്ച് തെളിയുന്നു. പിന്നെ, ബാറ്റിലും പന്തിലും കളരിച്ചുവടുകളുടെ പോരാട്ടം. ആകാശത്തില്‍ നിറയുന്ന ആവേശം. പിന്നെ, ചായക്കടയിലും ബാര്‍ബര്‍ഷോപ്പിലും തെങ്ങിന്‍മുകളിലുമുള്ള കൊച്ചിക്കാര്‍ ഏറ്റുവാങ്ങുന്നു.

തിങ്കളാഴ്ച വരാപ്പുഴയിലെ കായല്‍ക്കരയിലായിരുന്നു ഷൂട്ടിങ്. 'എസ്സേ' എന്ന നീളന്‍ വിദേശനിര്‍മിത സിഗരറ്റ് തുരുതുരാ വലിച്ച്, ഇടയ്ക്ക് അടുത്തുള്ള എസ്.കെ. ഹോട്ടലിലെ സുഖിയന്‍ തിന്ന്, നിമിഷങ്ങള്‍ക്കുപോലും കോടികളുടെ വിലയുള്ള സംവിധായകന്‍ സ്ഥിരം തൊപ്പിയിലും കൂളിങ്ഗ്ലാസ്സിലും ചിരിച്ചു. ഒരിക്കല്‍ ക്രിക്കറ്റ് കളിക്കിടെ കണ്ണിനു പരിക്കേറ്റ പ്രിയന്‍ പക്ഷേ, ഈ കളിയെ സ്‌നേഹിച്ചതല്ലാതെ ഒരിക്കലും വെറുത്തിട്ടില്ല.

കൊച്ചി ടീമിനെ സ്വന്തമാക്കാന്‍ പോകുന്നവര്‍ക്കിടയില്‍ ഇടയ്ക്ക് ഈ സിനിമാക്കാരന്റെയും പേര് പറഞ്ഞുകേട്ടിരുന്നു. ഒരു ക്രിക്കറ്റ് കാണിയുടെ ആവേശമായിരുന്നു ഓരോ ദൃശ്യവും പകര്‍ത്തുമ്പോള്‍, പ്രിയന്. അഭിനേതാക്കളിലേറെയും കൊച്ചിയുടെ മുഖങ്ങള്‍. ഫെറിയില്‍ തിരക്കിന്റെ നാളുകളില്‍ ടിക്കറ്റ് കൊടുത്തിരുന്ന ഷെഡ്ഡ് രൂപമാറ്റം വരുത്തി ബാര്‍ബര്‍ ഷോപ്പാക്കിയാണ് ഒരു രംഗം ചിത്രീകരിച്ചത്.

പ്രമുഖ സിനിമാട്ടോഗ്രാഫര്‍ തിരു ആണ് ക്യാമറ. ഔസേപ്പച്ചനാണ് സംഗീതം. ചൊവ്വാഴ്ച കലൂര്‍ സ്റ്റേഡിയത്തിലാണ് ചിത്രീകരണം. അതിനുശേഷം കളിക്കാര്‍ അണിനിരക്കുന്ന രംഗങ്ങള്‍ പകര്‍ത്താന്‍ നാഗ്പൂരിലേക്ക്. ആവേശം നിറഞ്ഞ ഒരുദിവസം തീരുമ്പോള്‍ വൈകുന്നേരവെയിലിലും ക്രിക്കറ്റ് പ്രിയദര്‍ശന്റെ കണ്ണില്‍ മധുരമുള്ള മുറിപ്പാടായി തിളങ്ങി.

മോഹന്‍ലാലിന്റെ സ്വപ്നമാളികയുടെ ഗൃഹപ്രവേശം മാര്‍ച്ചില്‍



വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം സ്വപ്നമാളിക തീയേറ്ററുകളിലേക്ക്. മാര്‍ച്ച് ആദ്യ വാരം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

മോഹന്‍‌ലാല്‍ ആദ്യമായി കഥയെഴുതുന്ന ചിത്രമാണ് സ്വപ്നമാളിക. ആദ്ധ്യാത്മിക തലത്തിലുള്ള ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ബനാറസിലും കേരളത്തിലുമായി ചിത്രീകരിച്ച സിനിമയില്‍ ഡോ അപ്പു എന്ന കഥാപാത്രത്തെയാണ് മോഹന്‍‌ലാല്‍ അവതരിപ്പിക്കുന്നത്.

തന്റെ അച്ഛന്റെ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ഡോ അപ്പു ബനാറസിലെത്തുന്നു. അയാള്‍ അവിടെ ഒരു വിദേശ യുവതിയെ പരിചയപ്പെടുന്നു. തിരിച്ചറിയാനാകാത്ത എന്തോ ഒന്ന് അവരുമായി അപ്പുവിനെ അടുപ്പിക്കുന്നു. ഒരു ദിവസം അപ്പുവിനെ കാണാതാകുന്നു. തുടര്‍ന്ന് നിഗൂഡവും ത്രില്ലിംഗും ആയ ചില സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

വിദേശ യുവതിയെ അവതരിപ്പിക്കുന്നത് എലീനയെന്ന ഇസ്രയേല്‍ നടിയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ ബി ദേവരാജനാണ്. മോഹന്‍‌ലാലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാബുവാണ്.

‘പ്രണയം’ ഇതുവരെ എവിടെയായിരുന്നു?



മോഹന്‍ലാലും ബ്ലെസിയും വരികയാണ്. ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രണയകഥയാണ് ബ്ലെസിയുടെ പുതിയ ചിത്രമായ ‘പ്രണയം’ പറയുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലും ജയപ്രദയും അനുപം ഖേറുമാണ് പ്രധാന വേഷങ്ങളില്‍. ഈ മൂന്നുപേരുടെയും ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടായിരിക്കുമെന്ന് ബ്ലെസി പറഞ്ഞു.

“സിനിമ ഉണ്ടായ കാലം മുതല്‍ പ്രണയകഥകള്‍ ധാരാളമായി പലരും പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രണയകഥ എങ്ങനെ പറയാന്‍ കഴിയും എന്നാണ് ഞാന്‍ അന്വേഷിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിന്‍റെ തിരക്കഥാജോലികള്‍ നടന്നുവരികയായിരുന്നു. ഈ പ്രണയകഥ ഇതിനുമുമ്പ് മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ്. ഞാന്‍ അത്ഭുതപ്പെട്ട ഒരു കാര്യം, ‘പ്രണയം’ എന്ന മനോഹരമായ പേര് ഇതുവരെ ആരും മലയാള സിനിമയില്‍ ഉപയോഗിച്ചില്ല എന്നതാണ്. തിരക്കഥ എഴുതാനിരിക്കും മുമ്പ് ‘പ്രണയം’ എന്ന പേര് രജിസ്റ്റര്‍ ചെയ്യുകയാണ് ഞാന്‍ ചെയ്തത്” - ബ്ലെസി വ്യക്തമാക്കി.

“ഞാന്‍ 420 സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം വന്നപ്പോള്‍ തിരക്കഥ വായിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്. ഫന്‍റാസ്റ്റിക്കായിട്ടുള്ള തിരക്കഥയാണ് ബ്ലെസിയുടേത്. മനോഹരമായ സിനിമകള്‍ ഉണ്ടാകുന്ന മലയാള സിനിമയില്‍ വീണ്ടും എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം” - അനുപം ഖേര്‍ പറഞ്ഞു.

“മലയാള സിനിമയില്‍ മികച്ച ടൈറ്റിലുകള്‍ ഇടുന്ന ഒട്ടേറെ സംവിധായകരുണ്ട്. പത്മരാജന്‍ മുതല്‍ ലാല്‍ ജോസ്, രഞ്ജിത് തുടങ്ങി ഒട്ടേറെ പേര്‍. പക്ഷേ ‘പ്രണയം’ എന്ന ലളിതവും സ്ട്രെയിറ്റുമായ ഒരു പേര് ഇതുവരെ ആരും ഇട്ടിട്ടില്ല. ആ പേര് ഇത്രകാലം എവിടെ മൂടിക്കിടന്നു എന്നും ഇപ്പോള്‍ എങ്ങനെ കണ്ടെത്തി എന്നും ചില സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ‘ഇത് ഒരു ബ്ലെസി ചിത്രമാണ്’ എന്നായിരുന്നു ഞാന്‍ മറുപടി പറഞ്ഞത്” - ഈ സിനിമയില്‍ അഭിനയിക്കുന്ന നടന്‍ അനൂപ് മേനോന്‍ പറഞ്ഞു.

തന്‍‌മാത്ര, ഭ്രമരം എന്നീ സിനിമകള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘പ്രണയം’. ഒ എന്‍ വിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രന്‍. നവാഗതനായ സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. തന്‍‌മാത്രയും ഭ്രമരവും ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമകളായിരുന്നു. ആ ജനുസിലേക്ക് പ്രണയവും ചേര്‍ക്കാനാണ് ബ്ലെസിയും മോഹന്‍ലാലും ഒത്തുകൂടുന്നത്.

വിജയ് ‘വെരി വെരി സീരിയസ്’ ആണ്!



അടിയും തമാശയും പ്രണയവും മാത്രമല്ല ഇളയ ദളപതി വിജയ്‌യുടെ കൈമുതലെന്ന് തെളിയാന്‍ പോവുകയാണ്. തമിഴകത്തെ ഏറ്റവും ‘പോപ്പുലര്‍’ നോവലായ ‘പൊന്നിയിന്‍ സെല്‍‌വന്‍’ എന്ന ചരിത്രകഥ മണിരത്നം സിനിമയാക്കാന്‍ ഒരുങ്ങുമ്പോള്‍ അതിലെ നായകനായ ‘വല്ലവരായന്‍ വണ്ടിയത്തേവ’നെ അവതരിപ്പിക്കാന്‍ നറുക്ക് വീണിരിക്കുന്നത് വിജയ്‌യിനാണ്. പത്തും പതിനൊന്നും നൂറ്റാണ്ടുകളിലെ ചോള രാജവംശത്തിന്റെ കഥ പറയുന്ന ഈ സിനിമയില്‍ വിജയ്‌യിനൊപ്പം വിക്രം, വിശാല്‍, തെലുങ്ക് താരം മഹേഷ് ബാബു എന്നിവരും അഭിനയിക്കും.

രാജരാജചോഴന്‍ എന്ന് പിന്നീട് പുകഴ്‌പെറ്റ അരുള്‍‌മൊഴിവര്‍മന്‍ എന്ന രാജകുമാരനെ ചോളരാജ്യത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും പട്ടാഭിഷേകം നടത്താനും വല്ലവരായന്‍ വണ്ടിയത്തേവന്‍ നടത്തുന്ന സാഹസിക പരിശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. രാജരാജചോഴന്റെ ജീവിതകഥയാണ് ഇതെങ്കിലും വല്ലവരായന്‍ വണ്ടിയത്തേവനാണ് കഥയിലെ നായകന്‍.

കല്‍‌ക്കി എന്ന തമിഴ് വാരികയില്‍ മൂന്നരക്കൊല്ലം സീരിയലൈസ് ആയി പ്രസിദ്ധീകരിച്ച 2400 പേജുള്ള നോവലാണ് ‘പൊന്നിയിന്‍ സെല്‍‌വന്‍’. ഈ നോവല്‍ പ്രസിദ്ധീകരിച്ച സമയത്ത് കല്‍‌ക്കി വാരിക കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. കല്‍‌ക്കി മാസികയുടെ ഉടമയായ ‘കല്‍‌ക്കി കൃഷ്ണമൂര്‍ത്തി’യാണ് പൊന്നിയന്‍ സെല്‍‌വന്റെ രചയിതാവ് എന്ന കാര്യം കൌതുകകരമാണ്.

രാജരാജചോഴനായി വിക്രമാണ് അഭിനയിക്കുന്നത് എന്നറിയുന്നു. നൂറുകണക്കിന് കഥാപാത്രങ്ങളുള്ള ഈ നോവലിലെ ഏത് കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് വിശാലിനും മഹേഷ് ബാബുവിനും നറുക്ക് വീഴുന്നത് എന്നറിയില്ല. ജീവന്‍ തുടിക്കുന്ന ഒരുപിടി സ്ത്രീ കഥാപാത്രങ്ങളും നോവലിലുണ്ട്. വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഇതിവൃത്തമാണ് ഇതെന്നതിനാല്‍ മണിരത്നം ഇപ്പോള്‍ കാസ്റ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ആരൊക്കെ, ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് വരും നാളുകളില്‍ അറിയാം.

തമിഴകത്തെ പിടിച്ചുകുലുക്കിയ നോവലാണ് പൊന്നിയന്‍ സെല്‍‌വന്‍ എന്നതിനാല്‍ വിജയ്‌യിന് ലഭിച്ചിരിക്കുന്ന മഹാഭാഗ്യമാണ് ഇതിലെ നായക കഥാപാത്രം. ഇന്ത്യന്‍ സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയാത്തത്ര ബിഗ് ബജറ്റാണ് ഈ സിനിമയുടേത്. ഡി‌എം‌കെ കുടുംബത്തിന്റെ സിനിമാ നിര്‍മാണ കമ്പനിയായ ‘സണ്‍ പിക്ച്ചേഴ്സ്’ ഈ സിനിമ നിര്‍മിക്കും എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. എന്നാല്‍ റിലയന്‍സിന്റെ ‘ബിഗ് പിക്ച്ചേഴ്സ്’ ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുന്നതെന്ന് അറിവായിട്ടുണ്ട്.

തമിഴ് സിനിമയില്‍ ഡി‌എം‌കെ കുടുംബം നടത്തുന്ന ഏകാധിപത്യ പ്രവണതയ്ക്കെതിരെ കഴിഞ്ഞ ദിവസം വിജയ് ആഞ്ഞടിച്ചിരുന്നു. ജയലളിതയുടെ എ‌ഐ‌എഡി‌എം‌കെ മുന്നണിയുമായി വിജയ് കൈകോര്‍ത്തിരിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ത്യയിലെ എക്കാലത്തെയും ബിഗ് ബജറ്റ് സിനിമയായ യന്തിരന്‍ നിര്‍മിച്ചത് ‘സണ്‍ പിക്ച്ചേഴ്സ്’ ആയിരുന്നു. പൊന്നിയിന്‍ സെല്‍‌വന്റെ ബജറ്റ് യന്തിരനേക്കാളും കൂടുതലാണ്. ഡി‌എം‌കെ കുടുംബത്തിന് മാത്രമല്ല ബിഗ് ബജറ്റ് സിനിമയെടുക്കാന്‍ കഴിയുക എന്ന് തെളിയിക്കാനുള്ള ഒരവസരം കൂടിയാണ് വിജയ്‌യിന് ലഭിച്ചിരിക്കുന്നത്.

വിമര്‍ശകരുടെ വായ അടപ്പിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇപ്പോള്‍ ‘വെരി വെരി സീരിയസ്’ ആണ്!

തമിഴ് റീമേക്കുകളുമായി ഷാജി കൈലാസും വിനയനും



മലയാളത്തിലെ പ്രമുഖ സംവിധായകരായ ഷാജി കൈലാസും വിനയനും വീണ്ടും തമിഴിലേക്ക്. ഇരുവരും തമിഴില്‍ റീമേക്ക് ചിത്രങ്ങളാണ് ഒരുക്കുന്നത്.

ഹിന്ദി ചിത്രമായ അബ് തക് ഛപ്പന്‍റെ റീമേക്കാണ് ഷാജി കൈലാസ് തമിഴില്‍ അവതരിപ്പിക്കുക. കടമൈ കന്നിയം കട്ടുപ്പാട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആര്‍ കെയാണ് നായകന്‍. മമ്മൂട്ടിച്ചിത്രമായ ആഗസ്റ്റ് 15 പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷാജി കൈലാസ് തമിഴ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിയത്.

