Showing posts with label aamirkhan. Show all posts
Showing posts with label aamirkhan. Show all posts

Thursday, February 17, 2011

പ്രിയദര്‍ശന്‍ ചിത്രത്തില്‍ അമീര്‍ നായകന്‍



പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന അടുത്ത ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന്‍ നായകനാകുന്നു.

എയ്‍ഡ്‍സിനെ ആധാരമാക്കിസാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അമീര്‍ ഖാന്‍തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും.

പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ തേസിന്റെ' ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് പിന്നാലെ മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ജോലികളും പുരോഗമിക്കുകയാണ്.

ഈ രണ്ട് ചിത്രങ്ങളുടെയും ജോലികളും പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അമീര്‍ ചിത്രം തുടങ്ങുകയെന്നാണ് അറിയുന്നത്.

ജൂണ്‍ മാസത്തിന് ശേഷമായിരിക്കും ജോലികള്‍ തുടങ്ങുകയയെന്നാണ് സൂചന. ബോളിവുഡില്‍ ഇപ്പോള്‍ പ്രിയദര്‍ശന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സംവിധായകനാണ്. അമീര്‍ ആകട്ടെ എന്നും ബോളിവുഡിലെ നല്ലസിനിമകളുടെ രാജാവാണ് താനും.

ഇവര്‍ രണ്ടുപേരും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന പ്രതീക്ഷകള്‍ വലുതുതന്നെയായിരിക്കും. അതുകൊണ്ടുതന്നെ രണ്ടുപേരും ഒരുമിക്കുന്ന ചിത്രം ഏറെ വാര്‍ത്താപ്രാധാന്യവും നേടുന്നുണ്ട്.

Monday, February 14, 2011

അസിന്‍ വീണ്ടും തെലുങ്കില്‍ നായിക



ഇടയ്ക്കല്‍പം നിര്‍ഭാഗ്യമുണ്ടായെങ്കിലും അസിന്‍ വീണ്ടും തെന്നിന്ത്യയില്‍ തരംഗമാവുകയാണ്. വിജയ് നായകനായ കാവലന്റെ വിജയമാണ് അസിനെ തെന്നിന്ത്യയില്‍ വീണ്ടും താരറാണിയാകാന്‍ സഹായിച്ചിരിക്കുന്നത്.

നയന്‍താരയെയും തൃഷയെയും പരിഗണിച്ച ഒരു തെലുങ്ക് ചിത്രത്തില്‍ ഒടുക്കം നായികയാവുന്നത് അസിനാണെന്നതാണ് പുതിയ വാര്‍ത്ത. തേജ ഒരുക്കുന്ന പുതിയ ചിത്രമായ സാവിത്രിയിലാണ് അസിന്‍ നായികയാവുന്നത്. വെങ്കിടേഷാണ് ചിത്രത്തില്‍ നായകന്‍. ഇതു രണ്ടാം തവണയാണ് അസിന്‍ വെങ്കിടേഷിന്റെ നായികയാവുന്നത്.

ബോളിവുഡില്‍ അമീര്‍ ഖാനോടൊപ്പം അഭിനയിച്ച ഗജിനി വലിയ ഹിറ്റായിരുന്നെങ്കിലും തുടര്‍ന്ന് പുറത്തിറങ്ങിയ സല്‍മാന്‍ നായകനായ ലണ്ടന്‍ ഡ്രീംസ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല.

ഇതിനെത്തുടര്‍ന്ന് ബോളിവുഡില്‍ മറ്റ് വലിയ പ്രൊജക്ടുകളൊന്നും കിട്ടാതെ അസിന്‍ വീണ്ടും തെന്നിന്ത്യയില്‍ ശ്രദ്ധയൂന്നുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തുനിന്നും അസിന് വളരെ നല്ല സ്വീകരണമാണ് കിട്ടുന്നത്. ബോളിവുഡില്‍ അഭിഷേക് ബച്ചന്‍ നായകനാകുന്ന ചിത്രത്തിലും, തമിഴില്‍ രജനീകാന്ത് നായകനാകുന്ന റാണയിലേയ്ക്കും അസിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tuesday, February 8, 2011

ധൂം 3 ല്‍ വില്ലന്‍ അമീര്‍ ഖാന്‍



ബോളിവുഡിലെ തകര്‍പ്പന്‍ ഹിറ്റ് ധൂമിന്റെ മൂന്നാം ഭാഗം വരുന്നു. ധൂം 2 വിജയത്തിനുശേഷം തന്നെ ധൂം 3നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ഈ ചിത്രത്തില്‍ ആരൊക്കെയുണ്ടാവുമെന്നറിയാനുള്ള ആകാംഷ എല്ലാവരിലുമുണ്ട്.

