കുട്ടിക്കാലത്തെ കരുണാകരനെ ചൂണ്ടി അച്ഛന്‍ സലിം കുമാറിനൊട് പറയാറുണ്ടായിരുന്നു നമ്മുടെ നേതാവ് ഇതാണെന്ന്. അന്നുമുതല്‍ സലിമിന്റെ മനസ്സില്‍ ലീഡര്‍ കടന്നുകൂടിയതാണ്. അല്പം വൈകിയാണെങ്കിലും സലിം കുമാറിന്റെ ആരാധന ലീഡറും തിരിച്ചറിഞ്ഞിരുന്നു.
സിനിമയിലെത്തി പ്രശസ്തനായ ശേഷം സലീം കുമാറിന് ലീഡറെ നേരില്‍കാണാനും പരിചയപ്പെടാനും സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ വാഹനാപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന കാലത്ത് സലീമിന് വന്നൊരു ഫോണ്‍ പ്രിയ നേതാവിന്റെയായിരുന്നു. തനിയ്ക്കിങ്ങനെയൊരു ആരാധകനുള്ള കാര്യം മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് കരുണാകരന്‍ സംഭാഷണം ആരംഭിച്ചത്. പിന്നീട് ഇരുവരും ഫോണിലൂടെ ബന്ധം തുടര്‍ന്നു പോന്നു.
സലിമിന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കരുണാകരന്‍ പങ്കെടുക്കുന്ന യോഗങ്ങളിലെല്ലാം അദ്ദേഹം മകനെയും കൂട്ടി പോകാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് കേട്ട കരുണാകരന്റെ പ്രസംഗങ്ങളാണ് പിന്നീട് മമിക്രി വേദികളില്‍ കരുണാകരനെ അനുകരിക്കാന്‍ സലിം കുമാറിനെ സഹായിച്ചത്.
പറവൂരിലെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് ലീഡറെ സലിം കുമാര്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. അടുത്ത ഗുരുവായൂര്‍ യാത്രയ്ക്കിടെ വീട്ടില്‍ കയറാമെന്ന് ലീഡര്‍ അന്നു പറഞ്ഞു. എന്നാല്‍ അതു നടക്കാതെപോയെന്ന് സലിം കുമാര്‍ ദുഃഖത്തോടെ പറയുന്നു.