വിനയന്‍ സ്വന്തം ചിത്രമായ രഘുവിന്റെ സ്വന്തം റസിയ ആണ് തമിഴില്‍ റീമേക്ക് ചെയ്യുന്നത്. മേഘ്നയും മുരളീകൃഷ്ണയുമാണ് ചിത്രത്തിലെ നായികാനായകന്‍‌മാര്‍.

വിനയന്റെ അഞ്ചാമത്തെ തമിഴ് ചിത്രമാണ് കാതല്‍ വേദം എന്ന് പേരിട്ടിരിക്കുന്ന ഈ റേമേക്ക്. അദ്ഭുതദ്വീപിന്റെ റീമേക്കാണ് വിനയന്‍ തമിഴില്‍ ഒടുവില്‍ ചെയ്ത ചിത്രം.

ആഗസ്റ്റ് 15 ഉം രഘുവിന്റെ സ്വന്തം റസിയയും ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

സ്നേഹത്തില്‍ കൊരുത്ത ഓര്‍മ്മകള്‍



തിയെറ്ററിലെ ഇരുട്ടില്‍ മലയാളിയുടെ മൂര്‍ധാവില്‍ വാത്സല്യത്തിന്‍റെ തോരാമഴ പെയ്യിച്ച് ഈ അമ്മമഴക്കാറ് പെയ്തൊഴിയുന്നു. മലയാള സിനിമയുടെ അമ്മ വിടചോദിക്കുന്നു. അഭ്രപാളിയിലെ അമ്മയാവാനായി മാത്രം ജനിച്ച, മലയാളികളുടെ പ്രിയപ്പെട്ട ആറന്മുള പൊന്നമ്മ ഇനി ഒരോര്‍മ. ആ വാത്സല്യം ബാക്കി.
അമ്മയുടെ കരുത്തിനെ പ്രായത്തിന് കീഴടക്കാനാവില്ല എന്ന് മലയാളിയെ പഠിപ്പിച്ചത് ആറന്മുള പൊന്നമ്മയാണ്. തിക്കുറിശി സുകുമാരന്‍ നായരി ല്‍ തുടങ്ങി സത്യന്‍, പ്രേംനസീര്‍ കാലഘട്ടവും കഴിഞ്ഞ് മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞ് എത്രയോ നായകന്മാരുടെ അമ്മയായി ഈ അമ്മ. ഒരു ദേശീയ പുരസ്കാരമേറ്റു വാങ്ങാന്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ പ്രായം എണ്‍പത്തിയൊന്ന്. ആറന്മുള പൊന്നമ്മയ്ക്ക് അമ്മ റോളുകള്‍ ഒരലങ്കാരമായിരുന്നില്ല. ജീവിതം തന്നെയായിരുന്നു.
ആ ജീവിതം ആരംഭിക്കുന്നത് 1914ല്‍. തൊണ്ണൂറ്റിയേഴു വര്‍ഷങ്ങള്‍ക്കു മുമ്പ്. എത്ര കലമുറകളെ കണ്ടു ഈ അമ്മ. എത്ര മക്കളെ കണ്ടു ഈ അമ്മ. എത്ര കഥാപാത്രങ്ങളെ കണ്ടു ഈ അമ്മ. മാലേത്ത് കേശവപിള്ളയുടെയും പാറുക്കുട്ടിയുടേയും മകള്‍ ഒന്‍പതാം വയസുമുതല്‍ സംഗീതം പഠിച്ചുതുടങ്ങി. അമ്മയായിരുന്നു ആദ്യഗുരു. പന്ത്രണ്ടാം വയസില്‍ അരങ്ങേറ്റം. ഹിന്ദി മഹാമണ്ഡല്‍ നടത്തിയിരുന്ന യോഗങ്ങളില്‍ പ്രാര്‍ഥനാ ഗാനം പാടാറുണ്ടായിരുന്നു. പാലായിലെ പ്രൈമറി വിദ്യാലയത്തില്‍ പതിനാലാം വയസില്‍ സംഗീതാധ്യാപികയായി. പിന്നീട് സ്വാതിതിരുനാള്‍ മ്യൂസിക് അക്കാഡമിയില്‍ സംഗീതത്തില്‍ തുടര്‍പഠനത്തിനായി ചേര്‍ന്നു. ഇവിടത്തെ പഠനത്തിനുശേഷം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീതാധ്യാപികയായി. സംഗീതമായിരുന്നു പൊന്നമ്മയുടെ ലോകം.
പതിനഞ്ചാമത്തെ വയസില്‍ വിവാഹം. വരന്‍ മുറച്ചെറുക്കനായ കൃഷ്ണപിള്ള. ഗായകന്‍ യേശുദാസിന്‍റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്‍റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണു പൊന്നമ്മ അഭിനയ രംഗത്തേക്കു കടന്നുവന്നത്. അന്നു പൊന്നമ്മയ്ക്ക് 29 വയസായിരുന്നു. തുടര്‍ന്ന് നാടകങ്ങളില്‍ സജീവമായി. 1950ല്‍ പുറത്തിറങ്ങിയ ശശിധരന്‍ എന്ന ചലച്ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ടു പൊന്നമ്മ സിനിമകളിലേക്കു കടന്നുവന്നു. മുപ്പത്തിനാലാമത്തെ വയസിലായിരുന്നു ആദ്യത്തെ അമ്മ വേഷം. അതേ വര്‍ഷം തിക്കുറിശി സുകുമാരന്‍ നായര്‍ നായകനായ അമ്മ എന്ന ചിത്രത്തിലും അമ്മയായി.
പിന്നെ അമ്മ വേഷങ്ങള്‍മാത്രം. ഒരു പക്ഷേ, മലയാള സിനിമയില്‍ താന്‍ പ്രത്യേക ടൈപ്പ് കഥാപാത്രമായി മാറുന്നല്ലോ എന്നു പരിതപിക്കാത്ത ഒരേ ഒരു നടി. താന്‍ മലയാള സിനിമയിലെ നായകന്മാര്‍ക്ക് അമ്മയാകാന്‍ ജനിച്ചതാണെന്നു തിരിച്ചറിഞ്ഞ നടി. സിനിമ കണ്ട്, സിനിമ കണ്ട് എല്ലാവരും അമ്മേ എന്നു വിളിച്ചപ്പോള്‍ അതില്‍ ആനന്ദിച്ച അമ്മ. അമ്മ വേഷങ്ങളെക്കുറിച്ച് അവര്‍ ഒരിക്കല്‍ പറഞ്ഞു, എന്നെ തേടി വന്നിരുന്നത് എപ്പോഴും അമ്മ വേഷങ്ങളായിരുന്നു. ജീവിതത്തിലും രണ്ടു മക്കളുടെ അമ്മയായ എനിക്ക് ഈ വേഷങ്ങള്‍ ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്‍റെ അച്ഛന്‍ മേലേടത്ത് കേശവപിള്ള എനിക്ക് ഒന്‍പത് വയസുള്ളപ്പോള്‍ മരിച്ചുപോയതിനുശേഷം എന്നേയും മറ്റു നാലു മക്കളേയും വളര്‍ത്തി വലുതാക്കിയ പാറുക്കുട്ടിയമ്മ എന്ന എന്‍റെ അമ്മയാണ് എന്‍റെ റോള്‍ മോഡല്‍. സത്യത്തില്‍ അമ്മ എന്ന എന്‍റെ അഞ്ചാം സിനിമയില്‍ ഞാന്‍ എന്‍റെ അമ്മയെ അനുകരിക്കുകയായിരുന്നു.
മലയാളികള്‍ പൊന്നമ്മയെ അമ്മയായി മാത്രം കാണാന്‍ ആഗ്രഹിച്ചു. അതു കൊണ്ടു തന്നെ പാടുന്ന പുഴയിലേയും യാചകനിലേയും നെഗറ്റിവ് കഥാപാത്രങ്ങളില്‍ അവസാനിക്കുന്നു പൊന്നമ്മയുടെ റോള്‍ വെറൈറ്റി. പിന്നെ എന്നും പൊന്നമ്മ അമ്മ മാത്രമായിരുന്നു. അമ്മയുടെ വൈവിധ്യങ്ങളായിരുന്നു ആ സിനിമാ ജീവിതം.
അഭ്രപാളിയില്‍ മാത്രമായിരുന്നില്ല അമ്മ. ആ നായകന്മാരെല്ലാം ജീവിതത്തിലും പൊന്നമ്മയെ അമ്മയാക്കി. പത്മശ്രീ കിട്ടിയപ്പോള്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ക്ക് മദ്രാസില്‍ സ്വീകരണം നല്‍കി. വേദിയില്‍ പൊന്നമ്മയുടെ കാലു തൊട്ടു വന്ദിച്ചിട്ട് തിക്കുറിശ്ശി പറഞ്ഞു, എന്‍റെ അമ്മ ജീവിച്ചിരിപ്പില്ല. ആ സ്ഥാനത്തു നിന്ന് എന്നെ അനുഗ്രഹിക്കണം. സ്ക്രീനില്‍ ആ അമ്മയുടെ സ്നേഹം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് പ്രേം നസീറായിരുന്നു. പൊന്നമ്മയുടെ മകന്‍റെ പേര് രാജന്‍ എന്ന്. മിക്ക ചിത്രങ്ങളിലും നസീറിന്‍റെ കഥാപാത്രത്തിന്‍റെ പേരും രാജന്‍ എന്നു തന്നെയായിരുന്നു. സത്യന്‍ മൂന്നു വയസിനു മൂത്തതായിരുന്നു. എന്നിട്ടും പൊന്നമ്മയെ അമ്മേ എന്നാണ് വിളിച്ചിരുന്നത്. അതെക്കുറിച്ച് പൊന്നമ്മ ഒരിക്കല്‍ പറഞ്ഞു, അമ്മയുടെ അടുത്ത് പറ്റിക്കൂടി ഇരിക്കുന്ന മകനെപ്പോലെയായിരുന്നു സത്യന്‍ എന്നും എന്‍റെ അരികില്‍...
പൊന്നമ്മ എന്ന അമ്മ സ്ക്രീനില്‍ നിന്നിറങ്ങി മലയാളിയുടെ മനസില്‍ വന്നു. പിന്നെ അവിടെയും അമ്മയായി. പ്രായമേറിയിട്ടും ഈ അമ്മ മുത്തശ്ശിയായി എന്നു തോന്നിയില്ല ആര്‍ക്കും. ആരും പൊന്നമ്മയെ അങ്ങനെ വിളിച്ചതുമില്ല. കേരളത്തിലെ എല്ലാ തലമുറയ്ക്കും ആറന്മുള പൊന്നമ്മ അമ്മയായിരുന്നു. അമ്മ പടിയിറങ്ങുന്നു. പക്ഷേ, ഹൃദയങ്ങളുടെ ഉമ്മറത്ത് ആ അമ്മ കൊളുത്തിവച്ച വാത്സല്യത്തിന്‍റെ നിലവിളക്കിലെ ഏഴുതിരികളും നിറഞ്ഞു കത്തും...

Friday, February 18, 2011

ട്രാഫിക് വന്‍ നഗരങ്ങളില്‍, മേക്കപ്പ്‌മാന്‍ ഹിറ്റ്



മലയാളത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന ഇന്ത്യയിലെ വന്‍ നഗരങ്ങളിലേക്ക് ഒരു ചെറിയ ചിത്രം എത്തുന്നു. മുംബൈ, പൂനെ, കൊല്‍ക്കത്ത നഗരങ്ങളില്‍ ‘ട്രാഫിക്’ പ്രദര്‍ശനം ആരംഭിക്കുകയാണ്. പുതിയ 18 കേന്ദ്രങ്ങളിലാണ് അടുത്തയാഴ്ച ട്രാഫിക് റിലീസ് ചെയ്യുന്നത്. സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഈ സിനിമ കേരളത്തില്‍ സ്റ്റഡി കളക്ഷനില്‍ മുന്നേറുന്നു.

ജനുവരി ഏഴിന് 44 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ട്രാഫിക് മൂന്നാമത്തെ ആഴ്ചയില്‍ 22 കേന്ദ്രങ്ങളില്‍ മാത്രമായി ചുരുങ്ങി. സൂപ്പര്‍സ്റ്റാറുകളില്ലാത്ത ഒരു ചെറിയ ചിത്രത്തിന് അത്രയും ദിവസങ്ങള്‍ അനുവദിച്ചതുതന്നെ വലിയ കാര്യം എന്ന നിലപാടിലായിരുന്നു തിയേറ്ററുടമകള്‍. എന്നാല്‍ മൌത്ത് പബ്ലിസിറ്റിയും റിപ്പീറ്റ് ഓഡിയന്‍സും കാര്യങ്ങള്‍ മാറ്റിമറിച്ചു. ഈ സിനിമ ഒരത്ഭുതമാണെന്ന് തിയേറ്ററുടമകള്‍ക്ക് മനസിലായി. പടത്തിന്‍റെ വന്‍ വിജയം അവിടെ ആരംഭിക്കുകയായിരുന്നു.

ഇപ്പോള്‍ ആറു വാരങ്ങള്‍ പിന്നിടുമ്പോള്‍ ട്രാഫിക് ഒരു തരംഗമായി മാറിക്കഴിഞ്ഞു. ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ് ഈ സിനിമ. ദിലീപിന്‍റെ മേരിക്കുണ്ടൊരു കുഞ്ഞാടാണ് ഒന്നാം സ്ഥാനത്ത്.

ബോക്സോഫീസ് ഹിറ്റ് ചാര്‍ട്ട് ഈ വാരം ഇങ്ങനെ:

1. മേരിക്കുണ്ടൊരു കുഞ്ഞാട്
2. ട്രാഫിക്
3. മേക്കപ്പ്‌മാന്‍
4. ഗദ്ദാമ
5. അര്‍ജുനന്‍ സാക്ഷി

നിലവാരമില്ലാത്ത തിരക്കഥയില്‍ ഒരു തട്ടിക്കൂട്ട് സിനിമയാണെങ്കിലും മേക്കപ്പ്‌മാന്‍ ഹിറ്റായി മാറുകയാണ്. എല്ലാ കേന്ദ്രങ്ങളിലും ഫുള്‍ ഹൌസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കുഞ്ഞാടിന് ശേഷമെത്തിയ ഷാഫിച്ചിത്രം എന്ന പബ്ലിസിറ്റിയാണ് ചിത്രത്തിന് ഗുണമാകുന്നത്. ജഗതിയുടെയും സുരാജ് വെഞ്ഞാറമ്മൂടിന്‍റെയും പ്രകടനവും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നു. പുതിയ റിലീസായ റേസ് മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്സിന് ചെലവ് 15 കോടി



ക്രിസ്റ്റി വര്‍ഗീസ്. കോടികള്‍ വിലയുള്ള ഇന്‍റര്‍നാഷണല്‍ ഇന്‍ഫോര്‍മര്‍. അയാള്‍ കേരളത്തിലേക്കെത്തുന്നു. മാര്‍ച്ച് 18ന്. അതേ, ജോഷിയുടെ മറ്റൊരു ‘ട്വന്‍റി20’ റിലീസാവുകയാണ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ 'ക്രിസ്ത്യന്‍ ബ്രദേഴ്സ്’. മോഹന്‍ലാലാണ് ക്രിസ്റ്റി വര്‍ഗീസായി അഭിനയിക്കുന്നത്.

