Sunday, November 7, 2010

ഞാന്‍ മോശമല്ലെന്ന് തെളിയിച്ചു: കൈലാഷ്



താന്‍ ഒരു നല്ല നടനാണെന്ന് സ്വയം ബോധ്യമാകുകയും അത് ഉറക്കെ വിളിച്ചു പറയുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് പെട്ടെന്നെന്താണ് തോന്നുക? ഒന്നുകില്‍ അയാള്‍ ഒരു അഹങ്കാരിയാണെന്ന് തോന്നാം, അല്ലെങ്കില്‍ ആത്മവിശ്വാസമുള്ളയാളാണെന്നും. എന്തായാലും കൈലാഷ് എന്ന യുവനടന്‍ അഹങ്കാരിയാണെന്ന അഭിപ്രായം സിനിമാലോകത്ത് ആര്‍ക്കുമില്ല. അതുകൊണ്ടുതന്നെ കൈലാഷിന്‍റെ ‘തിരിച്ചറിവുകള്‍’ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസത്തിന്‍റെ ഭാഗമാണെന്ന് കരുതാം.

നീലത്താമരയിലൂടെ തന്നെ താന്‍ അത്ര മോശക്കാരനല്ലെന്ന് തെളിയിച്ചതായാണ് കൈലാഷ് അവകാശപ്പെടുന്നത്. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലെ അദ്ദേഹത്തിന്‍റെ വാചകങ്ങള്‍ ശ്രദ്ധിക്കുക:

“ഞാന്‍ അത്ര മോശക്കാരനല്ല എന്ന് നീലത്താമരയിലൂടെത്തന്നെ പ്രൂവ് ചെയ്തുകഴിഞ്ഞു. ഒരു കഥാപാത്രത്തെ കിട്ടിയാല്‍ പെട്ടെന്നുതന്നെ അതിലേക്ക് സ്വിച്ച് ഓണ്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. കുറേ നല്ല പടങ്ങള്‍ കിട്ടുന്നുണ്ട്. ഞാന്‍ മോശമാക്കിയില്ല, ഈ ഫീല്‍ഡില്‍ ഭാവിയുണ്ട് എന്ന് സിനിമക്കാര്‍ അംഗീകരിച്ചതിന് തെളിവാണിത്” - കൈലാഷ് പറയുന്നു.

ഇതൊക്കെ കേട്ടാല്‍ കൈലാഷ് അഹങ്കാരിയാണെന്ന് തോന്നും. എങ്കില്‍ ഇതുകൂടെ കേള്‍ക്കുക - “ആവശ്യത്തിന് അഹങ്കാരമൊക്കെയുണ്ട്. എത്രകാലം സിനിമയില്‍ ഉണ്ടാകും എന്നതിന് നിശ്ചയമില്ല. ഉള്ളകാലം നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അതുകൊണ്ട് അഹങ്കാരം പുറത്തുകാണിക്കുന്നില്ല.”

പണ്ടത്തേപ്പോലെയല്ല താന്‍ ഇപ്പോള്‍ എന്ന് കൈലാഷിനു തന്നെ ബോധ്യമായിട്ടുണ്ട്. “ഇപ്പോള്‍, പണ്ടത്തേപ്പോലെ സ്വതന്ത്രമായി എവിടെയും പോകാന്‍ കഴിയാറില്ല. എത്രയായാലും ഞാന്‍ ഒരു സിനിമാതാരമല്ലേ?” - എങ്ങനെയുണ്ട്?


ഇതു മാത്രമല്ല, താന്‍ വിവാഹിതനാണെന്ന് അറിയുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിശ്വാസമാകുന്നില്ലെന്നാണ് കൈലാഷ് പറയുന്നത്. “ഞാന്‍ വളരെ റൊമാന്‍റിക്കാണ്. എന്‍റെ ഏറ്റവും നല്ല പ്ലസ് കണ്ണും ചിരിയും ആണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എന്‍റെ ഉയരവും” - അഹങ്കാരം തീരെയില്ലെന്നും, ആത്മവിശ്വാസം അല്‍പ്പം കൂടുതലാണെന്നും മനസിലായില്ലേ?