Sunday, November 7, 2010

രജനിയും കമലും ഒന്നിക്കുന്നു, സംവിധാനം ഷങ്കര്‍!



യന്തിരന്‍ കൊടുങ്കാറ്റ് ലോകമെങ്ങും ആഞ്ഞുവീശുകയാണ്. ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ വിജയമാണ് ചിത്രം നേടുന്നത്. ഇന്ത്യയിലും വിദേശത്തും ത്രീ ഇഡിയറ്റ്സ്, ദബാംഗ് എന്നീ സിനിമകള്‍ കാഴ്ചവച്ച പ്രകടനത്തെ തീര്‍ത്തും നിഷ്പ്രഭമാക്കുകയാണ് യന്തിരന്‍. ഈ വിജയാരവത്തിനിടയില്‍ ഇതാ പുതിയ വിശേഷം.

ഷങ്കറും രജനീകാന്തും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഉലകനായകന്‍ കമലഹാസനുമുണ്ട്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയുടെ ബജറ്റ് 500 കോടി. എ ആര്‍ റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടാകും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.

ഈ ബ്രഹ്മാണ്ഡചിത്രത്തിന് പറ്റിയ കഥ അന്വേഷിക്കുകയാണ് ഇപ്പോള്‍ ഷങ്കര്‍. തമിഴകത്തിന്‍റെ രണ്ടു വമ്പന്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ഇമേജിന് കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു സിനിമയാണ് ഷങ്കറിന്‍റെ മനസില്‍. ലോകോത്തരമായ സാങ്കേതിക മേന്‍‌മ ഈ സിനിമയുടെയും പ്രത്യേകതയാവും.

രജനിയെയും കമലിനെയും ഒന്നിപ്പിക്കാന്‍ മണിരത്നം മുമ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ കൃത്യമായ കഥ ലഭിക്കാഞ്ഞതിനാല്‍ പ്രൊജക്ട് യാഥാര്‍ത്ഥ്യമായില്ല. മണിരത്നത്തിന്‍റെ ‘രാവണന്‍’ ദയനീയമായ പരാജയമാകുക കൂടി ചെയ്തതോടെ ആ സാധ്യത തീര്‍ത്തും മങ്ങി.

എന്തായാലും ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള ഷങ്കറിന്‍റെ പുതിയ ഉദ്യമത്തെക്കുറിച്ചുള്ള വാര്‍ത്തകളെ ആഹ്ലാദത്തോടെയാണ് സിനിമപ്രേമികള്‍ സ്വീകരിക്കുന്നത്. ഷങ്കര്‍ ചിത്രത്തിന്‍റെ ഭാഗമാകാന്‍ കമലഹാസന്‍ തീരുമാനിച്ചതോടെ മറ്റൊരു പ്രൊജക്ടിന്‍റെ സാധ്യത മങ്ങുകയാണ്. 200 കോടി മുതല്‍മുടക്കില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യാന്‍ കമല്‍ ആലോചിച്ചിരുന്നു. അതില്‍ നിന്ന് കമല്‍ പിന്‍‌മാറുമോ എന്ന് ഉറ്റുനോക്കുകയാണ് തമിഴ് സിനിമാലോകം.