സുപ്രീം സ്റ്റാര്‍ ശരത്കുമാര്‍, ജനപ്രിയ നായകന്‍ ദിലീപ്, ആക്ഷന്‍ കിംഗ് സുരേഷ് ഗോപി എന്നിവരും ഈ സിനിമയിലെ താരങ്ങളാണ്. കാവ്യാ മാധവന്‍, കനിഹ, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക എന്നിവരാണ് നായികമാര്‍. ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ഫാമിലി ത്രില്ലറില്‍ എട്ട് സ്റ്റണ്ട് രംഗങ്ങളാണുള്ളത്.

മലയാളത്തിലെ ചെലവേറിയ സിനിമകളുടെ കൂട്ടത്തിലാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ സ്ഥാനം. 15 കോടി രൂപയാണ് ഈ സിനിമയുടെ ചെലവ്. എട്ടുകോടി ചെലവ് പ്രതീക്ഷിച്ച് ചിത്രീകരണം ആരംഭിച്ച സിനിമ വിവിധ ഷെഡ്യൂളുകളിലായി പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 15 കോടിയിലെത്തി. 27 കോടി രൂപ ചെലവഴിച്ച പഴശ്ശിരാജയാണ് മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ സിനിമ. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഉറുമിയുടെ ചെലവ് 20 കോടിയാണത്രെ.

മലയാളത്തിലെ ഏറ്റവും വിലകൂടിയ തിരക്കഥാകൃത്തുക്കള്‍ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍. എ വി അനൂപും വര്‍ണചിത്ര ബിഗ്സ്ക്രീനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ മൂന്ന് ഗാനങ്ങളാണുള്ളത്. വൈക്കം, കൊച്ചി, പൊള്ളാച്ചി, കൊടൈക്കനാല്‍, മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.

ലോക വ്യാപകമായി 350 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ കേരളം, തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ റിലീസുണ്ടാകും. ഇംഗ്ലണ്ട്, ഇറ്റലി, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, ബഹറിന്‍, ദുബായ്, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ വിദേശ രാജ്യങ്ങളിലും മാര്‍ച്ച് 18ന് തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസാകും.

Thursday, February 17, 2011

പ്രിയദര്‍ശന്‍ ചിത്രത്തില്‍ അമീര്‍ നായകന്‍



പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന അടുത്ത ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന്‍ നായകനാകുന്നു.

എയ്‍ഡ്‍സിനെ ആധാരമാക്കിസാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അമീര്‍ ഖാന്‍തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും.

പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ തേസിന്റെ' ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് പിന്നാലെ മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ജോലികളും പുരോഗമിക്കുകയാണ്.

ഈ രണ്ട് ചിത്രങ്ങളുടെയും ജോലികളും പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അമീര്‍ ചിത്രം തുടങ്ങുകയെന്നാണ് അറിയുന്നത്.

ജൂണ്‍ മാസത്തിന് ശേഷമായിരിക്കും ജോലികള്‍ തുടങ്ങുകയയെന്നാണ് സൂചന. ബോളിവുഡില്‍ ഇപ്പോള്‍ പ്രിയദര്‍ശന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സംവിധായകനാണ്. അമീര്‍ ആകട്ടെ എന്നും ബോളിവുഡിലെ നല്ലസിനിമകളുടെ രാജാവാണ് താനും.

ഇവര്‍ രണ്ടുപേരും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന പ്രതീക്ഷകള്‍ വലുതുതന്നെയായിരിക്കും. അതുകൊണ്ടുതന്നെ രണ്ടുപേരും ഒരുമിക്കുന്ന ചിത്രം ഏറെ വാര്‍ത്താപ്രാധാന്യവും നേടുന്നുണ്ട്.

ലിവിങ് ടുഗെദര്‍ ഫെബ്രുവരി 18ന്



ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകനായിരുന്ന ഫാസില്‍ വീണ്ടുമെത്തുകയാണ്. പുതുമുഖങ്ങളെ അണിനിരത്തി ലിവിംഗ് ടുഗെദറിലൂടെയാണ് ഫാസില്‍ തിരിച്ചുവരവിന് ശ്രമിയ്ക്കുന്നത്.

ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തുന്ന സിനിമ ഫാസിലിന്റെ ഇഷ്ടവിഷയമായ പ്രണയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഹേമന്ത്, ശ്രീലേഖ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. സംഗീതപ്രാധാന്യമുള്ള ചിത്രത്തില്‍ ജഗതി, ഇന്നസെന്റ, കെപിഎസി ലളിത, അനൂപ് മേനോന്‍, കല്‍പന എന്നിങ്ങനെയുള്ള മുതിര്‍ന്ന താരങ്ങളും അഭിനയിക്കുന്നുണ്ട്.

ഇതാദ്യമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രനുമായി ഫാസില്‍ കൈകോര്‍ക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്ക് സ്വന്തമാണ്.

ഒട്ടേറെ പ്ലസ് പോയിന്റുകളുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന ഫാസിലിന്റെ പുതിയ ചിത്രം ബോക്‌സ് ഓഫീസില്‍ ക്ലിക്കാവുമോയെന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം. സൂപ്പര്‍ സംവിധായകനെന്ന ലേബല്‍ നഷ്ടപ്പെട്ട ഫാസില്‍ പുതിയ സിനിമയുടെ റിലീസ് തിരഞ്ഞെടുത്ത സമയവും പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ട്. ലോകകപ്പ് ക്രിക്കറ്റും പരീക്ഷാക്കാലവുമൊക്കെ ഒരുമിച്ചെത്തുന്ന നേരത്ത് ഒരു പുതുമുഖ ചിത്രം റിലീസ് ചെയ്യുന്നത് മണ്ടത്തരമാണെന്നും പലരും ചൂണ്ടിക്കാണിയ്ക്കുന്നു.

എന്നാല്‍ എക്കാലത്തും ട്രെന്‍ഡുകള്‍ സൃഷ്ടിച്ച സംവിധായകന്‍ വീണ്ടുമൊരു ഹിറ്റുമായി മടങ്ങിയെത്തുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

Tuesday, February 15, 2011

രാജാവിന്‍റെ മകന് മുന്‍ഭാഗം



പഴയകാല ഹിറ്റ്‌ ചിത്രങ്ങളുടെയെല്ലാം രണ്ടാം ഭാഗവും റീമേക്കും ഉണ്ടാക്കുന്ന മലയാള സിനിമയില്‍ ഇതാ മറ്റൊരു വ്യതസ്ത പരീക്ഷണം.മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായ രാജാവിന്‍റെ മകന് മുന്‍ഭാഗം ഉണ്ടാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .കഴിഞ്ഞവര്‍ഷം ഈ ചിത്രം റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന് മുന്‍ഭാഗം ഒരുക്കാനുള്ള തിരക്കിലാണത്രേ അണിയറ പ്രവര്‍ത്തകര്‍ .

ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്‍റെ മകന്‍' 1986 ജൂലൈ 16നാണ് പ്രദര്‍ശനത്തിന് എത്തിയത് .മോഹന്‍ലാലും സുരേഷ്ഗോപിയും രതീഷും അംബികയും അഭിനയിച്ച ആ ചിത്രം ഒരു വന്‍ ഹിറ്റ്‌ ആയിരുന്നു .അധോലോക നായകനായ വിന്‍സന്‍റ്‌ ഗോമസ് എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയതോടെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ പദവി ഉറപ്പിക്കുകയായിരുന്നു .പുതിയ ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് .ഡെന്നീസ് ജോസഫ് രചന നിര്‍വ്വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമ്പി കണ്ണന്താനം ആയിരിക്കും .

എ കെ സാജന്‍ നായകനെ തേടുന്നു



പ്രശസ്ത സംവിധായകനും രചയിതാവും ആയ എ കെ സാജന്‍ രചന നടത്തി സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പുതിയ ചിത്രത്തിലേക്ക് നായകനെ തേടുന്നു .18നും 22നും ഇടക്ക് പ്രായമുള്ള യുവാവിനെയാണ് സാജന്‍ തേടുന്നത് . താല്‍പ്പര്യമുള്ളവര്‍ tkshaji@gmail.com എന്ന ഇ-മെയിലിലേക്ക് ഫോട്ടോയും ബയോ ഡാറ്റ അയച്ചു കൊടുക്കുക .ലങ്ക ,സ്റ്റോപ്പ്‌ വയലന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സാജന്റെ തിരക്കഥകള്‍ പലതും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.

Race: Review



മലയാള സിനിമ മാറ്റത്തിന്‍റെ പാതയിലാണ്. നമ്മുടെ സംവിധായകര്‍ ട്രാഫിക് ചിന്തിക്കുന്നു, കോക്ടെയില്‍ ചിന്തിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ക്കായി ശ്രമിക്കുന്നു. പക്ഷേ ശ്രമം ആത്മാര്‍ത്ഥമല്ലെങ്കില്‍ തകര്‍ന്നടിയുകയല്ലാതെ വഴിയില്ലല്ലോ. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘റേസ്’ എന്ന സിനിമയ്ക്ക് സംഭവിക്കുന്നതും അതാണ്.

ഇത് ഒരു ട്രാപ്പിന്‍റെ കഥയാണ്. ആര്‍ക്കും സംഭവിക്കാവുന്ന, ജീവിതത്തോട് അടുത്തുനില്‍ക്കുന്ന സിനിമയുമാണ്. പക്ഷേ, സംവിധായകന്‍റെ കൈപ്പിഴ, തിരക്കഥാകൃത്തിന്‍റെ(റോബിന്‍ തിരുമല) ഭാവനാ ശൂന്യത റേസ് എന്ന സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്നു. ഒരു ത്രില്ലര്‍ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ കാമ്പില്ലാത്ത ക്ലൈമാക്സ് ഇറക്കിവച്ച് നടുവ് നിവര്‍ത്തുകയാണ് സംവിധായകന്‍. ട്രാഫിക് കണ്ട് ആവേശം കൊണ്ടവര്‍, റേസ് വീക്ഷിച്ച് നിരാശയുടെ നിലവിളിയും തൊണ്ടയിലമര്‍ത്തി തിയേറ്റര്‍ വിടുന്നു.


കാര്‍ഡിയോ സര്‍ജന്‍ എബി ജോണ്‍(കുഞ്ചാക്കോ ബോബന്‍), ഭാര്യ നിയ(മം‌മ്‌ത), മകള്‍ അച്ചു എന്നിവരടങ്ങുന്ന സന്തുഷ്ടകുടുംബം. ബാംഗ്ലൂരില്‍ ഡോക്ടേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്ന എബി ഒരു കുരുക്കിലേക്കാണ് വീഴുന്നത്. നിരഞ്ജന്‍(ഇന്ദ്രജിത്ത്) എന്ന ക്രിമിനല്‍ എബിയെ കിഡ്നാപ് ചെയ്യുന്നു. ഭാര്യ നിയയും മകള്‍ അച്ചുവും ഇതേ രീതിയില്‍ അപകടത്തില്‍ പെടുന്നു. നിരഞ്ജന്‍റെ ഒരു ടീം - ഗൌരി മുന്‍‌ജളും(പാലേരി മാണിക്യത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട് ഇവരെ), ജഗതി ശ്രീകുമാറും അടങ്ങുന്ന ടീം - എബിയുടെ കുടുംബത്തെയാകെ അപകടത്തിലേക്ക് തള്ളിവിടുകയാണ്.

എന്താണ് ഇവരുടെ ലക്‍ഷ്യമെന്ന് എബിക്ക് തിരിച്ചറിയാനാവുന്നില്ല. പണമാണെന്നാണ് എബി ആദ്യം കരുതുന്നത്. അത് സാധൂകരിക്കുന്ന വിധത്തില്‍ നിരഞ്ജന്‍ വിലപേശല്‍ ആരംഭിക്കുന്നു. ആദ്യം പറഞ്ഞ തുക പിന്നീട് മാറ്റിപ്പറയുന്നു. അങ്ങനെ ചില കളികള്‍. ഒടുവില്‍ നിഗൂഢതയുടെ ചുരുള്‍ നിവരുകയാണ്.

(കോക്ടെയിലില്‍ അരുണ്‍കുമാര്‍ പറഞ്ഞതും ഇതുതന്നെയല്ലേ? നായകന്‍ ഇതുപോലൊരു ട്രാപ്പില്‍ അകപ്പെടുകയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് അതിന്‍റെയും പ്രമേയം. കോക്ടെയിലില്‍ കഥയെ വിശ്വസനീയമാക്കാന്‍ സംവിധായകന് കഴിഞ്ഞു. എന്നാല്‍ റേസില്‍ കുക്കു സുരേന്ദ്രന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ പൂര്‍ണ പരാജയമാണ്).

സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ട ഈ സിനിമ പക്ഷേ പ്രേക്ഷകര്‍ ഒരു കാരണം കൊണ്ട് എന്നെന്നും ഓര്‍ത്തിരിക്കും. ഇന്ദ്രജിത്ത് എന്ന നടന്‍റെ അഭിനയ മികവിന്‍റെ പേരില്‍. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഇന്ദ്രന്‍ ഈ ചിത്രത്തില്‍ നല്‍കുന്നത്. നായകനായ കുഞ്ചാക്കോ ബോബനെ പല സീനിലും നിഷ്പ്രഭമാക്കുന്ന പെര്‍ഫോമന്‍സാണ് ഇന്ദ്രജിത്തിന്‍റേത്. ഇത് ഒരു ഇന്ദ്രജിത്ത് ചിത്രമാണെന്നുപോലും പറയാം.

ചാക്കോച്ചനും മം‌മ്തയും ഗൌരിയും ജഗതി ശ്രീകുമാറുമെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ആദ്യപകുതിയില്‍ ജഗതിയുടെ അഭിനയം കൈയടി നേടുന്നു. എന്നാല്‍ കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയുടെ മേല്‍ പണിതുയര്‍ത്തിയ റേസ്, നല്ല സിനിമകള്‍ കൂട്ടത്തോടെ റേസില്‍ പങ്കെടുക്കുന്ന ഈ കാലത്ത് ഏറ്റവും പിന്നിലായിപ്പോകുന്നു.

വീരാളിപ്പട്ട്, ഒരാള്‍ എന്നിവയാണ് കുക്കു സുരേന്ദ്രന്‍ മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍. കണ്ണൂര്‍, പതാക, കൃത്യം, സായ്‌വര്‍ തിരുമേനി, ഇന്ദ്രപ്രസ്ഥം തുടങ്ങിയവയാണ് റോബിന്‍ തിരുമല ഇതിനുമുമ്പ് തിരക്കഥയെഴുതിയ ചിത്രങ്ങള്‍. ഇവരുടെ മുന്‍‌കാല ചിത്രങ്ങളേക്കാള്‍ സാങ്കേതികമായെങ്കിലും എന്തുകൊണ്ടും മെച്ചപ്പെട്ട സിനിമ തന്നെയാണ് റേസ്. എന്നാല്‍ കൊമേഴ്സ്യല്‍ സിനിമ എന്നാല്‍ കോടികളുടെ കളിയാണ്. നേരിയ പാകപ്പിഴവ് പോലും നിര്‍മ്മാതാക്കളെ നശിപ്പിക്കും. വ്യക്തമായ പ്ലാനിംഗോ, പൂര്‍ണവും ശക്തവുമായ തിരക്കഥയോ ഇല്ലാതെ ഇറങ്ങിത്തിരിക്കുന്നത് അപകടത്തില്‍ കലാശിക്കും. റേസിലൂടെ ഈ തിരിച്ചറിവെങ്കിലും സംവിധായകനും തിരക്കഥാകൃത്തിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Monday, February 14, 2011

അസിന്‍ വീണ്ടും തെലുങ്കില്‍ നായിക



ഇടയ്ക്കല്‍പം നിര്‍ഭാഗ്യമുണ്ടായെങ്കിലും അസിന്‍ വീണ്ടും തെന്നിന്ത്യയില്‍ തരംഗമാവുകയാണ്. വിജയ് നായകനായ കാവലന്റെ വിജയമാണ് അസിനെ തെന്നിന്ത്യയില്‍ വീണ്ടും താരറാണിയാകാന്‍ സഹായിച്ചിരിക്കുന്നത്.

