Showing posts with label kavya madhavan. Show all posts
Showing posts with label kavya madhavan. Show all posts

Thursday, June 23, 2011

അവന്‍ വരുന്നൂ, പരമശിവം ഫ്രം വാളയാര്‍



അയാള്‍ ബുദ്ധികൊണ്ട് കളിക്കുന്നവനാണ്. എതിരാളികള്‍ക്കുമേല്‍ എന്നും വിജയം നേടാന്‍ ആഗ്രഹിക്കുന്നവനാണ്. സ്പിരിറ്റു കള്ളക്കടത്തിലായാലും അതേ, നാലാം‌കിട ഗൂണ്ടായിസത്തിലാണെങ്കിലും അതേ. വിജയം എന്നും അയാള്‍ക്കൊപ്പമായിരിക്കണം. വാളയാര്‍ പരമശിവം വ്യത്യസ്തനാകുന്നത് അവിടെയാണ്. വീണ്ടും വരികയാണ്, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍, പരമശിവം ഫ്രം വാളയാര്‍!

റണ്‍‌വേ എന്ന തന്‍റെ മെഗാഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി. വാളയാര്‍ പരമശിവം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജനപ്രിയനായകന്‍ ദിലീപ് തന്നെ. കോമഡിയും ആക്ഷനും കൂട്ടിക്കലര്‍ത്തിയാണ് ജോഷി ‘വാളയാര്‍ പരമശിവം’ ഒരുക്കുന്നത്. ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2004ലാണ് റണ്‍‌വേ റിലീസാകുന്നത്. ദിലീപിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ഒരുക്കാന്‍ പോകുന്നു എന്നറിഞ്ഞ് പലരും ജോഷിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആത്മഹത്യാപരമായ തീരുമാനമായിരിക്കും അതെന്നൊക്കെയാണ് ജോഷിക്ക് ലഭിച്ച ഉപദേശങ്ങള്‍. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയ ജോഷി റണ്‍‌വേ മെഗാഹിറ്റാക്കി മാറ്റി.

ഉദയകൃഷ്ണയും സിബി കെ തോമസും തന്നെയാണ് വാളയാര്‍ പരമശിവത്തിന്‍റെയും തിരക്കഥ രചിക്കുന്നത്. സ്പിരിറ്റ് കള്ളക്കടത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ സിനിമ സെവന്‍‌സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കാവ്യാ മാധവനായിരുന്നു റണ്‍‌വേയിലെ നായിക. വാളയാര്‍ പരമശിവത്തിലും കാവ്യ തന്നെ നായികയാകും.

Wednesday, May 4, 2011

മമ്മൂട്ടിയുടെ നായിക കാവ്യ, ‘വെനീസ്’ ഒരുങ്ങുന്നു



‘ഈ പട്ടണത്തില്‍ ഭൂതം’ ഓര്‍മ്മയുണ്ടോ? മമ്മൂട്ടി ഭൂതമായി തകര്‍ത്തഭിനയിച്ചിട്ടും തിയേറ്ററുകളില്‍ തണുത്ത പ്രതികരണം നേരിടേണ്ടിവന്ന സിനിമ. കാവ്യാ മാധവന്‍ ആദ്യമായി മമ്മൂട്ടിയുടെ നായികയായത് ആ ചിത്രത്തിലാണ്. എന്തായാലും കാവ്യ വീണ്ടും മമ്മൂട്ടിയുടെ നായികയാകാനൊരുങ്ങുകയാണ്.

ഷാഫി സംവിധാനം ചെയ്യുന്ന ‘വെനീസിലെ വ്യാപാരി’യിലാണ് കാവ്യയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 15ന് ആരംഭിക്കും. ആലപ്പുഴയാണ് പ്രധാന ലൊക്കേഷന്‍.

ആലപ്പുഴയിലെ ഒരു വ്യവസായിയായാണ് മമ്മൂട്ടി വെനീസിലെ വ്യാപാരിയില്‍ വേഷമിടുന്നത്. നായികയ്ക്ക് വളരെയേറെ പ്രാധാന്യമുള്ള കഥയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കാവ്യയ്ക്ക് മികച്ച പ്രകടനം നടത്താനുള്ള അവസരം തന്നെയായിരിക്കും ഈ മമ്മൂട്ടിച്ചിത്രം.

വിവാഹബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് തിരികെയെത്തിയ കാവ്യ വീണ്ടും മലയാള സിനിമയില്‍ ഹിറ്റുകള്‍ തീര്‍ക്കുകയാണ്. പാപ്പി അപ്പച്ചാ, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ഗദ്ദാമ, ചൈനാ ടൌണ്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകളെല്ലാം ഹിറ്റാകുമ്പോള്‍ കാവ്യ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. നിലവില്‍ നായികമാരില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഭാവനയ്ക്ക് കാവ്യയുടെ ഈ തുടരന്‍ വിജയങ്ങള്‍ ഭീഷണിയുയര്‍ത്തും.

Monday, May 2, 2011

ഗള്‍ഫില്‍ കാവ്യയുടെ ഗദ്ദാമയ്ക്ക് നിരോധനം



ഗള്‍ഫ്‌ നാടുകളില്‍ വീട്ടുജോലിക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതം ഹൃദയാവിഷ്കാരിയായി ചിത്രീകരിച്ച കമലിന്റെ ഗദ്ദാമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി ഇല്ല. സൗദി അറേബ്യ പോലെയുള്ള ഒരു മുസ്ലീം രാജ്യത്തെ മോശമായും അറബികളെ ക്രൂരന്മാരായും ചിത്രീകരിച്ചു എന്ന് കുറ്റം ആരോപിച്ചാണ്‌ നിരോധനം പ്രഖ്യാപിച്ചത്‌. ഇതോടെ ഗദ്ദാമയുടെ നിര്‍മ്മാതാക്കള്‍ക്ക്‌ ഏകദേശം ഒന്നരക്കോടി രൂപ നഷ്ടപ്പെടും എന്നാണ് കരുതപ്പെടുന്നത്.

വേലക്കാരി എന്നര്‍ത്ഥമുള്ള ‘ഖാദിമ’ എന്ന വാക്കിന്റെ വാമൊഴി പ്രയോഗമാണ് ഗദ്ദാമ. പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെയു ഇഖ്ബാലില്‍ എഴുതിയ ഒരു ഫീച്ചറിനെ അധികരിച്ചാണ് കമല്‍ തന്റെ ഗദ്ദാമ നെയ്തെടുത്തത്. സൗദി അറേബ്യയിലെ വീടുജോലിക്കാരായ ഗദ്ദാമമാരുടെ നരക തുല്യമായ ജീവിതവും സുബൈദ എന്ന ഒരു ഗദ്ദാമയുടെ യഥാര്‍ത്ഥ അനുഭവവുമാണ് സിനിമയുടെ കഥാതന്തു. കാവ്യാ മാധവനാണ് ഗദ്ദാമയിലെ നായികയെ അവതരിപ്പിച്ചത്.

ഗദ്ദാമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി തേടി യു‌എ‌ഇയിലാണ് ആദ്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍ക്കിയത്. സെന്‍സര്‍ നിയമങ്ങള്‍ താരതമ്യേന അയവുള്ള യുഎഇ പോലും ഗദ്ദാമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി തരില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ, സെന്‍സര്‍ നിയമങ്ങള്‍ കര്‍ശനമായ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഗദ്ദാമയ്ക്ക് അനുമതി ലഭിക്കില്ല എന്ന് ഉറപ്പായി.

ഗള്‍ഫില്‍ നിന്നും പ്രതീക്ഷിച്ചത്‌ ഒന്നരക്കോടി രൂപ ആയിരുന്നുവെന്ന്‌ കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഏറെ പ്രവാസി മലയാളികള്‍ താമസിക്കുന്ന ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് ഈ സിനിമയുടെ റീലുകള്‍ അണിയറ പ്രവര്‍ത്തകര്‍ എത്തിച്ചിരുന്നു. ഇതിനായി വാങ്ങിയ അഡ്വാന്‍സ് തിരിച്ച് നല്‍കേണ്ട വിഷമത്തിലാണ് ഇപ്പോള്‍ വിതരണക്കാര്‍.

കാവ്യാ മാധവനെ കൂടാതെ ബിജുമേനോന്‍ (രാധാകൃഷ്ണന്‍), ശ്രീനിവാസന്‍ (റസാക്ക്), മുരളിഗോപി (ഭരതന്‍), സുരാജ് വെഞ്ഞാറമൂട് (ഉസ്മാന്‍), ജാഫര്‍ ഇടുക്കി, ലെന, കെ.പി.എസി ലളിത, സുകുമാരി, പുതുമുഖം ഷൈന്‍ ടോം (ബഷീര്‍) തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഇന്തോനേഷ്യ, ഇറാന്‍, സൗദി അറേബ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഈ ചിത്രത്തില്‍ പങ്കാളികളായിട്ടുണ്ട്.

