Wednesday, November 3, 2010

അന്തിമ വിജയം കാണ്ഡഹാറിന്



മോഹന്‍ലാലിന്റെ വരാനിരിക്കുന്ന രണ്ട് ബിഗ്‌ ബജറ്റ് സിനിമകളുടെ പേരിലുണ്ടായ വാക് പോരില്‍ അന്തിമ വിജയം കാണ്ഡഹാറിന്. റിലീസിംഗ് ഡേറ്റിന്റെ പേരില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാതാക്കളിലൊരാളായ സുബൈറും കാണ്ഡഹാര്‍ നിര്‍മാണ പങ്കാളി ആന്റണി പെരുമ്പാവൂരും കൊമ്പുകോര്‍ത്തിരുന്നു. ഒടുവില്‍ വിജയം ആന്റണിക്കൊപ്പം നിന്നു. കാണ്ഡഹാര്‍ ഡിസംബര്‍ ഒന്‍പതിന് തന്നെ റിലീസ് ചെയ്യും. ക്രിസ്ത്യന്‍ ബ്രദേഴ്സ് ഈ വര്‍ഷം ഉണ്ടാവില്ല. നവംബര്‍ 26ന് പ്രദര്‍ശനത്തിന് എത്തിക്കാനിരുന്ന ചിത്രം ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാവും റിലീസ് ചെയ്യുക. ഫലത്തില്‍ മോഹന്‍ലാലിന്റെ താല്‍പ്പര്യം നോക്കിയാണ് ആന്റണി ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് മാറ്റാന്‍ പ്രയത്നിച്ചത്. കാണ്ഡഹാറിന്റെ പ്രധാന നിര്‍മാതാവ് ലാല്‍ തന്നെയാണ്. ചിത്രം റിലീസ് ചെയ്യുന്നതും ലാലിന്റെ മാക്സ് ലാബാണ്‌. വന്‍ ചിലവില്‍ നിര്‍മിച്ച കാണ്ഡഹാര്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസിംഗ് ഡേറ്റിനോട് അടുത്തുവന്നാല്‍ തിരിച്ചടിയാവും.

പലവിധകാരണങ്ങളാല്‍ റിലീസ് നീണ്ട ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്.ഒക്ടോബറില്‍ റിലീസ് ചെയ്യാനിരുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സ് ഒരു ഗാനരംഗം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. നവംബര്‍ 26ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കാണ്ഡഹാര്‍ ഡിസംബര്‍ ഒന്‍പതിന് റിലീസ് ചെയ്യാന്‍ നേരത്തെ നിശ്ചയിച്ചതാണ്. വന്‍തുക ചെലവഴിച്ചാണ് രണ്ടു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

വമ്പന്‍ താരനിരയെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് കാണ്ഡഹാറിനെ പ്രതികൂലമായി ബാധിയ്ക്കുമെന്നാണ് ആന്റണി വാദിച്ചത്. ജോഷി ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 22നാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ഷൂട്ടിങ് കഴിയാത്തതിനാല്‍ റിലീസ് മാറ്റുകയായിരുന്നുവെന്നും രണ്ടാഴ്ചത്തെ ഇടവേളയില്‍ രണ്ട് വമ്പന്‍ മോഹന്‍ലാല്‍ സിനിമകള്‍ തിയറ്ററുകളിലെത്തുന്നത് സിനിമാ വിപണിയ്ക്ക് താങ്ങാന്‍ കഴിയില്ലെന്ന് ആന്റണിയുടെ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ എന്തുവന്നാലും നവംബര്‍ 26ന് നൂറോളം തിയറ്ററുകളില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് സുബൈര്‍ ആദ്യം പറഞ്ഞിരുന്നത്. വേണമെങ്കില്‍ കാണ്ഡഹാറിന്റെ റിലീസ് നീട്ടട്ടെ എന്ന നിലപാടിലായിരുന്നു സുബൈര്‍. തര്‍ക്കം മുറുകിയതോടെ മോഹന്‍ലാല്‍ ഇടപെടുകയായിരുന്നു എന്നാണു കേട്ടത്. ലാലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് ജനുവരിയിലേയ്ക്ക് മാറ്റിയത്. ഇതോടെ ഈ വര്‍ഷം ഇനി മോഹന്‍ലാലിന്റെ ഒരു ചിത്രം മാത്രമേ എത്തൂ എന്ന് ഉറപ്പായിരിക്കുകയാണ്.

മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാറില്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ താരനിരയുണ്ട്. ആറ് കോടിയോളം മുടക്കുള്ള ക്രിസ്ത്യന്‍ ബ്രദേഴ്‌സ് നിര്‍മിച്ചിരിക്കുന്നത് സുബൈറിനൊപ്പം എ വി അനൂപാണ്.