നയന്‍താരയെയും തൃഷയെയും പരിഗണിച്ച ഒരു തെലുങ്ക് ചിത്രത്തില്‍ ഒടുക്കം നായികയാവുന്നത് അസിനാണെന്നതാണ് പുതിയ വാര്‍ത്ത. തേജ ഒരുക്കുന്ന പുതിയ ചിത്രമായ സാവിത്രിയിലാണ് അസിന്‍ നായികയാവുന്നത്. വെങ്കിടേഷാണ് ചിത്രത്തില്‍ നായകന്‍. ഇതു രണ്ടാം തവണയാണ് അസിന്‍ വെങ്കിടേഷിന്റെ നായികയാവുന്നത്.

ബോളിവുഡില്‍ അമീര്‍ ഖാനോടൊപ്പം അഭിനയിച്ച ഗജിനി വലിയ ഹിറ്റായിരുന്നെങ്കിലും തുടര്‍ന്ന് പുറത്തിറങ്ങിയ സല്‍മാന്‍ നായകനായ ലണ്ടന്‍ ഡ്രീംസ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല.

ഇതിനെത്തുടര്‍ന്ന് ബോളിവുഡില്‍ മറ്റ് വലിയ പ്രൊജക്ടുകളൊന്നും കിട്ടാതെ അസിന്‍ വീണ്ടും തെന്നിന്ത്യയില്‍ ശ്രദ്ധയൂന്നുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തുനിന്നും അസിന് വളരെ നല്ല സ്വീകരണമാണ് കിട്ടുന്നത്. ബോളിവുഡില്‍ അഭിഷേക് ബച്ചന്‍ നായകനാകുന്ന ചിത്രത്തിലും, തമിഴില്‍ രജനീകാന്ത് നായകനാകുന്ന റാണയിലേയ്ക്കും അസിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി 'പുളുവന്‍ മത്തായി'




പോക്കിരിരാജയുടെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിനുവേണ്ടി ടോമിച്ചന്‍ മുളകുപാടം വീണ്ടും ഒരു മമ്മൂട്ടിചിത്രം നിര്‍മിക്കുന്നു- പുളുവന്‍ മത്തായി. ചിത്രം സജിസുരേന്ദ്രന്‍ സംവിധാനം ചെയ്യുന്നു. രചന: കൃഷ്ണ പൂജപ്പുര. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: തങ്കച്ചന്‍, പി.ആര്‍.ഒ: അയ്മനം സാജന്‍. ഒരു മോഹന്‍ലാല്‍ ചിത്രവും മുളകുപാടം ഫിലിംസ് നിര്‍മിക്കുന്നുണ്ട്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുക. രചന: ഉദയകൃഷ്ണ, സിബി.കെ.തോമസ്. രണ്ടു ചിത്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

Sunday, February 13, 2011

രജനിയും ശങ്കറും തിരക്കില്‍; യന്തിരന്‍ 2വൈകും



ഇന്ത്യയില്‍ തരംഗമായ രജനി-ശങ്കര്‍-ഐശ്വര്യ ചിത്രം യന്തിരന് രണ്ടാം ഭാഗമൊരുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തല്‍ക്കാലം നീട്ടിവയ്ക്കുന്നതായി റിപ്പോര്‍ട്ട്.

യന്തിരന്റെ രണ്ടാംഭാഗം ഉടന്‍തന്നെ ഒരുക്കാനായിരുന്നു ആദ്യം അണിയറക്കാരുടെ തീരുമാനം. ഇപ്പോള്‍ ത്രി ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശങ്കര്‍ തിരക്കിലാണ്. അതുകൊണ്ടുതന്നെയാണ് യന്തിരന്‍ 2 മാറ്റിവയ്ക്കുന്നതെന്നാണ് സൂചന.

ലോകമൊട്ടുക്കും വിജയം നേടിയ യന്തിരന്റെ നേട്ടങ്ങള്‍ വിലയിരുത്താന്‍ അടുത്തിടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് കലാനിധി മാരനും രജനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കുന്നതിനെക്കുറിച്ചുള്ള സംസാരം ഉണ്ടായത്.

ഇതില്‍ രജനികാന്ത് അതീവ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പഴയതില്‍ നിന്നും വ്യത്യസ്തമായി രണ്ടാംഭാഗത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മാരന്‍ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.

ശങ്കറിനെപ്പോലെതന്നെ രജനീകാന്തും ഇപ്പോള്‍ തിരക്കിലാണ്. കെ.എസ്. രവികുമാറിന്റെ സംവിധാനത്തില്‍ പുരോഗമിക്കുന്ന ആനിമേഷന്‍ ചിത്രമായ റാണ' യുടെ ജോലിത്തിരക്കിലാണ് രജനി. ഇതും യന്തിരന്റെ രണ്ടാം ഭാഗം വൈകുന്നതിന് കാരണമാണ്.

രജനിയും ഷങ്കറും ഏറ്റെടുത്തിരിക്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തിയായതിനുശേഷമേ യന്തിരന്റെ തുടര്‍ച്ച തുടങ്ങൂവെന്നാണ് അറിയുന്നത്. ഇതിനിടെ യന്തിരന്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് മണിരത്‌നം സംവിധാനം ചെയ്യുന്ന ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. യന്തിരന്‍ 2വിന്റെ ഔദ്യോഗിപ്രഖ്യാപനം വൈകാന്‍ ഇതും ഒരു കാരണമാണ്.

യന്തിരനെ വെട്ടിക്കാന്‍ കിങ് ഖാന്റെ റാ വണ്‍



രജനീകാന്ത്-ഐശ്വര്യ-ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമാവിസ്മയം യന്തരിനെ കവച്ചുവയ്ക്കുന്നതായിരിക്കും ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് നായകനാകുന്ന റാ വണ്‍ എന്ന് റിപ്പോര്‍ട്ട്.

ഷാരൂഖിന്റെതന്നെ നിര്‍മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ചിത്രം ഏതുവിധേനയും യന്തിരനെ കവച്ചുവയ്ക്കുന്നതാവണമെന്ന് ഷാരൂഖിന് നിര്‍ബ്ബന്ധമാണത്രേ. ഇതിന്റെ ഭാഗമായി ഷാരൂഖ് ആധിമാനുഷിക കഥാപാത്രമായി വരുന്ന റാ വണ്‍ 3 ഡി ചിത്രമാക്കി മാറ്റുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രീകരണ അനുബന്ധ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായ ചിത്രം ത്രീഡി രൂപത്തിലേക്ക് മാറ്റുന്നതിനായി ഹോളിവുഡ് സ്റ്റുഡിയോകളുള്‍പ്പെടെ അനേകം സ്ഥലങ്ങളുമായി ഷാരൂഖ് ബന്ധപ്പെട്ടുവരികയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സിന്‍ഹ പറയുന്നു.

സാധാരണ ഫോര്‍മാറ്റില്‍ ചിത്രീകരിച്ച ചിത്രത്തിലെ ചില സീനുകള്‍ക്ക് യന്തിരനുമായി സാമ്യം തോന്നുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം ത്രീഡിയായി മാറുമ്പോള്‍ അതിന് കുറച്ച് മാറ്റവും സംഭവിക്കും.

അതേസമയം തന്നെ 3ഡി രൂപമായി മാറുമ്പോള്‍ ചിത്രത്തിന് ഇതിനോടകംതന്നെ കണക്കാക്കിയിരുന്ന ബജറ്റായ 150 കോടിയിലും കൂടുതല്‍ തുക ആവശ്യമായിവരും. അപ്പോള്‍ മുതല്‍മുടക്കിന്റെ കാര്യത്തിലും ചിത്രം വളരെ മുന്‍പന്തിയിലെത്തും.

അങ്ങനെ തന്റെ ചിത്രത്തെ ഏതുവിധേനയും യന്തിരനേക്കാള്‍ ഒരുപടി മുന്നിലെത്താനാണ് ഷാരൂഖിന്റെ പ്ലാന്‍. ഷാരൂഖിന്റെ നായികയായി കരീന കപൂറാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഹാന്‍സ് സിമ്മര്‍, ഇളയരാജ, വിശാല്‍ ശേഖര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തീന് സംഗീതമൊരുക്കുന്നത്പുതിയ സാങ്കേതിവിദ്യ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ റിലീസ് ഒക്‌ടോബറിലേക്ക് മാറ്റിയിരിക്കുകയാണ്.

പാതിരാമണില്‍ ജയസൂര്യക്കൊപ്പം റീമ



പാതിരാമണല്‍ എന്ന പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ സംവിധായകന്‍ എം പത്മകുമാര്‍ മനസ്സില്‍ കണ്ടത് പൃഥ്വിരാജിനെയായിരുന്നു. എന്നാല്‍ പൃഥ്വിയുടെ തിരിക്കും വിപണിയിലെ പുതിയ ട്രെന്‍ഡുകളും കണക്കിലെടുത്ത് പത്മകുമാര്‍ ജയസൂര്യയെ നായകനാക്കി. ഇപ്പോള്‍ മോളിവുഡിലെ ഹോട്ട് റീമ കല്ലിങ്കലിനെ നായികയാക്കി മറ്റൊരു സര്‍പ്രൈസ് കൂടി നല്‍കുകയാണ് സംവിധായകന്‍.

കഥയും തിരക്കഥയും സംഭാഷണവും രചിയ്ക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. വാസ്തവത്തിനു ശേഷം ഈ കൂ്ട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമുയരുകയാണ്. തമിഴ്‌നടന്‍ സമുദ്രക്കനിയും പാതിരാമണിലില്‍ പ്രധാന റോളിലെത്തുന്നുണ്ട്.

വര്‍ഗ്ഗം, അമ്മക്കിളിക്കൂട്, വാസ്തവം, ശിക്കാര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പത്മകുമാറിന്റെ പാതിരാമണല്‍ കരിയറില്‍ ഒരു ടേണിങ് പോയിന്റാവുമെന്നാണ് ജയസൂര്യ പ്രതീക്ഷിയ്ക്കുന്നത്. ആലപ്പുഴയിലെ പാതിരാമണലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിയ്ക്കും. ധനുഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആനന്ദ് കുമാറും മോഹനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ഉറുമിയെപ്പേടിച്ച് സൂപ്പര്‍റുകള്‍ മാറി?




അവധിക്കാലചിത്രങ്ങളായി പ്രദര്‍ശനത്തിന് വരുന്നവയുടെ പട്ടികയില്‍ പ്രമുഖ ചിത്രങ്ങളായിരുന്നു ഉറുമി, ചൈനാ ടൗണ്‍, ആഗസ്റ്റ് 15 എന്നിവ.

എന്നാല്‍ ഇതില്‍ ഉറുമി മാത്രമേ മാര്‍ച്ച് 30 റിലീസ് ചെയ്യുകയുള്ളുവെന്നാണ് പുതിയ റിപ്പോര്‍്ട്ട്. ഉറുമിയെപ്പേടിച്ചാണ് ചൈനാ ടൗണ്‍, ആഗസ്റ്റ് 15 എന്നിവയുടെ റീലീസ് നീട്ടിയിരിക്കുന്നതെന്നാണ് സൂചന.

നേരത്തേ മോഹന്‍ാല്‍ ചിത്രത്തിനൊപ്പം തന്റെ ചിത്രം റിലീസ് ചെയ്യാന്‍ പൃഥ്വിരാജ് ധൈര്യം കാണിക്കുകയായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ ആഗസ്റ്റ് 15ഉം ഇതേദിവസം റിലീസ് തീരുമാനിച്ചു. എന്നാല്‍ പൃഥ്വിയോട് ഏറ്റുമുട്ടാന്‍ സൂപ്പര്‍താരങ്ങള്‍ ഭയക്കുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ആഗസ്റ്റ് 15 ഉറുമിക്ക് മുമ്പേ റീലീസ് ചെയ്യാനാണ് നീക്കമെന്നാണ് സൂചന. അതേസമയം ചൈനാ ടൗണ്‍ വൈകും. ഏപ്രില്‍ ഏഴിനു മാത്രമേ ചൈനാ ടൌണ്‍ പ്രദര്‍ശനത്തിനെത്തൂകയുള്ളു.

ഗസ്റ്റ് 15 എത്തുന്നത് മാര്‍ച്ച് 25നാണ്. ഉറുമിയുമായി ഒരു ആഴ്ചയുടെ സുരക്ഷിതമായ അകലം പാലിച്ചാണ് രണ്ടു സിനിമകളും പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടെ പൃഥ്വിയ്ക്ക് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മാറ്റുരയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടു.

ഉറുമിയിലാകട്ടെ പ്രഭുദേവ, ജനിലിയ, തബു, വിദ്യാ ബാലന്‍ തുടങ്ങിയ വന്‍ താരനിരയാണ് പൃഥ്വിക്കൊപ്പം അണിനിരക്കുന്നത്. ലോകോത്തര സംവിധായകന്‍ സന്തോഷ് ശിവനാണ് ഉറുമി ഒരുക്കുന്നത്.

മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും കാവ്യാമാധവനുമാണ് ചൈനാ ടൌണിലെ താരങ്ങള്‍. ചൈനാ ടൌണ്‍ സംവിധാനം ചെയ്തിരിക്കുന്നത് റാഫി മെക്കാര്‍ട്ടിനാണ്. ആഗസ്റ്റ് 15ല്‍ ഷാജി കൈലാസ് എസ് എന്‍ സ്വാമി ടീമാണ് മമ്മൂട്ടിക്കൊപ്പം ചേരുന്നത്.

Thursday, February 10, 2011

Review: Gaddama



സൌദിയിലെ ഒരു അറബികുടുംബത്തില്‍ വീട്ടുജോലിക്കാരിയായി (അതാണ് ഗദ്ദാമ) എത്തിപ്പെടുന്ന അശ്വതിയുടെ (കാവ്യ മാധവന്‍) കഥയാണ് കമല്‍ സംവിധാനം ചെയ്‌ത ഗദ്ദാ‍മ പറയുന്നത്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി കെ യു ഇക്‍ബാല്‍ എഴുതിയ കഥ തിരക്കഥയാക്കിയിരിക്കുന്നത് കമലും ഗിരീഷ് കുമാറും ചേര്‍ന്ന്.

നാട്ടിലെ ദുരിതങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ മാത്രമല്ല നികത്താനാവാത്ത നഷ്‌ടങ്ങളുടെ ദുഃഖങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കൂടിയാണ് അശ്വതി അറിയാത്ത നാട്ടിലേക്ക് വിമാനം കയറുന്നത്; അവിടെ കാത്തിരിക്കുന്നത് കൂടുതല്‍ വേദനകളാണെന്നറിയാതെ. അറബിയുടെ വീട്ടിലെ പീഢനങ്ങള്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ അശ്വതി അവിടുന്ന് പുറത്തുകടക്കുന്നു. വറചട്ടിയില്‍ നിന്ന് എരിതീയിലേക്കുള്ള രക്ഷപ്പെടല്‍ പോലെ തന്നെയായിരുന്നു അത്. അവളെ രക്ഷിക്കാന്‍ ശ്രമിച്ചവരും ആ വേദനകളുടെ പങ്കുകാരാകേണ്ടി വരുന്നതാണ് പിന്നെ നമ്മള്‍ കാണുന്നത്. തീക്കാറ്റ് പാറുന്ന മണല്‍ക്കാട്ടിലും ജയിലിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളിലും പിന്നെയും ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്ന അശ്വതിയുടെ രക്ഷയ്‌ക്ക് ഒടുവില്‍ പൊതുകാര്യപ്രവര്‍ത്തകനായ റസാഖ് (ശ്രീനിവാസന്‍) എത്തുന്നു.