Wednesday, April 27, 2011

പ്ലസ് ടു പരീക്ഷയെഴുതാന്‍ കാവ്യയും




ഓപ്പണ്‍ സ്‌കൂള്‍ വഴിയുള്ള പ്ലസ് ടു പരീക്ഷയെഴുതാനെത്തിയ വി.ഐ.പിയെക്കണ്ട് പരീക്ഷയെഴുതാന്‍ വന്ന കുട്ടികളൊന്നു ഞെട്ടി. ഏതോ ഷൂട്ടിംങ്ങോ മറ്റോ ഉണ്ടെന്നാണ് പിള്ളേരൊക്കെ ആദ്യം കരുതുന്നത്. എന്നാല്‍ കാവ്യ പരീക്ഷഹാളിലേക്ക് കയറിയപ്പോള്‍ കുട്ടികള്‍ക്ക് കാര്യം പിടികിട്ടി. തങ്ങളെപ്പോലെ കാവ്യയും പരീക്ഷയ്ക്ക് വന്നിരിക്കുകയാണെന്ന്.

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഓപ്പണിംഗ് സ്‌കൂളിംഗ് വഴിയുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷ കാവ്യ എഴുതുന്നത് എടത്തല അല്‍ അമീന്‍ ഇന്റര്‍നാഷണല്‍ പബ്ലിക്ക് സ്‌കൂളിലാണ്.

അച്ഛനൊപ്പം സ്‌കൂളില്‍ പരീക്ഷക്ക് അര മണിക്കൂര്‍ മുന്‍പേ എത്തിയ കാവ്യ കാറില്‍ നിന്നും ഹാളില്‍ കയറിയത് പരീക്ഷക്ക് ഏതാനും നിമിഷം മുമ്പാണ്. കാറിലിരുന്ന് പാഠങ്ങള്‍ അവസാനമൊന്ന് ഓടിച്ചുനോക്കി. പ്രിയനായിക തൊട്ടടുത്തിരുന്ന് പരീക്ഷയെഴുതുന്നത് കണ്ട് മറ്റു വിദ്യാര്‍ഥികളുടെ ശ്രദ്ധ മുഴുവന്‍ പാളിയെങ്കിലും കാവ്യ ലേശം ഗൗരവത്തില്‍ തന്നെ പരീക്ഷ പൂര്‍ത്തിയാക്കി. ഉടനെ കാറില്‍ കയറി പോവുകയും ചെയ്തു .മെയ് 2നാണ് പരീക്ഷ അവസാനിക്കുക .

പത്ത് വര്‍ഷമായി മോളിവുഡില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാവ്യയ്ക്ക് സിനിമയ്ക്കുവേണ്ടി പഠനം പാതിവഴിയിലാക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്താമെന്ന ഉറച്ച വിശ്വാസമുണ്ട് നടിക്ക്. പ്ലസ് ടു കടമ്പ കടന്നാല്‍ ഉപരിപഠനവും നടിയുടെ മനസിലുണ്ട്.

Monday, March 14, 2011

വിഷു ചിരിയുടെ വെടിക്കെട്ടായി ചൈനാ ടൗണ്‍



ഈ വര്‍ഷത്തെ സൂപ്പര്‍ മള്‍ട്ടിസ്റ്റാര്‍ മൂവി ചൈനാ ടൗണിന്റെ റിലീസ് ഡേറ്റ് വീണ്ടും മാറ്റി. ഏപ്രില്‍ ഏഴില്‍ നിന്നും വിഷു ദിനമായ 15ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. ചൈനാ ടൗണ്‍ ഈ ദിവസം തന്നെ തിയറ്ററുകളിലെത്തുമെന്നും നിര്‍മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ദിലീപിനെയും ജയറാമിനെയും കൂട്ടുപിടിച്ച് ബോക്‌സ് ഓഫീസ് വെട്ടിപ്പിടിയ്ക്കാനെത്തുന്ന മോഹന്‍ലാല്‍ ചിത്രം ഈ സമ്മര്‍ സീസണിലെ വന്‍ഹിറ്റാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്‍ കേരളം തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോള്‍ സിനിമ റിലീസ് ചെയ്യുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഏപ്രില്‍ 15ലേക്ക് റിലീസ് നീട്ടാന്‍ ആശീര്‍വാദ് ഫിലിംസിനെ പ്രേരിപ്പിച്ചത്.

വിഷുവിന് വന്‍ ചിത്രങ്ങള്‍ക്കൊന്നും റിലീസ് ഇല്ലാത്ത സാഹചര്യത്തില്‍ ചൈനാ ടൗണിന് നൂറിലധികം തിയറ്ററുകള്‍ ലഭിയ്ക്കുമെന്നും ഉറപ്പാണ്.

