Thursday, December 16, 2010

കാസനോവ ഇഴയും; ചൈനാ ടൗണ്‍ കുതിയ്ക്കും



മോഹന്‍ലാലിന്റെ പ്രസ്റ്റീജ് ചിത്രമായി വിശേഷിപ്പിയ്ക്കപ്പെടുന്ന കാസനോവ ഇനിയും നീളുമെന്ന് ഉറപ്പായി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തന്റെ ഷൂട്ടിങ് ഷെഡ്യൂളുകള്‍ ബ്ലോക്ക് ചെയ്ത് ലാല്‍ ചൈനാ ടൗണിന്റെ ലൊക്കേഷനിലേക്ക് പോകാന്‍ തീരുമാനിച്ചതോടെയാണിത്.

ഡിസംബര്‍ 12ന് കാസനോവയുടെ ആദ്യ ഷെഡ്യൂള്‍ തീരുകയാണ്. ഇതിന് ശേഷം ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ തീര്‍ത്ത ശേഷം മോഹന്‍ലാല്‍ ഫ്രീയാവുന്നതോടെ ബാങ്കോക്കില്‍ കാസനോവയുടെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങാമെന്നായിരുന്നു റോഷന്‍ കരുതിയിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചൈനാ ടൗണ്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ പച്ചക്കൊടി കാട്ടിയതോടെ റോഷന്റെ പ്ലാന്‍ എല്ലാം തകിടം മറിയുകയായിരുന്നു.

ദിലീപ്, ജയറാം എന്നിവര്‍ കൂടി അണിനിരക്കുന്ന ചൈനാ ടൗണ്‍ സംവിധാനം ചെയ്യുന്നത് റാഫി മെക്കാര്‍ട്ടിന്‍മാരാണ്. തകര്‍പ്പന്‍ കോമഡി സബജക്ടും വന്‍താരനിരയും ചൈനാ ടൗണിനെ ഒരു ഷുവര്‍ ബെറ്റ് ചിത്രമാക്കുന്നുണ്ട്. ഇത് തന്നെയാണ് ലാലിനെ ആകര്‍ഷിച്ചതെന്നും കരുതപ്പെടുന്നു. രണ്ട് സിനിമകളും ലാലിന്റെ തന്നെ മാക്‌സ് ലാബാണ് വിതരണം ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും ലാലിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാറിയ സാഹചര്യത്തില്‍ 2011 ഫെബ്രുവരി റിലീസ് പ്രഖ്യാപിച്ചിരുന്ന കാസനോവ അടുത്തവര്‍ഷം പകുതിയോടെ മാത്രമേ തിയറ്ററുകളിലെത്തു. അതേ സമയം അടുത്തയാഴ്ച ഷൂട്ടിങ് തുടങ്ങുന്ന ചൈനാ ടൗണ്‍ വിഷുവിന് റിലീസ് ചെയ്യും.