FIRST IMPRESSION
കുടുംബവഴക്കും കുത്തിത്തിരിപ്പും കുടുംബത്ത് കയറ്റാന്‍ കൊള്ളാത്ത തമാശകളും ഉത്സവം / പെരുന്നാള്‍ നടത്തിപ്പും larger-than-life കഥാപാത്രങ്ങളുമില്ലാത്ത ഒരു സിനിമ മലയാളത്തില്‍ കാണാനുള്ള സൌഭാഗ്യമുണ്ടാക്കിത്തന്നതിന് കമലിന് ആദ്യമേ നന്ദി. (സകലകലാവല്ലഭരും സര്‍വരോഗസംഹാരികളുമായ നായകന്മാരെ കണ്ടു കണ്ട് മതിയായി!)

വളരെ പ്രാധാന്യമുള്ള, വളരെ ഹൃദയഭേദകമായ ഒരു പ്രശ്‌നമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. ജീ‍വിതം പലപ്പോഴും മനുഷ്യനായി കാത്തുവയ്‌ക്കുന്ന അപരിഹാര്യമായ ആകുലതകളെ ആവിഷ്‌കരിക്കാന്‍ കമല്‍ ശ്രമിക്കുന്നു; പകപ്പോടെയാണെങ്കിലും. രേഖീയമല്ലാത്ത കഥപറച്ചില്‍ ഒരു പഴഞ്ചന്‍ ഫ്രെയിമിലേക്ക് ഒതുങ്ങിപ്പോകാതെ ഗദ്ദാമയെ രക്ഷിക്കുന്നുണ്ട്. പ്രമേയപരിചരണത്തില്‍ കമല്‍ സാമര്‍ഥ്യം കാണിച്ച ഒരേയൊരു കാര്യവും ഇതാണ്.

തികഞ്ഞ പെര്‍ഫക്ഷനോടെ രൂപപ്പെടുത്തപ്പെട്ട ഒരു കഥാപാത്രമുണ്ട് ഇതില്‍; ഡ്രൈവര്‍ ഉസ്‌മാന്‍. ഇത്രയും പച്ചയായ ഒരു മനുഷ്യന്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ തന്നെ വിരളമാണ്. ഉസ്‌മാനെ അവതരിപ്പിച്ച സുരാജ് അഭിനയം തനിക്ക് നന്നായി അറിയാവുന്ന ജോലി തന്നെയാണെന്ന് തെളിയിക്കുകയും ചെയ്‌തു. സുരാജിന്റെ തന്നെ ഭാഷ കടമെടുത്താല്‍, അദ്ദേഹം മിക്കപ്പോഴും ചെയ്യുന്ന കൂതറ വേഷങ്ങള്‍ക്ക് ഒരു പ്രായശ്ചിത്തം.

അശ്വതി എന്ന ഗദ്ദാമയെ അവതരിപ്പിച്ച കാവ്യയും സ്വന്തം കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. (നിര്‍ഭാഗ്യവശാല്‍, കാവ്യയ്‌ക്കാവുന്നതിന്റെ അപ്പുറത്ത് ഡിമാന്‍‌ഡ് ചെയ്യുന്ന കഥാപാത്രമായിപ്പോയി ഗദ്ദാമ എന്നത് വേറെ കാര്യം. ഗദ്ദാമയുടെ പരസ്യത്തില്‍ അഭിനയിച്ച മഞ്ജു വാര്യര്‍ അശ്വതിയായി സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നി. എടുത്താല്‍ പൊന്താത്ത ചുമടുകളൊന്നും വഹിക്കാതെ ഒരു സുന്ദരി യുവതിയായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെങ്കില്‍ കാവ്യയെ വെല്ലാന്‍ മലയാളത്തില്‍ ഇപ്പോഴാരുമില്ല എന്നു കൂടി പറയട്ടെ.)

ജാഫര്‍ ഇടുക്കി, ശശി കലിംഗ, സുകുമാരി, കെ പി എ സി ലളിത, ബിജു മേനോന്‍, ലെന എന്നിവരും ബഷീറായി വന്ന പുതുമുഖം ഷൈന്‍ ടോമും ഫാത്തിമയായ ഇന്‍ഡോനേഷ്യന്‍ നടിയും മനസ്സില്‍ നില്‍ക്കുന്ന മട്ടില്‍ത്തന്നെ സ്വന്തം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീനിവാസനും മുരളീകൃഷ്‌ണനുമുള്‍പ്പടെ മറ്റ് അഭിനേതാക്കള്‍ മോശമാക്കിയില്ല എന്നു പറയാം.

മനോജ് പിള്ളയുടെ ക്യാമറയും എം ജയചന്ദ്രന്റെ പശ്ചാത്തലസംഗീതവും കമലിനെ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്; പിന്നെ ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്റെ ഗരിമയോടെ നില്‍ക്കുന്ന അനന്തമായ മണലാരണ്യവും.

SECOND THOUGHTS
ഈ ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന ഗൌരവത്തിലും ആഴത്തിലും അതിനെ സമീപിക്കാനുള്ള പ്രതിഭ കമലിനോ ഗിരീഷ് കുമാറിനോ ഇല്ലാതെ പോയി എന്നതാണ് ഈ സിനിമ നേരിടുന്ന പ്രധാന പ്രശ്‌നം. തിളങ്ങിനില്‍ക്കുന്ന പുതുമകളൊന്നും ഈ സിനിമയുടെ രൂപത്തിലോ ഭാവത്തിലോ വിളക്കിച്ചേര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ അശ്വതിയുടെ ദുഃഖം മിക്കപ്പോഴും നമ്മുടെ ഹൃദയത്തിലേക്ക് കയറാതെ അതിന്റെ പുറംഭിത്തിയില്‍ തട്ടി തിരിച്ചു പോകുന്നു.

വേണ്ടത്ര പാകപ്പെട്ടിട്ടില്ലാത്ത മൂന്ന് കഥാപാത്രങ്ങളുണ്ട് ഇതില്‍: ജയിലില്‍ നിന്ന് അശ്വതിയെ രക്ഷിക്കുന്ന റസാഖ് (ശ്രീനിവാസന്‍), മരുഭൂമിയില്‍ നിന്ന് അശ്വതിയെ രക്ഷിക്കുന്ന ഭരതന്‍ (മുരളികൃഷ്‌ണന്‍), അശ്വതിയേക്കുറിച്ച് കഥകളുണ്ടാക്കാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന അജിത് മേനോന്‍ എന്ന പത്രപ്രവര്‍ത്തകന്‍ (മനു ജോസ്). നിര്‍ഭാഗ്യവശാല്‍ ഈ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതും ഇവരാണ്. ഈ കഥാപാത്രങ്ങളുടെ കാര്യത്തില്‍ സംവിധായകന്‍ മാത്രമല്ല, കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും വളരെ confused ആയിട്ടാണ് പെരുമാറുന്നത് എന്നു കാണാം. കെട്ടിയിരിക്കുന്ന വേഷം പച്ചയാണോ കത്തിയാണോ താടിയാണോ എന്നറിയാതെ അരങ്ങില്‍ കയറേണ്ടിവരുന്ന ആട്ടക്കാ‍രന്റെ മനോനില മൂവരുടെയും മുഖങ്ങളില്‍ വായിക്കാം.

അജിത് മേനോന്‍ തീരെ അനാവശ്യമായ കഥാപാത്രമാണെന്നു പോലും പറയാം. പൊതുകാര്യതല്പരനായ റസാഖിനെ അശ്വതിയിലേക്ക് എത്തിക്കാന്‍ അയാളേക്കാള്‍ നല്ല എത്രയോ വഴികള്‍ തുറന്നെടുക്കാമായിരുന്നു സംവിധായകന്!

അറബിനാട്ടില്‍ അശ്വതി നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ക്ലിഷേയ്‌ഡ് ആണ്. ഉദാഹരണത്തിന്, ഗള്‍ഫിലെ സവിശേഷസാഹചര്യത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെ അവയര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ട സമയത്ത് നായികയുടെ കാലില്‍ കുപ്പിച്ചില്ല് കയറ്റിയും നായകന്റെ അമ്മയുടെ ജീവനെടുത്തുമൊക്കെ സഹതാപമുണ്ടാക്കാനാണ് സംവിധായക-രചയിതാക്കള്‍ ശ്രമിച്ചത്. ഇതു പ്രതിഭാശൂന്യത കൊണ്ടുണ്ടാകുന്ന പ്രശ്‌നമല്ല. വിശദാംശങ്ങള്‍ തേടിപ്പോകാനുള്ള ഉത്തരവാദിത്തമോ അല്പമൊന്ന് തല പുകയ്‌ക്കാനുള്ള ക്ഷമയോ ഇല്ലാത്തതുകൊണ്ട് ഉണ്ടാകുന്നതാണ്. ഇതുകൊണ്ട് ഈ സിനിമ ഉന്നയിക്കേണ്ടിയിരുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും വേലിക്കു വെളിയില്‍ത്തന്നെ നില്‍ക്കേണ്ടിവരുന്നു.

ചില കഥാപാത്രങ്ങള്‍ ചിലപ്പോള്‍ തീരെ യുക്തിരഹിതമായി പെരുമാറുന്നതും ഇതേ കാരണം കൊണ്ടുതന്നെ. ഉദാഹരണത്തിന്, ചെയ്യുന്നതു കുറ്റമാണെന്നും അതിന്റെ അനന്തരഫലമെന്താണെന്നും അറിയാമായിരുന്നിട്ടും ഭരതന്‍ എന്തുകൊണ്ട് അശ്വതിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു; അതും ഏറെക്കുറേ പരസ്യമായിത്തന്നെ? അശ്വതിയെ വഴിയില്‍ ഇറക്കിവിടുന്ന ഭരതന്റെ ട്രക്ക് അടുത്ത നിമിഷം തിരിച്ചുവരുന്നതിന്റെ കാരണവും തല പുകയ്‌ക്കാനുള്ള രചയിതാക്കളുടെ മടിയോ അലസതയോ ആണ്. ആ സീനുകള്‍ വെറും മെലോഡ്രാമയില്‍ കൂടുതല്‍ ഒന്നുമായില്ല.

അതിസുന്ദരവും അതേസമയം വായനക്കാരന്റെ ഹൃദയത്തെ വിമലീകരിക്കാന്‍ പോന്നത്ര ശക്തവും അമ്ലശേഷിയുള്ളതുമാ‍യ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ആടുജീവിതത്തെ ഓര്‍മിപ്പിച്ചു ഈ സിനിമയുടെ അവസാനഭാഗങ്ങള്‍. മരുഭൂമിയിലെ തീയാളുന്ന പൊടിക്കാറ്റിലും മെല്ലെ മെല്ലെ പൊന്തിവരുന്ന ചെറുചെടികളേക്കുറിച്ച് റസാഖ് ഒടുവില്‍ പറയുന്നുമുണ്ട്. പക്ഷേ, ബെന്യാമിന്റെ കൃതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആല്‍ക്കെമിയുടെ സ്‌പര്‍ശം കമലിന്റെ കൃതിയില്‍ തീരെ ഇല്ലാതെ പോയി. മറ്റൊരു വിധത്തില്‍‍, ആടുജീവിതം അമര്‍ത്തിവരച്ചിട്ട അമ്പരപ്പിക്കുന്ന ജീവിതചിത്രങ്ങള്‍ക്കു മുന്നില്‍ ഗദ്ദാമ വെറും നിഴല്‍ചിത്രമായിപ്പോകുന്നു പലപ്പോഴും.

EXTRA
അറബിയുടെ വീട്ടിലും ജയിലിലുമായി അഞ്ചാറു മാസമോ അതില്‍ കൂടുതലോ പുറം‌ലോകം കാണാതെ കഴിഞ്ഞ അശ്വതിയുടെ പുരികങ്ങള്‍ എപ്പോഴും സുന്ദരമായി ഷേപ്പ് ചെയ്യപ്പെട്ടിരിക്കുന്നതു കാണാം. ജയിലില്‍ നിന്നിറങ്ങി വരുന്ന അശ്വതിയുടെ മുഖം ചന്ദ്രനെപ്പോല്‍ വിളങ്ങുന്നു.. നേരെ പിടിച്ചുകൊണ്ടുപോയി ഫെയര്‍ & ലവ്‌ലിയുടെ പരസ്യത്തില്‍ ഉപയോഗിക്കാം!

LAST WORD
കമലിന്റെ പ്രതിഭയുടെയും കാവ്യയുടെ അഭിനയപാടവത്തിന്റെയും പരിധികള്‍ക്കു വളരെ മുകളിലൂടെ കടന്നുപോകുന്ന ഒരു ട്രീറ്റ്മെന്റ് ആവശ്യപ്പെടുന്ന പ്രമേയമാണ് ഗദ്ദാമയുടേത്. അതുകൊണ്ടുതന്നെ, മോശമല്ലാത്ത ഒരു സിനിമയുണ്ടാക്കാനേ കമലിനും സംഘത്തിനും കഴിഞ്ഞിട്ടുള്ളു. പക്ഷേ, അതിനവരെ കുറ്റപ്പെടുത്താന്‍ ഞാനില്ല. പാതി പോലും വേകാത്തതും വേവിക്കാന്‍ കൊള്ളാത്തതുമായ സാധനങ്ങള്‍ നിര്‍മിക്കാന്‍ ചെറുപ്പക്കാര്‍ പോലും മത്സരിക്കുന്ന ഇക്കാലത്ത് കമലിനെപ്പോലൊരാള്‍ ഇത്രയെങ്കിലും ചെയ്‌തല്ലോ.. അത്രയും നന്ന്.

മേക്കപ്പ്‌മാന്‍: ഇതും കഥ! ഇതും സിനിമ!



നല്ല പേരും പെരുമയുമുള്ള കുടുംബത്തിന്‍റെ യശസൊന്നാകെ നശിപ്പിക്കാന്‍ ഒരുത്തനെങ്കിലും ആ കുടുംബത്തില്‍ ഉണ്ടാകും എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് ചില നല്ല സംവിധായകര്‍ ഇടയ്ക്ക് പടച്ചുവിടുന്ന സിനിമകള്‍. ഷാഫി മലയാളത്തിലെ നല്ല സംവിധായകരില്‍ ഒരാളാണ്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളയാള്‍. അദ്ദേഹത്തിന്‍റെ പേര് നശിപ്പിക്കുന്ന ചില സിനിമകള്‍ ഇടയ്ക്ക് ജനിക്കും. ലോലിപോപ്പ് അങ്ങനെയൊന്നായിരുന്നു. ഇപ്പോഴിതാ മേക്കപ്പ്‌മാന്‍.

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന എന്‍റര്‍ടെയ്നറിന്‍റെ വിജയശോഭയില്‍ നില്‍ക്കുന്ന ഷാഫിക്ക് കണ്ണുകിട്ടാതിരിക്കണമെങ്കില്‍ ഒരു കറുത്തപൊട്ട് ആവശ്യമാണല്ലോ. ഷാഫിയുടെ കരിയറിലെ കറുത്ത പാടാണ് മേക്കപ്പ്‌മാന്‍. ഇതും കഥ, ഇതും സിനിമ എന്ന് പരിതപിക്കുകയല്ലാതെ വഴിയില്ല.

