Showing posts with label biju menon. Show all posts
Showing posts with label biju menon. Show all posts

Thursday, June 9, 2011

‘സ്റ്റോപ്പ് വയലന്‍സ്’ രണ്ടാം ഭാഗം തുടങ്ങി, പൃഥ്വി ഇല്ല



2002ല്‍ എ കെ സാജന്‍ സംവിധാനം ചെയ്ത ‘സ്റ്റോപ്പ് വയലന്‍സ്’ മലയാള സിനിമയില്‍ മാറ്റത്തിന്‍റെ സന്ദേശവുമായി വന്ന ചിത്രമാണ്. പൃഥ്വിരാജ് എന്ന യുവ സൂപ്പര്‍താരത്തിന്‍റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു ആ സിനിമ. സ്റ്റോപ്പ് വയലന്‍സിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ സ്റ്റോപ്പ് വയലന്‍സില്‍ ‘സാത്താന്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നില്ല. മറ്റൊരു യുവപ്രതീക്ഷയായ ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.

അതേ, സ്റ്റോപ്പ് വയലന്‍സിന്‍റെ രണ്ടാം ഭാഗമായ ‘അസുരവിത്ത്’ പെരുമഴയത്തും ചിത്രീകരണം പുരോഗമിക്കുകയാണ്. എ കെ സാജന്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ഡോണ്‍ ബോസ്കോ എന്ന യുവ പുരോഹിതനെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. സംവൃത സുനിലാണ് നായിക.

സ്റ്റോപ്പ് വയലന്‍സില്‍ ചന്ദ്രാ ലക്ഷ്മണ്‍ അവതരിപ്പിച്ച ആഞ്ചലീന എന്ന കഥാപാത്രത്തിന്‍റെ മകനാണ് ഡോണ്‍ ബോസ്കോ. ഒരു മാലാഖയെപ്പോലെ പരിശുദ്ധയായിരുന്ന ആഞ്ചലീനയ്ക്ക് സാത്താനില്‍(പൃഥ്വി അവതരിപ്പിച്ച കഥാപാത്രം) ഉണ്ടായ മകന്‍. അയാള്‍ ഒരു പുരോഹിതനാണ്. പക്ഷേ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ചില സംഭവങ്ങള്‍ അവനെ മാറ്റിത്തീര്‍ക്കുകയാണ്.

ലീലാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അസുരവിത്തില്‍ ബിജു മേനോന്‍, നിവിന്‍ പോളി, ജഗതി, വിജയരാഘവന്‍, കലാഭവന്‍ മണി, വിജയകുമാര്‍, സീമാ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സ്റ്റോപ്പ് വയലന്‍സ്, ലങ്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള എ കെ സാജന്‍ ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ തകര്‍ച്ചയോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന എ കെ സാജന്‍ അസുരവിത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്.

Monday, May 16, 2011

സീനിയേഴ്‌സിന് തകര്‍പ്പന്‍ കളക്ഷന്‍



മെഗാഹിറ്റായ പോക്കിരി രാജയിലൂടെ അരങ്ങേറ്റംമ കുറിച്ച സംവിധായകന്‍ വൈശാഖിന്റെ രണ്ടാം ചിത്രമായ സീനിയേഴ്‌സും ചരിത്രം ആവര്‍ത്തിയ്ക്കുന്നു. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ ഈ കോമഡി-സസ്‌പെന്‍സ് ചിത്രത്തിന് തകര്‍പ്പന്‍ തുടക്കമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചിരിയ്ക്കുന്നത്.

ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ നായകന്മാരായ സീനിയേഴ്‌സ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളോട് കിടപിടിയ്ക്കുന്ന വരവേല്‍പാണ് ലഭിയ്ക്കുന്നത്. പത്മപ്രിയ, അനന്യ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

ആദ്യവാരത്തില്‍ മൂന്ന് കോടിയോളം രൂപയാണ് സീനിയേഴ്‌സിന് ഗ്രോസ് കളക്ഷന്‍ വന്നിരിയ്ക്കുന്നത്്. ഇതില്‍ നിര്‍മാതാവിന് മാത്രം 1.44 കോടി ഷെയര്‍ ലഭിയ്ക്കും. മമ്മൂട്ടി-ലാല്‍-പൃഥ്വി സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു ചിത്രത്തിന് ലഭിയ്ക്കുന്നഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണിത്.

