Monday, May 2, 2011

ഗള്‍ഫില്‍ കാവ്യയുടെ ഗദ്ദാമയ്ക്ക് നിരോധനം



ഗള്‍ഫ്‌ നാടുകളില്‍ വീട്ടുജോലിക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതം ഹൃദയാവിഷ്കാരിയായി ചിത്രീകരിച്ച കമലിന്റെ ഗദ്ദാമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി ഇല്ല. സൗദി അറേബ്യ പോലെയുള്ള ഒരു മുസ്ലീം രാജ്യത്തെ മോശമായും അറബികളെ ക്രൂരന്മാരായും ചിത്രീകരിച്ചു എന്ന് കുറ്റം ആരോപിച്ചാണ്‌ നിരോധനം പ്രഖ്യാപിച്ചത്‌. ഇതോടെ ഗദ്ദാമയുടെ നിര്‍മ്മാതാക്കള്‍ക്ക്‌ ഏകദേശം ഒന്നരക്കോടി രൂപ നഷ്ടപ്പെടും എന്നാണ് കരുതപ്പെടുന്നത്.

വേലക്കാരി എന്നര്‍ത്ഥമുള്ള ‘ഖാദിമ’ എന്ന വാക്കിന്റെ വാമൊഴി പ്രയോഗമാണ് ഗദ്ദാമ. പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെയു ഇഖ്ബാലില്‍ എഴുതിയ ഒരു ഫീച്ചറിനെ അധികരിച്ചാണ് കമല്‍ തന്റെ ഗദ്ദാമ നെയ്തെടുത്തത്. സൗദി അറേബ്യയിലെ വീടുജോലിക്കാരായ ഗദ്ദാമമാരുടെ നരക തുല്യമായ ജീവിതവും സുബൈദ എന്ന ഒരു ഗദ്ദാമയുടെ യഥാര്‍ത്ഥ അനുഭവവുമാണ് സിനിമയുടെ കഥാതന്തു. കാവ്യാ മാധവനാണ് ഗദ്ദാമയിലെ നായികയെ അവതരിപ്പിച്ചത്.

ഗദ്ദാമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി തേടി യു‌എ‌ഇയിലാണ് ആദ്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍ക്കിയത്. സെന്‍സര്‍ നിയമങ്ങള്‍ താരതമ്യേന അയവുള്ള യുഎഇ പോലും ഗദ്ദാമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി തരില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ, സെന്‍സര്‍ നിയമങ്ങള്‍ കര്‍ശനമായ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഗദ്ദാമയ്ക്ക് അനുമതി ലഭിക്കില്ല എന്ന് ഉറപ്പായി.

ഗള്‍ഫില്‍ നിന്നും പ്രതീക്ഷിച്ചത്‌ ഒന്നരക്കോടി രൂപ ആയിരുന്നുവെന്ന്‌ കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഏറെ പ്രവാസി മലയാളികള്‍ താമസിക്കുന്ന ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് ഈ സിനിമയുടെ റീലുകള്‍ അണിയറ പ്രവര്‍ത്തകര്‍ എത്തിച്ചിരുന്നു. ഇതിനായി വാങ്ങിയ അഡ്വാന്‍സ് തിരിച്ച് നല്‍കേണ്ട വിഷമത്തിലാണ് ഇപ്പോള്‍ വിതരണക്കാര്‍.

കാവ്യാ മാധവനെ കൂടാതെ ബിജുമേനോന്‍ (രാധാകൃഷ്ണന്‍), ശ്രീനിവാസന്‍ (റസാക്ക്), മുരളിഗോപി (ഭരതന്‍), സുരാജ് വെഞ്ഞാറമൂട് (ഉസ്മാന്‍), ജാഫര്‍ ഇടുക്കി, ലെന, കെ.പി.എസി ലളിത, സുകുമാരി, പുതുമുഖം ഷൈന്‍ ടോം (ബഷീര്‍) തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഇന്തോനേഷ്യ, ഇറാന്‍, സൗദി അറേബ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഈ ചിത്രത്തില്‍ പങ്കാളികളായിട്ടുണ്ട്.