Showing posts with label joshi. Show all posts
Showing posts with label joshi. Show all posts

Thursday, June 23, 2011

അവന്‍ വരുന്നൂ, പരമശിവം ഫ്രം വാളയാര്‍



അയാള്‍ ബുദ്ധികൊണ്ട് കളിക്കുന്നവനാണ്. എതിരാളികള്‍ക്കുമേല്‍ എന്നും വിജയം നേടാന്‍ ആഗ്രഹിക്കുന്നവനാണ്. സ്പിരിറ്റു കള്ളക്കടത്തിലായാലും അതേ, നാലാം‌കിട ഗൂണ്ടായിസത്തിലാണെങ്കിലും അതേ. വിജയം എന്നും അയാള്‍ക്കൊപ്പമായിരിക്കണം. വാളയാര്‍ പരമശിവം വ്യത്യസ്തനാകുന്നത് അവിടെയാണ്. വീണ്ടും വരികയാണ്, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍, പരമശിവം ഫ്രം വാളയാര്‍!

റണ്‍‌വേ എന്ന തന്‍റെ മെഗാഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി. വാളയാര്‍ പരമശിവം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജനപ്രിയനായകന്‍ ദിലീപ് തന്നെ. കോമഡിയും ആക്ഷനും കൂട്ടിക്കലര്‍ത്തിയാണ് ജോഷി ‘വാളയാര്‍ പരമശിവം’ ഒരുക്കുന്നത്. ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2004ലാണ് റണ്‍‌വേ റിലീസാകുന്നത്. ദിലീപിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ഒരുക്കാന്‍ പോകുന്നു എന്നറിഞ്ഞ് പലരും ജോഷിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആത്മഹത്യാപരമായ തീരുമാനമായിരിക്കും അതെന്നൊക്കെയാണ് ജോഷിക്ക് ലഭിച്ച ഉപദേശങ്ങള്‍. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയ ജോഷി റണ്‍‌വേ മെഗാഹിറ്റാക്കി മാറ്റി.

ഉദയകൃഷ്ണയും സിബി കെ തോമസും തന്നെയാണ് വാളയാര്‍ പരമശിവത്തിന്‍റെയും തിരക്കഥ രചിക്കുന്നത്. സ്പിരിറ്റ് കള്ളക്കടത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ സിനിമ സെവന്‍‌സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കാവ്യാ മാധവനായിരുന്നു റണ്‍‌വേയിലെ നായിക. വാളയാര്‍ പരമശിവത്തിലും കാവ്യ തന്നെ നായികയാകും.

Wednesday, April 27, 2011

ജോഷിയുടെ തെലുങ്ക് ചിത്രം ‘എ ടി എം’ - പൃഥ്വി നായകന്‍



ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് വീണ്ടും തെലുങ്കില്‍. ‘എ ടി എം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നരേന്‍, ഭാവന, ബിജുമേനോന്‍, ജയസൂര്യ, സം‌വൃത എന്നിവരും താരങ്ങളാണ്. ജോഷിയാണ് സംവിധാനം. ഇത്രയും പറഞ്ഞിട്ടും സംഗതി പിടികിട്ടിയില്ല എന്നാണോ? അതേ, ‘റോബിന്‍‌ഹുഡ്’ എന്ന മലയാളം ഹിറ്റിന്‍റെ തെലുങ്ക് ഡബ്ബ് പതിപ്പിന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്.

2009ല്‍ പുറത്തിറങ്ങിയ റോബിന്‍‌ഹുഡ് ഇനിഷ്യല്‍ കളക്ഷന്‍റെ പിന്‍‌ബലത്തില്‍ ഹിറ്റായ ചിത്രമാണ്. മെഗാഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശരാശരി വിജയത്തില്‍ ഒതുങ്ങുകയായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എ ടി എം കൌണ്ടറുകള്‍ കൊള്ളയടിക്കുന്ന വെങ്കിടേഷ് എന്ന ഫിസിക്സ് അധ്യാപകനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിട്ടത്. സച്ചി - സേതു ടീമായിരുന്നു തിരക്കഥ.

തിരക്കഥയിലെ പാളിച്ചകള്‍ കൊണ്ടാണ് ഈ സിനിമയ്ക്ക് വലിയ വിജയം കൈവരിക്കാനാകാതെ പോയത്. മലയാളത്തില്‍ മെഗാവിജയം നേടിയില്ലെങ്കിലും ഈ സിനിമയ്ക്ക് തെലുങ്കില്‍ വിജയസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. മേയ് രണ്ടാം വാരം ‘എ ടി എം’ പ്രദര്‍ശനത്തിനെത്തും.

