Showing posts with label enthiran. Show all posts
Showing posts with label enthiran. Show all posts

Sunday, February 13, 2011

രജനിയും ശങ്കറും തിരക്കില്‍; യന്തിരന്‍ 2വൈകും



ഇന്ത്യയില്‍ തരംഗമായ രജനി-ശങ്കര്‍-ഐശ്വര്യ ചിത്രം യന്തിരന് രണ്ടാം ഭാഗമൊരുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തല്‍ക്കാലം നീട്ടിവയ്ക്കുന്നതായി റിപ്പോര്‍ട്ട്.

യന്തിരന്റെ രണ്ടാംഭാഗം ഉടന്‍തന്നെ ഒരുക്കാനായിരുന്നു ആദ്യം അണിയറക്കാരുടെ തീരുമാനം. ഇപ്പോള്‍ ത്രി ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശങ്കര്‍ തിരക്കിലാണ്. അതുകൊണ്ടുതന്നെയാണ് യന്തിരന്‍ 2 മാറ്റിവയ്ക്കുന്നതെന്നാണ് സൂചന.

ലോകമൊട്ടുക്കും വിജയം നേടിയ യന്തിരന്റെ നേട്ടങ്ങള്‍ വിലയിരുത്താന്‍ അടുത്തിടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് കലാനിധി മാരനും രജനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കുന്നതിനെക്കുറിച്ചുള്ള സംസാരം ഉണ്ടായത്.

ഇതില്‍ രജനികാന്ത് അതീവ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പഴയതില്‍ നിന്നും വ്യത്യസ്തമായി രണ്ടാംഭാഗത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മാരന്‍ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.

ശങ്കറിനെപ്പോലെതന്നെ രജനീകാന്തും ഇപ്പോള്‍ തിരക്കിലാണ്. കെ.എസ്. രവികുമാറിന്റെ സംവിധാനത്തില്‍ പുരോഗമിക്കുന്ന ആനിമേഷന്‍ ചിത്രമായ റാണ' യുടെ ജോലിത്തിരക്കിലാണ് രജനി. ഇതും യന്തിരന്റെ രണ്ടാം ഭാഗം വൈകുന്നതിന് കാരണമാണ്.

രജനിയും ഷങ്കറും ഏറ്റെടുത്തിരിക്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തിയായതിനുശേഷമേ യന്തിരന്റെ തുടര്‍ച്ച തുടങ്ങൂവെന്നാണ് അറിയുന്നത്. ഇതിനിടെ യന്തിരന്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് മണിരത്‌നം സംവിധാനം ചെയ്യുന്ന ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. യന്തിരന്‍ 2വിന്റെ ഔദ്യോഗിപ്രഖ്യാപനം വൈകാന്‍ ഇതും ഒരു കാരണമാണ്.

യന്തിരനെ വെട്ടിക്കാന്‍ കിങ് ഖാന്റെ റാ വണ്‍



രജനീകാന്ത്-ഐശ്വര്യ-ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമാവിസ്മയം യന്തരിനെ കവച്ചുവയ്ക്കുന്നതായിരിക്കും ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് നായകനാകുന്ന റാ വണ്‍ എന്ന് റിപ്പോര്‍ട്ട്.

ഷാരൂഖിന്റെതന്നെ നിര്‍മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ചിത്രം ഏതുവിധേനയും യന്തിരനെ കവച്ചുവയ്ക്കുന്നതാവണമെന്ന് ഷാരൂഖിന് നിര്‍ബ്ബന്ധമാണത്രേ. ഇതിന്റെ ഭാഗമായി ഷാരൂഖ് ആധിമാനുഷിക കഥാപാത്രമായി വരുന്ന റാ വണ്‍ 3 ഡി ചിത്രമാക്കി മാറ്റുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രീകരണ അനുബന്ധ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായ ചിത്രം ത്രീഡി രൂപത്തിലേക്ക് മാറ്റുന്നതിനായി ഹോളിവുഡ് സ്റ്റുഡിയോകളുള്‍പ്പെടെ അനേകം സ്ഥലങ്ങളുമായി ഷാരൂഖ് ബന്ധപ്പെട്ടുവരികയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സിന്‍ഹ പറയുന്നു.

സാധാരണ ഫോര്‍മാറ്റില്‍ ചിത്രീകരിച്ച ചിത്രത്തിലെ ചില സീനുകള്‍ക്ക് യന്തിരനുമായി സാമ്യം തോന്നുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം ത്രീഡിയായി മാറുമ്പോള്‍ അതിന് കുറച്ച് മാറ്റവും സംഭവിക്കും.

അതേസമയം തന്നെ 3ഡി രൂപമായി മാറുമ്പോള്‍ ചിത്രത്തിന് ഇതിനോടകംതന്നെ കണക്കാക്കിയിരുന്ന ബജറ്റായ 150 കോടിയിലും കൂടുതല്‍ തുക ആവശ്യമായിവരും. അപ്പോള്‍ മുതല്‍മുടക്കിന്റെ കാര്യത്തിലും ചിത്രം വളരെ മുന്‍പന്തിയിലെത്തും.