മികച്ച രീതിയില്‍ തുടങ്ങുകയും ആദ്യ പകുതി ഭംഗിയായി അവസാനിപ്പിക്കുകയും ചെയ്ത ശേഷം രണ്ടാം പകുതിയില്‍ മൂക്കും കുത്തി വീഴുന്ന അനുഭവം. (ഈ സിനിമ ഇടയില്‍ നിര്‍ത്തി ഷാഫി മേരിക്കുണ്ടൊരു കുഞ്ഞാട് ചെയ്യാന്‍ പോയതിന്‍റെ രഹസ്യം സിനിമ കണ്ടപ്പോഴാണ് മനസിലായത്. മേക്കപ്പ്‌മാന്‍റെ വിധി ഷാഫി മുമ്പുതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകണം).

രതിനിര്‍വേദത്തില്‍ നായകന്‍ ശ്രീജിത്ത്‌



പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഭരതന്‍-പത്മരാജന്‍ ടീമിന്റെ നായികാപ്രാധാന്യമുള്ള ചിത്രമായ രതിനിര്‍വേദത്തിന്റെ റീമേക്കില്‍ ശ്വേതാമേനോനോടൊപ്പം പുതുമുഖം ശ്രീജിത്ത് നായകവേഷത്തില്‍. പഴയ രതിനിര്‍വേദത്തില്‍ ഗായകന്‍ കൃഷ്ണചന്ദ്രന്‍ അവതരിപ്പിച്ച വേഷമാകും ശ്രീജിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുക.

ഫാസിലിന്റെ ലിവിങ് ടുഗെതറില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്ന ശ്രീജിത്തിന് രതിനിര്‍വേദത്തിലൂടെ മികച്ച വേഷമാണ് തേടിയെത്തിയിരിക്കുന്നത്. ഫാസില്‍ ചിത്രത്തില്‍ നിരഞ്ജന്‍ എന്ന വേഷമാണ് ശ്രീജിത്ത് അവതരിപ്പിച്ചത്. രതിനിര്‍വേദത്തിന്റെ ചിത്രീകരണം ഈ മാസം മാവേലിക്കരയില്‍ തുടങ്ങും.

പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാറും മേനകയും ചേര്‍ന്നാണ്. എം.ജയചന്ദ്രന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ജയഭാരതി അവതരിപ്പിച്ച രതി എന്ന വേഷമാണ് ശ്വേതാമേനോന്‍ ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നത്. പാലേരി മാണിക്യത്തിലെ ചീരുവിന് ശേഷം ശക്തമായ വേഷമാണ് രതിനിര്‍വേദത്തിലൂടെ ശ്വേതയെ തേടിയെത്തിയിരിക്കുന്നത്.

പിക്‌പോക്കറ്റില്‍ പോക്കറ്റടിയുമായി മമ്മൂട്ടി



കള്ളനും തട്ടിപ്പുകാരനും ഗുണ്ടയുമായൊക്കെ കരിയറില്‍ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി ഇനി പോക്കറ്റടിക്കാരനാവുന്നു. യുവപ്രേക്ഷകരാണ് തന്റെ പ്രധാന കരുത്തെന്ന് അറിയുന്ന താരം അത്തരം കഥാപാത്രങ്ങളെയാണ് എപ്പോഴും തേടുന്നത്. അങ്ങനെയൊരു അന്വേഷണമാണ് യുവസംവിധായകനായ വിനോദ് വിജയന്റെ ചിത്രമായ പിക്‌പോക്കറ്റില്‍ മമ്മൂട്ടിയെ ചെന്നെത്തിച്ചിരിയ്ക്കുന്തന്.

പോക്കറ്റടിക്കാരനായ ഹരിനാരായണന്‍ എന്ന കഥാപാത്രത്തെയാണ് പിക്‌പോക്കറ്റില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. സാദാ പോക്കറ്റടിക്കാരനല്ല കക്ഷി. ആരോടും യാതൊരു ഉത്തരവാദിത്വവും കടപ്പാടുമൊന്നുമില്ലാതെ തന്നിഷ്ടത്തില്‍ ജീവിയ്ക്കുന്ന ഹരിയ്ക്ക് പോക്കറ്റടിയ്ക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്.

സാധാരണക്കാരുടെ പഴസ് അടിച്ചുമാറ്റുന്നതിനെക്കാളും താത്പര്യം വിഐപികളുടെ പോക്കറ്റാണ് ഹരിയുടെ വീക്കനെസ്സ്. അവര്‍ ഒത്തുകൂടുന്ന ഇടങ്ങളാണ് വിരഹരംഗം. അടിപൊളി വേഷവും മാന്യത തോന്നിപ്പിയ്ക്കുന്ന പെരുമാറ്റവുമാണ് ഈ കള്ളന്റെ പ്ലസ്‌പോയിന്റ്. മാന്യന്റെ മുഖം മൂടിയുള്ളതിനാല്‍
എപ്പോഴെങ്കിലും പെട്ടാല്‍ തന്നെ തലയൂരിപ്പോവാനും എളുപ്പമാണ്.

ലോകത്തെവിടെ സാമ്പത്തികമാന്ദ്യമുണ്ടായാലും അതൊന്നും ഹരിയെ ബാധിയ്ക്കില്ല. എടിഎം കാര്‍്ഡ് പോലുമില്ലാതെ എല്ലായിടത്തം പണമെടുക്കാന്‍ സൗകര്യമുള്ളപ്പോള്‍ ഭയക്കേണ്ട കാര്യമൊന്നുമില്ലല്ലോ.

പോക്കറ്റടിച്ച പഴ്‌സിലെ പണം മാത്രമേ ഹരി എടുക്കുകയുള്ളൂ. പഴ്‌സ് ഇഷ്ടപ്പെട്ടാല്‍ അതും സ്വന്തമാക്കും. എന്നാല്‍ അതിനുള്ളിലെ സാധനങ്ങളെല്ലാം ഒരു ഉപദേശത്തോടെ ഉടമസ്ഥര്‍ക്ക് കൊറിയര്‍ ചെയ്യാനും ഇയാള്‍ മറക്കാറില്ല.

നഗരത്തിലെ പ്രധാന പോക്കറ്റടിക്കാരനായി വിലസുന്നതിനിടെ ഇയാള്‍ക്കൊരു പഴ്‌സ് ലഭിയ്ക്കുന്നു. ഇത് ഹരിനാരായണന്റെ ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റാവുകയാണ്. ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലേക്കും ഇതയാളെ കൂട്ടിക്കൊണ്ടു പോകുന്നു.

വിജയം അവകാശപ്പെടാനാവാത്ത ക്വട്ടേഷന്‍, റെഡ്‌സല്യൂട്ട് എന്നീ സിനിമകളുടെ ചരിത്രമുള്ള വിനോദിന് മമ്മൂട്ടി ഡേറ്റ് കൊടുത്തത് പലരെയും അദ്ഭുതപ്പെടുത്തേക്കാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സൂക്ഷിച്ച് ചുവടുവെയ്ക്കുന്ന മമ്മൂട്ടി ഒന്നും കാണാതെയാവില്ല പോക്കറ്റടിയ്ക്കാന്‍ ഒരുങ്ങുന്നത്. അതുറപ്പാണ്.

മമ്മൂട്ടി സിനിമകളിലെ പതിവ് കോമഡി സാന്നിധ്യങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, എന്നിവര്‍ക്ക് പുറമെ ബിജു മേനോന്‍, നെടുമുടി വേണു, വിനായകന്‍ എന്നിവരും പിക്‌പോക്കറ്റില്‍ അഭിനയിക്കുന്നു. കലാഭവന്‍ മണിയുടെ വ്യത്യസ്തമായൊരു മുഖവും സിനിമയില്‍ പ്രേക്ഷകരെ കാത്തിരിയ്ക്കുന്നുണ്ട്. ഇച്ച് സബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത് ബിഗ് ബി ഫെയിം സമീര്‍ താഹിറാണ്. കെഎന്‍എം ഫിലിംസും അഖില്‍ സിനിമാസും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന പിക്‌പോക്കറ്റ് എറണാകുളം, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്.

ശശികുമാര്‍ മലയാളത്തില്‍



സുബ്രഹ്മണ്യപുരത്തിലൂടെ തമിഴില്‍ പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകന്‍ ശശികുമാര്‍ മലയാള സിനിമയില്‍ മുഖം കാണിയ്ക്കാനൊരുങ്ങുന്നു.

പൃഥ്വിരാജിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന മാസ്റ്റേഴ്‌സിലൂടെയാണ് ശശികുമാറിന്റെ മോളിവുഡിലെ അരങ്ങേറ്റം . പൃഥ്വിയുടെ സഹപാഠിയുടെ വേഷമാണ് ശശികുമാര്‍ അഭിനയിക്കുന്നത്.

കോളെജ് പഠനത്തിന് ശേഷം രണ്ട് സുഹൃത്തുക്കള്‍ വ്യത്യസ്ത വഴികളിലേക്ക് തിരിയുന്നതും പിന്നീട് അവര്‍ ഒരേ ലക്ഷ്യത്തിന് വേണ്ടി ഒന്നിയ്ക്കുന്നതുമാണ് മാസ്‌റ്റേഴ്‌സിന്റെ പ്രമേയം. പുതുമയേറിയ പ്രമേയമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ശശികുമാര്‍ പറയുന്നു.

ഉറ്റസുഹൃത്തും നടനും സംവിധായകനുമായ സമുദ്രക്കനി മലയാളത്തില്‍ അഭിനയച്ചതിന് പിന്നാലെയാണ് ശശികുമാറും ഇവിടെയെത്തുന്നത്. ശിക്കാറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച സമുദ്രക്കനി 'വീണ്ടും കണ്ണൂര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍.

പെരുമാള്‍ രക്ഷിക്കാനെത്തുന്നത് വിഎസിനെ



22 വര്‍ഷം മുമ്പ് കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ പൊലീസ് നേതൃത്വം കൊലയാളിയെ കണ്ടെത്താനും കീഴടക്കാനും നിയോഗിച്ചത് പെരുമാള്‍ എന്ന സമര്‍ഥനായ ഓഫീസറെയായിരുന്നു. ആ ദൗത്യം പെരുമാള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ബോക്‌സ് ഓഫീസിലും പെരുമാള്‍ നായകനായ ആഗസ്റ്റ് 1 തകര്‍ത്തോടി.

രണ്ട് പതിറ്റാണ്ടിന് ശേഷം അപകടത്തിലായ കരിയര്‍ രക്ഷിയ്ക്കുന്നതിനായി സംവിധായകന്‍ ഷാജി കൈലാസ് അഭയം കണ്ടെത്തുന്നതും പെരുമാളില്‍ തന്നെയാണ്.

ഇത്തവണയും സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വധഭീഷണി നേരിടാനാണ് ഷാജിയും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും പെരുമാളിനെ നിയോഗിക്കുന്നത്. ആഗസ്റ്റ് 1ലെ കൂള്‍ ജെന്റില്‍മാന്‍ പൊലീസ് ഓഫീസറെ കൂടുതല്‍ പക്വതയോടെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു

സമീപകാലത്തിറങ്ങിയ ഷാജി സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തലവേദന സൃഷ്ടിയ്ക്കുന്നതായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത ക്യാമറ ഷോട്ടുകള്‍ ഷാജി സിനിമകളുടെ പതനം വേഗത്തിലാക്കി. സംവിധാനം എന്നതിന് പകരം ഷോട്‌സ് എന്നാക്കി മാറ്റിയ ഷാജി പക്ഷേ ആഗസ്റ്റ് 15ല്‍ ഷോട്ടുകളുടെ ധാരാളിത്തം ഉപയോഗിച്ചിട്ടില്ല. തീര്‍ത്തതും മിതത്വമായി എന്നാല്‍ പഞ്ച് വേണ്ടിടത്ത് അതും കൊടുത്താണ് സിനിമ ചെയ്തിരിയ്ക്കുന്നതെന്ന് സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി വിശദീകരിയ്ക്കുന്നു.

സൂപ്പര്‍ സ്റ്റൈലില്‍ സെക്രട്ടേറിയറ്റിന് മുന്നിലൂടെയും മറ്റും ബുള്ളറ്റില്‍ മമ്മൂട്ടി പാഞ്ഞുപോകുന്നത് ആരാധകരെ ഹരം കൊള്ളിയ്ക്കുമെന്നതില്‍ സംശയമില്ല. ആഗസ്റ്റ് 15ലെ മുഖ്യമന്ത്രിയ്ക്ക് മോഡലായി തിരഞ്ഞെടുത്തത് വിഎസ് അച്യുതാനന്ദനെയാണെന്നും ഷാജി പറയുന്നു. വിഎസിന്റെ ശത്രുക്കള്‍ ആരാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അവരാണ് ഇവിടെയും വില്ലന്‍മാരായി വരുന്നത്. നെടുമുടി വേണുവാണ് മുഖ്യമന്ത്രിയുടെ റോള്‍ അവതരിപ്പിയ്ക്കുന്നത്. അതേ സമയം സിനിമയിലെ അവസാന അഞ്ച് മിനിറ്റിലാണ് സിനിമയുടെ സസ്‌പെന്‍സ് നില്‍ക്കുന്നതെന്നും അഭിമുഖത്തില്‍ ഷാജി പറയുന്നുണ്ട്.

റേസിനൊപ്പം പയ്യന്‍സിന്റെ റേസ്



തിയറ്ററുകളില്‍ ഇത് ത്രില്ലറുകളുടെ കാലം. പാസഞ്ചറിലും കോക്ക്‌ടെയിലും തുടങ്ങി ട്രാഫിക്കിലും അര്‍ജ്ജുനന്‍ സാക്ഷിയിലുമെത്തി നില്‍ക്കുന്ന ത്രില്ലര്‍ സിനിമകളുടെ ഗണത്തിലേക്ക് ഒന്നുകൂടി വരികയാണ്.

ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും ഒന്നിയ്ക്കുന്ന റേസ് ഫെബ്രുവരി 11നാണ് തിയറ്ററുകളിലെത്തുന്നത്. കുക്കു സുരേന്ദ്രന്‍ സംവിധാനവും തിരക്കഥയും നിര്‍വഹിയ്ക്കുന്ന ചിത്രം പ്രമേയമാക്കുന്നത് ജീവിത്തിലെ അപ്രതീക്ഷിതസംഭവങ്ങളാണ്. ഇതാദ്യമായി മംമ്ത മോഹന്‍ദാസ് കുഞ്ചാക്കോയുടെ നായികയായെത്തുന്ന പ്രത്യേകതയും റേസിന് സ്വന്തം. റോബിന്‍ തിരുമലയാണ് സിനിമയുടെ സംഭാഷണം എഴുതിയിരിക്കുന്നത്.

റേസിനോട് റേസ് ചെയ്യാനെത്തുന്നതും മറ്റൊരു യുവതാരത്തിന്റെ ചിത്രമാണ്. ജയസൂര്യ നായകനാവുന്ന കോമഡി ഫ്ളിക്ക് പയ്യന്‍സാണ് റേസിനോട് മത്സരിയ്ക്കുന്നത്. 'അങ്ങാടിത്തെരു' ഫെയിം അഞ്ജലിയുടെ ആദ്യ മലയാള ചിത്രമായ സിനിമ ഉത്തരവാദിത്വങ്ങളൊന്നും ഏല്‍ക്കാതെ ചുമ്മാ നടക്കുന്ന പയ്യന്‍സിന്റെ കഥയാണ് പറയുന്നത്.

