Wednesday, April 27, 2011

ജോഷിയുടെ തെലുങ്ക് ചിത്രം ‘എ ടി എം’ - പൃഥ്വി നായകന്‍



ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് വീണ്ടും തെലുങ്കില്‍. ‘എ ടി എം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നരേന്‍, ഭാവന, ബിജുമേനോന്‍, ജയസൂര്യ, സം‌വൃത എന്നിവരും താരങ്ങളാണ്. ജോഷിയാണ് സംവിധാനം. ഇത്രയും പറഞ്ഞിട്ടും സംഗതി പിടികിട്ടിയില്ല എന്നാണോ? അതേ, ‘റോബിന്‍‌ഹുഡ്’ എന്ന മലയാളം ഹിറ്റിന്‍റെ തെലുങ്ക് ഡബ്ബ് പതിപ്പിന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്.

2009ല്‍ പുറത്തിറങ്ങിയ റോബിന്‍‌ഹുഡ് ഇനിഷ്യല്‍ കളക്ഷന്‍റെ പിന്‍‌ബലത്തില്‍ ഹിറ്റായ ചിത്രമാണ്. മെഗാഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശരാശരി വിജയത്തില്‍ ഒതുങ്ങുകയായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എ ടി എം കൌണ്ടറുകള്‍ കൊള്ളയടിക്കുന്ന വെങ്കിടേഷ് എന്ന ഫിസിക്സ് അധ്യാപകനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിട്ടത്. സച്ചി - സേതു ടീമായിരുന്നു തിരക്കഥ.

തിരക്കഥയിലെ പാളിച്ചകള്‍ കൊണ്ടാണ് ഈ സിനിമയ്ക്ക് വലിയ വിജയം കൈവരിക്കാനാകാതെ പോയത്. മലയാളത്തില്‍ മെഗാവിജയം നേടിയില്ലെങ്കിലും ഈ സിനിമയ്ക്ക് തെലുങ്കില്‍ വിജയസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. മേയ് രണ്ടാം വാരം ‘എ ടി എം’ പ്രദര്‍ശനത്തിനെത്തും.

ആഡ് സൊല്യൂഷന്‍റെ ബാനറില്‍ എം വി ഡി രമാകാന്താണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രമായ പൊലീസ് പൊലീസ് ഒരു ഹിറ്റ് സിനിമയായിരുന്നു. പൃഥ്വി അഭിനയിച്ച പല തമിഴ് ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്തായാലും ഈ എ ടി എം കള്ളന്‍ തെലുങ്കില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.