Thursday, June 9, 2011
വരുന്നൂ... ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’
ഹിറ്റുകള്‍ അപൂര്‍വ സംഭവങ്ങളായി മാറുന്ന ഇക്കാലത്ത്, 200 ദിവസങ്ങളോളം തിയേറ്ററുകളില്‍ കളിച്ച് കോടികളുടെ ലാഭം നേടിയ മലയാള സിനിമയായിരുന്നു ‘ഹാപ്പി ഹസ്ബന്‍ഡ്സ്’. സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രം 8.5 കോടി രൂപയാണ് ലാഭം നേടിയത്. ഹാപ്പി ഹസ്ബന്‍ഡ്സിലെ തമാശകള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത - ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു.
‘കുഞ്ഞളിയന്‍’ എന്ന ചെറിയ ചിത്രത്തിന് ശേഷം സജി സുരേന്ദ്രന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമയിരിക്കും ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, ഭാവന, റീമ കല്ലിങ്കല്‍ എന്നിവര്‍ തന്നെ രണ്ടാം ഭാഗത്തിലും അഭിനയിക്കും. കൃഷ്ണ പൂജപ്പുരയായിരിക്കും തിരക്കഥയെഴുതുക.
മിലന്‍ ജലീല്‍ ചിത്രം നിര്‍മ്മിക്കുമെന്നാണ് ആദ്യ സൂചന. ജയറാമിന്‍റെയും ജയസൂര്യയുടെയും മറ്റ് പ്രൊജക്ടുകളുടെ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം ഹാപ്പി ഹസ്ബന്‍ഡ്സിന്‍റെ രണ്ടാം ഭാഗം ആരംഭിക്കാനാണ് സജി സുരേന്ദ്രന്‍ ഉദ്ദേശിക്കുന്നത്. അതിനു മുമ്പ് ‘കുഞ്ഞളിയന്‍’ തീര്‍ക്കും. ജയസൂര്യയാണ് ആ ചിത്രത്തിലെ നായകന്‍.
ഹാപ്പി ഹസ്ബന്‍ഡ്സ് രണ്ടാം ഭാഗത്തിന്‍റെ വണ്‍ലൈന്‍ കൃഷ്ണ പൂജപ്പുര പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുഞ്ഞളിയന്‍, മിസ്റ്റര്‍ സെക്യൂരിറ്റി എന്നീ ജയസൂര്യ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുന്നതും കൃഷ്ണ പൂജപ്പുരയാണ്.
Tuesday, May 24, 2011
Three Kings Malayalam Movie Songs
Tuesday, May 17, 2011
കഥപറയുന്ന മാണിക്യക്കല്ല്
പഠിക്കാന്‍ മടികാട്ടുന്ന കുട്ടികളും പഠിപ്പിക്കാന്‍ മെനക്കെടാത്ത അധ്യാപകരും സമംചേരുമ്പോള്‍ അത് വണ്ണാമല ഗവ. ഹൈസ്‌കൂളാകും. ഓരോ ക്ലാസ്സിലും ഒന്നില്‍ക്കൂടുതല്‍ വര്‍ഷം പഠിക്കുന്ന 'ഇരുത്തം വന്ന' വിദ്യാര്‍ഥികളുടെ സ്‌കൂള്‍. സമ്പൂര്‍ണ പരാജയത്തിന്റെ വട്ടപ്പൂജ്യവും തലയില്‍വെച്ചാണ് ഓരോ വര്‍ഷവും അവിടെനിന്ന് കുട്ടികള്‍ പടിയിറങ്ങുന്നത്. പാഠം പഠിക്കാതെയും പഠിപ്പിക്കാതെയും പരാജയങ്ങളില്‍നിന്ന് പരാജയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടുകൊണ്ടേയിരിക്കുമ്പോഴും സ്‌കൂളിലെ അധ്യാപകരും കുട്ടികളും മാത്രം ഒരു പാഠവും പഠിച്ചില്ല. അവിടേക്കാണ് വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍ വരുന്നത്.
