Sunday, November 28, 2010

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഒരു ചിത്രത്തിന് വിഷയമാകുന്നു



കാലികപ്രാധാന്യമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ വിഷയമാക്കിയ എത്രയോ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ പുകഞ്ഞുകൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഒരു ചിത്രത്തിന് വിഷയമാകുന്നു.

സംവിധായകന്‍ ജയരാജാണ് മനുഷ്യരാശിയ്ക്ക് ഭീഷണിയാകുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ അധികരിച്ച സിനിമയെടുക്കുന്നത്.

ജയറാമാണ് ചിത്രത്തിലെ നായകന്‍. പകര്‍ന്നാട്ടമെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയരാജിന്റെ ഭാര്യയും വസ്ത്രാലങ്കാരവിദഗ്ധയുമായ സബിതാ ജയരാജാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തുന്നത്. നായികയെന്ന നിലയില്‍ സബിതയുടെ ആദ്യ ചിത്രമാണ് ഇത്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ പ്രതികരിക്കുന്ന ചിത്രത്തില്‍ സാമൂഹ്യതിന്‍മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന തോമസ് എന്ന രാഷ്ട്രീയക്കാരനായാണ് ജയറാം അഭിനയിക്കുന്നത്.

സി പി ഉദയഭാനു തിരക്കഥ രചിക്കുന്ന പകര്‍ന്നാട്ടം എന്‍ഡോസാള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസമാണ് പ്രധാനമായും വിഷയമാക്കുന്നത്.

ജയരാജിന്റെ മുപ്പത്തിനാലാമത്തെ ചിത്രമാണിത്. സന്ദേശം, പൌരന്‍, സമസ്തകേരളം പി ഒ തുടങ്ങിയ സിനിമകളിലാണ് ജയറാം രാഷ്ട്രീയക്കാരനായി മുമ്പ് അഭിനയിച്ചിട്ടുള്ളത്.