Wednesday, November 3, 2010

മോഹന്‍ലാലിനെതിരെ രഞ്ജിത്തിന്റെ ഒളിയമ്പ്


തന്റെ ഇഷ്ട നായകനായിരുന്ന മോഹന്‍ലാലിനെ കൈയൊഴിഞ്ഞ് ഏതാനും വര്‍ഷമായി രഞ്ജിത്ത് മമ്മൂട്ടിക്കൊപ്പമാണ് ചിത്രങ്ങള്‍ ചെയ്യുന്നത്. ഈ കൂട്ടുകെട്ടില്‍ കുറെ നല്ല ചിത്രങ്ങള്‍ ഉണ്ടാവുകയും ചെയ്തു. മൂന്നു വര്‍ഷം മുമ്പിറങ്ങിയ റോക്ക് ആന്‍ഡ് റോളിനു ശേഷം മോഹന്‍ലാലിനൊപ്പം രഞ്ജിത്ത് സിനിമ ചെയ്തിട്ടില്ല. ഇതിനു ശേഷം വന്ന തിരക്കഥ, കേരളാ കഫേ, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ എന്നീ ചിത്രങ്ങളില്‍ തിരക്കഥയൊഴികെയുള്ള ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഓര്‍ക്കാപ്പുറത്ത്, ദേവാസുരം, ആറാം തമ്പുരാന്‍, രാവണപ്രഭു, ഉസ്താദ്, നരസിംഹം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്ത്- മോഹന്‍ലാല്‍ എന്നിവര്‍ ഇപ്പോള്‍ നല്ല ബന്ധത്തിലല്ല എന്നാണ് സിനിമാ ലോകത്തെ സംസാരം. ഉടനെയൊന്നും ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ രഞ്ജിത്തിന് പ്ലാനുമില്ല. അതിനുകാരണം ലാലിന്റെ നിഴലായി കൂടെയുള്ള ആന്റണി പെരുമ്പാവൂരിനെ പോലെയുള്ളവരും. ലാലിനെ തനിച്ചു കിട്ടാത്തത് തന്നെയാണ് പ്രശ്നമെന്ന് രഞ്ജിത്ത് പറയുന്നു.

"മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ല. വണ്‍ ടു വണ്‍ കമ്യൂണിക്കേഷന്‍ സാധിക്കുന്നത് മമ്മൂട്ടിയുമായാണ്. മമ്മൂട്ടിയോടു സംസാരിക്കുമ്പോള്‍ മമ്മൂട്ടി മാത്രമേയുള്ളൂ. പ്രാഞ്ചിയേട്ടന്റെ കഥ ഒറ്റവരിയില്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി ചോദിച്ചത് 'നിനക്കിത് എപ്പോള്‍ തുടങ്ങണം?' എന്നാണ്. എനിക്കും മമ്മൂട്ടിക്കും ഇടയില്‍ പ്രതിഫലം മുതല്‍ ഒന്നും വിഷയമാകുന്നില്ല" - ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത് ഇങ്ങനെ പറയുന്നു.

താന്‍ വമ്പന്‍ കൊമേഴ്സ്യല്‍ ചിത്രങ്ങളെടുക്കുന്ന സമയത്ത് വലിയ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു എന്നും ഇപ്പോള്‍ ഒരു ഭാരവുമില്ലാതെയാണ് സിനിമ ചെയ്യുന്നതെന്നും രഞ്ജിത് വ്യകതമാക്കുന്നു. രാവണപ്രഭുവില്‍ നിര്‍മാതാവായ ആന്റണിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ലാലും സിദ്ദിഖും തമ്മിലുള്ള ആ ഏറ്റുമുട്ടല്‍ സീന്‍ എഴുതേണ്ടി വന്നതെന്ന് രഞ്ജിത്ത് പറയുന്നു. വലിയ കൊമേഴ്സ്യല്‍ സിനിമകളെടുക്കേണ്ട പ്രായവും സമയവും തനിക്കു കഴിഞ്ഞു എന്നാണ് രഞ്ജിത് പറയുന്നത്. മോഹന്‍ലാലിനൊപ്പം ഒരു സിനിമ വരണമെങ്കില്‍ കഥാ ചര്‍ച്ചയ്ക്ക് രഞ്ജിത്തിന് ലാലിനെ തനിച്ചു കിട്ടണമെന്ന് സാരം. മോഹന്‍ലാലിന് ചുറ്റും ഉപഗ്രഹങ്ങളാണെന്ന തിലകനെപ്പോലെയുള്ളവരുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് രഞ്ജിത്തിന്റെ അഭിപ്രായവും.