അയാള്‍ സ്‌കൂളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പല പരിഷ്‌കാരങ്ങളെയും തുഗ്ലക്ക് മോഡല്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് അധികൃതരും സഹപ്രവര്‍ത്തകരും, എന്തിന് കുട്ടികള്‍ പോലും. പക്ഷേ, പതുക്കെ പതുക്കെ അയാള്‍ എല്ലാവരെയും തന്റെ വഴിയിലേക്കെത്തിക്കുന്നു. വട്ടപ്പൂജ്യത്തിന്റെ നാണക്കേടില്‍നിന്ന് നൂറ് ശതമാനത്തിന്റെ തിളക്കത്തിലേക്ക് വണ്ണാമല സ്‌കൂളിനെ കൈപിടിച്ചുയര്‍ത്താനുള്ള വിനയചന്ദ്രന്‍ മാഷിന്റെ യാത്ര അവിടെ തുടങ്ങുകയാണ്. ആ കഥയാണ് എം.മോഹനന്‍ സംവിധാനം ചെയ്ത 'മാണിക്യക്കല്ല്' പറയുന്നത്.
പൃഥ്വിരാജാണ് വിനയചന്ദ്രന്‍ മാഷായി എത്തുന്നത്. സംവൃത സുനിലാണ് നായിക. ചാന്ദ്‌നി എന്ന കായികാധ്യാപികയുടെ വേഷമാണ് സംവൃതയ്ക്ക്. നെടുമുടി വേണു, സലീംകുമാര്‍, സായികുമാര്‍, ജഗദീഷ്, കോട്ടയം നസീര്‍, അനില്‍ മുരളി, കെ.പി.എ.സി. ലളിത, മാസ്റ്റര്‍ നവനീത് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സംഗീതസംവിധായകന്‍ എം.ജയചന്ദ്രനും ഗാനരചയിതാവ് അനില്‍ പനച്ചൂരാനും അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
നിര്‍മാണം: എ.എസ്. ഗിരീഷ്‌ലാല്‍, ഛായാഗ്രഹണം: പി. സുകുമാര്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍, കലാസംവിധാനം: സന്തോഷ് രാമന്‍.കൂത്തുപറമ്പ് പാട്യം സ്വദേശിയായ എം.മോഹനന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായാണ് സിനിമാരംഗത്തേക്ക് വരുന്നത്. 2007-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം കഥപറയുമ്പോളിലൂടെ മോഹനന്‍ സ്വതന്ത്ര സംവിധായകനായി. ആദ്യപടം സൂപ്പര്‍ഹിറ്റാക്കിയ സംവിധായകരെ സംബന്ധിച്ച് രണ്ടാമത്തെ ചിത്രം ഒരു വെല്ലുവിളിയാണ്.
യാദൃച്ഛികമായി സംഭവിച്ചതല്ല ആദ്യജയമെന്ന് തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യും. മോഹനനെ സംബന്ധിച്ച് അത് മാത്രമായിരുന്നില്ല വെല്ലുവിളി. ആദ്യ ചിത്രം വിജയിച്ചത് ശ്രീനിവാസന്‍ എന്ന രചയിതാവിന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ എന്ന ലേബലുള്ളതുകൊണ്ടും ആണെന്ന വാദങ്ങളെക്കൂടി മറികടക്കണമായിരുന്നു.
വിജയവഴിയില്‍ മാണിക്യക്കല്ല് മുന്നേറുമ്പോള്‍ മോഹനന്‍ അത്തരം മിഥ്യാ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് മലയാള സിനിമയില്‍ സ്വന്തമായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു. കഥപറയുമ്പോള്‍ സൗഹൃദത്തിന്റെ കഥയായിരുന്നെങ്കില്‍ മാണിക്യക്കല്ല് ഗുരുശിഷ്യ ബന്ധത്തിന്റെ കഥയാണ്. കഥപറയുമ്പോളില്‍നിന്ന് മാണിക്യക്കല്ലിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നു എന്ന കഥ പറയുന്നു ഇവിടെ എം.മോഹനന്‍.
വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം സങ്കല്പമല്ല
വട്ടപ്പൂജ്യം തോല്‍വിയില്‍നിന്ന് നൂറ് ശതമാനം വിജയത്തിലേക്ക് വന്‍ കുതിപ്പ് നടത്തുന്ന വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം ഭാവനാസൃഷ്ടിയില്ല. അത് യാഥാര്‍ഥ്യമാണ്. തലശ്ശേരിയില്‍ ഇതുപോലെ ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു. എല്ലാ കുട്ടികളും തോല്‍ക്കുന്ന, യാതൊരു സൗകര്യവും ഇല്ലാത്ത ഒരു സ്‌കൂള്‍. എന്നാല്‍, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം സ്‌കൂളിനെ വര്‍ഷങ്ങള്‍ക്കുശേഷം നൂറ് ശതമാനം വിജയത്തിലെത്തിച്ചു. ആ കഥയില്‍നിന്നാണ് മാണിക്യക്കല്ല് എന്ന സിനിമ ഉണ്ടാകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന മധുരച്ചൂരല്‍, ചോക്കുപൊടി എന്നീ പംക്തികളും സിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
മാണിക്യക്കല്ല് എന്ന പേര്
എപ്പോഴും തിളങ്ങിക്കൊണ്ടേയിരിക്കുന്നതാണ് മാണിക്യക്കല്ല്. അതുപോലെയായിരിക്കണം അധ്യാപകരും. ചുറ്റുമുള്ളവരിലേക്ക് നന്മയുടെ പ്രകാശം ചൊരിഞ്ഞ് അവര്‍ തിളങ്ങിക്കൊണ്ടേയിരിക്കണം. അതില്‍നിന്നാണ് ആ പേര് വന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗൈഡ് ചെയ്യപ്പെടുന്നത് അധ്യാപകരാലാണ്.അതുകൊണ്ടുതന്നെ അവരുടെ ഉത്തരവാദിത്വവും കൂടുതലാണ്.അധ്യാപകര്‍ പ്രകാശം വിതറുന്ന മാണിക്യക്കല്ലുകളായാല്‍ തിളങ്ങുന്നത് ഒരു തലമുറയാണ്. ഈ സന്ദേശമാണ് ചിത്രം നല്‍കുന്നത്.
നാലുവര്‍ഷം എന്ന ഗ്യാപ്പ് ഫീല്‍ ചെയ്തതേയില്ല
ആദ്യ ചിത്രത്തിനുശേഷം നാല് വര്‍ഷത്തെ ഗ്യാപ്പ് ഉണ്ടായല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, എനിക്ക് ആ ഗ്യാപ്പ് ഫീല്‍ ചെയ്തിട്ടേയില്ല. കാരണം ബസ്സിനുവേണ്ടി കാത്തിരിക്കുമ്പോള്‍ അഞ്ച് മിനിറ്റുപോലും നമുക്ക് വലിയ ഗ്യാപ്പായി തോന്നും. എന്നാല്‍, ബസ്സില്‍ കയറിക്കഴിഞ്ഞാലോ? സമയം പോകുന്നതേ അറിയില്ല. അതേപോലെയാണ് ഈ സിനിമയുടെ കാര്യവും. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഇതിന്റെ കൂടെയാണ്. പിന്നെങ്ങനെ ഗ്യാപ്പ് ഫീല്‍ ചെയ്യും?