ആഡ് സൊല്യൂഷന്‍റെ ബാനറില്‍ എം വി ഡി രമാകാന്താണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രമായ പൊലീസ് പൊലീസ് ഒരു ഹിറ്റ് സിനിമയായിരുന്നു. പൃഥ്വി അഭിനയിച്ച പല തമിഴ് ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്തായാലും ഈ എ ടി എം കള്ളന്‍ തെലുങ്കില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Friday, February 18, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സിന് ചെലവ് 15 കോടി



ക്രിസ്റ്റി വര്‍ഗീസ്. കോടികള്‍ വിലയുള്ള ഇന്‍റര്‍നാഷണല്‍ ഇന്‍ഫോര്‍മര്‍. അയാള്‍ കേരളത്തിലേക്കെത്തുന്നു. മാര്‍ച്ച് 18ന്. അതേ, ജോഷിയുടെ മറ്റൊരു ‘ട്വന്‍റി20’ റിലീസാവുകയാണ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ 'ക്രിസ്ത്യന്‍ ബ്രദേഴ്സ്’. മോഹന്‍ലാലാണ് ക്രിസ്റ്റി വര്‍ഗീസായി അഭിനയിക്കുന്നത്.

സുപ്രീം സ്റ്റാര്‍ ശരത്കുമാര്‍, ജനപ്രിയ നായകന്‍ ദിലീപ്, ആക്ഷന്‍ കിംഗ് സുരേഷ് ഗോപി എന്നിവരും ഈ സിനിമയിലെ താരങ്ങളാണ്. കാവ്യാ മാധവന്‍, കനിഹ, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക എന്നിവരാണ് നായികമാര്‍. ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ഫാമിലി ത്രില്ലറില്‍ എട്ട് സ്റ്റണ്ട് രംഗങ്ങളാണുള്ളത്.

മലയാളത്തിലെ ചെലവേറിയ സിനിമകളുടെ കൂട്ടത്തിലാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ സ്ഥാനം. 15 കോടി രൂപയാണ് ഈ സിനിമയുടെ ചെലവ്. എട്ടുകോടി ചെലവ് പ്രതീക്ഷിച്ച് ചിത്രീകരണം ആരംഭിച്ച സിനിമ വിവിധ ഷെഡ്യൂളുകളിലായി പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 15 കോടിയിലെത്തി. 27 കോടി രൂപ ചെലവഴിച്ച പഴശ്ശിരാജയാണ് മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ സിനിമ. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഉറുമിയുടെ ചെലവ് 20 കോടിയാണത്രെ.

മലയാളത്തിലെ ഏറ്റവും വിലകൂടിയ തിരക്കഥാകൃത്തുക്കള്‍ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍. എ വി അനൂപും വര്‍ണചിത്ര ബിഗ്സ്ക്രീനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ മൂന്ന് ഗാനങ്ങളാണുള്ളത്. വൈക്കം, കൊച്ചി, പൊള്ളാച്ചി, കൊടൈക്കനാല്‍, മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.

ലോക വ്യാപകമായി 350 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ കേരളം, തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ റിലീസുണ്ടാകും. ഇംഗ്ലണ്ട്, ഇറ്റലി, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, ബഹറിന്‍, ദുബായ്, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ വിദേശ രാജ്യങ്ങളിലും മാര്‍ച്ച് 18ന് തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസാകും.

Monday, January 17, 2011

ചാക്കോച്ചന്‍ കുതിക്കുന്നു, ഇനി ജോഷി - ഷാജി കൈലാസ് ചിത്രങ്ങള്‍



അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബന്‍റേത്. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ഈ യുവതാരം സിനിമാഭിനയം നിര്‍ത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് പോയ ആളാണ്. രണ്ടുവര്‍ഷം വിട്ടുനിന്ന ശേഷം മടങ്ങിവന്ന ചാക്കോച്ചന്‍ ഹിറ്റുകള്‍ക്കു പിന്നാലെ ഹിറ്റുകള്‍ തീര്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മമ്മി ആന്‍റ് മീ, സകുടുംബം ശ്യാമള, എല്‍‌സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ വിജയ ചിത്രങ്ങള്‍ ചാക്കോച്ചന്‍റേതായുണ്ടായിരുന്നു. ഈ വര്‍ഷം ട്രാഫിക്ക് എന്ന വന്‍ ഹിറ്റിലൂടെ വിജയകഥ ആവര്‍ത്തിക്കുന്നു.