യുവസംവിധായകരില്‍ ശ്രദ്ധേയനായ ലിയോ തദേവൂസാണ് പയ്യന്‍സ് ഒരുക്കുന്നത്. മുന്‍കാല നടി രോഹിണിയും ലാലും ജയസൂര്യയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത് സിനിമയുടെ മറ്റൊരു പുതുമയാണ്. പയ്യന്‍സിനോടും റേസിനോടും മത്സരിയ്ക്കാന്‍ ജയറാമിന്റെ മേക്ക്പ്പ് മാന്‍ കൂടി വരുന്നതോടെ ബോക്‌സ് ഓഫീസ് വീണ്ടും സജീവമാവും

മേലേപ്പറമ്പിലെ ആണ്‍വീട്ടിലേക്ക് ചാക്കോച്ചന്‍



രണ്ടാംഭാഗങ്ങളുടെ പ്രളയകാലത്ത് ജയറാം-രാജസേനന്‍ ടീമിന്റെ മേലപ്പറമ്പിലെ ആണ്‍വീടിന്റെ കഥ ഒരിയ്ക്കല്‍ കൂടി വെള്ളിത്തിരയിലെത്തുകയാണ്. ജയറാം ജഗതിയും ശോഭനയുമെല്ലാം നിറഞ്ഞുനിന്ന മേലേപ്പറമ്പ് വീട്ടുകാരുടെ കഥ തുടര്‍ന്നും പറയുന്നത് സംവിധായകന്‍ രാജസേനന്‍ തന്നെ.

എന്നാല്‍ രണ്ടാം ഭാഗത്തില്‍ ജയറാമിന് പകരം യുവനിരയിലെ പ്രമുഖനായ കുഞ്ചാക്കോ ബോബന്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാമിന്റെ കഥാപാത്രം അതേരീതിയില്‍ തുടരാതെ മറ്റൊരു തലത്തില്‍ അവതരിപ്പിയ്ക്കാനാണ് സംവിധായകന്‍ രാജസേനന്റെ തീരുമാനം. ശോഭന അതിഥിതാരമായിട്ടായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുക.

അതേസമയം ചാക്കോച്ചന്‍ സിനിമയ്ക്ക് പൂര്‍ണമായും സമ്മതം മൂളിയിട്ടില്ല. ദുബയിലുള്ള താരം തിരിച്ചെത്തിയാലുടന്‍ ഇക്കാര്യം ഫൈനലൈസ് ചെയ്യും. രണ്ടാംവരവില്‍ നല്ല കഥാപാത്രങ്ങളെ മാത്രം തേടുന്ന കുഞ്ചാക്കോ എണ്ണം കുറഞ്ഞാലും മികച്ച റോളുകള്‍ മതിയെന്ന ഉദ്ദേശത്തിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.

ക്ലിയോപാട്ര എന്ന സിനിമയ്ക്ക് കഥയെഴുതിയ സതീഷ് കുമാറാണ് മേലപ്പറമ്പിന്റെ കടലാസ് ജോലികള്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. നല്ല തിരക്കഥകളില്‍ എന്നും മികച്ച റിസല്‍ട്ട് ഉണ്ടാക്കിയ രാജസേനന്‍ മേലേപ്പറമ്പിന്റെ രചനയില്‍ കൈകടത്താത് നല്ല സൂചനയാണ്. മാണി സി കാപ്പന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും നിര്‍മാതാവ്.

ലാല്‍-ബ്ലെസി ചിത്രത്തില്‍ അനുപം ഖേര്‍



തന്മാത്ര, ഭ്രമരം കരിയറിലെ എണ്ണപ്പെട്ട സിനിമകളുടെ സംവിധായകന്‍ ബ്ലെസിയുമൊത്ത് ലാല്‍ വീണ്ടും കൈകോര്‍ക്കുന്നു. പ്രണയം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ബോളിവുഡിന്റെ അഭിനയസാമ്രാട്ട് അനുപം ഖേര്‍ അഭിനയിക്കുന്നത് ലാല്‍ ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസാണ്. മോഹന്‍ലാലും അനുപം ഖേറും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയായിരിക്കും ഇത്. 1990ല്‍ പുറത്തിറങ്ങിയ ഇന്ദ്രജാലം, 2001ല്‍ പ്രജ എന്നീ ലാല്‍ ചിത്രങ്ങളിലാണ് അനുപം ഖേര്‍ ഇതിന് മുന്പ് മുഖം കാണിച്ചിരിയ്ക്കുന്നത്. ഇതിലെല്ലാം ചെറിയ വേഷങ്ങളായിരുന്നെങ്കില്‍ പ്രണയത്തില്‍ ലാലിനൊപ്പം നില്‍ക്കുന്ന വേഷത്തില്‍ തന്നെയാണ് അനുപം പ്രത്യക്ഷപ്പെടുന്നത്.

മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളുടെ പോയകാലത്തെ പ്രണയം തന്നെയാണ് സിനിമയുടെ പ്രമേയം. അടുത്തയാഴ്ച കൊച്ചിയില്‍ ചിത്രീകരണം ആരംഭിയ്ക്കുന്ന സിനിമയില്‍ ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവരുടെ കോമ്പിനേഷന്‍ സീനുകളാണ് ആദ്യം ചിത്രീകരിയ്ക്കുക. പ്രണയത്തിലൂടെ സതീഷ് കുറുപ്പ് എന്നൊരു ക്യാമറമാനെ കൂടി ബ്ലെസി മലയാളത്തിന് സമ്മാനിയ്ക്കുകയാണ്. ഒഎന്‍വിയുടെ വരികള്‍ക്ക് ജയചന്ദ്രന്‍ ഈണം പകരും.

പ്രണയത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം പ്രിയന്‍ ചിത്രമായ അറബിയും ഒട്ടകവും മാധവന്‍നായരും... തീര്‍ക്കുന്നതിനായി ലാല്‍ അബുദാബിയിലേക്ക് പോകും. ഇത് പൂര്‍ത്തിയാക്കിയതിന് ശേഷം ബ്ലെസി ചിത്രത്തില്‍ ലാല്‍ വീണ്ടും ജോയിന്‍ ചെയ്യും.

ചൈനാ ടൗണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നിങ്ങനെ പക്കാ കൊമേഴ്‌സ്യല്‍ മസാലകള്‍ക്ക് ശേഷമാണ് ലാല്‍ ബ്ലെസിയ്‌ക്കൊപ്പം കൈകോര്‍ക്കുന്നത്. ലാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. കൂട്ടുകെട്ട് ഒന്നിച്ചപ്പോഴൊക്കെ മലയാളത്തിന് മികച്ച സിനിമകള്‍ ലഭിച്ചിരുന്നു. ബ്ലെസിയുടെ സിനിമകളില്‍ അഭിനയത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചേരാനും ലാലിന് കഴിഞ്ഞു. എന്നാല്‍ അനുപം ഖേറിനെ പോലെ എക്‌സ്പീരിയന്‍സ് ആക്ടര്‍ക്കൊപ്പമുള്ള അഭിനയം ലാലിനൊരു വെല്ലുവിളിയാവുമെന്ന കാര്യത്തില്‍ സംശയമില്ല.

Tuesday, February 8, 2011

ധൂം 3 ല്‍ വില്ലന്‍ അമീര്‍ ഖാന്‍



ബോളിവുഡിലെ തകര്‍പ്പന്‍ ഹിറ്റ് ധൂമിന്റെ മൂന്നാം ഭാഗം വരുന്നു. ധൂം 2 വിജയത്തിനുശേഷം തന്നെ ധൂം 3നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ഈ ചിത്രത്തില്‍ ആരൊക്കെയുണ്ടാവുമെന്നറിയാനുള്ള ആകാംഷ എല്ലാവരിലുമുണ്ട്.

എന്തായാലും ഇപ്പോള്‍ ഒരു കാര്യം ഉറപ്പായി. അമീര്‍ഖാന്‍ ധൂം 3 ഉണ്ടാകും. വില്ലന്‍ കഥാപാത്രമായി.

അമീറിനൊപ്പം അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ചിത്രത്തിലുണ്ടാവും. ജെയ് ദീക്ഷിതായി അഭിഷേകും അലിയായി ഉദയ് ചോപ്രയും വേഷമിടും.

യഷ് ചോപ്ര ആദിത്യ ചോപ്ര എന്നിവരുടെ കൂടെ ഒരിക്കല്‍ കൂടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അമീര്‍ഖാന്‍. 2006ല്‍ പുറത്തിറങ്ങിയ ഇവരുടെ ചിത്രം ‘ഫന’യില്‍ അമീര്‍തന്നെയായിരുന്നു നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തിരുന്നു.

വിജയ്കൃഷ്ണ ആചാര്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആദിത്യ ചോപ്രയാണ്. ഈമാസം അവസാനത്തോടെ ചിത്രീകരിക്കുന്ന ധൂം3 2012ലെ ക്രിസ്തുമസിന് റിലീസ് ചെയ്യും.

ടീം മോഹിച്ച പ്രിയന് ലഭിച്ചത് ആല്‍ബം



ഐ.പി.എല്‍ ടീം രൂപീകരിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൊച്ചി ടീമിന്റെ പ്രമോഷന്‍ ആല്‍ബം തയാറാക്കാനുള്ള ഭാഗ്യം സംവിധായകന്‍ പ്രിയദര്‍ശനെ തേടിയെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ കൊച്ചി ടീമും പ്രയദര്‍നും ഒപ്പിട്ടകഴിഞ്ഞു.

ചെന്നൈയിലും കൊച്ചിയിലുമായിരിക്കും ആല്‍ബം ചിത്രീകരിക്കുക. അടുത്തമാസത്തിന്റെ തുടക്കത്തില്‍ തന്നെ ആല്‍ബം പുറത്തിറക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ടീം അധികൃതര്‍.

ബോളിവുഡിലെയും മോളിവുഡിലെയും നമ്പര്‍ വണ്‍ സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍ ഒട്ടേറെ പരസ്യചിത്രങ്ങളുടെ അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നേരത്തെ പ്രിയദര്‍ശനും മോഹന്‍ലാലുമൊരുമിച്ച് ഐ.പി.എല്‍ ടീം രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റൊന്ദേവു കണ്‍സോര്‍ഷ്യം ടീമുമായി രംഗത്തെത്തിയത്.

റഹ്‌മാന്‍ വരില്ല, മമ്മൂട്ടി ട്രെയിനില്



ജയരാജ് മലയാളത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ സംവിധായകനാണ്. ഭരതന്‍റെ ശിഷ്യനായ ഈ സംവിധായകന്‍ അടുത്ത ഭരതനായി മാറുമെന്നുവരെ പ്രേക്ഷകര്‍ വിശ്വസിച്ചു. എന്നാല്‍ എല്ലാം തകിടം മറിയുകയായിരുന്നു. മികച്ച സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ തീരെ നിലവാരമില്ലാത്ത സൃഷ്ടികളും ഈ സംവിധായകനില്‍ നിന്നുണ്ടായി. ഒടുവില്‍ നിലവാരമില്ലാത്ത സിനിമകള്‍ തുടരെ നല്‍കിയപ്പോള്‍ ജയരാജ് എന്ന പേര് കണ്ട് തിയേറ്ററില്‍ കയറുന്ന പതിവ് പ്രേക്ഷകര്‍ അവസാനിപ്പിച്ചു.

എങ്കിലും, ജയരാജ് ഒടുവില്‍ ചെയ്ത ‘ലൌഡ് സ്പീക്കര്‍’ എന്ന സിനിമ പുതുമയുള്ള ഒന്നായിരുന്നു. അത് മലയാളികള്‍ സ്വീകരിക്കുകയും ചെയ്തു. വീണ്ടും ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനായിരുന്നു ജയരാജിന്‍റെ പദ്ധതി. ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്നായിരുന്നു സിനിമയുടെ പേര്. ഈ ചിത്രത്തില്‍ സാക്ഷാല്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. മമ്മൂട്ടി ഒരു പൊലീസ് ഓഫീസറായി അഭിനയിക്കുന്ന സിനിമയില്‍ ജയസൂര്യയും പ്രധാനവേഷം ചെയ്യുമെന്നായിരുന്നു വിവരം. പെട്ടെന്ന് ഈ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു.

പിന്നീട് പല വാര്‍ത്തകള്‍ വന്നു. ജയറാമും സബിതാ ജയരാജും ഒന്നിക്കുന്ന ‘പകര്‍ന്നാട്ടം’ എന്ന ചിത്രം ജയരാജ് സംവിധാനം ചെയ്യുന്നു എന്നായിരുന്നു അതിലൊന്ന്. ശാരദയെ നായികയാക്കി ‘നായിക’ എന്നൊരു സിനിമ ചെയ്യുന്നതായും വാര്‍ത്തയെത്തി. ഇപ്പോഴിതാ ജയരാജിന്‍റെ മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചിരിക്കുന്നു. ‘ദി ട്രെയിന്‍’ എന്നാണ് സിനിമയുടെ പേര്. ഈ സിനിമയില്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുന്നില്ല. അതായത് ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്ന സിനിമ പേരുമാറി ‘ദി ട്രെയിന്‍’ ആയതല്ല എന്നര്‍ത്ഥം. കഥ അപ്പാടെ മാറിയിരിക്കുന്നു.

2006ല്‍ മുംബൈയില്‍ ട്രെയിനുകളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലമാണ് പുതിയ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. ഈ സ്ഫോടനം ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് നോക്കിക്കാണുകയാണ് സംവിധായകന്‍. ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് കമാന്‍ഡറായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. ബോളിവുഡ് നായിക അഞ്ചല സബര്‍വാള്‍ ആണ് നായിക.

സബിത ജയരാജ്, ജയസൂര്യ, ജഗതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി എസ് ടി, നരിമാന്‍ പോയിന്‍റ്, നവി മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പെട്ടെന്നുള്ള പ്രൊജക്ട് പ്രഖ്യാപനവും ചിത്രീകരണം ആരംഭിക്കലുമൊക്കെ ജയരാജിന് പതിവുള്ളതാണ്. എന്നാല്‍ ഒരു മമ്മൂട്ടിച്ചിത്രം ആ രീതിയില്‍ ആരംഭിച്ച് സിനിമാലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് ജയരാജ്.

Monday, February 7, 2011

സൂര്യയെ വെട്ടി മണിരത്നം ചിത്രത്തിലും വിജയ്



ഇങ്ങനെയൊരു ആക്രമണം സൂര്യ പ്രതീക്ഷിച്ചിരിക്കില്ല. അതും ആത്മാര്‍ത്ഥ സുഹൃത്തായ ഇളയദളപതിയില്‍ നിന്ന്. ഷങ്കറിന്‍റെ 3 ഇഡിയറ്റ്സ് റീമേക്കില്‍ നിന്ന് അവസാന നിമിഷം സൂര്യ പുറത്തായതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാനവാര്‍ത്ത. ഇപ്പോഴിതാ, മണിരത്നത്തിന്‍റെ സിനിമയില്‍ നിന്നും സൂര്യ പുറത്തായിരിക്കുന്നു. പകരം ആ സ്ഥാനത്ത് എത്തിയത് വിജയ് തന്നെ.

മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍‌വന്‍’ ഇതോടെ വാര്‍ത്തകളില്‍ നിറയുകയാണ്. നേരുക്കു നേര്‍, ഫ്രണ്ട്സ് തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച സൂര്യയും വിജയ്‌യും അവരുടെ താരമൂല്യം വര്‍ദ്ധിച്ചപ്പോള്‍ പഴയ ബന്ധം മറക്കുന്നതായാണ് കോടമ്പാക്കത്തെ അടക്കിപ്പിടിച്ച സംസാരം. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, വിജയ് - അജിത് എന്ന പ്രയോഗം മാറി വിജയ് - സൂര്യ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരികയാണ്. അജിത്തിന്‍റെ സിനിമയുടെ ലൊക്കേഷനിലെത്തി വിജയ് അടുത്തകാലത്ത് സൌഹൃദം പുതുക്കിയിരുന്നു. ഇനി കാണാന്‍ പോകുന്നത് വിജയ് - സൂര്യ പോരാട്ടങ്ങളായിരിക്കുമെന്നാണ് സൂചനകള്‍. എന്തായാലും വിവാദങ്ങള്‍ മണിരത്നം ചിത്രത്തിന് ഗുണമാകുകയാണ്.