Wednesday, March 2, 2011

മാതൃഭൂമി മ്യൂസിക്കിന്റെ 'ചൈന ടൗണ്‍' ഓഡിയോ സി.ഡി. പുറത്തിറക്കി



മാതൃഭൂമി മ്യൂസിക്ക് പുറത്തിറക്കുന്ന 'ചൈന ടൗണ്‍' ഓഡിയോ സി.ഡി പ്രകാശനം ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്‍ കേണല്‍ ബി.എസ്. ബാലിയില്‍ നിന്ന് മാക്‌സ് ലാബ് ഡയരക്ടര്‍ കെ.സി. ബാബു ഏറ്റുവാങ്ങി.

കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല, മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ചലചിത്രതാരങ്ങളായ മോഹന്‍ലാല്‍, ജയറാം, പ്രിഥ്വിരാജ്, ദിലീപ്, ഇന്ദ്രജിത്ത്, ബിജുമേനോന്‍, കാവ്യമാധവന്‍, സ്വരാജ് വെഞ്ഞാറംമൂട്, സുരേഷ്‌കൃഷ്ണ, സംവൃതാസുനില്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രമുഖവ്യവസായി രവിപിള്ള, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയാ മാനേജര്‍ കെ.ആര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ടിനി ടോം, സ്വരാജ് വെഞ്ഞാറംമൂട് എന്നിവര്‍ അവതരിപ്പിച്ച കോമഡിഷോയും അഫ്‌സലിന്റെ ഗാനമേളയുമുണ്ടായിരുന്നു. മലബാര്‍ ഗോള്‍ഡായിരുന്നു പരിപാടിയുടെ പ്രായോജകര്‍.

Thursday, February 10, 2011

Review: Gaddama



സൌദിയിലെ ഒരു അറബികുടുംബത്തില്‍ വീട്ടുജോലിക്കാരിയായി (അതാണ് ഗദ്ദാമ) എത്തിപ്പെടുന്ന അശ്വതിയുടെ (കാവ്യ മാധവന്‍) കഥയാണ് കമല്‍ സംവിധാനം ചെയ്‌ത ഗദ്ദാ‍മ പറയുന്നത്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി കെ യു ഇക്‍ബാല്‍ എഴുതിയ കഥ തിരക്കഥയാക്കിയിരിക്കുന്നത് കമലും ഗിരീഷ് കുമാറും ചേര്‍ന്ന്.

നാട്ടിലെ ദുരിതങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ മാത്രമല്ല നികത്താനാവാത്ത നഷ്‌ടങ്ങളുടെ ദുഃഖങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കൂടിയാണ് അശ്വതി അറിയാത്ത നാട്ടിലേക്ക് വിമാനം കയറുന്നത്; അവിടെ കാത്തിരിക്കുന്നത് കൂടുതല്‍ വേദനകളാണെന്നറിയാതെ. അറബിയുടെ വീട്ടിലെ പീഢനങ്ങള്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ അശ്വതി അവിടുന്ന് പുറത്തുകടക്കുന്നു. വറചട്ടിയില്‍ നിന്ന് എരിതീയിലേക്കുള്ള രക്ഷപ്പെടല്‍ പോലെ തന്നെയായിരുന്നു അത്. അവളെ രക്ഷിക്കാന്‍ ശ്രമിച്ചവരും ആ വേദനകളുടെ പങ്കുകാരാകേണ്ടി വരുന്നതാണ് പിന്നെ നമ്മള്‍ കാണുന്നത്. തീക്കാറ്റ് പാറുന്ന മണല്‍ക്കാട്ടിലും ജയിലിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളിലും പിന്നെയും ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്ന അശ്വതിയുടെ രക്ഷയ്‌ക്ക് ഒടുവില്‍ പൊതുകാര്യപ്രവര്‍ത്തകനായ റസാഖ് (ശ്രീനിവാസന്‍) എത്തുന്നു.

FIRST IMPRESSION
കുടുംബവഴക്കും കുത്തിത്തിരിപ്പും കുടുംബത്ത് കയറ്റാന്‍ കൊള്ളാത്ത തമാശകളും ഉത്സവം / പെരുന്നാള്‍ നടത്തിപ്പും larger-than-life കഥാപാത്രങ്ങളുമില്ലാത്ത ഒരു സിനിമ മലയാളത്തില്‍ കാണാനുള്ള സൌഭാഗ്യമുണ്ടാക്കിത്തന്നതിന് കമലിന് ആദ്യമേ നന്ദി. (സകലകലാവല്ലഭരും സര്‍വരോഗസംഹാരികളുമായ നായകന്മാരെ കണ്ടു കണ്ട് മതിയായി!)

