Showing posts with label rafi mecartin. Show all posts
Showing posts with label rafi mecartin. Show all posts

Monday, December 27, 2010

സമരം: ചൈനാ ടൗണ്‍ ഊട്ടിയില്‍



മോഹന്‍ലാല്‍, ദിലീപ്, ജയറാം ടീം ഒന്നിയ്ക്കുന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ചൈനാ ടൗണിന് തുടക്കത്തിലെ കല്ലുകടി. രണ്ടാഴ്ച മുമ്പ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഊട്ടിയിലേക്ക് മാറ്റേണ്ടി വന്നിരിയ്ക്കുകയാണ്.

ആന്ധ്രയിലെ സിനിമാ സമരമാണ് ചൈനാ ടൗണിന് തിരിച്ചടിയായത്. രാമോജിയിലും ഹൈദരാബാദിന്റെ മറ്റിടങ്ങളിലുമായി 25 ദിവസത്തെ ഷൂട്ടിങാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമരം എല്ലാ കണക്കുക്കൂട്ടലും തെറ്റിയ്ക്കുകയായിരുന്നു.

സമരം തീരുന്നതും കാത്ത് വന്‍താരനിരയെ വെറുതെയിരുത്താന്‍ കഴിയാത്ത സംവിധായകര്‍ സിനിമയുടെ ലൊക്കേഷന്‍ ഊട്ടിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍-മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഹലോയുടെ ലൊക്കേഷനും ഊട്ടിയായിരുന്നു.

ഇതിനിടെ സിനിമയില്‍ പ്രധാനപ്പെട്ട റോള്‍ അവതരിപ്പിയ്ക്കാനിരുന്ന നടി റോമ പിന്‍മാറിയത് മറ്റൊരു തലവേദനയായി. അവസാന നിമിഷമാണ് റോമ പ്രൊജക്ടില്‍ നിന്നും പിന്‍മാറിയത്. പകരം നടിയ്ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിയ്ക്കുകയാണ്.

കോമഡി സബജക്ടില്‍ വമ്പന്‍താരനിരയുമായെത്തുന്ന ചൈനാ ടൗണ്‍ 2011ലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന പ്രൊജക്ടുകളിലൊന്നാണ്.

Thursday, December 16, 2010

കാസനോവ ഇഴയും; ചൈനാ ടൗണ്‍ കുതിയ്ക്കും



മോഹന്‍ലാലിന്റെ പ്രസ്റ്റീജ് ചിത്രമായി വിശേഷിപ്പിയ്ക്കപ്പെടുന്ന കാസനോവ ഇനിയും നീളുമെന്ന് ഉറപ്പായി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തന്റെ ഷൂട്ടിങ് ഷെഡ്യൂളുകള്‍ ബ്ലോക്ക് ചെയ്ത് ലാല്‍ ചൈനാ ടൗണിന്റെ ലൊക്കേഷനിലേക്ക് പോകാന്‍ തീരുമാനിച്ചതോടെയാണിത്.

ഡിസംബര്‍ 12ന് കാസനോവയുടെ ആദ്യ ഷെഡ്യൂള്‍ തീരുകയാണ്. ഇതിന് ശേഷം ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ തീര്‍ത്ത ശേഷം മോഹന്‍ലാല്‍ ഫ്രീയാവുന്നതോടെ ബാങ്കോക്കില്‍ കാസനോവയുടെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങാമെന്നായിരുന്നു റോഷന്‍ കരുതിയിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചൈനാ ടൗണ്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ പച്ചക്കൊടി കാട്ടിയതോടെ റോഷന്റെ പ്ലാന്‍ എല്ലാം തകിടം മറിയുകയായിരുന്നു.

