Sunday, November 28, 2010

കമല്‍ഹാസന്‍ പരസ്യത്തിനായി ചായമിടുന്നു


നടന്‍ കമലഹാസന്‍ ആദ്യമായി പരസ്യചിത്രത്തില്‍ അഭിനയിക്കുന്നു. നമ്മുടെ മറ്റു താരങ്ങളെപ്പോലെ സോപ്പ്, സോപ്പു പൊടി, മദ്യം, ജ്വല്ലറി തുടങ്ങി എന്തിനെങ്കിലും വേണ്ടി പരസ്യചിത്രത്തിലഭിനയിച്ച് പണം നേടാനാണ് കമല്‍ തുനിയുന്നതെന്നാണ് ചിന്തിച്ചുവരുന്നതെങ്കില്‍ തെറ്റി. എയ്ഡ്‌സ് ബോധവല്‍ക്കരണപരിപാടിയ്ക്കുവേണ്ടിയാണ് കമല്‍ എത്തുന്നത്.

അഞ്ചു പതിറ്റാണ്ടിലധികമായ സിനിമാജീവിതത്തിനിടെ ഒരു പരസ്യചിത്രത്തിനുവേണ്ടി പോലും 'ഉലകനായകന്‍' കമലഹാസന്‍ ചായം തേച്ചിട്ടില്ല.

തമിഴ്‌നാട് സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടാന്‍സാക്‌സ്)യുടെ എയ്ഡ്‌സ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരസ്യത്തിലാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.

പരസ്യങ്ങളില്‍നിന്നുണ്ടാകുന്ന വരുമാനം മഹത്തായകാര്യങ്ങള്‍ക്കു ഉതകുമെങ്കില്‍ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തയാറാണെന്നാണു കമലഹാസന്‍ പറയുന്നത്.

പ്രമുഖരായ പല നടീനടന്‍മാരും പരസ്യങ്ങളില്‍നിന്നു വരുമാനം കണ്ടെത്തിയപ്പോഴും ബ്രാന്‍ഡുകളുടെ വക്താക്കളായപ്പോഴും കമലഹാസന്‍ അകന്നുനില്‍ക്കുകയായിരുന്നു.

തനിക്കു പങ്കാളിത്തമില്ലാത്ത ഒരു ഉല്‍പന്നത്തിന്റെയും പരസ്യങ്ങളില്‍ അഭിനയിക്കുകയോ പ്രചാരം നല്‍കുകയോ വേണ്ടെന്നായിരുന്നു നയമെന്നു ടാന്‍സാക്‌സ് സംഘടിപ്പിച്ച മാധ്യമ സംവാദത്തില്‍ കമലഹാസന്‍ പറഞ്ഞു.

എയ്ഡ്‌സ് ബാധിതരായ കുട്ടികളുമായി സമയം ചെലവഴിച്ച കമലഹാസന്‍ തന്റെ അനുഭവങ്ങള്‍ എഫ്.എം. റേഡിയോയിലൂടെ പങ്കുവച്ചു. എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്കായുള്ള ധനശേഖരണാര്‍ഥമാണു പരിപാടി സംഘടിപ്പിച്ചത്.

പരസ്യത്തില്‍നിന്നുള്ള വരുമാനം ഈ കുട്ടികള്‍ക്കു സഹായകമാകുമെങ്കില്‍ അഭിനയിക്കാന്‍ തയാറാണ്. പ്രതിഫലമായി ലഭിക്കുന്ന പണംപോലും അവര്‍ക്കായി നല്‍കാന്‍ തയാറാണെന്നും കമലഹാസന്‍ പറഞ്ഞു.