പതിവ് ക്യാമ്പസ് മൂവീകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് സീനിയേഴ്‌സിന്റെ ജീവന്‍. തിരക്കഥയിലെ ചെറിയ പാളിച്ചകള്‍ സംവിധാന മികവിലൂടെ മറികടക്കാന്‍ വൈശാഖിന് കഴിഞ്ഞതും ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവരുടെ ഔട്ട്‌സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സുമാണ് സീനിയേഴ്‌സിന് തുണയാവുന്നത്. 80-100 ശതമാനം കളക്ഷനോടെ കുതിയ്ക്കുന്ന സീനിയേഴ്‌സ് 2011ലെ ഹിറ്റുകളിലൊന്നാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

Tuesday, May 10, 2011

സീനിയേഴ്സ് - ഒരു അടിപൊളി കാമ്പസ് സിനിമ



1. സീനിയേഴ്സ് കണ്ടു. 2. രസമുള്ള സിനിമ. 3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. 4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇം‌പ്രസീവ് ആക്കുന്നത്. 5. നായകന്‍‌മാരായ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ മനോഹരമായി അഭിനയിച്ചു. 6. പോക്കിരിരാജയെ അപേക്ഷിച്ച് വൈശാഖ് ഏറെ മുന്നേറിയിരിക്കുന്നു.

ഇനി ഓരോന്നായി പറയാം:

1. സീനിയേഴ്സ് കണ്ട

ഞാന്‍ വളരെ അകലെ നിന്ന് തിയേറ്ററിനെ നോക്കി. സീനിയേഴ്സ് റിലീസാകുന്ന ദിവസം. വലിയ തിരക്കൊന്നുമില്ല. ടിക്കറ്റ് കൌണ്ടറിനു മുന്നില്‍ അധികം പേരൊന്നുമില്ല. കഴിഞ്ഞ ദിവസം ‘മാണിക്യക്കല്ല്’ കാണാന്‍ പോയപ്പോള്‍ വിരലാല്‍ എണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് അതിലൊക്കെ എത്രയോ മെച്ചമാണ്.

തിയേറ്റര്‍ പരിസരത്ത് സിനിമാ രംഗത്തെ പരിചിത മുഖങ്ങളെയൊന്നും കണ്ടില്ല. എല്ലാ സിനിമയും ആദ്യ ദിവസം ആ‍ദ്യ ഷോ തന്നെ കാണുന്ന ചില സംവിധായകരുണ്ട്. അവരെയും കാണാനില്ല. തിയേറ്ററിനുള്ളില്‍ കടന്നു. എനിക്കു തോന്നുന്നത് ‘ഡബിള്‍സ്’ ഇം‌പാക്ട് ആണ് ഈ ചിത്രത്തിന് തിരക്കു കുറയാന്‍ കാരണം എന്നാണ്. സച്ചി - സേതു എഴുതുന്ന സിനിമ, ഡബിള്‍സിന് ശേഷമെത്തുന്ന അവരുടെ സിനിമ എന്നതൊക്കെ പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുണ്ടാകണം.

പക്ഷേ സിനിമ തുടങ്ങിയപ്പോഴേക്കും തിയേറ്റര്‍ ഏകദേശം നിറഞ്ഞു. ‘മമ്മൂട്ടിക്ക് നന്ദി’ എന്ന് എഴുതിക്കാണിച്ചപ്പോള്‍ ഒരു ആരവം. കുറച്ചുപേരുടെ ‘ജെയ്’ വിളികളും പിന്നെ ചിലയിടങ്ങളില്‍ നിന്ന് കൂവലും. സിനിമ തുടക്കം തന്നെ ഞെട്ടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കോളജില്‍ ഒരു കൊലപാതകം. അതും നമ്മുടെ മീരാ നന്ദനെ. ഫ്ലാഷ്ബാക്കാണ് കേട്ടോ. ജയറാമിന്‍റെ വോയിസ്‌ഓവറിലാണ് കഥ പറയുന്നത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്മനാഭന്‍(ജയറാം) ജയിലില്‍ പോകുന്നു.