വളരെ പ്രാധാന്യമുള്ള, വളരെ ഹൃദയഭേദകമായ ഒരു പ്രശ്‌നമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. ജീ‍വിതം പലപ്പോഴും മനുഷ്യനായി കാത്തുവയ്‌ക്കുന്ന അപരിഹാര്യമായ ആകുലതകളെ ആവിഷ്‌കരിക്കാന്‍ കമല്‍ ശ്രമിക്കുന്നു; പകപ്പോടെയാണെങ്കിലും. രേഖീയമല്ലാത്ത കഥപറച്ചില്‍ ഒരു പഴഞ്ചന്‍ ഫ്രെയിമിലേക്ക് ഒതുങ്ങിപ്പോകാതെ ഗദ്ദാമയെ രക്ഷിക്കുന്നുണ്ട്. പ്രമേയപരിചരണത്തില്‍ കമല്‍ സാമര്‍ഥ്യം കാണിച്ച ഒരേയൊരു കാര്യവും ഇതാണ്.

തികഞ്ഞ പെര്‍ഫക്ഷനോടെ രൂപപ്പെടുത്തപ്പെട്ട ഒരു കഥാപാത്രമുണ്ട് ഇതില്‍; ഡ്രൈവര്‍ ഉസ്‌മാന്‍. ഇത്രയും പച്ചയായ ഒരു മനുഷ്യന്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ തന്നെ വിരളമാണ്. ഉസ്‌മാനെ അവതരിപ്പിച്ച സുരാജ് അഭിനയം തനിക്ക് നന്നായി അറിയാവുന്ന ജോലി തന്നെയാണെന്ന് തെളിയിക്കുകയും ചെയ്‌തു. സുരാജിന്റെ തന്നെ ഭാഷ കടമെടുത്താല്‍, അദ്ദേഹം മിക്കപ്പോഴും ചെയ്യുന്ന കൂതറ വേഷങ്ങള്‍ക്ക് ഒരു പ്രായശ്ചിത്തം.

അശ്വതി എന്ന ഗദ്ദാമയെ അവതരിപ്പിച്ച കാവ്യയും സ്വന്തം കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. (നിര്‍ഭാഗ്യവശാല്‍, കാവ്യയ്‌ക്കാവുന്നതിന്റെ അപ്പുറത്ത് ഡിമാന്‍‌ഡ് ചെയ്യുന്ന കഥാപാത്രമായിപ്പോയി ഗദ്ദാമ എന്നത് വേറെ കാര്യം. ഗദ്ദാമയുടെ പരസ്യത്തില്‍ അഭിനയിച്ച മഞ്ജു വാര്യര്‍ അശ്വതിയായി സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നി. എടുത്താല്‍ പൊന്താത്ത ചുമടുകളൊന്നും വഹിക്കാതെ ഒരു സുന്ദരി യുവതിയായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെങ്കില്‍ കാവ്യയെ വെല്ലാന്‍ മലയാളത്തില്‍ ഇപ്പോഴാരുമില്ല എന്നു കൂടി പറയട്ടെ.)

ജാഫര്‍ ഇടുക്കി, ശശി കലിംഗ, സുകുമാരി, കെ പി എ സി ലളിത, ബിജു മേനോന്‍, ലെന എന്നിവരും ബഷീറായി വന്ന പുതുമുഖം ഷൈന്‍ ടോമും ഫാത്തിമയായ ഇന്‍ഡോനേഷ്യന്‍ നടിയും മനസ്സില്‍ നില്‍ക്കുന്ന മട്ടില്‍ത്തന്നെ സ്വന്തം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീനിവാസനും മുരളീകൃഷ്‌ണനുമുള്‍പ്പടെ മറ്റ് അഭിനേതാക്കള്‍ മോശമാക്കിയില്ല എന്നു പറയാം.

മനോജ് പിള്ളയുടെ ക്യാമറയും എം ജയചന്ദ്രന്റെ പശ്ചാത്തലസംഗീതവും കമലിനെ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്; പിന്നെ ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്റെ ഗരിമയോടെ നില്‍ക്കുന്ന അനന്തമായ മണലാരണ്യവും.