ദിലീപ്, ജയറാം എന്നിവര്‍ കൂടി അണിനിരക്കുന്ന ചൈനാ ടൗണ്‍ സംവിധാനം ചെയ്യുന്നത് റാഫി മെക്കാര്‍ട്ടിന്‍മാരാണ്. തകര്‍പ്പന്‍ കോമഡി സബജക്ടും വന്‍താരനിരയും ചൈനാ ടൗണിനെ ഒരു ഷുവര്‍ ബെറ്റ് ചിത്രമാക്കുന്നുണ്ട്. ഇത് തന്നെയാണ് ലാലിനെ ആകര്‍ഷിച്ചതെന്നും കരുതപ്പെടുന്നു. രണ്ട് സിനിമകളും ലാലിന്റെ തന്നെ മാക്‌സ് ലാബാണ് വിതരണം ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും ലാലിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാറിയ സാഹചര്യത്തില്‍ 2011 ഫെബ്രുവരി റിലീസ് പ്രഖ്യാപിച്ചിരുന്ന കാസനോവ അടുത്തവര്‍ഷം പകുതിയോടെ മാത്രമേ തിയറ്ററുകളിലെത്തു. അതേ സമയം അടുത്തയാഴ്ച ഷൂട്ടിങ് തുടങ്ങുന്ന ചൈനാ ടൗണ്‍ വിഷുവിന് റിലീസ് ചെയ്യും.

Wednesday, November 3, 2010

‘ട്വന്‍റി20’ ഇനിയില്ല, പഞ്ചാബിഹൌസിന് രണ്ടാം ഭാഗം




ദിലീപ് ക്യാമ്പ് ഉണര്‍വിലാണ്. ‘പാപ്പീ അപ്പച്ചാ’ എന്ന ഹിറ്റിനു ശേഷം ദിലീപ് മാസങ്ങളോളം ക്യാമറയ്ക്ക് പിന്നിലായിരുന്നു. മലര്‍വാടി ആര്‍ട്സ്ക്ലബ്, മെട്രോ എന്നീ സിനിമകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം. അതിനിടെ കാര്യസ്ഥന്‍, ഫിലിം സ്റ്റാര്‍, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. കാര്യസ്ഥന്‍ ഈ വെള്ളിയാഴ്ച നൂറോളം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘ട്വന്‍റി20’യുടെ രണ്ടാം ഭാഗം ദിലീപ് ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു ആലോചന ‘ആലോചനമാത്ര’മായി ഒതുങ്ങി എന്നാണ് ദിലീപ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആവേശകരമായ മറ്റൊരു വാര്‍ത്ത ദിലീപ് ക്യാമ്പ് പുറത്തുവിട്ടിട്ടുണ്ട്. ദിലീപിന്‍റെ മെഗാഹിറ്റ് സിനിമയായ ‘പഞ്ചാബി ഹൌസ്’ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാം.

പഞ്ചാബി ഹൌസിന്‍റെ സംവിധായകരായ റാഫി - മെക്കാര്‍ട്ടിന്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി രണ്ടു കഥകള്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ഉടന്‍ നിശ്ചയിക്കും. ദിലീപ് ഗ്രീന്‍ സിഗ്നല്‍ നല്‍കിക്കഴിഞ്ഞാല്‍ റാഫിയും മെക്കാര്‍ട്ടിനും ‘പഞ്ചാബി ഹൌസ് - 2’ന്‍റെ രചനാജോലികളിലേക്ക് കടക്കും.

1998 സെപ്റ്റംബര്‍ നാലിന് റിലീസായ പഞ്ചാബി ഹൌസ് മലയാളത്തിലെ ചിരിച്ചിത്രങ്ങളുടെ രാജാവാണ്. ഊമയായി ദിലീപ് നടത്തിയ പ്രകടനങ്ങളും ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ ടീമിന്‍റെ കോമഡിയും സുരേഷ് പീറ്റേഴ്സിന്‍റെ ഗാനങ്ങളുമായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്.

ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നീ സിനിമകള്‍ക്ക് ശേഷം 1998ല്‍ സംഭവിച്ച മൂന്നാമത്തെ മെഗാഹിറ്റായിരുന്നു പഞ്ചാബി ഹൌസ്. 200 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് പത്തുകോടിയിലേറെയാണ് ഗ്രോസ് കളക്ഷന്‍ ലഭിച്ചത്. എന്തായാലും പഞ്ചാബി ഹൌസിന്‍റെ രണ്ടാം ഭാഗം എത്തുമ്പോള്‍ പൊട്ടിച്ചിരികള്‍ക്കിടയിലും, കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യം പ്രേക്ഷകരെ വേദനിപ്പിക്കുക തന്നെ ചെയ്യും.