ചോക്ലേറ്റ് ബോയ് എന്ന ഇമേജ് തകര്‍ത്തതാണ് കുഞ്ചാക്കോ ബോബന്‍റെ വിജയത്തിന് കാരണം. അനായാസമായ അഭിനയ ശൈലിയും ഈ യുവനടനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നു. ഇപ്പോഴിതാ ആക്ഷന്‍ സിനിമകളുടെ തമ്പുരാക്കന്‍‌മാരായ ജോഷിയും ഷാജി കൈലാസും കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമകള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ജോഷി രണ്ടു സിനിമകളിലാണ് കുഞ്ചാക്കോ ബോബനെ നായകനാക്കാന്‍ ആലോചിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ‘സെവന്‍സ്’ ആണ് അതിലൊന്ന്. ചാക്കോച്ചനൊപ്പം ജയസൂര്യ, ആസിഫ് അലി എനിവരും സെവന്‍‌സില്‍ താരങ്ങളാണ്. ഫുട്ബോള്‍ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ സിനിമയായിരിക്കും ഇത്. ‘രണ്ട്’ എന്നാണ് ചാക്കോച്ചനെ നായകനാക്കി ജോഷി ചെയ്യുന്ന മറ്റൊരു സിനിമയുടെ പേര്. ഈ സിനിമയിലും ജയസൂര്യ ഒപ്പമുണ്ടാകും.

ഷാജി കൈലാസും ചാക്കോച്ചനെ ഹീറോയാക്കി ഒരു സിനിമയുടെ പ്രാഥമിക ആലോചനകളിലാണ്. ‘ഫൈറ്റേഴ്സ്’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ജയസൂര്യ ഈ സിനിമയിലും ചക്കോച്ചനൊപ്പമുണ്ട്.

സോളോ ഹീറോയായി മാത്രമേ അഭിനയിക്കൂ എന്ന കടും‌പിടിത്തമില്ലാത്തതാണ് ചാക്കോച്ചനെ വമ്പന്‍ സംവിധായകര്‍ക്കെല്ലാം പ്രിയപ്പെട്ട താരമാക്കുന്നത്. ഫാന്‍സിന്‍റെ ബഹളമോ അവകാശവാദങ്ങളോ ഇല്ലാതെ ചാക്കോച്ചന്‍ ഹിറ്റ് സിനിമകള്‍ തീര്‍ക്കുന്നു.

Wednesday, November 24, 2010

മോഹന്‍ലാലിന്‍റെ വഴിയേ പൃഥ്വിരാജ്




ഷാജി കൈലാസ് - എസ് എന്‍ സ്വാമി ടീം നാടുവാഴികള്‍ ആരംഭിക്കുകയാണ്. മോഹന്‍ലാലിനു പകരം പൃഥ്വിരാജാണ് പുതിയ നാടുവാഴികളില്‍ ‘അര്‍ജുന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പഴയ നാടുവാഴികള്‍ റീമേക്ക് ചെയ്യാന്‍ താന്‍ മോഹന്‍ലാലിനോട് അനുവാദം ചോദിച്ചതായി എസ് എന്‍ സ്വാമി ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

“മോഹന്‍ലാലിനോടും ജോഷിയോടും സെവന്‍ ആര്‍ട്സ് വിജയകുമാറിനോടും അനുവാദം വാങ്ങിയിട്ടാണ് നാടുവാഴികള്‍ റീമേക്ക് ചെയ്യുന്നത്. കഥയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ സ്ക്രീന്‍‌പ്ലേയില്‍ പൃഥ്വിരാജിന് യോജിക്കുന്ന രീതിയില്‍ മാറ്റിയിട്ടുണ്ട്” - സ്വാമി പറഞ്ഞു.

1989ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി മെഗാഹിറ്റായി മാറിയ ചിത്രമാണ് ‘നാടുവാഴികള്‍’. റീമേക്ക് ചിത്രത്തില്‍ അതിഥിതാരമായിപ്പോലും മോഹന്‍ലാല്‍ എത്തില്ലെന്നാണ് സൂചന. നാടുവാഴികളിലെ താരങ്ങളായ മധു, ദേവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍‌പിള്ള രാജു, ബാബു നമ്പൂതിരി തുടങ്ങിയവര്‍ റീമേക്കിലും അണിനിരക്കും. എന്നാല്‍ തിലകനെ ഒഴിവാക്കാനാണ് സാധ്യത. ആ ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..’ റീമിക്സ് ചെയ്ത് ഉപയോഗിക്കാനും ആലോചനയുണ്ട്.

മാളവിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. മലയാളത്തിലെ ഒരു പ്രമുഖ നായിക ഈ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയാകുമെന്നറിയുന്നു. ജൂലൈ 14ന് ചിത്രത്തിന്‍റെ പൂജ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു. ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. സിയോണ്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫാക്ടറിയാണ് നാടുവാഴികള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.