അങ്ങനെ തന്റെ ചിത്രത്തെ ഏതുവിധേനയും യന്തിരനേക്കാള്‍ ഒരുപടി മുന്നിലെത്താനാണ് ഷാരൂഖിന്റെ പ്ലാന്‍. ഷാരൂഖിന്റെ നായികയായി കരീന കപൂറാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഹാന്‍സ് സിമ്മര്‍, ഇളയരാജ, വിശാല്‍ ശേഖര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തീന് സംഗീതമൊരുക്കുന്നത്പുതിയ സാങ്കേതിവിദ്യ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ റിലീസ് ഒക്‌ടോബറിലേക്ക് മാറ്റിയിരിക്കുകയാണ്.

Sunday, January 30, 2011

റാണയില്‍ രജനി മൂന്നു റോളില്‍



യന്തിരന് ശേഷം രജനീകാന്ത് ഏത് ചിത്രത്തിലായിരിക്കും അഭിനയിക്കുകയെന്നകാര്യം വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും വന്നിരുന്നുവെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ രജനിയുടെ അടുത്ത പടം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണ എന്ന ചിത്രത്തിലാണ് രജനി ഇനി അഭിനയിക്കുന്നത്. ഇതിലാവട്ടെ അദ്ദേഹം മൂന്ന് റോളുകളാണ് ചെയ്യുക.

തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെല്ലാം ചിത്രം പുറത്തിറങ്ങുമെന്നുമറിയുന്നു. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ ഉടമസ്ഥതയിലുള്ള ഹരാസ് പിക്‌ചേഴ്‌സും ഈറോസും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുക. ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാനാണ് ഈ ചിത്രത്തിനും സംഗീതസംവിധാനം നിര്‍വ്വഹിക്കുക.

ചിത്രത്തിലെ നായിക ആരാണെന്നകാര്യം ഇതേവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡിലെ പ്രശസ്ത സ്റ്റുഡിയോ ആയ ഐക്യൂബ് ആയിരിക്കും ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നാണ് അറിയുന്നത്.

ആനിമേഷന് പ്രാധാന്യം നല്‍കുന്നതായിരിക്കും ചിത്രം. നല്ലൊരു സ്‌ക്രീന്‍ അനുഭവമായിരിക്കും റാണയെന്ന് രജനിതന്നെ ഗ്യാരണ്ടി നല്‍കുന്നുണ്ട്. മാര്‍ച്ച് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.

മുത്തു, പടയപ്പ തുടങ്ങി എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ചിത്രങ്ങള്‍ രജനി-കെഎസ് രവികുമാര്‍ കൂട്ടുകെട്ടില്‍ പിറന്നവയയാണ്. ഇപ്പോള്‍ മൂന്നാം തവണയും ഇവര്‍ ഒന്നിക്കുമ്പോള്‍ ഒരു തകര്‍പ്പന്‍ ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രജനിയുടെ ത്രിബിള്‍ റോള്‍ ചിത്രത്തിന്റെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ജോണ്‍ ജോണി ജനാര്‍ദ്ദനന്‍, മൂന്നുമുഖം തുടങ്ങിയ ചിത്രങ്ങളില്‍ ഇതിന് മുമ്പ് രജനി ത്രിബിള്‍ റോള്‍ ചെയ്തിട്ടുണ്ട്.