11 വര്‍ഷത്തിന് ശേഷം പത്മനാഭന്‍റെ തീരുമാനമനുസരിച്ച് അയാളും കൂട്ടുകാരായ ഇടിക്കുള(ബിജുമേനോന്‍), റെക്സ്(കുഞ്ചാക്കോ ബോബന്‍), മുന്ന(മനോജ് കെ ജയന്‍) എന്നിവരും ക്യാം‌പസില്‍ പഠിക്കാനായി തിരിച്ചെത്തുകയാണ്. ഇനിയല്ലേ കളി...


2. രസമുള്ള സിനി

രസകരമായ ഒരു സിനിമയാണ് സീനിയേഴ്സ്. നാല്‍‌വര്‍ സംഘം എന്തിനാണ് കോളജില്‍ മടങ്ങിയെത്തിയത് എന്നതാണ് സിനിമയുടെ സസ്പെന്‍സ്. അവര്‍ക്ക് ചില ഉദ്ദേശ്യങ്ങളൊക്കെയുണ്ട്. കോളജില്‍ ചെല്ലുന്നപാടെ അതൊക്കെ അങ്ങു വെളിപ്പെടുത്താന്‍ പറ്റുമോ? അവിടെ ചില കളികള്‍, തമാശകള്‍, ഏറ്റുമുട്ടലുകള്‍. എന്തായാലും സീനിയേഴ്സ് തകര്‍ത്തുവാരി എന്നു പറഞ്ഞാല്‍ മതിയല്ലോ. ആദ്യ പകുതി ഒരു നിമിഷം പോലും ബോറടിക്കില്ല. 100% ഗ്യാരണ്ടി.

3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്

ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവയാണല്ലോ അടുത്ത കാലത്ത് ആഘോഷപൂര്‍വം എത്തിയ സിനിമകള്‍. സീനിയേഴ്സ് അവയെയൊക്കെ കടത്തിവെട്ടി. ചിരിപ്പിക്കുകയും രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണിത്. ഒരു രസമുണ്ട്. നമ്മുടെ അനന്യയുടെ ഒരു പ്രകടനം. ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയെ അനുകരിക്കുന്നുണ്ട് കക്ഷി. തിയേറ്ററില്‍ അതിന് സമ്മിശ്ര പ്രതികരണമാണെങ്കിലും ആ നിലപാട് എനിക്കിഷ്ടപ്പെട്ടു. വൈശാഖ് തന്‍റെ ആദ്യ സിനിമയെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്.

4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇം‌പ്രസീവ് ആക്കുന്നത

സച്ചി - സേതു കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് സീനിയേഴ്സില്‍. ഒരു നല്ല എന്‍റര്‍ടെയ്നര്‍ എങ്ങനെയെഴുതാമെന്ന് ഈ സിനിമയിലൂടെ അവര്‍ കാണിച്ചു തന്നു. ഡബിള്‍സിന് എന്താണാവോ പറ്റിയത്? നമ്മുടെ ലാല്‍(സിദ്ദിഖ് - ലാല്‍) സംവിധാനം ചെയ്ത ടു ഹരിഹര്‍ നഗര്‍ എന്ന സിനിമയില്ലേ. അതിന്‍റെ രചനാരീതിയാണ് സീനിയേഴ്സില്‍ സച്ചി - സേതു പിന്തുടര്‍ന്നിരിക്കുന്നത്. ചില ഡയലോഗുകളൊക്കെ ഗംഭീരമായി. ജയറാം ഒരിടത്ത് മിമിക്രി നമ്പര്‍ കാണിക്കുന്നുണ്ട്. പഴശ്ശിരാജയെയാണ് തോണ്ടിയിരിക്കുന്നത്. “പഴശ്ശിയുടെ സമരമുറകള്‍ കാമ്പസ് ഇനി കാണാന്‍ പോകുന്നതേയുള്ളൂ” - എന്താ ഒരു കൈയടി തിയേറ്ററില്‍!