ഹീറോയിസമില്ലാത്ത നായകന്‍
വലിയ ഹീറോയിസമൊന്നുമില്ലാത്ത നായകനായി പൃഥ്വിരാജിനെ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ, കഥ കേട്ട് ത്രില്ലടിച്ച പൃഥ്വിക്ക് പടം സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. വിനയചന്ദ്രന്‍ മാഷിന്റെ രൂപത്തിലേക്ക് മാറുന്നതിനായി പൃഥ്വി ജിമ്മില്‍ പോകുന്നതുപോലും കുറച്ചുനാളത്തേക്ക് നിര്‍ത്തിവെച്ചു. സംവൃതയുടെയും വ്യത്യസ്തമായ അപ്പിയറന്‍സാണ്. മിക്ക സിനിമകളിലും സംവൃതയുടേത് വളരെ പതുങ്ങിയ സ്വഭാവത്തോടുകൂടിയ കഥാപാത്രങ്ങളാണ്. എന്നാല്‍, ഇതില്‍ തന്റേടിയായ, വായാടിയായ കഥാപാത്രമായാണ് സംവൃത എത്തുന്നത്.
ജയചന്ദ്രനും പനച്ചൂരാനും
എം. ജയചന്ദ്രനെ അഭിനയിപ്പിക്കുന്ന കാര്യം കഥ എഴുതുമ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തോട് ഇക്കാര്യം ഷൂട്ടിങ്ങിന് കുറച്ച് ദിവസം മുമ്പ് മാത്രമാണ് പറഞ്ഞത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും എന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. അനില്‍ പനച്ചൂരാന്‍ വന്നത് വളരെ യാദൃച്ഛികമായാണ്. ഇങ്ങനെയൊരു റോള്‍ ചെയ്താലോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.
ആദ്യ പടം നല്‍കിയ ബലം
ശ്രീനിവാസനെപ്പോലുള്ള ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് തന്നെ ഒരു വലിയ അനുഭവമാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സ്‌ക്രിപ്റ്റ് വര്‍ക്കിന് ഇരിക്കുക കൂടി ചെയ്താലോ? കഥപറയുമ്പോള്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ ആ നേട്ടം ഈ പടത്തിന് ഏറെ ഉപകരിച്ചു.
ലൊക്കേഷന്‍ പാലക്കാടും പൊള്ളാച്ചിയും
സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് പാലക്കാട്ടാണ്. പാട്ടുകള്‍ പൊള്ളാച്ചിയിലും ഊട്ടിയിലുമായി ചിത്രീകരിച്ചു. മറ്റു സിനിമകളില്‍ കണ്ടുപരിചയിച്ച പൊള്ളാച്ചിയല്ല മാണിക്യക്കല്ലില്‍ കാണുന്നത് എന്ന പ്രത്യേകതയുണ്ട്.
എം.ടി.യുടെ വാക്കുകള്‍ തന്ന ഐശ്വര്യം
''അധ്യാപകര്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളാണ്. ജീവിതമെന്ന മഹാസംഘര്‍ഷത്തിന് നടുവില്‍ ജീവിക്കുമ്പോഴും സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ട്‌യ്ത്തയ്ത്ത എം.ടി. വാസുദേവന്‍ നായരുടെ ഈ വാക്കുകള്‍ എഴുതിക്കാണിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇത് കിട്ടുന്നതും വളരെ യാദൃച്ഛികമായിട്ടാണ്. അദ്ദേഹം ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. അതിലാണ് ഈ വരികള്‍ കണ്ടത്.
ഇങ്ങനെയൊരു സന്ദേശവാക്യം സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ചേര്‍ക്കണമെന്ന് വിചാരിച്ചിരുന്ന സമയത്താണ് അത് കാണുന്നത്. ഉടന്‍തന്നെ വി.ആര്‍. സുധീഷ് മുഖേന എം.ടി. സാറിന്റെ അനുമതി വാങ്ങുകയായിരുന്നു. ആ വാക്കുകള്‍ തന്ന ഐശ്വര്യവും സിനിമയ്ക്ക് ഗുണമായിട്ടുണ്ടെന്നാണ്
വിശ്വാസം.
