Tuesday, August 9, 2011

സിദ്ദിഖ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍


വിയറ്റ്‌നാം കോളനിക്ക് ശേഷം സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഈ വര്‍ഷം അവസാനം ഷൂട്ടിങ് തുടങ്ങുന്ന പുതിയ ചിത്രം 2012 ലെ ലാലിന്റെ പ്രധാന റിലീസായിരിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുക. 1992 ലാണ് സിദ്ദിഖ്-ലാല്‍ ടീമിന്റെ വിയറ്റ്‌നാം കോളനി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തിയേറ്ററുകളെ ജനസമുദ്രമാക്കിയത്. ബോഡിഗാര്‍ഡിന് ശേഷം തുടങ്ങാനിരുന്ന ചിത്രം സിദ്ദിഖിന്റെ തിരക്ക് കാരണം മാറ്റിവെക്കുകയായിരുന്നു. ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പിന് ശേഷം അത് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്ന തിരക്കിലായിരുന്നു സിദ്ദിഖ്. സല്‍മാന്‍ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതിന്റെ റിലീസിന് ശേഷമാകും ലാല്‍ ചിത്രത്തിന്റെ തിരക്കഥാ ജോലികളിലേക്ക് സിദ്ദിഖ് കടക്കുക.

Friday, August 5, 2011

അരക്കള്ളനും മുക്കാക്കള്ളനും ഇനി വൈകില്ല


മലയാളി പ്രേക്ഷകരൊന്നടങ്കം കാത്തിരിയ്ക്കുന്ന അരക്കള്ളന്‍ മുക്കാക്കള്ളന്‍ പ്രൊജക്ടിന്റെ വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് കാലമേറെയായി. മലയാളത്തിലെ നമ്പര്‍ വണ്‍ തിരക്കഥാകൃത്തുക്കളായ സിബി ഉദയന്‍ ടീമിന്റെ തിരക്കഥയില്‍ താരരാജാക്കന്മാരായ മമ്മൂട്ടിയും ലാലും ഒന്നിയ്ക്കുന്ന സിനിമയെപ്പറ്റി തന്നെയാണ് പറഞ്ഞുവരുന്നത്.

ഇരട്ടതിരക്കഥാകൃത്തുകളുടെ ആദ്യസംവിധാസംരംഭമെന്നായിരുന്നു ഈ പ്രൊജക്ടിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ മമ്മൂട്ടി ലാലിനെയും പോലെ ഒരുപക്ഷേ അവരേക്കാളേറെ സിബിയും ഉദയനും തിരക്കില്‍പ്പെട്ടതോടെ ഈ സിനിമയും നീണ്ടുപോയി.

സിനിമയുടെ കഥയെഴുതി വന്നപ്പോള്‍ ജനപ്രിയ നായകന്‍ ദിലീപും ഈ സിനിമയിലെത്തിയിരുന്നു. അരക്കള്ളനെയും മുക്കാക്കള്ളന്റെയും എര്‍ത്തായി നടക്കുന്ന കഥാപാത്രമായിട്ടാണ് ദിലീപ് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ രംഗപ്രവേശം.

എന്തായാലും തങ്ങളുടെ ഡ്രീം പ്രൊജക്ട് ഇനിയും വൈകിയ്‌ക്കേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് സിബി ഉദയന്‍മാര്‍. മറ്റുള്ള സംവിധായകര്‍ക്ക് തിരക്കഥയെഴുതിക്കൊടുക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തി തങ്ങളുടെ അരക്കള്ളനെയും മുക്കാക്കള്ളനെയും സ്‌ക്രീനിലെത്തിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചുകഴിഞ്ഞു.

ദിലീപിനെ നായകനാക്കി ജോസ്‌തോമസ് സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അവറാച്ചന് ശേഷം സ്വന്തം ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കാനാണ് സിബിയും ഉദയനും തീരുമാനിച്ചിരിയ്ക്കുന്നത്. മമ്മൂട്ടിയുടെ പ്ലേഹൗസ് നിര്‍മിയ്ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2012 ആദ്യം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

പൃഥ്വിയുടെ നായികയായി തൃഷ മലയാളത്തില്‍


പുതിയ മുഖം എന്ന ചിത്രത്തിലൂടെ സംവിധായകന്റെ വരവറിയിച്ച ദീപന്‍ ഹീറോ എന്ന പുതിയചിത്രവുമായി എത്തുന്നു. പൃഥ്വിരാജ് തന്നെയാണ് രണ്ടാമത്തെ ചിത്രത്തിലും നായകന്‍.