എന്തായാലും ഇപ്പോള്‍ ഒരു കാര്യം ഉറപ്പായി. അമീര്‍ഖാന്‍ ധൂം 3 ഉണ്ടാകും. വില്ലന്‍ കഥാപാത്രമായി.

അമീറിനൊപ്പം അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ചിത്രത്തിലുണ്ടാവും. ജെയ് ദീക്ഷിതായി അഭിഷേകും അലിയായി ഉദയ് ചോപ്രയും വേഷമിടും.

യഷ് ചോപ്ര ആദിത്യ ചോപ്ര എന്നിവരുടെ കൂടെ ഒരിക്കല്‍ കൂടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അമീര്‍ഖാന്‍. 2006ല്‍ പുറത്തിറങ്ങിയ ഇവരുടെ ചിത്രം ‘ഫന’യില്‍ അമീര്‍തന്നെയായിരുന്നു നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തിരുന്നു.

വിജയ്കൃഷ്ണ ആചാര്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആദിത്യ ചോപ്രയാണ്. ഈമാസം അവസാനത്തോടെ ചിത്രീകരിക്കുന്ന ധൂം3 2012ലെ ക്രിസ്തുമസിന് റിലീസ് ചെയ്യും.

Sunday, January 30, 2011

ത്രി ഇഡിയറ്റ്‌സ് റീമേക്കില്‍ വിജയ് തന്നെ



ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച അമീര്‍ ഖാന്‍ ചിത്രം ത്രി ഇഡിയറ്റ്‌സ് തമിഴില്‍ എടുക്കാന്‍ സംവിധായകന്‍ ശങ്കര്‍ തയ്യാറെടുത്തപ്പോള്‍ മുതല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഒഴുകുകയായിരുന്നു. ചിത്രത്തിലെ താരനിര്‍ണയം തന്നെയായിരുന്നു വാര്‍ത്തകളിലെ താരം.

ജീവ, ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം നായകസ്ഥാനത്ത് ഇളയദളപതി വിജയ് അഭിനയിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് വിജയ് ചിത്രത്തില്‍ നിന്നും പുറത്തായെന്നതായിരുന്നു വലിയ വാര്‍ത്ത.

പകരം ശങ്കര്‍ നായകനായി സൂര്യയെ തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ നായകനായി വിജയ് തന്നെ മതിയെന്നാണ് ശങ്കര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

വിജയ്‌യ്ക്ക് പകരം സൂര്യയെ നായകനാക്കിയതുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് ഏറെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമയില്‍ ഏകാധിപതികളായി തുടരുന്ന ഡിഎംകെ കുടുംബവുമായി വിജയ് ഇടഞ്ഞതോടെയാണ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനായി ഡിഎംകെയുമായി ബന്ധപ്പെട്ടചിലര്‍ ശങ്കറിനെ നിര്‍ബ്ബന്ധിച്ചുവെന്നും കേട്ടിരുന്നു.

അതല്ല അഴകിയ തമിഴ് മകന്‍, കുരുവി, വില്ല്, വേട്ടക്കാരന്‍, സുറ എന്നീ സിനിമകള്‍ വരിവരിയായി പൊട്ടിയതോടെ തമിഴകത്ത് ഇളയ ദളപതിയുടെ താരമൂല്യം കുറഞ്ഞതാണ് ശങ്കറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാ ഊഹാപോഹങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് നായകന്‍ വിജയ് തന്നെയാണെന്ന് ശങ്കര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന് പുതിയ ചിത്രമായ കാവലന്റെ വിജയം വിജയയ്ക്ക് സഹായകമായെന്നാണ് പുതിയ വിലയിരുത്തല്‍. പൊങ്കല്‍ റിലീസായ കാവലന്‍ തമിഴകത്ത് തേരോട്ടം തുടരുകയാണ്.

നന്‍പനില്‍ നായകനാകണമെങ്കില്‍ ചില നീക്കുപോക്കുകള്‍ക്ക് ശങ്കര്‍ തയ്യാറാവണം എന്ന് സൂര്യ ശഠിച്ചുവെന്നും തുടര്‍ന്നാണ് സൂര്യ വേണ്ടെന്ന് ശങ്കര്‍ തീരുമാനിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരുപത് കോടിയാണ് സൂര്യ ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു.

ജനുവരി 26ന് നന്‍പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഹീറോ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ഇല്യാനയാണ് നായികയാവുന്നത്. നടന്‍ സത്യരാജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.