Wednesday, April 27, 2011

പ്ലസ് ടു പരീക്ഷയെഴുതാന്‍ കാവ്യയും




ഓപ്പണ്‍ സ്‌കൂള്‍ വഴിയുള്ള പ്ലസ് ടു പരീക്ഷയെഴുതാനെത്തിയ വി.ഐ.പിയെക്കണ്ട് പരീക്ഷയെഴുതാന്‍ വന്ന കുട്ടികളൊന്നു ഞെട്ടി. ഏതോ ഷൂട്ടിംങ്ങോ മറ്റോ ഉണ്ടെന്നാണ് പിള്ളേരൊക്കെ ആദ്യം കരുതുന്നത്. എന്നാല്‍ കാവ്യ പരീക്ഷഹാളിലേക്ക് കയറിയപ്പോള്‍ കുട്ടികള്‍ക്ക് കാര്യം പിടികിട്ടി. തങ്ങളെപ്പോലെ കാവ്യയും പരീക്ഷയ്ക്ക് വന്നിരിക്കുകയാണെന്ന്.

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഓപ്പണിംഗ് സ്‌കൂളിംഗ് വഴിയുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷ കാവ്യ എഴുതുന്നത് എടത്തല അല്‍ അമീന്‍ ഇന്റര്‍നാഷണല്‍ പബ്ലിക്ക് സ്‌കൂളിലാണ്.

അച്ഛനൊപ്പം സ്‌കൂളില്‍ പരീക്ഷക്ക് അര മണിക്കൂര്‍ മുന്‍പേ എത്തിയ കാവ്യ കാറില്‍ നിന്നും ഹാളില്‍ കയറിയത് പരീക്ഷക്ക് ഏതാനും നിമിഷം മുമ്പാണ്. കാറിലിരുന്ന് പാഠങ്ങള്‍ അവസാനമൊന്ന് ഓടിച്ചുനോക്കി. പ്രിയനായിക തൊട്ടടുത്തിരുന്ന് പരീക്ഷയെഴുതുന്നത് കണ്ട് മറ്റു വിദ്യാര്‍ഥികളുടെ ശ്രദ്ധ മുഴുവന്‍ പാളിയെങ്കിലും കാവ്യ ലേശം ഗൗരവത്തില്‍ തന്നെ പരീക്ഷ പൂര്‍ത്തിയാക്കി. ഉടനെ കാറില്‍ കയറി പോവുകയും ചെയ്തു .മെയ് 2നാണ് പരീക്ഷ അവസാനിക്കുക .

പത്ത് വര്‍ഷമായി മോളിവുഡില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാവ്യയ്ക്ക് സിനിമയ്ക്കുവേണ്ടി പഠനം പാതിവഴിയിലാക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്താമെന്ന ഉറച്ച വിശ്വാസമുണ്ട് നടിക്ക്. പ്ലസ് ടു കടമ്പ കടന്നാല്‍ ഉപരിപഠനവും നടിയുടെ മനസിലുണ്ട്.