Friday, August 5, 2011

അമ്മായിയമ്മയുടെ കാലൊടിഞ്ഞു; ഓണത്തിന് മരുമകനില്ല


മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വമ്പന്‍ സിനിമകള്‍ ഒഴിഞ്ഞതിന് പിന്നാലെ ദിലീപ് ചിത്രമായ മിസ്റ്റര്‍ മരുമകനും ഓണത്തിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിങ് അനിശ്ചിതമായി വൈകുന്നതാണ് സിനിമയുടെ റിലീസിങ് സാധ്യതകളെ ബാധിയ്ക്കുന്നത്.

ഉദയ് സിബി ടീം തിരക്കഥ രചിയ്ക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ സന്ധ്യ മോഹനാണ്. ദിലീപും സനുഷയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന ഹൈലൈറ്റ് നായകന്റെ അമ്മായിയമ്മയായി അഭിനയിക്കുന്നത് തെന്നിന്ത്യന്‍ താരം ഖുശ്ബുവാണ്. എന്നാല്‍ ഖുശ്ബുവിന്റെ അഭാവം തന്നെയാണ് മരുമകന്റെ ഷൂട്ടിങ് വൈകിപ്പിയ്ക്കുന്നത്.

ഈ സിനിമയുടെ ഷൂട്ടിങിനിടെ സ്റ്റെയര്‍കേസില്‍ നിന്നും വീണ് ഖുശ്ബുവിന്റെ കാലിന് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ സിനിമയുടെ ഷൂട്ടിങും നിര്‍ത്തിവെച്ചു. ദിലീപുമൊത്തുള്ള ഖുശ്ബുവിന്റെ കോമ്പിനേഷന്‍ സീനുകളാണ് ഇനി പ്രധാനമായും ചിത്രീകരിയ്ക്കാനുള്ളത്. ഖുശ്ബു സുഖപ്പെടുന്നത് വരെ ഇത് ചിത്രീകരിയ്ക്കാനും ബുദ്ധിമുട്ടുകളുണ്ട്.

അതേ സമയം ലാല്‍ജോസിന്റെ സ്പാനിഷ് മസാലയ്ക്ക് വേണ്ടി ദിലീപ് ഇപ്പോള്‍ സ്‌പെയിനിലാണ്. ആഗസ്റ്റ് 20ന് തിരിച്ചെത്തുന്ന ദിലീപ് നേരെ പോകുന്നത് മിസ്റ്റര്‍ മരുമകന്റെ സെറ്റിലേക്കാണെങ്കിലും രണ്ടാഴ്ച കൊണ്ട് ഷൂട്ടിങ് തീര്‍ത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യുന്ന കാര്യം സംശയമാണ്.