5. നായകന്‍‌മാരായ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ മനോഹരമായി അഭിനയിച്ച

എങ്കിലും അടിച്ചുപൊളിച്ചത് ബിജു മേനോന്‍ തന്നെ. മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ബിജുവിന്‍റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തില്‍. ഫിലിപ്പ് ഇടിക്കുള എന്ന കഥാപാത്രം ബിജു അല്ലാതെ വേറെ ആരു ചെയ്താലും ഇത്ര നന്നാവില്ല. നല്ല മദ്യപാനിയാണ് കക്ഷി. ഇഷ്ടം പോലെ പണം. “ലിവര്‍ നല്ല കുങ്കുമപ്പൂ പോലെ ഇരുന്നപ്പോ...” എന്നൊക്കെയുള്ള തട്ടിവിടലുകള്‍ സൂപ്പര്‍. പിന്നെ ചില മാനറിസങ്ങള്‍. ‘കര്‍ത്താവേ...മിന്നിച്ചേക്കണേ...” പോലുള്ള നമ്പരുകള്‍. ബിജു ശരിക്കും കസറി.

മനോജ് കെ ജയനും മികച്ച കഥാപാത്രമാണ് - റഷീദ് മുന്ന. ഒരു പ്രണയരോഗി. നന്നായി, ഒരു വ്യത്യസ്തത അനുഭവപ്പെട്ടു. കുഞ്ചാക്കോ ബോബനും പെര്‍ഫോം ചെയ്യാന്‍ ഇടമുണ്ട്. അല്‍പ്പം മങ്ങിയത് ജയറാമാണ്. എങ്കിലും നല്ല ഊര്‍ജ്ജമുള്ള പ്രകടനം തന്നെയാണ് ജയറാമും നടത്തിയത്.

6. പോക്കിരിരാജയേക്കാള്‍ വൈശാഖ് ഏറെ മുന്നേറിയിരിക്കുന്ന

വൈശാഖ് ഒരു നല്ല സംവിധായകനാണെന്ന് പോക്കിരിരാജയിലേ തെളിയിച്ചതാണ്. നല്ല സ്ക്രിപ്റ്റ് കിട്ടിയാല്‍ വൈശാഖ് ഗംഭീരമാക്കും. ടെക്നിക്കലി ബ്രില്യന്‍റ്. പ്രേക്ഷകരെ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ അനുവദിക്കാതെ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ വൈശാഖിന് കഴിഞ്ഞു. ക്ലൈമാക്സിലെ സസ്പെന്‍സില്‍ വലിയ ത്രില്ലൊന്നും ഒളിപ്പിച്ചു വയ്ക്കാന്‍ സാധിച്ചില്ലെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ ഹാപ്പിയാണ്. വളരെ ഫാസ്റ്റായി കഥ പറഞ്ഞു പോകാന്‍ വൈശാഖിനു കഴിഞ്ഞു. ഈ ചെറുപ്പക്കാരന് നല്ല തിരക്കഥയില്‍ മനോഹരങ്ങളായ എന്‍റര്‍ടെയ്‌നറുകള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പ്.

അന്തിമവാചകം: കാണുക. ആസ്വദിക്കുക. ഒരു അടിപൊളി കാമ്പസ് സിനിമ.

 

Wednesday, May 4, 2011

ജയസൂര്യ വാദ്ധ്യരാവുന്നു



നിതീഷ് ശക്തി ആദ്യമായി സംവിധാനം ചെയ്യുന്ന 'വാദ്ധ്യര്‍' എന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു .അനൂപ്‌ കൃഷ്ണ എന്ന അധ്യാപകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ജയസൂര്യ വേഷമിടുന്നത്.എം ബി എ ക്കാരന്‍ ആകണമെന്ന മോഹം ഉള്ളില്‍ കൊണ്ടുനടക്കുന്ന അനൂപ്‌ കൃഷ്ണ സ്കൂള്‍ ടീച്ചറുടെ ജോലി നിര്‍ബ്ബന്ധമായും സ്വീകരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം .ചിത്രത്തില്‍ സ്കൂള്‍ ഹെഡ്മിസട്രസ്സിന്റെ വേഷത്തില്‍ അഭിനയിക്കുന്നത് മേനകയാണ് .രാജേഷ് രാഘവന്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ ബിജുമേനോന്‍,നെടുമുടി വേണു ,വിജയരാഘവന്‍,ബിജുകുട്ടന്‍,സുരാജ്,ഊര്‍വ്വശി,കല്‍പ്പന തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ വേഷമിടുന്നുണ്ട്.വാദ്ധ്യാരുടെ ഷൂട്ടിംഗ് അടുത്ത മാസം ആദ്യം തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും ആയി തുടങ്ങും.

