Showing posts with label 3 idiots. Show all posts
Showing posts with label 3 idiots. Show all posts

Sunday, February 13, 2011

രജനിയും ശങ്കറും തിരക്കില്‍; യന്തിരന്‍ 2വൈകും



ഇന്ത്യയില്‍ തരംഗമായ രജനി-ശങ്കര്‍-ഐശ്വര്യ ചിത്രം യന്തിരന് രണ്ടാം ഭാഗമൊരുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തല്‍ക്കാലം നീട്ടിവയ്ക്കുന്നതായി റിപ്പോര്‍ട്ട്.

യന്തിരന്റെ രണ്ടാംഭാഗം ഉടന്‍തന്നെ ഒരുക്കാനായിരുന്നു ആദ്യം അണിയറക്കാരുടെ തീരുമാനം. ഇപ്പോള്‍ ത്രി ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശങ്കര്‍ തിരക്കിലാണ്. അതുകൊണ്ടുതന്നെയാണ് യന്തിരന്‍ 2 മാറ്റിവയ്ക്കുന്നതെന്നാണ് സൂചന.

ലോകമൊട്ടുക്കും വിജയം നേടിയ യന്തിരന്റെ നേട്ടങ്ങള്‍ വിലയിരുത്താന്‍ അടുത്തിടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് കലാനിധി മാരനും രജനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കുന്നതിനെക്കുറിച്ചുള്ള സംസാരം ഉണ്ടായത്.

ഇതില്‍ രജനികാന്ത് അതീവ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പഴയതില്‍ നിന്നും വ്യത്യസ്തമായി രണ്ടാംഭാഗത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മാരന്‍ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.

ശങ്കറിനെപ്പോലെതന്നെ രജനീകാന്തും ഇപ്പോള്‍ തിരക്കിലാണ്. കെ.എസ്. രവികുമാറിന്റെ സംവിധാനത്തില്‍ പുരോഗമിക്കുന്ന ആനിമേഷന്‍ ചിത്രമായ റാണ' യുടെ ജോലിത്തിരക്കിലാണ് രജനി. ഇതും യന്തിരന്റെ രണ്ടാം ഭാഗം വൈകുന്നതിന് കാരണമാണ്.

രജനിയും ഷങ്കറും ഏറ്റെടുത്തിരിക്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തിയായതിനുശേഷമേ യന്തിരന്റെ തുടര്‍ച്ച തുടങ്ങൂവെന്നാണ് അറിയുന്നത്. ഇതിനിടെ യന്തിരന്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് മണിരത്‌നം സംവിധാനം ചെയ്യുന്ന ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. യന്തിരന്‍ 2വിന്റെ ഔദ്യോഗിപ്രഖ്യാപനം വൈകാന്‍ ഇതും ഒരു കാരണമാണ്.

Monday, February 7, 2011

സൂര്യയെ വെട്ടി മണിരത്നം ചിത്രത്തിലും വിജയ്



ഇങ്ങനെയൊരു ആക്രമണം സൂര്യ പ്രതീക്ഷിച്ചിരിക്കില്ല. അതും ആത്മാര്‍ത്ഥ സുഹൃത്തായ ഇളയദളപതിയില്‍ നിന്ന്. ഷങ്കറിന്‍റെ 3 ഇഡിയറ്റ്സ് റീമേക്കില്‍ നിന്ന് അവസാന നിമിഷം സൂര്യ പുറത്തായതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാനവാര്‍ത്ത. ഇപ്പോഴിതാ, മണിരത്നത്തിന്‍റെ സിനിമയില്‍ നിന്നും സൂര്യ പുറത്തായിരിക്കുന്നു. പകരം ആ സ്ഥാനത്ത് എത്തിയത് വിജയ് തന്നെ.

മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍‌വന്‍’ ഇതോടെ വാര്‍ത്തകളില്‍ നിറയുകയാണ്. നേരുക്കു നേര്‍, ഫ്രണ്ട്സ് തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച സൂര്യയും വിജയ്‌യും അവരുടെ താരമൂല്യം വര്‍ദ്ധിച്ചപ്പോള്‍ പഴയ ബന്ധം മറക്കുന്നതായാണ് കോടമ്പാക്കത്തെ അടക്കിപ്പിടിച്ച സംസാരം. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, വിജയ് - അജിത് എന്ന പ്രയോഗം മാറി വിജയ് - സൂര്യ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരികയാണ്. അജിത്തിന്‍റെ സിനിമയുടെ ലൊക്കേഷനിലെത്തി വിജയ് അടുത്തകാലത്ത് സൌഹൃദം പുതുക്കിയിരുന്നു. ഇനി കാണാന്‍ പോകുന്നത് വിജയ് - സൂര്യ പോരാട്ടങ്ങളായിരിക്കുമെന്നാണ് സൂചനകള്‍. എന്തായാലും വിവാദങ്ങള്‍ മണിരത്നം ചിത്രത്തിന് ഗുണമാകുകയാണ്.

വിജയ് മാത്രമല്ല പൊന്നിയിന്‍ സെല്‍‌വനിലെ താരസാന്നിധ്യം. വിക്രം, വിശാല്‍ എന്നിവരും ഈ സിനിമയിലുണ്ടാകും. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം സണ്‍ പിക്ചേഴ്സാണ്.

‘രാവണന്‍’ എന്ന തന്‍റെ മുന്‍ ചിത്രം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞതിനെപ്പറ്റിയൊന്നും മണിരത്നം ഇപ്പോള്‍ ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ബിഗ്ബജറ്റില്‍ പൊന്നിയിന്‍ സെല്‍‌വര്‍ ഒരുക്കാനാണ് മണിരത്നം തീരുമാനിച്ചിരിക്കുന്നത്. യന്തിരന് ശേഷം നൂറുകണക്കിന് കോടികള്‍ ചെലവഴിക്കാന്‍ സണ്‍ പിക്ചേഴ്സ് മുന്നോട്ടുവന്നതും മണിരത്നത്തിന്‍റെ ആത്മവിശ്വാസം തിരിച്ചറിഞ്ഞാണ്.

കാവലന്‍റെ വിജയം വിജയ്ക്ക് ഏറെ ഗുണമായതായാണ് റിപ്പോര്‍ട്ടുകള്‍. ഷങ്കര്‍, മണിരത്നം എന്നീ ബിഗ് നെയിമുകളുടെ സിനിമകളില്‍ സഹകരിക്കാനുള്ള അവസരം തന്‍റെ താരമൂല്യം ഉയര്‍ത്തുമെന്ന് ഇളയദളപതി വിശ്വസിക്കുന്നു.

Sunday, January 30, 2011

ത്രി ഇഡിയറ്റ്‌സ് റീമേക്കില്‍ വിജയ് തന്നെ



ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച അമീര്‍ ഖാന്‍ ചിത്രം ത്രി ഇഡിയറ്റ്‌സ് തമിഴില്‍ എടുക്കാന്‍ സംവിധായകന്‍ ശങ്കര്‍ തയ്യാറെടുത്തപ്പോള്‍ മുതല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഒഴുകുകയായിരുന്നു. ചിത്രത്തിലെ താരനിര്‍ണയം തന്നെയായിരുന്നു വാര്‍ത്തകളിലെ താരം.

ജീവ, ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം നായകസ്ഥാനത്ത് ഇളയദളപതി വിജയ് അഭിനയിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് വിജയ് ചിത്രത്തില്‍ നിന്നും പുറത്തായെന്നതായിരുന്നു വലിയ വാര്‍ത്ത.

പകരം ശങ്കര്‍ നായകനായി സൂര്യയെ തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ നായകനായി വിജയ് തന്നെ മതിയെന്നാണ് ശങ്കര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

വിജയ്‌യ്ക്ക് പകരം സൂര്യയെ നായകനാക്കിയതുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് ഏറെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമയില്‍ ഏകാധിപതികളായി തുടരുന്ന ഡിഎംകെ കുടുംബവുമായി വിജയ് ഇടഞ്ഞതോടെയാണ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനായി ഡിഎംകെയുമായി ബന്ധപ്പെട്ടചിലര്‍ ശങ്കറിനെ നിര്‍ബ്ബന്ധിച്ചുവെന്നും കേട്ടിരുന്നു.