SECOND THOUGHTS
ഈ ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന ഗൌരവത്തിലും ആഴത്തിലും അതിനെ സമീപിക്കാനുള്ള പ്രതിഭ കമലിനോ ഗിരീഷ് കുമാറിനോ ഇല്ലാതെ പോയി എന്നതാണ് ഈ സിനിമ നേരിടുന്ന പ്രധാന പ്രശ്‌നം. തിളങ്ങിനില്‍ക്കുന്ന പുതുമകളൊന്നും ഈ സിനിമയുടെ രൂപത്തിലോ ഭാവത്തിലോ വിളക്കിച്ചേര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ അശ്വതിയുടെ ദുഃഖം മിക്കപ്പോഴും നമ്മുടെ ഹൃദയത്തിലേക്ക് കയറാതെ അതിന്റെ പുറംഭിത്തിയില്‍ തട്ടി തിരിച്ചു പോകുന്നു.

വേണ്ടത്ര പാകപ്പെട്ടിട്ടില്ലാത്ത മൂന്ന് കഥാപാത്രങ്ങളുണ്ട് ഇതില്‍: ജയിലില്‍ നിന്ന് അശ്വതിയെ രക്ഷിക്കുന്ന റസാഖ് (ശ്രീനിവാസന്‍), മരുഭൂമിയില്‍ നിന്ന് അശ്വതിയെ രക്ഷിക്കുന്ന ഭരതന്‍ (മുരളികൃഷ്‌ണന്‍), അശ്വതിയേക്കുറിച്ച് കഥകളുണ്ടാക്കാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന അജിത് മേനോന്‍ എന്ന പത്രപ്രവര്‍ത്തകന്‍ (മനു ജോസ്). നിര്‍ഭാഗ്യവശാല്‍ ഈ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതും ഇവരാണ്. ഈ കഥാപാത്രങ്ങളുടെ കാര്യത്തില്‍ സംവിധായകന്‍ മാത്രമല്ല, കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും വളരെ confused ആയിട്ടാണ് പെരുമാറുന്നത് എന്നു കാണാം. കെട്ടിയിരിക്കുന്ന വേഷം പച്ചയാണോ കത്തിയാണോ താടിയാണോ എന്നറിയാതെ അരങ്ങില്‍ കയറേണ്ടിവരുന്ന ആട്ടക്കാ‍രന്റെ മനോനില മൂവരുടെയും മുഖങ്ങളില്‍ വായിക്കാം.

അജിത് മേനോന്‍ തീരെ അനാവശ്യമായ കഥാപാത്രമാണെന്നു പോലും പറയാം. പൊതുകാര്യതല്പരനായ റസാഖിനെ അശ്വതിയിലേക്ക് എത്തിക്കാന്‍ അയാളേക്കാള്‍ നല്ല എത്രയോ വഴികള്‍ തുറന്നെടുക്കാമായിരുന്നു സംവിധായകന്!

അറബിനാട്ടില്‍ അശ്വതി നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ക്ലിഷേയ്‌ഡ് ആണ്. ഉദാഹരണത്തിന്, ഗള്‍ഫിലെ സവിശേഷസാഹചര്യത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെ അവയര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ട സമയത്ത് നായികയുടെ കാലില്‍ കുപ്പിച്ചില്ല് കയറ്റിയും നായകന്റെ അമ്മയുടെ ജീവനെടുത്തുമൊക്കെ സഹതാപമുണ്ടാക്കാനാണ് സംവിധായക-രചയിതാക്കള്‍ ശ്രമിച്ചത്. ഇതു പ്രതിഭാശൂന്യത കൊണ്ടുണ്ടാകുന്ന പ്രശ്‌നമല്ല. വിശദാംശങ്ങള്‍ തേടിപ്പോകാനുള്ള ഉത്തരവാദിത്തമോ അല്പമൊന്ന് തല പുകയ്‌ക്കാനുള്ള ക്ഷമയോ ഇല്ലാത്തതുകൊണ്ട് ഉണ്ടാകുന്നതാണ്. ഇതുകൊണ്ട് ഈ സിനിമ ഉന്നയിക്കേണ്ടിയിരുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും വേലിക്കു വെളിയില്‍ത്തന്നെ നില്‍ക്കേണ്ടിവരുന്നു.