തെന്നിന്ത്യന്‍ താരം തൃഷയാണ് പൃഥ്വിയുടെ നായികയായി എത്തുന്നത്. തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രമാണിത്. തമിഴ് താരം ശ്രീകാന്ത് പ്രതിനായകനായ് എത്തുന്നു എന്നതും ഹീറോയുടെ പ്രത്യേകതയാണ്.

പുതിയമുഖത്തിന്റെ വിജയത്തിനുശേഷം ദീപന്‍ വലിയ ഇടവേള പിന്നിട്ടാണ് ഹീറോയുമായ് എത്തുന്നത്.
രണ്ടാമതൊരു ചിത്രം ചെയ്യുമ്പോള്‍ പുതിയമുഖത്തേക്കാള്‍ ഒരു പടി മുന്നില്‍ എന്ന ചിന്തയാണ് ദീപനെ ഉടന്‍ മറ്റൊരു ചിത്രം വേണ്ട എന്ന തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

രഞ്ജിത്, ഷാജികൈലാസ്, എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച ദീപന് മികച്ച ഒരു തുടക്കമാണ് തന്റെ ആദ്യ സിനിമ സമ്മാനിച്ചത് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ നിര്‍മ്മാതാക്കള്‍ ദീപന് പിന്നാലെ കൂടിയിരുന്നു.

എന്നാല്‍ ശ്രദ്ധാപൂര്‍വ്വം നീങ്ങാന്‍ ഉദ്ദേശിക്കുന്ന ഈ സംവിധായകന്‍ ഹീറോയിലൂടെ പുതിയ പ്രതീക്ഷകള്‍ നല്കുന്നു. സെവന്‍ആര്‍ട്‌സ് ഫിലിംസിന്റെ ബാനറില്‍ ജി.പി.വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിനോദ് ഗുരുവായൂരാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ബാല, തലൈവാസന്‍ വിജയ്, നെടുമുടിവേണു, കോട്ടയം നസീര്‍, ഗിന്നസ് പക്രു, അരുണ്‍, അനില്‍ മുരളി, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനില്‍ പനച്ചൂരാനും ഷിബു ചക്രവര്‍ത്തിയും എഴുതുന്ന വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിടുന്ന അഞ്ചു പാട്ടുകള്‍ ഹീറോയിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഭരണി കെ.ധരനാണ്.

വെനീസിലെ വ്യാപാരിയില്‍ മമ്മൂട്ടിയ്ക്ക് 3രൂപം


തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍ ഷാഫി സംവിധാനം ചെയ്യുന്ന വെനീസിലെ വ്യാപാരിയെന്ന ചിത്രത്തില്‍ മമ്മൂട്ടി വേറിട്ട മൂന്ന് ഗെറ്റപ്പുകളിലെത്തുന്നു.

എണ്‍പതുകളിലെ പൊലീസ് ഉദ്യോഗസ്ഥന്‍, കയര്‍ വ്യാപാരി എന്നിങ്ങനെ മൂന്നു ഗെറ്റപ്പിലാണ് മെഗാസ്റ്റാര്‍ വരുന്നത്. മൂന്നാമത്ത ഗെറ്റപ്പ് സസ്‌പെന്‍സാണെന്നാണ് സംവിധായകന്‍ പറയുന്നത്.

പൊലീസ കോണ്‍സ്റ്റബിളായ പവിത്രന്‍ ആലപ്പുഴയുട ഉള്‍ഗ്രാമത്തില്‍ കയര്‍വ്യാപാരിയായി എത്തുകയാണ്. ഇതെന്തിനാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ചിത്രത്തിന്റെ കഥ. എണ്‍പതുകളുടെ തുടക്കത്തിലെ ആലപ്പുഴയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഷാജി കൈലാസിന്റെ കിങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ രണ്ടാ ഘട്ട ഷൂട്ടിങ് മാറ്റിവച്ചതിനാലാണ് മമ്മൂട്ടി വെനീസിലെ വ്യാപാരിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്.