അതല്ല അഴകിയ തമിഴ് മകന്‍, കുരുവി, വില്ല്, വേട്ടക്കാരന്‍, സുറ എന്നീ സിനിമകള്‍ വരിവരിയായി പൊട്ടിയതോടെ തമിഴകത്ത് ഇളയ ദളപതിയുടെ താരമൂല്യം കുറഞ്ഞതാണ് ശങ്കറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാ ഊഹാപോഹങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് നായകന്‍ വിജയ് തന്നെയാണെന്ന് ശങ്കര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന് പുതിയ ചിത്രമായ കാവലന്റെ വിജയം വിജയയ്ക്ക് സഹായകമായെന്നാണ് പുതിയ വിലയിരുത്തല്‍. പൊങ്കല്‍ റിലീസായ കാവലന്‍ തമിഴകത്ത് തേരോട്ടം തുടരുകയാണ്.

നന്‍പനില്‍ നായകനാകണമെങ്കില്‍ ചില നീക്കുപോക്കുകള്‍ക്ക് ശങ്കര്‍ തയ്യാറാവണം എന്ന് സൂര്യ ശഠിച്ചുവെന്നും തുടര്‍ന്നാണ് സൂര്യ വേണ്ടെന്ന് ശങ്കര്‍ തീരുമാനിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരുപത് കോടിയാണ് സൂര്യ ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു.

ജനുവരി 26ന് നന്‍പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഹീറോ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ഇല്യാനയാണ് നായികയാവുന്നത്. നടന്‍ സത്യരാജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Tuesday, December 14, 2010

വിജയ് പുറത്തായതിനുപിന്നില്‍...




'ത്രീ ഇഡിയറ്റ്‌സി'ന്റെ തമിഴ് പുനരാവിഷ്‌കാരത്തില്‍ നിന്ന് ഇളയദളപതി വിജയ് പുറത്തായത് വെറുമൊരു ഹെയര്‍സ്റ്റൈല്‍ കാരണമല്ലെന്നു സൂചന. രാഷ്ട്രീയസമ്മര്‍ദം കാരണമാണ് സംവിധായകന്‍ ഷങ്കര്‍ വിജയിനെ ഒഴിവാക്കിയതെന്നാണ് കേള്‍ക്കുന്നത്.

ഡി.എം.കെയാണ് വിജയിനെതിരെ കളിക്കുന്നതെന്ന പ്രചാരണം ഏതാനും ആഴ്ചകളായി തമിഴകത്ത് ശക്തമാണ്. വിജയ് നായകനായ 'കാവലന്‍' എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകിക്കാനുള്ള ശ്രമങ്ങള്‍ തമിഴ് രാഷ്ട്രീയത്തിലും സിനിമയിലും വിവാദങ്ങളുയര്‍ത്തിയിരുന്നു. ഭരണത്തിലും സിനിമയിലും നിര്‍ണായകസ്വാധീനമുള്ള ഡി.എം.കെ.യാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം വിജയിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ജയലളിതയെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് 'ത്രീഇഡിയറ്റ്‌സി'ന്റെ തമിഴ് പതിപ്പില്‍നിന്ന് വിജയിനെ ഒഴിവാക്കിയതിനു പിന്നിലെ കഥകള്‍ പുറത്തുവന്നത്.

'കാവലന്‍' ഡിസംബര്‍ 24നാണ് തിയേറ്ററിലെത്തേണ്ടത്. അതിനൊരാഴ്ച മുമ്പ് 'മന്മഥന്‍അമ്പ്' എന്ന ചിത്രം റിലീസ് ചെയ്യും. 'കാവലന്റെ' വരവ് 'മന്മഥന്‍അമ്പി'ന്റെ തിയേറ്റര്‍ വരുമാനത്തെ വിപരീതമായി ബാധിക്കുമെന്ന നിഗമനത്തിലാണ് വിജയ് ചിത്രം വൈകിക്കാനുള്ള നീക്കം തുടങ്ങിയത്. കരുണാനിധിയുടെ മകന്‍ എം.കെ. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനാണ് 'മന്മഥന്‍ അമ്പ്' നിര്‍മിക്കുന്നത്.