അടുത്ത ചിത്രം മനസ്സില്‍ രൂപപ്പെട്ടുവരുന്നു
ഒരു സിനിമ കഴിഞ്ഞ് ഉടനെതന്നെ അടുത്തത് ചെയ്യണമെന്നൊന്നുമില്ല. ഈ പടത്തിന്റെ തിരക്കുകള്‍ ഒന്ന് ഒഴിയട്ടെ. അതിനുശേഷം ഭാര്യ ഷീനയ്ക്കും മകള്‍ ഭവ്യതാരയ്ക്കുമൊപ്പം കുറച്ചുനാള്‍, കുടുംബനാഥന്റെ റോളില്‍. പുതിയ സിനിമ മനസ്സില്‍ രൂപപ്പെട്ടുവരുന്നു. ബാക്കി കാര്യങ്ങളെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.
Monday, May 16, 2011
സീനിയേഴ്സിന് പാരയായില്ല; ത്രീ കിംഗ്സ് 27ന്
സീനിയേഴ്സ് തീയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ജയറാം, മനോജ് കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സീനിയേഴ്സ് മികച്ച എന്റര്‍ടൈനര്‍ എന്ന പേര് നേടിക്കഴിഞ്ഞു. മറ്റ് പ്രധാന പുതിയ സിനിമകളൊന്നും മത്സരിക്കാനില്ലാത്തതും സീനിയേഴ്സിന് ഗുണകരമായി. സീനിയേഴ്സിന് ഇങ്ങനെ ഒറ്റയ്ക്ക് മുന്നേറാന്‍ വഴിയൊരുക്കിയ ത്രീ കിംഗ്സ് മെയ് 27ന് തീയേറ്ററിലെത്തും.
കഴിഞ്ഞ 14ന് ആയിരുന്നു ത്രീ കിംഗ്സും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സീനിയേഴ്സുമായി മത്സരം നടത്തേണ്ടെന്ന് കരുതി റിലീസ് മാറ്റുകയായിരുന്നു. ത്രീ കിംഗ്സിന്റെ നിര്‍മ്മാതാവായ ജീവനും സീനിയേഴ്സ് ഒരുക്കിയ രാജനും തമ്മിലുള്ള സൌഹൃദം തന്നെ ഇതിനുകാരണമായത്. സുഹൃത്തുക്കളില്‍ ഒരാളുടെ സിനിമ മതി റിലീസിന് എന്ന് ജീവന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, സന്ധ്യ, സംവൃത, ആന്‍ അഗസ്റ്റ്യന്‍ എന്നിവരെ പ്രഥാനകഥാപാത്രങ്ങളാക്കി ത്രീ കിംഗ്സ് സംവിധാനം ചെയ്തിരിക്കുന്നത് വി കെ പ്രകാശ് ആണ്.
ഭാസ്കരനുണ്ണി രാജ, ശങ്കരനുണ്ണി രാജ, രാമനുണ്ണി രാജ എന്നീ സഹോദരന്‍മാരുടെ കഥയാണ് ത്രീ കിംഗ്സ് പറയുന്നത്. ഒരേ ദിവസം, ഒരേ ആശുപത്രിയില്‍ ജനിച്ച രാജകുമാരന്മാര്‍ ആണ് ഇവര്‍. എന്നാല്‍ ഇവരുടെ ജനനത്തോടെ രാജപ്രതാപമൊക്കെ നശിച്ചു. ഇപ്പോള്‍ കൊട്ടാരവും കുറച്ചു വസ്തുവകകളും മാത്രം. മൂന്നു പേരും രാജാപാര്‍ട്ടിലാണു നില്‍പ്പൊക്കെ. പരസ്പരം പാരവയ്ക്കുകയാണ് ഇവരുടെ പ്രധാന ഹോബി.