ഈ വര്‍ഷം പറയത്തക്ക ഹിറ്റുകളൊന്നുമില്ലാത്ത മമ്മൂട്ടിയ്ക്ക് ഷാഫിയുടെ ചിത്രം ഭാഗ്യമാകുമെന്ന് പ്രതീക്ഷിക്കാം. മേക്കപ്പ്മാന്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ വിജയചിത്രങ്ങള്‍ക്കുശേഷം ഷാഫിയുടെ സംരംഭമാണ് വെനീസിലെ വ്യാപാരി.

ജനാര്‍ദ്ദനന്‍, ജഗതി, കാവ്യാമാധവന്‍, സലീംകുമാര്‍, ശ്യാംദത്ത്, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, ശ്രീരാമന്‍, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

അമ്മായിയമ്മയുടെ കാലൊടിഞ്ഞു; ഓണത്തിന് മരുമകനില്ല


മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വമ്പന്‍ സിനിമകള്‍ ഒഴിഞ്ഞതിന് പിന്നാലെ ദിലീപ് ചിത്രമായ മിസ്റ്റര്‍ മരുമകനും ഓണത്തിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിങ് അനിശ്ചിതമായി വൈകുന്നതാണ് സിനിമയുടെ റിലീസിങ് സാധ്യതകളെ ബാധിയ്ക്കുന്നത്.

ഉദയ് സിബി ടീം തിരക്കഥ രചിയ്ക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ സന്ധ്യ മോഹനാണ്. ദിലീപും സനുഷയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന ഹൈലൈറ്റ് നായകന്റെ അമ്മായിയമ്മയായി അഭിനയിക്കുന്നത് തെന്നിന്ത്യന്‍ താരം ഖുശ്ബുവാണ്. എന്നാല്‍ ഖുശ്ബുവിന്റെ അഭാവം തന്നെയാണ് മരുമകന്റെ ഷൂട്ടിങ് വൈകിപ്പിയ്ക്കുന്നത്.

ഈ സിനിമയുടെ ഷൂട്ടിങിനിടെ സ്റ്റെയര്‍കേസില്‍ നിന്നും വീണ് ഖുശ്ബുവിന്റെ കാലിന് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ സിനിമയുടെ ഷൂട്ടിങും നിര്‍ത്തിവെച്ചു. ദിലീപുമൊത്തുള്ള ഖുശ്ബുവിന്റെ കോമ്പിനേഷന്‍ സീനുകളാണ് ഇനി പ്രധാനമായും ചിത്രീകരിയ്ക്കാനുള്ളത്. ഖുശ്ബു സുഖപ്പെടുന്നത് വരെ ഇത് ചിത്രീകരിയ്ക്കാനും ബുദ്ധിമുട്ടുകളുണ്ട്.

അതേ സമയം ലാല്‍ജോസിന്റെ സ്പാനിഷ് മസാലയ്ക്ക് വേണ്ടി ദിലീപ് ഇപ്പോള്‍ സ്‌പെയിനിലാണ്. ആഗസ്റ്റ് 20ന് തിരിച്ചെത്തുന്ന ദിലീപ് നേരെ പോകുന്നത് മിസ്റ്റര്‍ മരുമകന്റെ സെറ്റിലേക്കാണെങ്കിലും രണ്ടാഴ്ച കൊണ്ട് ഷൂട്ടിങ് തീര്‍ത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യുന്ന കാര്യം സംശയമാണ്.

ഫാന്‍സ് മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കി


ആരാധകരുടെ ആവേശം മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കി. ഷാഫി ഒരുക്കുന്ന വെനീസിലെ വ്യാപാരിയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആരാധകര്‍ ആവേശവുമായി തള്ളിക്കയറിയത്. ആലപ്പുഴയിലെ പൂച്ചാക്കല്‍ ചന്തയിലായിരുന്നു സെറ്റ്. ആരാധകര്‍ അടങ്ങാതായതോടെ ഷൂട്ടിങ് മുടങ്ങി.

