Wednesday, November 3, 2010

വരുന്നൂ; സിനിമാലോകത്തിന്റെ ക്രിക്കറ്റ് ലീഗ്


ഐപിഎല്‍ വന്‍ വിജയമായതോടെ ട്വന്റി 20 മത്സരത്തിന് ഉണ്ടായ ജനപ്രീയത അപാരമാണ്. എങ്ങനെ ഇതിനു കൂടുതല്‍ കൂടതല്‍ വിപണി ഉണ്ടാക്കാം എന്ന് തലപുകയ്ക്കുന്നവരാണ് ക്രിക്കറ്റ് മേലാളന്‍മാര്‍. ഐപിഎല്‍ മാതൃകയില്‍ സിനിമാ താരങ്ങളുടെ ട്വന്റി 20 ലീഗ് എന്ന ആശയം ബിസിസിഐ മുന്നോട്ടു വച്ചിരിക്കുകയാണ്. അതായത് സിനിമാലോകം തമ്മിലുള്ള പോരാട്ടമാണ് ഉദ്ദേശിക്കുന്നത്. ബോളിവുഡ്, ടോളിവുഡ്, കോളിവുഡ്, നമ്മുടെ മോളിവുഡ്, സാണ്ടല്‍വുഡ്, ബംഗാള്‍ ടോളിവുഡ് എന്നിവ പരസ്പരം മത്സരിക്കുന്ന ലീഗ് എന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കാന്‍ പറ്റുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.

ഓരോ ഭാഷക്കാരും തങ്ങളുടെ താരങ്ങളെ എല്ലാവര്‍ഷവും സൗജന്യമായി അയയ്ക്കണം. ഇതിന്റെ നേട്ടം പതിന്‍മടങ്ങായി തിരിച്ചുകിട്ടും. തെലുങ്കില്‍ താരങ്ങള്‍ തമ്മില്‍ നടന്ന ട്വന്റി 20 വന്‍ വിജയമായതിന്റെ പശ്ചാത്തലത്തില്‍ ആണ് മുഴുവന്‍ സിനിമാലോകത്തെയും അണിനിരത്തി ഒരു ലീഗ് നടത്താന്‍ ആലോചന വന്നത്. സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗ് യാഥാര്‍ത്ഥ്യം ആയാല്‍ ഇന്ത്യയില്‍ ഐപിഎല്ലിനൊപ്പം തന്നെ അതിനു ജനപ്രീതിയും കച്ചവട സാധ്യതയും ഉണ്ടാകുമെന്ന് ഉറപ്പാണ്. താരമൂല്യമുള്ള ഏതാനും താരങ്ങളെ ഓരോ ടീമിലും ലഭിച്ചാല്‍ പറയാനുമില്ല. താരങ്ങളുടെ ജനപ്രീതി കൂടുകയും ചെയ്യും കൈയില്‍ കാശ് നിറയുകയും ചെയ്യും.

സിനിമാലോകത്തിന്റെ ക്രിക്കറ്റ് ലീഗ് വന്നാല്‍ അതുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം കിട്ടുക അവസരങ്ങള്‍ കുറഞ്ഞ യുവതാരങ്ങള്‍ക്ക് ആയിരിക്കും. ഓരോ ടീമിനെയും പ്രോത്സാഹിപ്പിക്കാന്‍ നായികമാര്‍ വേദിയില്‍ ഉണ്ടെങ്കില്‍ കാഴ്ചക്കാരുടെ ആവേശം അണപൊട്ടും. നായകര്‍ക്ക് മാത്രമല്ല, നായികമാര്‍ക്ക് വേണ്ടി വേണമെങ്കിലും ടീമുകള്‍ ഉണ്ടാക്കാം(പക്ഷെ എത്ര താരങ്ങള്‍ വെയിലത്ത്‌ ഇറങ്ങാന്‍ ധൈര്യപ്പെടും?). ക്രിക്കറ്റ് പ്രേമികളെയും സിനിമാ ഭ്രാന്തന്‍മാരെയും ഒരു കുടക്കീഴില്‍ എത്തിക്കാനുള്ള തന്ത്രമാണിത്. എന്തായാലും ബിസിസിഐയുടെ ലക്‌ഷ്യം നിറവേറട്ടെ.