ചില കഥാപാത്രങ്ങള്‍ ചിലപ്പോള്‍ തീരെ യുക്തിരഹിതമായി പെരുമാറുന്നതും ഇതേ കാരണം കൊണ്ടുതന്നെ. ഉദാഹരണത്തിന്, ചെയ്യുന്നതു കുറ്റമാണെന്നും അതിന്റെ അനന്തരഫലമെന്താണെന്നും അറിയാമായിരുന്നിട്ടും ഭരതന്‍ എന്തുകൊണ്ട് അശ്വതിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു; അതും ഏറെക്കുറേ പരസ്യമായിത്തന്നെ? അശ്വതിയെ വഴിയില്‍ ഇറക്കിവിടുന്ന ഭരതന്റെ ട്രക്ക് അടുത്ത നിമിഷം തിരിച്ചുവരുന്നതിന്റെ കാരണവും തല പുകയ്‌ക്കാനുള്ള രചയിതാക്കളുടെ മടിയോ അലസതയോ ആണ്. ആ സീനുകള്‍ വെറും മെലോഡ്രാമയില്‍ കൂടുതല്‍ ഒന്നുമായില്ല.

അതിസുന്ദരവും അതേസമയം വായനക്കാരന്റെ ഹൃദയത്തെ വിമലീകരിക്കാന്‍ പോന്നത്ര ശക്തവും അമ്ലശേഷിയുള്ളതുമാ‍യ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ആടുജീവിതത്തെ ഓര്‍മിപ്പിച്ചു ഈ സിനിമയുടെ അവസാനഭാഗങ്ങള്‍. മരുഭൂമിയിലെ തീയാളുന്ന പൊടിക്കാറ്റിലും മെല്ലെ മെല്ലെ പൊന്തിവരുന്ന ചെറുചെടികളേക്കുറിച്ച് റസാഖ് ഒടുവില്‍ പറയുന്നുമുണ്ട്. പക്ഷേ, ബെന്യാമിന്റെ കൃതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആല്‍ക്കെമിയുടെ സ്‌പര്‍ശം കമലിന്റെ കൃതിയില്‍ തീരെ ഇല്ലാതെ പോയി. മറ്റൊരു വിധത്തില്‍‍, ആടുജീവിതം അമര്‍ത്തിവരച്ചിട്ട അമ്പരപ്പിക്കുന്ന ജീവിതചിത്രങ്ങള്‍ക്കു മുന്നില്‍ ഗദ്ദാമ വെറും നിഴല്‍ചിത്രമായിപ്പോകുന്നു പലപ്പോഴും.

EXTRA
അറബിയുടെ വീട്ടിലും ജയിലിലുമായി അഞ്ചാറു മാസമോ അതില്‍ കൂടുതലോ പുറം‌ലോകം കാണാതെ കഴിഞ്ഞ അശ്വതിയുടെ പുരികങ്ങള്‍ എപ്പോഴും സുന്ദരമായി ഷേപ്പ് ചെയ്യപ്പെട്ടിരിക്കുന്നതു കാണാം. ജയിലില്‍ നിന്നിറങ്ങി വരുന്ന അശ്വതിയുടെ മുഖം ചന്ദ്രനെപ്പോല്‍ വിളങ്ങുന്നു.. നേരെ പിടിച്ചുകൊണ്ടുപോയി ഫെയര്‍ & ലവ്‌ലിയുടെ പരസ്യത്തില്‍ ഉപയോഗിക്കാം!

LAST WORD
കമലിന്റെ പ്രതിഭയുടെയും കാവ്യയുടെ അഭിനയപാടവത്തിന്റെയും പരിധികള്‍ക്കു വളരെ മുകളിലൂടെ കടന്നുപോകുന്ന ഒരു ട്രീറ്റ്മെന്റ് ആവശ്യപ്പെടുന്ന പ്രമേയമാണ് ഗദ്ദാമയുടേത്. അതുകൊണ്ടുതന്നെ, മോശമല്ലാത്ത ഒരു സിനിമയുണ്ടാക്കാനേ കമലിനും സംഘത്തിനും കഴിഞ്ഞിട്ടുള്ളു. പക്ഷേ, അതിനവരെ കുറ്റപ്പെടുത്താന്‍ ഞാനില്ല. പാതി പോലും വേകാത്തതും വേവിക്കാന്‍ കൊള്ളാത്തതുമായ സാധനങ്ങള്‍ നിര്‍മിക്കാന്‍ ചെറുപ്പക്കാര്‍ പോലും മത്സരിക്കുന്ന ഇക്കാലത്ത് കമലിനെപ്പോലൊരാള്‍ ഇത്രയെങ്കിലും ചെയ്‌തല്ലോ.. അത്രയും നന്ന്.