അന്യാധീനപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍. സ്പോര്‍ട്സ് രംഗത്തു തിളങ്ങി കാശുണ്ടാക്കാനാണു ഭാസ്കരനുണ്ണിരാജയുടെ ശ്രമം. എങ്ങനെയും സിനിമയില്‍ സൂപ്പര്‍താരമായി കോടികള്‍ സമ്പാദിക്കാനാണു ശങ്കരനുണ്ണി രാജയുടെ നീക്കം. കാശുണ്ടാക്കാന്‍ കുറച്ചു കൂടി എളുപ്പം റിയാലിറ്റി ഷോയില്‍ വിജയിക്കലാണ് എന്നു കരുതി ആ വഴിക്കു നീങ്ങുകയാണ് രാമനുണ്ണിരാജ. പക്ഷെ പരസ്പരപാരകള്‍ കാരണം ഒന്നും നടക്കുന്നില്ല. ഇതിനിടയില്‍ ഇവരുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാകുന്നു. ഇതാണ് ത്രീ കിംഗ്സിന്റെ പ്രമേയം.
നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ത്രീ കിംഗ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈ വി രാജേഷ് ആണ്. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുഞ്ചന്‍, അശോകന്‍, ശ്രീജിത്ത് രവി, ലിഷോയ്, വി.പി. രാമചന്ദ്രന്‍, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്നു.
Sunday, May 15, 2011
പൃഥ്വിരാജോ? അതൊന്നും എനിക്ക് പ്രശ്നമല്ല: സംവൃത
പൃഥ്വിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന ഗോസിപ്പുകളെ കാര്യമാക്കുന്നില്ലെന്ന് നടി സംവൃതാ സുനില്‍. അത്തരം ഗോസിപ്പുകള്‍ക്കൊന്നും വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും സംവൃത പറഞ്ഞു. ഒരു വനിതാ പ്രസിദ്ധീകരണത്തിനനുവദിച്ച അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം പറയുന്നത്.
“ഗോസിപ്പു വാര്‍ത്തകളൊക്കെ ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ? ഇതൊക്കെ ഈ ജോലിയുടെ ഭാഗമാണ്. അതുകൊണ്ട് അത്ര പ്രാധാന്യമേ ഞാന്‍ നല്‍കുന്നുള്ളൂ. ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയും. അത്രതന്നെ” - സംവൃത വ്യക്തമാക്കുന്നു.
‘രസികന്‍’ എന്ന ചിത്രത്തിലെ നായികയായി സിനിമാലോകത്തേക്കെത്തുമ്പോള്‍ ഒരു ‘പാവം കുട്ടി’യായിരുന്നു സംവൃത. ഇപ്പോഴും പാവം കുട്ടി തന്നെ. എങ്കിലും ചോദ്യങ്ങള്‍ക്കൊക്കെ വളരെ ആലോചിച്ചുറപ്പിച്ച മറുപടി. തീരുമാനങ്ങളില്‍ കൃത്യത.
“വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഞാന്‍ സ്വപ്നം കണ്ടിട്ടില്ല. ശരിയായ ആളെക്കാണുമ്പോള്‍ ഇതാണെന്‍റെ ആള്‍ എന്ന് മനസു പറയും എന്നാണ് വിശ്വാസം. ഈ നാട്ടുകാരന്‍ വേണം, ഈ ജോലിക്കാരന്‍ വേണം ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. പരസ്പരം മനസിലാക്കുക എന്നതിലാണ് കാര്യം. എനിക്ക് പ്രണയവിവാഹത്തോട് താല്‍പ്പര്യക്കുറവൊന്നുമില്ല. എങ്കിലും ഒരാളെ പ്രണയിച്ചു മനസിലാക്കി വിവാഹം കഴിക്കാന്‍ കുറച്ചു സമയം വേണ്ടേ?എന്‍റെ സ്വഭാവം അനുസരിച്ച് അറേഞ്ച്ഡ് മാര്യേജ് ആകാനാണ് സാധ്യത” - സംവൃത പറയുന്നു.
