Friday, August 5, 2011

ഫാന്‍സ് മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കി


ആരാധകരുടെ ആവേശം മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കി. ഷാഫി ഒരുക്കുന്ന വെനീസിലെ വ്യാപാരിയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആരാധകര്‍ ആവേശവുമായി തള്ളിക്കയറിയത്. ആലപ്പുഴയിലെ പൂച്ചാക്കല്‍ ചന്തയിലായിരുന്നു സെറ്റ്. ആരാധകര്‍ അടങ്ങാതായതോടെ ഷൂട്ടിങ് മുടങ്ങി.

പിന്നീട് വളരെ രഹസ്യമായി കഞ്ഞിക്കുഴി ചന്തയില്‍ വച്ച് ചിത്രീകരണം നടത്തി. എണ്‍പതുകളുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്. അതുകൊണ്ടാണ് ഏറെവര്‍ഷം പഴക്കമുള്ള പൂച്ചാക്കല്‍ ചന്തയില്‍ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച കാലത്ത് പത്തരയോടെ മമ്മൂട്ടി എത്തി, ഇതുകണ്ട ആരാധകര്‍ ആര്‍ത്തുവിളിച്ചു. വണ്ടിയില്‍ ഇരുന്നുതന്നെ കഥാപാത്രത്തിന്റെ വേഷമിട്ട് മമ്മൂട്ടി സെറ്റിലേയ്ക്ക് വരാന്‍ ശ്രമിച്ചെങ്കിലും ആരാധകരുടെ തിരക്കിനിടയില്‍ ഇതു സാധിച്ചില്ല. പൊലീസും സിനിമാ പിന്നണിക്കാരും ചേര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല.

ഇതിനിടെ മമ്മൂട്ടിയെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. ഇതോടെ ആരാധകര്‍ ഈ വീടിന് ചുറ്റം തടിച്ചുകൂടി.
രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് മമ്മൂട്ടി അഭിനയിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു. മമ്മൂട്ടി കാറില്‍ മടങ്ങുകയും ചെയ്തു.

മമ്മൂട്ടി പോയതിനു പിന്നാലെ ആരാധകര്‍ ഒഴിഞ്ഞ തക്കം നോക്കി സുരാജ് വെഞ്ഞാറംമൂട്, സാജു കൊടിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട സീനുകള്‍ ചിത്രീകരിച്ചു.

ആള്‍ത്തിരക്കുമൂലം പൂച്ചാക്കലില്‍നിന്ന് മാറ്റിയ ചിത്രീകരണമാണ് വ്യാഴാഴ്ച ഉച്ചക്കു ശേഷം പൊടുന്നനെ ആരോരുമറിയാതെ കഞ്ഞിക്കുഴി ജങ്ഷനു പടിഞ്ഞാറു ഭാഗത്തെ മാര്‍ക്കറ്റില്‍ നടന്നത്. ഷൂട്ടിങ് തുടങ്ങി നിമിഷങ്ങള്‍ക്കകം ഇവിടെയും ആരാധകര്‍ എത്തിയെങ്കിലും അവര്‍ മര്യാദക്കാരായതിനാല്‍ ചിത്രീകരണം തടസ്സപ്പെട്ടില്ല.