അസിനും വിജയും ഒന്നിക്കുന്ന 'കാവലന്‍' വലിയ വിജയപ്രതീക്ഷയുണര്‍ത്തുന്ന ചിത്രമാണ്. ഈ വര്‍ഷം നേരത്തേ വന്ന, വിജയിന്റെ 'സുര' എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതിന്റെ ദോഷം തീര്‍ക്കാന്‍ 'കാവലനു' കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. അതിനാല്‍ ഈ ചിത്രം സമയത്തിന് തിയേറ്ററിലെത്തേണ്ടത് വിജയിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനിടയിലാണ്, കമലഹാസന്‍-മാധവന്‍-തൃഷ ചിത്രമായ മന്മഥന്‍അമ്പിനുവേണ്ടി കാവലനെ തടസ്സപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായത്.

കരുണാനിധിയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ഇന്ന് തമിഴ്‌സിനിമയിലെ വമ്പന്‍ ചിത്രങ്ങളും താരങ്ങളുമെല്ലാം. കലാനിധിയുടെ സണ്‍ പിക്‌ച്ചേഴ്‌സ്, ഉദയനിധി സ്റ്റാലിന്റെ റെഡ്ജയന്റ് മൂവീസ്, ദുരൈ ദയാനിധി അഴഗിരിയുടെ ക്ലൗഡ്‌നയന്‍ മൂവീസ് എന്നിവയെല്ലാം ചേരുമ്പോള്‍ കോളിവുഡിന്റെ കുത്തക കലൈഞ്ജറുടെ കുടുംബത്തിനാകുന്നു. രജനീകാന്തും കമലഹാസനുമുള്‍പ്പെടെയുള്ള താരങ്ങള്‍ ആ കുടുംബത്തിന്റെ ചൊല്‍പ്പടിയിലാണെന്നര്‍ഥം. ടെലിവിഷന്‍, പത്രങ്ങള്‍, കേബിള്‍ ശൃംഖല എന്നിങ്ങനെ തമിഴ്‌നാട്ടിലെ മാധ്യമ-വിനോദമേഖലയുടെ മുഴുവന്‍ നിയന്ത്രണവും കരുണാനിധി കുടുംബത്തിനാണ്.

രജനീകാന്തിന്റെ 'യന്തിരന്‍' നേടിയ വന്‍വിജയം സണ്‍പിക്‌ചേഴ്‌സിന്റെ അപ്രമാദിത്വം ഒന്നുകൂടി ശക്തമാക്കി. വാസ്തവത്തില്‍,'യന്തിരന്‍' നിര്‍മിച്ചുതുടങ്ങിയത് സണ്‍പിക്‌ചേഴ്‌സായിരുന്നില്ല. സാമ്പത്തികപ്രതിസന്ധി കാരണം ആദ്യത്തെ നിര്‍മാതാക്കള്‍ പ്രശ്‌നത്തിലായപ്പോള്‍ സംവിധായകന്‍ ഷങ്കര്‍ സണ്‍പിക്‌ചേഴ്‌സുമായി ബന്ധപ്പെട്ട് ചിത്രം ഏറ്റെടുപ്പിക്കുകയായിരുന്നു.

'ത്രീ ഇഡിയറ്റ്‌സ്' തമിഴില്‍ 'മൂവര്‍' എന്ന പേരിലാണ് ഷങ്കര്‍ പുനരാവിഷ്‌കരിക്കുന്നത്. അതില്‍ വിജയ് ആണ് പ്രധാനവേഷത്തിലെന്ന് തുടക്കംമുതലേ ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, വിജയിനെതിരെ കരുണാനിധികുടുംബം നിലപാടെടുത്തതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ ഷങ്കര്‍ നിര്‍ബന്ധിതനായെന്നാണ് വാര്‍ത്ത.