വിവാഹത്തിനു ശേഷം സിനിമയോട് ഗുഡ്ബൈ പറയില്ലെന്നും സിനിമയ്ക്ക് തന്നെ ആവശ്യമുള്ളിടത്തോളം താന്‍ സിനിമയിലുണ്ടാകുമെന്നും സംവൃത ഉറപ്പുനല്‍കുന്നു.
Wednesday, May 4, 2011
പ്രതീക്ഷകളുടെ മാണിക്യക്കല്ല്

കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാണിക്യക്കല്ല്. ഗുരുശിഷ്യ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കണ്ടുമടുത്ത മലയാള ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൃഥ്വിരാജ്, സംവൃതാ സുനില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്..
വണ്ണമല എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌ക്കൂളിലേക്ക് സ്ഥലംമാറിവരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ സ്‌ക്കൂളിലെ കായിക അധ്യാപികയുടെ റോളില്‍ സംവൃത സുനിലുമുണ്ട്.
ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് വണ്ണമലയിലെ സ്‌ക്കൂള്‍. ഒരുകാലത്ത് അടുത്തുള്ള പഞ്ചായത്തുകളില്‍ നിന്നുപോലും കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുമായിരുന്നു. ഏകദേശം മൂവായിരത്തോലം കുട്ടികള്‍ പഠിച്ചിരുന്ന സ്‌ക്കൂള്‍. ഇന്ന് ഇത് വണ്ണാമല ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂളാണ്. ഓരോ ക്ലാസിലും വിരലിലെണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവുമില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌ക്കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ അധ്യാപകരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌ക്കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല. അവിടെയുള്ള അധ്യാപകര്‍ക്ക് മറ്റ് ബിസിനസുകളിലാണ് താല്‍പര്യം.
ഈ സ്‌ക്കൂളിലേക്കാണ് വിനയചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. ലക്ഷ്യബോധവും ഉത്തരവാദിത്വവുമുള്ള ചെറുപ്പക്കാരനാണിയാള്‍. വെറും തൊഴില്‍ എന്ന നിലയിലല്ല മറിച്ച് ഒരു അധ്യാപകനാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാണ് വിനയചന്ദ്രന്‍ ഈ ജോലി നേടിയത്.
പൃഥ്വിരാജ് സ്‌ക്കൂളിലേക്ക് എത്തിയത് എല്ലാവരേയും ഞെട്ടിച്ചു. പുതിയൊരാള്‍ എത്തുന്നു എന്ന് കേട്ടെങ്കിലും അതൊരു തമാശയായിട്ടാണ് കരുതിയത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഇതുവരെ ആരും പുതുതായി ഈ സ്‌ക്കൂളില്‍ നിയമിക്കപ്പെട്ടിട്ടില്ല. പിരിഞ്ഞു പോയവര്‍ക്കും സ്ഥലം മാറിപ്പോയവര്‍ക്കും പകരക്കാരായി ഇതുവരെ ആരുമെത്തിയിട്ടില്ല. ആകെയെത്തിയത് കായികാധ്യാപിക ചാന്ദിനിയാണ്. ചാന്ദിനിയുടെ പ്രധാന തൊഴില്‍ കോഴിവളര്‍ത്തലും മറ്റുമാണ്. കരുണാകരക്കുറുപ്പും മോശമല്ല. വളം മൊത്തക്കച്ചവടക്കാരനാണ് ഈ ഹെഡ്മാസ്റ്റര്‍ .
ഈ സ്‌ക്കൂളിലെത്തുന്ന വിനയചന്ദ്രന്‍ സ്‌ക്കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തില്‍ എം.മോഹനന്‍ ദൃശ്യവത്കരിക്കുന്നത്. നന്മയും സ്‌നേഹവുമുള്ള അധ്യാപകന്‍ സമൂഹത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് മാണിക്യക്കല്ല്.
ഗൗരീ മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷ്‌ലാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു.
ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടിവേണു, മണിയന്‍പിള്ള രാജു, ദേവന്‍, പി. ശ്രീകുമാര്‍, അനൂപ് ചന്ദ്രന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, മണികണ്ഠന്‍, മന്‍രാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, ബാലു ജെയിംസ്, മുത്തുമണി, കെ.പി.എ.സി. ലളിത, ദീപിക, ജാനറ്റ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം ഗാനരചയിതാവായ അനില്‍ പനച്ചൂരാനും സംഗീതസംവിധായകനായ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്.
Wednesday, April 27, 2011
ജോഷിയുടെ തെലുങ്ക് ചിത്രം ‘എ ടി എം’ - പൃഥ്വി നായകന്‍

2009ല്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ് ഇനിഷ്യല്‍ കളക്ഷന്‍റെ പിന്‍ബലത്തില്‍ ഹിറ്റായ ചിത്രമാണ്. മെഗാഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശരാശരി വിജയത്തില്‍ ഒതുങ്ങുകയായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എ ടി എം കൌണ്ടറുകള്‍ കൊള്ളയടിക്കുന്ന വെങ്കിടേഷ് എന്ന ഫിസിക്സ് അധ്യാപകനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിട്ടത്. സച്ചി - സേതു ടീമായിരുന്നു തിരക്കഥ.
തിരക്കഥയിലെ പാളിച്ചകള്‍ കൊണ്ടാണ് ഈ സിനിമയ്ക്ക് വലിയ വിജയം കൈവരിക്കാനാകാതെ പോയത്. മലയാളത്തില്‍ മെഗാവിജയം നേടിയില്ലെങ്കിലും ഈ സിനിമയ്ക്ക് തെലുങ്കില്‍ വിജയസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. മേയ് രണ്ടാം വാരം ‘എ ടി എം’ പ്രദര്‍ശനത്തിനെത്തും.
ആഡ് സൊല്യൂഷന്‍റെ ബാനറില്‍ എം വി ഡി രമാകാന്താണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രമായ പൊലീസ് പൊലീസ് ഒരു ഹിറ്റ് സിനിമയായിരുന്നു. പൃഥ്വി അഭിനയിച്ച പല തമിഴ് ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്തായാലും ഈ എ ടി എം കള്ളന്‍ തെലുങ്കില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tuesday, January 11, 2011
സില്‍സില ഹേ സില്‍സിലയുമായി ജയസൂര്യ

സില്‍സില ഹേ സില്‍സില, എന്റെ കൂടെ പാടു നീ... എന്നിങ്ങനെ തുടങ്ങുന്ന ഗാനം യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് പേര്‍ കണ്ടെങ്കിലും നല്ല ആല്‍ബം ഗാനമെന്ന് പേരെടുക്കാനുള്ള യോഗം സില്‍സിലായ്ക്ക് ഉണ്ടായില്ല. പാട്ടെഴുതിയവനെയും പാടിയവനെയും തെറി വിളിച്ചു കൊണ്ടാണ് ആസ്വാദകരില്‍ ഭൂരിപക്ഷവും ഈ ഗാനത്തോട് പ്രതികരിച്ചത്.
ഗാനരംഗത്തിന്റെ റെക്കാര്‍ഡിങ് സില്‍സിലായുടെ സൃഷ്ടാക്കളുടെ സാന്നിധ്യത്തില്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലതിരിഞ്ഞ കാരണങ്ങള്‍ക്കൊണ്ടു മാത്രം നാലാളറിഞ്ഞ സില്‍സിലയുടെ തലവര മാറ്റിമറിയ്ക്കാന്‍ ജയസൂര്യയ്ക്ക് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം
കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ജയസൂര്യയും ചേര്‍ന്ന് കോമഡിയുടെ വെടിക്കെട്ട് തീര്‍ക്കുന്ന ത്രീ കിങ്‌സ് കുറുക്കുവഴിയിലൂടെ കോടീശ്വരന്‍മാരാവന്‍ ശ്രമിയ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.