Monday, May 2, 2011

അടിച്ചുപൊളിക്കാന്‍ സീനിയേഴ്സ് എത്തുന്നു



അവര്‍ വീണ്ടും മഹാ‍രാജാസ് ക്യാമ്പസ്സിലെത്തുന്നു. ഒരിക്കല്‍ കൂടി അവര്‍ അവിടെ പി ജി വിദ്യാര്‍ഥികളാകും. പഴയ സഹപാഠി ലക്ചററായി അവിടെയുള്ളതൊന്നും അവര്‍ക്ക് പ്രശ്നമല്ല. ക്ലാസ്സില്‍ അനുസരണയുള്ള വിദ്യാര്‍ഥികളാകാന്‍ മാത്രം കിട്ടില്ലെന്ന് മാത്രം. അല്‍പ്പം തല്ലുകൊള്ളിത്തരം ഉണ്ടെന്ന് ചുരുക്കം. പോക്കിരിരാജയുടെ വന്‍ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്സിനെ നായകരാണ് അവര്‍. മെയ് 27ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരാണ് വീണ്ടും കോളേജില്‍ ചേരുന്നത്. പഠനത്തിന് ശേഷം പല ജോലികള്‍ കണ്ടെതി ജീവിതം നയിക്കുകയായിരുന്ന ഇവര്‍ വീണ്ടും ക്യാമ്പസ്സിലെത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. കോളേജില്‍ ഇവര്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ ജെനി എന്ന പെണ്‍കുട്ടിയും ചേരുന്നു. പണ്ട് ഇവര്‍ക്കൊപ്പം ഇതേ കോളജില്‍ പഠിച്ച ഇന്ദുലേഖ ഇപ്പോള്‍ അവിടെ അധ്യാപികയാണെന്നതും കൌതുകം പകരും.

പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരെ യഥാക്രമം ജയറാം, ബിജുമേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ജെനിയെ അനന്യയും ഇന്ദുലേഖയെ പത്മപ്രിയയും അവതരിപ്പിക്കും. ഇവര്‍ക്ക് പുറമെ സിദ്ധിഖ്‌, വിജയരാഘവന്‍, ജഗതി, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ശ്രീജിത്‌ രവി, മധുപാല്‍, ലാലു അലക്‌സ്‌, നാരായണന്‍കുട്ടി, ഡോക്‌ടര്‍ റോണി, ജ്യോതിര്‍മയി, രാധാവര്‍മ, ഹിമ, ലക്ഷ്‌മിപ്രിയ എന്നിവരും ചിത്രത്തില്‍ ഉണ്ട്.

വാണിജ്യസിനിമയുടെ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം രഹസ്യയുടെ ഐറ്റം ഡാന്‍സ് യുവപ്രേക്ഷകര്‍ക്ക് ഹരം‌പകരും.

സച്ചി-സേതു തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖാ ഫിലിംസിന്റെ ബാനറില്‍ പി രാജനാണ്. അനില്‍ പനച്ചൂരാന്‍, വയലാര്‍ ശരത്‌ചന്ദ്രവര്‍മ, സന്തോഷ്‌ വര്‍മ എന്നിവര്‍ ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അല്‍ഫോന്‍സ്‌, ജാസിഗിഫ്‌റ്റ്‌, അലക്‌സ്‌ പോള്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാജിയാണ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Wednesday, April 27, 2011

ജോഷിയുടെ തെലുങ്ക് ചിത്രം ‘എ ടി എം’ - പൃഥ്വി നായകന്‍



ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് വീണ്ടും തെലുങ്കില്‍. ‘എ ടി എം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നരേന്‍, ഭാവന, ബിജുമേനോന്‍, ജയസൂര്യ, സം‌വൃത എന്നിവരും താരങ്ങളാണ്. ജോഷിയാണ് സംവിധാനം. ഇത്രയും പറഞ്ഞിട്ടും സംഗതി പിടികിട്ടിയില്ല എന്നാണോ? അതേ, ‘റോബിന്‍‌ഹുഡ്’ എന്ന മലയാളം ഹിറ്റിന്‍റെ തെലുങ്ക് ഡബ്ബ് പതിപ്പിന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്.