Friday, December 3, 2010

രജനി എഴുതുന്നു



ഒരു സിനിമ, അതു കഴിഞ്ഞൊരു ഹിമാലയം യാത്ര. പിന്നെ കുറച്ചു നാള്‍ വിശ്രമം. അതും കഴിഞ്ഞേ അടുത്ത സിനിമയിലേക്കുള്ളൂ. ഇതാണു സാധാരണ ഗതിയില്‍ രജനീകാന്തിന്‍റെ ഒരു സ്റ്റൈല്‍. എന്നാല്‍ യെന്തിരന്‍റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍. ആ ചിത്രം നല്‍കിയ അനുഭവം രജനി ശരിക്കും ആസ്വദിച്ച മട്ടാണ്. ഏറെക്കാലത്തിനു ശേഷം ബോളിവുഡില്‍ തനിക്കു കിട്ടിയ സ്വീകാര്യതയില്‍ സന്തോഷിക്കുന്നു. ഇത്രയും കാലത്തെ അഭിനയജീവിതത്തില്‍ ഏറെ വ്യത്യസ്തം യെന്തിരന്‍ എന്നു പറയുന്നു രജനി. അത് എല്ലാവരും അറിയണം എന്നും ആഗ്രഹിക്കുന്നു അദ്ദേഹം.
യെന്തിരന്‍ എന്ന ചിത്രത്തിന്‍റെ ഡിസ്കഷന്‍ തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ എഴുതിവയ്ക്കാന്‍ ആഗ്രഹിക്കുന്നു രജനി. ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. തന്‍റെ അഭിനയ ജീവിതത്തെ കൂടുതല്‍ ഫ്രെഷ് ആക്കിയ ചിത്രം എന്നാണു യെന്തിരനെ രജനി വിലയിരുത്തുന്നത്. രണ്ടു റോളുകള്‍, അതില്‍ ചിട്ടി എന്ന റോബോട്ടിനു തന്നെ രണ്ടു ഭാവങ്ങള്‍, മേക്കപ്പിനു വേണ്ടി ചെലവിട്ട സമയം ഇങ്ങനെ താന്‍ അനുഭവിച്ച പുതുമകളാണു രജനി രേഖപ്പെടുത്തുക. കഴിഞ്ഞ ദീപാവലിക്ക് സണ്‍ ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ രജനി ഇക്കാര്യം പറയുകയും ചെയ്തു.
130 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് രജനി ഇപ്പോഴും. ചിത്രം പൂര്‍ത്തിയായ ശേഷം മാത്രമാണ് രജനി പ്രതിഫലം വാങ്ങിയത് എന്നും കേള്‍ക്കുന്നു. എത്ര തിരക്കിലും യോഗ ചെയ്യാന്‍ സമയം കണ്ടെത്തും രജനി. ഒരു നടന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് അവന്‍റെ ശരീരമാണെന്നാണു രജനിയുടെ അഭിപ്രായം.
ഹര എന്ന അനിമേഷന്‍ ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. അവ്താര്‍ പോലെ ഒരു ലൈവ് ആക്ഷന്‍ കം അനിമേഷന്‍ മൂവി. അതു പൂര്‍ത്തിയായാല്‍ ആറു മാസം വിശ്രമം.

Sunday, November 7, 2010

രജനിയും കമലും ഒന്നിക്കുന്നു, സംവിധാനം ഷങ്കര്‍!



യന്തിരന്‍ കൊടുങ്കാറ്റ് ലോകമെങ്ങും ആഞ്ഞുവീശുകയാണ്. ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ വിജയമാണ് ചിത്രം നേടുന്നത്. ഇന്ത്യയിലും വിദേശത്തും ത്രീ ഇഡിയറ്റ്സ്, ദബാംഗ് എന്നീ സിനിമകള്‍ കാഴ്ചവച്ച പ്രകടനത്തെ തീര്‍ത്തും നിഷ്പ്രഭമാക്കുകയാണ് യന്തിരന്‍. ഈ വിജയാരവത്തിനിടയില്‍ ഇതാ പുതിയ വിശേഷം.

ഷങ്കറും രജനീകാന്തും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഉലകനായകന്‍ കമലഹാസനുമുണ്ട്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയുടെ ബജറ്റ് 500 കോടി. എ ആര്‍ റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടാകും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.

ഈ ബ്രഹ്മാണ്ഡചിത്രത്തിന് പറ്റിയ കഥ അന്വേഷിക്കുകയാണ് ഇപ്പോള്‍ ഷങ്കര്‍. തമിഴകത്തിന്‍റെ രണ്ടു വമ്പന്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ഇമേജിന് കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു സിനിമയാണ് ഷങ്കറിന്‍റെ മനസില്‍. ലോകോത്തരമായ സാങ്കേതിക മേന്‍‌മ ഈ സിനിമയുടെയും പ്രത്യേകതയാവും.

രജനിയെയും കമലിനെയും ഒന്നിപ്പിക്കാന്‍ മണിരത്നം മുമ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ കൃത്യമായ കഥ ലഭിക്കാഞ്ഞതിനാല്‍ പ്രൊജക്ട് യാഥാര്‍ത്ഥ്യമായില്ല. മണിരത്നത്തിന്‍റെ ‘രാവണന്‍’ ദയനീയമായ പരാജയമാകുക കൂടി ചെയ്തതോടെ ആ സാധ്യത തീര്‍ത്തും മങ്ങി.

എന്തായാലും ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള ഷങ്കറിന്‍റെ പുതിയ ഉദ്യമത്തെക്കുറിച്ചുള്ള വാര്‍ത്തകളെ ആഹ്ലാദത്തോടെയാണ് സിനിമപ്രേമികള്‍ സ്വീകരിക്കുന്നത്. ഷങ്കര്‍ ചിത്രത്തിന്‍റെ ഭാഗമാകാന്‍ കമലഹാസന്‍ തീരുമാനിച്ചതോടെ മറ്റൊരു പ്രൊജക്ടിന്‍റെ സാധ്യത മങ്ങുകയാണ്. 200 കോടി മുതല്‍മുടക്കില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യാന്‍ കമല്‍ ആലോചിച്ചിരുന്നു. അതില്‍ നിന്ന് കമല്‍ പിന്‍‌മാറുമോ എന്ന് ഉറ്റുനോക്കുകയാണ് തമിഴ് സിനിമാലോകം.