Tuesday, February 1, 2011

ഗദ്ദാമ എത്തുന്നു



അശ്വതി, പാലക്കാട്ടെ ഗ്രാമീണ പെണ്‍കുട്ടിയാണ്. ഇടത്തരം കുടുംബത്തില്‍ പിറന്ന അശ്വതിക്ക് ചെറുപ്രായത്തില്‍ തന്നെ കുടുംബഭാരം ഏല്‍ക്കേണ്ടി വന്നു. അമ്മയും അനുജത്തിയുമുള്ള കുടുംബത്തെ സംരക്ഷിക്കുകയെന്നത് അശ്വതിയെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണമായിരുന്നു. അച്ചാറ് കമ്പനിയില്‍ ജോലി ചെയ്തു കിട്ടുന്ന കൂലി കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ പ്രയാസമായി.

ഇതിനിടയിലാണ് കല്യാണാലോചനയെത്തിയത്. രാധാകൃഷ്ണന്‍ ഡ്രൈവറാണ്. ശാന്ത പ്രകൃതനായ ആ ചെറുപ്പക്കാരനുമായിട്ടുള്ള വിവാഹം നടന്നു. കല്യാണത്തോടെ എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും പരീക്ഷണങ്ങള്‍ക്ക് തുടരുകയായിരുന്നു. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതോടെ അശ്വതി ജോലിതേടി അറബിനാട്ടിലെത്തി. അവിടെയും ദുരിതങ്ങളാണ് അവളെ കാത്തിരുന്നത്. ഗള്‍ഫില്‍ അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കാരിയായി. ഇതിനിടെ ഒരു ദൈവ ദൂതനെപ്പോലെ ഒരാള്‍ പ്രത്യക്ഷപ്പെട്ടു - റസാക്ക് കോട്ടയ്ക്കല്‍.

സ്വപ്നങ്ങളുമായി അറബി നാട്ടിലെത്തി കഷ്ടപ്പെടുന്നവരെ സഹായിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന റസാക്ക് അശ്വതിക്ക് കൂട്ടാവുകയായിരുന്നു. ഇവിടം മുതല്‍ അശ്വതിയുടെ ജീവിതത്തിലെ വഴിത്തിരിവ് ആരംഭിക്കുന്നു.കമല്‍ സംവിധാനം ചെയ്യുന്ന 'ഗദ്ദാമ' എന്ന നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ അശ്വതിയായി എത്തുന്നത് കാവ്യാമാധവനാണ്. ബിജു മേനോന്‍ രാധാകൃഷ്ണനായും, ശ്രീനിവാസന്‍ റസാക്ക് കോട്ടയ്ക്കലായും പ്രത്യക്ഷപ്പെടുന്നു. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സുരാജ്‌വെഞ്ഞാറമൂട്, മുരളി ഗോപി, ജാഫര്‍ ഇടുക്കി, ശശി കലിംഗ, വിക്രമന്‍ നായര്‍, നിയാസ് കലാഭവന്‍, ഷൈന്‍ ടോം ചാലക്ക, ലെന, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ദുബായിയിലും പാലക്കാട്ടുമായി ചിത്രീകരണം പൂര്‍ത്തിയായ 'ഗദ്ദാമ' ഉടന്‍ തീയേറ്ററുകളിലെത്തും. കഥ: കെ.യു. ഇക്ബാലിന്റേതാണ്. കമലും കെ. ഗിരീഷ് കുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. സംഭാഷണം കെ. ഗിരീഷ് കുമാറിന്റേതാണ്.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബെന്നറ്റ് വിത്ത്‌രാഗ് ഈണം പകരുന്നു. ഹരിഹരന്‍, വിജയ് യേശുദാസ്, കാര്‍ത്തിക്, ചിത്ര, ശ്രേയാഘോഷാല്‍ എന്നിവരാണ് ഗായകര്‍. അനിതാ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. പ്രദീപ് നിര്‍മിക്കുന്ന ഈ ചിത്രം മുരളി ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പി.ആര്‍.ഒ. എ.എസ്. ദിനേശ്.

Monday, January 3, 2011

'Gadhama' is Kavya's best character as yet: Kamal




Cochin, Jan.3 (NR): Director Kamal is all impressed with his heroine Kavya Madhavan, who has donned the lead role in his latest film 'Gadhama'.

Kavya plays Aswathy, a Hindu girl who has to lead the life of a Gadhama in Saudi Arabia.

"Kavya has received the State Award for Best Actress through my film 'Perumazhakalam'. But the character that she plays in 'Gadhama' is much above the characters that she has played till date. I believe more honors and accolades would come her way after the release," says Kamal.

"I felt that Kavya was the most appropriate actress to do this role. And ever since she was told about it, she became totally dedicated towards doing the role to perfection. She even quit eating proper food for ten to fifteen days to bring in the suffering that the character goes through," added the director.