പിന്നീട് വളരെ രഹസ്യമായി കഞ്ഞിക്കുഴി ചന്തയില്‍ വച്ച് ചിത്രീകരണം നടത്തി. എണ്‍പതുകളുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്. അതുകൊണ്ടാണ് ഏറെവര്‍ഷം പഴക്കമുള്ള പൂച്ചാക്കല്‍ ചന്തയില്‍ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച കാലത്ത് പത്തരയോടെ മമ്മൂട്ടി എത്തി, ഇതുകണ്ട ആരാധകര്‍ ആര്‍ത്തുവിളിച്ചു. വണ്ടിയില്‍ ഇരുന്നുതന്നെ കഥാപാത്രത്തിന്റെ വേഷമിട്ട് മമ്മൂട്ടി സെറ്റിലേയ്ക്ക് വരാന്‍ ശ്രമിച്ചെങ്കിലും ആരാധകരുടെ തിരക്കിനിടയില്‍ ഇതു സാധിച്ചില്ല. പൊലീസും സിനിമാ പിന്നണിക്കാരും ചേര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല.

ഇതിനിടെ മമ്മൂട്ടിയെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. ഇതോടെ ആരാധകര്‍ ഈ വീടിന് ചുറ്റം തടിച്ചുകൂടി.
രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് മമ്മൂട്ടി അഭിനയിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു. മമ്മൂട്ടി കാറില്‍ മടങ്ങുകയും ചെയ്തു.

മമ്മൂട്ടി പോയതിനു പിന്നാലെ ആരാധകര്‍ ഒഴിഞ്ഞ തക്കം നോക്കി സുരാജ് വെഞ്ഞാറംമൂട്, സാജു കൊടിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട സീനുകള്‍ ചിത്രീകരിച്ചു.

ആള്‍ത്തിരക്കുമൂലം പൂച്ചാക്കലില്‍നിന്ന് മാറ്റിയ ചിത്രീകരണമാണ് വ്യാഴാഴ്ച ഉച്ചക്കു ശേഷം പൊടുന്നനെ ആരോരുമറിയാതെ കഞ്ഞിക്കുഴി ജങ്ഷനു പടിഞ്ഞാറു ഭാഗത്തെ മാര്‍ക്കറ്റില്‍ നടന്നത്. ഷൂട്ടിങ് തുടങ്ങി നിമിഷങ്ങള്‍ക്കകം ഇവിടെയും ആരാധകര്‍ എത്തിയെങ്കിലും അവര്‍ മര്യാദക്കാരായതിനാല്‍ ചിത്രീകരണം തടസ്സപ്പെട്ടില്ല.

കുഞ്ഞാലി മരയ്ക്കാരാവാന്‍ മോഹല്‍ലാല്‍?


മലയാള സിനിമ ഇപ്പോഴും രണ്ടു മഹാരഥന്‍മാരുടെ തോളിലേറി സഞ്ചരിക്കുന്നു. അതിനാല്‍ ഇവര്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുന്നതിനു മുന്‍പേ വാര്‍ത്തയാകുന്നു.

പല ഇതിഹാസ കഥാപാത്രങ്ങളെയും മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമാക്കിയിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ജനശ്രദ്ധ നേടി.

അത്തരം കഥാപാത്രങ്ങള്‍ തനിയ്ക്കും നന്നായി വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ലാല്‍. ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ കോഴിക്കോട് അടക്കിവാണിരുന്ന കുഞ്ഞാലി മരയ്ക്കാരായാണ് ലാലെത്തുന്നത്. ലാലും ജയരാജും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

നാഷ്ണല്‍ അവാര്‍ഡു നേടിയ നടി ശാരദയുടെ ജീവിതം സിനിമയാക്കുന്ന തിരക്കിലാണ് ജയരാജിപ്പോള്‍. നായിക എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പത്മപ്രിയ, ജയറാം, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.