തമിഴ്‌നാട്ടിലെ രാഷ്ട്രീയസമവാക്യങ്ങളില്‍ മാറ്റം വരണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്ത രജനീകാന്തിനും കമലഹാസനും കരുണാനിധികുടുംബവുമായി ഇപ്പോള്‍ നല്ല ബന്ധമാണ്. സിനിമാരംഗത്തുള്ള മറ്റുള്ളവര്‍ക്കും കലൈഞ്ജര്‍കുടുംബത്തെ പിണക്കാനാവില്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ, 'കാവലന്‍' സമയത്തിനു തിയേറ്ററിലെത്തേണ്ടത് വിജയിന്റെ മാത്രം പ്രശ്‌നമാവുന്നു. കമലും രജനിയും ഏറ്റുമുട്ടിയ ജയലളിതയുടെ പക്ഷംചേര്‍ന്നുകൊണ്ട് വിജയ് പോരാട്ടത്തിനിറങ്ങുകയാണെന്നാണ് സൂചന.

Sunday, November 7, 2010

രജനിയും കമലും ഒന്നിക്കുന്നു, സംവിധാനം ഷങ്കര്‍!



യന്തിരന്‍ കൊടുങ്കാറ്റ് ലോകമെങ്ങും ആഞ്ഞുവീശുകയാണ്. ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ വിജയമാണ് ചിത്രം നേടുന്നത്. ഇന്ത്യയിലും വിദേശത്തും ത്രീ ഇഡിയറ്റ്സ്, ദബാംഗ് എന്നീ സിനിമകള്‍ കാഴ്ചവച്ച പ്രകടനത്തെ തീര്‍ത്തും നിഷ്പ്രഭമാക്കുകയാണ് യന്തിരന്‍. ഈ വിജയാരവത്തിനിടയില്‍ ഇതാ പുതിയ വിശേഷം.

ഷങ്കറും രജനീകാന്തും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഉലകനായകന്‍ കമലഹാസനുമുണ്ട്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയുടെ ബജറ്റ് 500 കോടി. എ ആര്‍ റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടാകും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.

ഈ ബ്രഹ്മാണ്ഡചിത്രത്തിന് പറ്റിയ കഥ അന്വേഷിക്കുകയാണ് ഇപ്പോള്‍ ഷങ്കര്‍. തമിഴകത്തിന്‍റെ രണ്ടു വമ്പന്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ഇമേജിന് കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു സിനിമയാണ് ഷങ്കറിന്‍റെ മനസില്‍. ലോകോത്തരമായ സാങ്കേതിക മേന്‍‌മ ഈ സിനിമയുടെയും പ്രത്യേകതയാവും.

രജനിയെയും കമലിനെയും ഒന്നിപ്പിക്കാന്‍ മണിരത്നം മുമ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ കൃത്യമായ കഥ ലഭിക്കാഞ്ഞതിനാല്‍ പ്രൊജക്ട് യാഥാര്‍ത്ഥ്യമായില്ല. മണിരത്നത്തിന്‍റെ ‘രാവണന്‍’ ദയനീയമായ പരാജയമാകുക കൂടി ചെയ്തതോടെ ആ സാധ്യത തീര്‍ത്തും മങ്ങി.

എന്തായാലും ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള ഷങ്കറിന്‍റെ പുതിയ ഉദ്യമത്തെക്കുറിച്ചുള്ള വാര്‍ത്തകളെ ആഹ്ലാദത്തോടെയാണ് സിനിമപ്രേമികള്‍ സ്വീകരിക്കുന്നത്. ഷങ്കര്‍ ചിത്രത്തിന്‍റെ ഭാഗമാകാന്‍ കമലഹാസന്‍ തീരുമാനിച്ചതോടെ മറ്റൊരു പ്രൊജക്ടിന്‍റെ സാധ്യത മങ്ങുകയാണ്. 200 കോടി മുതല്‍മുടക്കില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യാന്‍ കമല്‍ ആലോചിച്ചിരുന്നു. അതില്‍ നിന്ന് കമല്‍ പിന്‍‌മാറുമോ എന്ന് ഉറ്റുനോക്കുകയാണ് തമിഴ് സിനിമാലോകം.