വിജയ് മാത്രമല്ല പൊന്നിയിന്‍ സെല്‍‌വനിലെ താരസാന്നിധ്യം. വിക്രം, വിശാല്‍ എന്നിവരും ഈ സിനിമയിലുണ്ടാകും. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം സണ്‍ പിക്ചേഴ്സാണ്.

‘രാവണന്‍’ എന്ന തന്‍റെ മുന്‍ ചിത്രം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞതിനെപ്പറ്റിയൊന്നും മണിരത്നം ഇപ്പോള്‍ ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ബിഗ്ബജറ്റില്‍ പൊന്നിയിന്‍ സെല്‍‌വര്‍ ഒരുക്കാനാണ് മണിരത്നം തീരുമാനിച്ചിരിക്കുന്നത്. യന്തിരന് ശേഷം നൂറുകണക്കിന് കോടികള്‍ ചെലവഴിക്കാന്‍ സണ്‍ പിക്ചേഴ്സ് മുന്നോട്ടുവന്നതും മണിരത്നത്തിന്‍റെ ആത്മവിശ്വാസം തിരിച്ചറിഞ്ഞാണ്.

കാവലന്‍റെ വിജയം വിജയ്ക്ക് ഏറെ ഗുണമായതായാണ് റിപ്പോര്‍ട്ടുകള്‍. ഷങ്കര്‍, മണിരത്നം എന്നീ ബിഗ് നെയിമുകളുടെ സിനിമകളില്‍ സഹകരിക്കാനുള്ള അവസരം തന്‍റെ താരമൂല്യം ഉയര്‍ത്തുമെന്ന് ഇളയദളപതി വിശ്വസിക്കുന്നു.

ഡിഫന്‍സ് ലോയറായി സുരേഷ്‌ഗോപി



കോര്‍ട്ട് മാര്‍ഷല്‍-പ്രമേയമായുള്ള സുരേഷ്‌ഗോപി ചിത്രം 'മേല്‍വിലാസം'പൂര്‍ത്തിയായി. ഡിഫന്‍സ് ലോയര്‍ ക്യാപ്റ്റന്‍ വികാസ്‌റോയ്- എന്ന കഥാപാത്രമായാണ് സുരേഷ്‌ഗോപി ചിത്രത്തിലെത്തുന്നത്. ഒരേ സമയം മലയാളത്തിലൂം തമിഴിലും ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ മാധവ്‌രാമദാസനാണ്. തമിഴില്‍ 'ഉള്‍വിലാസം' എന്നപേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

ജവാന്‍ രാമചമചന്ദ്രന്‍ രണ്ട് ഓഫീസര്‍മാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നു, രാമചന്ദ്രന്റെ പട്ടാളവിചാരണയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സാക്ഷിവിസ്താരത്തിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കോടതിക്കു ലഭിക്കുന്നത്. വാദപ്രതിവാദങ്ങളിലൂടെ സിനിമ ചൂടുപിടിക്കുന്നു. കഥയ്ക്ക് പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍ ഇല്ല, രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണ്ണമായും കോടതിമുറിയില്‍വച്ചാണ് ചിത്രീകരിച്ചത.് പട്ടാളക്കാരുടെ ജീവിതത്തിലെ കറുപ്പും-വെളുപ്പും, സീനിയര്‍-ജൂനിയര്‍ കോംപ്ലക്‌സും, ജാതി-വര്‍ഗ്ഗമേല്‍ക്കോയ്മയും വിചാരണയില്‍ കടന്നുവരുന്നുണ്ട്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ മേല്‍വിലാസം-എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.

ജവാന്‍ രാമചന്ദ്രനായി പാര്‍ത്ഥിപനാണ് വേഷമിടുന്നത്, കോര്‍ട്ട് കണ്‍ട്രോള്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ കേണല്‍ സൂരത്ത്‌സിങായി തലൈവാസല്‍ വിജയും, മേജര്‍ അജയ്പുരിയായി കക്കരവിയ്യും ചിത്രത്തിലുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലാണ് കോടതിയായി ഒരുക്കിയത്.

ലാലിന്റെ ഭഗവാന്‍ വിജയമായിരുന്നു: സംവിധായകന്‍



മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഭഗവാന്‍ വിജയമായിരുന്നുവെന്ന അവകാശവാദവുമായി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ഭഗവാന്‍ വിജയമായിരുന്നെന്ന് എനിയ്ക്ക് ഉറപ്പിച്ച് പറയാനാവും, അതൊരു പരീക്ഷണ ചിത്രമായിരുന്നു. 19 മണിക്കൂറില്‍ ചിത്രീകരിച്ച സിനിമയെന്ന റെക്കാര്‍ഡുള്ള ഭഗവാന്‍ ധീരമായ ചുവടുവെപ്പായിരുന്നുവെന്നും ഒരു ചലച്ചിത്ര വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നു.

ലാലിന്റെ കരിയറിലെ ഏറ്റവും മോശം സിനിമകളിലൊന്നായി നിരൂപകര്‍ ഉള്‍പ്പെടുത്തിയ ചിത്രമാണ് ഭഗവാന്‍. ലാല്‍ ആരാധകര്‍ പോലും ഓര്‍ക്കാത്ത സിനിമ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു.

നീണ്ട സമയമെടുത്ത് ചിത്രീകരിയ്ക്കുന്ന സിനിമകള്‍ വിജയിക്കുമെന്ന് പറയാനാവില്ല. ഇതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഭഗവാന്‍ വ്യത്യസ്തമാവുന്നത്. ഹൈജാക്ക് പ്രമേയമാക്കിയ സിനിമ ഇതേ വിഷയം കൈകാര്യം സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് തന്റെ സിനിമയുടെ മികവ് തെളിയുകയെന്നും പ്രശാന്ത് പറയുന്നു.

തമിഴിലും തെലുങ്കിലുമായി ചിത്രീകരിയ്ക്കുന്ന ഉങ്കള്‍ വീട്ടുപിള്ളൈ എന്ന സിനിമയുടെ തിരക്കിലാണ് പ്രശാന്ത്.

മാര്‍ച്ച് 30: ചൈനാ ടൗണ്‍ X ആഗസ്റ്റ് 15

ഷാജി കൈലാസ് മമ്മൂട്ടി ചിത്രമായ ആഗസ്റ്റ് 15ന്റെ റിലീസ് വീണ്ടും മാറിയിരിക്കുന്നു. ആദ്യം ക്രിസ്മസിനും പിന്നീട് ഫെബ്രുവരി മൂന്നിലേക്കും ചാര്‍ട്ട് ചെയ്ത ചിത്രം ഏറെ വൈകി മാര്‍ച്ച് 30ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യം നിര്‍മാതാക്കളായ അരോമ ഫിലിംസ് തിയറ്ററുകളെ അറിയിച്ചു കഴിഞ്ഞു.

20 വര്‍ഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗമായാണ് ആഗസ്റ്റ് 15 റിലീസിനൊരുങ്ങുന്നത്. ആഗസ്റ്റ് 15ലെ പെരുമാളിലൂടെ ചെറിയൊരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.

ഡേറ്റ് മാറ്റത്തെപ്പറ്റി ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റും പരീക്ഷാക്കാലവുമാണ് അരോമ മണിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ദ്രോണയുടെ തിക്താനുഭവം ഓര്‍മ്മയിലുള്ളത് കൊണ്ടാണ് ഇതെന്ന് പറയുന്നവരും കുറവല്ല.

എന്തായാലും ആഗസ്റ്റ് 15ന്റെ റിലീസ് മാറ്റം ഒരു വമ്പന്‍ പോരിനാണ് വഴിതുറന്നരിയ്ക്കുന്നത്. മാര്‍ച്ചില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന സിനിമകളുടെ പട്ടികയിലാണ് മമ്മൂട്ടി ചിത്രം എത്തിപ്പെട്ടിരിയ്ക്കുന്നത്. ലാലിന്റെ മള്‍ട്ടിസ്റ്റാര്‍ മൂവികളും പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയോടും മത്സരിയ്ക്കാനാണ് ഷാജി-മമ്മൂട്ടി സഖ്യം ഒരുങ്ങുന്നതെന്ന് ചുരുക്കം.

ക്രിസത്യന്‍ ബ്രദേഴ്‌സ്, ഉറുമി, ചൈനാ ടൗണ്‍ എന്നീ സിനിമകളെല്ലാം മാര്‍ച്ചിലാണ് തിയറ്ററുകളിലെത്തുന്നത്. ഇതില്‍ ചൈനാ ടൗണും ആഗസ്റ്റ് 15ഉം ഒരു ദിവസം റിലീസ് ചെയ്യുന്നു. ദിലീപ് -ജയറാം-മോഹന്‍ലാല്‍ ടീമിനെ മമ്മൂട്ടി-ഷാജി സഖ്യം എതിരിടുമ്പോള്‍ വിജയം ആര്‍ക്കെന്ന് പ്രവചിയ്ക്കുക പ്രയാസമാവും.

അത്ഭുതം സൃഷ്ടിക്കാന്‍ സൂര്യ, ശ്വാസമടക്കി ആരാധകര്



സൂര്യ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുകയാണ്. കെ വി ആനന്ദിന്‍റെ സംവിധാനത്തില്‍ സൂര്യ അടുത്ത് ചെയ്യാന്‍ പോകുന്ന സിനിമയുടെ പ്രമേയം ഇതേവരെ ഇന്ത്യന്‍ സിനിമയില്‍ ഒരാളും കൈകാര്യം ചെയ്തിട്ടില്ലാത്ത വിഷയം. ‘മാറ്റ്‌റാന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സയാമീസ് ഇരട്ടയായാണ് സൂര്യ വേഷമിടുന്നത്!

ഇരട്ടവേഷങ്ങളിലും മൂന്ന് വേഷങ്ങളിലും പത്ത് റോളുകളിലും വരെ തമിഴ് സിനിമയിലെ താരങ്ങള്‍ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സയാമീസ് ഇരട്ടയായി ഒരു നടന്‍ അഭിനയിക്കുന്നത് ഇതാദ്യം. ശരീരങ്ങള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഈ കഥാപാത്രങ്ങള്‍ രണ്ടും വ്യത്യസ്ത സ്വഭാവക്കാര്‍ കൂടിയായാലോ?

ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം ഒരുമിച്ച്. എന്നാല്‍ ചിന്തിക്കുന്നത് രണ്ട് വ്യത്യസ്ത രീതിയില്‍. ഒരാള്‍ തനി ക്രിമിനലെങ്കില്‍ മറ്റേയാള്‍ പഞ്ചപാവം. അടിപൊളി കഥാപാത്രങ്ങള്‍ തന്നെ അല്ലേ? ഈ വേഷങ്ങളുടെ പ്രത്യേകത മനസിലാക്കിയ സൂര്യ ആവേശത്തിലാണ്. മാറ്റ്‌റാന്‍ ചെയ്യാനുള്ള തിടുക്കത്തില്‍ ഷങ്കര്‍ ചിത്രമായ ‘നന്‍‌പന്‍’ പോലും സൂര്യ വേണ്ടെന്നുവച്ചു.

കെ വി ആനന്ദും സൂര്യയും ഇതിനുമുമ്പ് ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായത് ‘അയന്‍’ എന്ന മെഗാഹിറ്റ് സിനിമയാണ്. മാറ്റ്‌റാനും വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. സൂര്യയുടെ ഈ സൂപ്പര്‍ കഥാപാത്രങ്ങള്‍ക്കായി ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകരും തമിഴ് സിനിമാലോകവും.

വാല്‍ക്കഷണം: മലയാളത്തില്‍ സമാനമായ ഒരു ചിത്രം ഉണ്ടായിട്ടുണ്ട്. ‘സയാമീസ് ഇരട്ടകള്‍’ എന്നുതന്നെയാണ് ചിത്രത്തിന്‍റെ പേര്. മണിയന്‍‌പിള്ള രാജുവും സൈനുദ്ദീനുമായിരുന്നു സയാമീസ് ഇരട്ടകളായി വേഷമിട്ടത്. ഇസ്മയില്‍ ഹസന്‍ സംവിധാനം ചെയ്ത ഈ ചിത്രം പരാജയമായിരുന്നു.

Thursday, February 3, 2011

ഹാസ്യതാരം മച്ചാന്‍ വര്‍ഗീസ് അന്തരിച്ചു



പ്രശസ്ത ചലച്ചിത്രതാരം മച്ചാന്‍ വര്‍ഗീസ് (47) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരം നാലരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. അര്‍ബുദരോഗബാധിതനായി ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് പെട്ടെന്നുള്ള മരണത്തിന് കാരണം. മരണസമയത്ത് അടുത്ത ബന്ധുക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. ബുധനാഴ്ച വെന്‍റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച ഡയാലിസിസിനു വിധേയനാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

എം എ നിഷാദ് സംവിധാനം ചെയ്ത ബെസ്റ്റ് ഓഫ് ലക്ക് ആണ് മച്ചാന്‍ വര്‍ഗീസിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് മച്ചാന്‍ വര്‍ഗീസ് സിനിമയിലെത്തുന്നത്. സുഹൃത്തുക്കളെ എല്ലാവരെയും സ്നേഹത്തോടെ ‘മച്ചാനേ...’ എന്ന് വിളിക്കുന്ന വര്‍ഗീസിന് സംവിധായകന്‍ സിദ്ദിഖ് ആണ് ‘മച്ചാന്‍ വര്‍ഗീസ്’ എന്ന് പേര് നല്‍കുന്നത്.

ലാളിത്യമുള്ള ഹാസ്യത്തിന്‍റെ വക്താവായിരുന്നു മച്ചാന്‍. അഭിനയം അദ്ദേഹത്തിന് ഒരിക്കലും ആയാസകരമായ ഒരു പ്രവര്‍ത്തിയായിരുന്നില്ല. എത്ര ചെറിയ വേഷമായിരുന്നാലും തന്‍റേതായ ശൈലി കൊണ്ട് അവയെ വ്യത്യസ്തമാക്കാന്‍ മച്ചാന് കഴിഞ്ഞിരുന്നു.

മാന്നാര്‍ മത്തായി സ്പീക്കിംഗ്, തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൌസ്, തൊമ്മനും മക്കളും, ചതിക്കാത്ത ചന്തു, ജലോത്സവം, രസികന്‍, മീശമാധവന്‍, സി ഐ ഡി മൂസ, ചക്രം, പാപ്പീ അപ്പച്ചാ, ഡ്യൂപ്ലിക്കേറ്റ്, മലബാര്‍ വെഡ്ഡിംഗ്, പട്ടാളം, വെള്ളിത്തിര, തിളക്കം, കുഞ്ഞിക്കൂനന്‍, വണ്‍‌മാന്‍ ഷോ, ഫ്രണ്ട്സ്, വാഴുന്നോര്‍, മന്ത്രമോതിരം, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങിയവയാണ് മച്ചാന്‍ വര്‍ഗീസിന്‍റെ പ്രധാന സിനിമകള്‍.

എറണാകുളം എളമക്കര സ്വദേശിയാണ്‌ മച്ചാന്‍ വര്‍ഗീസ്. ഭാര്യ എല്‍സി, മകന്‍ റോബിച്ചന്‍, മകള്‍ റിന്‍സു.