2009ല്‍ പുറത്തിറങ്ങിയ റോബിന്‍‌ഹുഡ് ഇനിഷ്യല്‍ കളക്ഷന്‍റെ പിന്‍‌ബലത്തില്‍ ഹിറ്റായ ചിത്രമാണ്. മെഗാഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശരാശരി വിജയത്തില്‍ ഒതുങ്ങുകയായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എ ടി എം കൌണ്ടറുകള്‍ കൊള്ളയടിക്കുന്ന വെങ്കിടേഷ് എന്ന ഫിസിക്സ് അധ്യാപകനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിട്ടത്. സച്ചി - സേതു ടീമായിരുന്നു തിരക്കഥ.

തിരക്കഥയിലെ പാളിച്ചകള്‍ കൊണ്ടാണ് ഈ സിനിമയ്ക്ക് വലിയ വിജയം കൈവരിക്കാനാകാതെ പോയത്. മലയാളത്തില്‍ മെഗാവിജയം നേടിയില്ലെങ്കിലും ഈ സിനിമയ്ക്ക് തെലുങ്കില്‍ വിജയസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. മേയ് രണ്ടാം വാരം ‘എ ടി എം’ പ്രദര്‍ശനത്തിനെത്തും.

ആഡ് സൊല്യൂഷന്‍റെ ബാനറില്‍ എം വി ഡി രമാകാന്താണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രമായ പൊലീസ് പൊലീസ് ഒരു ഹിറ്റ് സിനിമയായിരുന്നു. പൃഥ്വി അഭിനയിച്ച പല തമിഴ് ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്തായാലും ഈ എ ടി എം കള്ളന്‍ തെലുങ്കില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Friday, April 8, 2011

സീനീയേഴ്സ് ചിത്രീകരണം പൂര്‍ത്തിയാവുന്നു




പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം വൈശാഖന്‍ സംവിധാനം ചെയ്യുന്ന സീനീയേഴ്സിന്‍റെ ചിത്രീകരണം പൂര്‍ത്തിയാവുന്നു.ചിത്രം മെയ്‌ അവസാന വാരം പ്രദര്‍ശനത്തിന് എത്തും.ജയറാം,മനോജ്‌ കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.പദ്മപ്രിയ,അനന്യ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍ .തമിഴിലെ ഐറ്റം ഡാന്‍സര്‍ ആയ രഹസ്യയുടെ ഒരു നൃത്ത രംഗം ഈയിടെ ചിത്രത്തിന് വേണ്ടി ആലുവയില്‍ ചിത്രീകരിക്കുകയുണ്ടായി.ചിത്രത്തിലെ വളരെയധികം പ്രാധാന്യമുള്ള ഒരു രംഗമായിരുന്നു അത്.സച്ചി സേതു ടീം രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏപ്രില്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയാകും.

Wednesday, March 2, 2011

മാതൃഭൂമി മ്യൂസിക്കിന്റെ 'ചൈന ടൗണ്‍' ഓഡിയോ സി.ഡി. പുറത്തിറക്കി



മാതൃഭൂമി മ്യൂസിക്ക് പുറത്തിറക്കുന്ന 'ചൈന ടൗണ്‍' ഓഡിയോ സി.ഡി പ്രകാശനം ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്‍ കേണല്‍ ബി.എസ്. ബാലിയില്‍ നിന്ന് മാക്‌സ് ലാബ് ഡയരക്ടര്‍ കെ.സി. ബാബു ഏറ്റുവാങ്ങി.

കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല, മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ചലചിത്രതാരങ്ങളായ മോഹന്‍ലാല്‍, ജയറാം, പ്രിഥ്വിരാജ്, ദിലീപ്, ഇന്ദ്രജിത്ത്, ബിജുമേനോന്‍, കാവ്യമാധവന്‍, സ്വരാജ് വെഞ്ഞാറംമൂട്, സുരേഷ്‌കൃഷ്ണ, സംവൃതാസുനില്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രമുഖവ്യവസായി രവിപിള്ള, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയാ മാനേജര്‍ കെ.ആര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ടിനി ടോം, സ്വരാജ് വെഞ്ഞാറംമൂട് എന്നിവര്‍ അവതരിപ്പിച്ച കോമഡിഷോയും അഫ്‌സലിന്റെ ഗാനമേളയുമുണ്ടായിരുന്നു. മലബാര്‍ ഗോള്‍ഡായിരുന്നു പരിപാടിയുടെ പ്രായോജകര്‍.