Showing posts with label jayaram. Show all posts
Showing posts with label jayaram. Show all posts

Thursday, June 23, 2011

ജയറാം ഇനി 'കമ്മീഷണര്‍ ആന്‍റണി തലശ്ശേരി



ഈ വര്‍ഷം ജയറാമിന് വിജയങ്ങളുടെ വര്‍ഷമാണ്. ജയറാം അഭിനയിച്ച ആറ്‌ ചിത്രങ്ങളാണ് ഈ ആറുമാസത്തിനുള്ളില്‍ പുറത്തിറങ്ങിയത്. അതില്‍ മൂന്നെണ്ണം മെഗാഹിറ്റുകള്‍. ചൈനാ ടൌണ്‍, സീനിയേഴ്സ്, മേക്കപ്പ്‌മാന്‍ എന്നിവ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചപ്പോള്‍ കുടുംബശ്രീ ട്രാവല്‍‌സ് ശരാശരി വിജയം നേടി. സബാഷ് ശരിയാന പോട്ടി, പൊന്നാര്‍ ശങ്കര്‍ എന്നീ തമിഴ് ചിത്രങ്ങളും പുറത്തിറങ്ങിയെങ്കിലും ബോക്സോഫീസില്‍ പരാജയപ്പെട്ടു.

നല്ല നര്‍മ്മമുള്ള കുടുംബചിത്രങ്ങള്‍ തെരഞ്ഞെടുക്കാനാണ് ഇപ്പോള്‍ ജയറാം കൂടുതല്‍ ശ്രദ്ധ വയ്ക്കുന്നത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ‘ഉലകം ചുറ്റും വാലിബന്‍’ എന്ന ചിത്രത്തിലാണ്. ഒരു തട്ടിപ്പുകാരന്‍റെ വേഷമാണ് ആ ചിത്രത്തില്‍. കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന ചിത്രം രാജ്ബാബു സംവിധാനം ചെയ്യുന്നു.

തട്ടിപ്പുകാരനില്‍ നിന്ന് ജയറാം പോകുന്നത് പൊലീസാകാനാണ്. അതേ, ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന് ‘സിറ്റി പൊലീസ് കമ്മീഷണര്‍ ആന്‍റണി തലശ്ശേരി’ എന്ന് പേരിട്ടു. കമ്മീഷണറായ ആന്‍റണി തലശ്ശേരി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.

നവാഗതനായ ലെന്നി പി തോമസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മീഷണര്‍ എന്നൊക്കെ കേട്ട് ആക്ഷന്‍ പടമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. ഇതും ഒരു സമ്പൂര്‍ണ കോമഡിച്ചിത്രം തന്നെ.

നന്‍‌മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, സരോജ, രഹസ്യപ്പോലീസ്, ഫിംഗര്‍ പ്രിന്‍റ്, ഇവര്‍, കൊല കൊലയാ മുന്തിരിങ്ങ തുടങ്ങിയ സിനിമകളിലാണ് മുമ്പ് ജയറാം പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

Tuesday, June 14, 2011

12 വര്‍ഷത്തിന് ശേഷം കമലും ജയറാമും ഒന്നിക്കുന്നു



കമല്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്നു. 12 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയറാം-കമല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നത്. 1998 ല്‍ പുറത്തിറങ്ങിയ കൈക്കുടന്ന നിലാവിലാണ് ഈ കൂട്ടികെട്ട് ഏറ്റവും ഒടുവില്‍ ഒന്നിച്ചത്.

കഥ തുടരുന്നു എന്ന ചിത്രത്തിനുശേഷം തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. കെ. ഗിരീഷ് കുമാര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഇന്നസെന്റ,് ബിജു മേനോന്‍, സലിംകുമാര്‍, സംവൃത സുനില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഛായാഗ്രഹണം - അഴകപ്പന്‍.

ജയരാജിന്റെ 'നായിക'യില്‍ ജയറാം നായകന്‍

 


'ദി ട്രെയിന്‍' റിലീസ് ചെയ്തതിന് പിന്നാലെ ജയരാജ് പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നു. ദീദി ദാമോദരന്റെ തിരക്കഥയില്‍ ഒരുക്കുന്ന 'നായിക'യുടെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിക്കുന്നു. ജയറാം, ശാരദ, പത്മപ്രിയ, മംമ്ത തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മകയിരം ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ബഞ്ചമിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'സീനിയേഴ്‌സ്' പൂര്‍ത്തിയാക്കി ഒരു മാസത്തെ കുടുംബസമേതമുള്ള വിദേശപര്യടനവും പൂര്‍ത്തിയാക്കിയാണ് ജയറാം ഈ പുതിയ ചിത്രത്തിലഭിനയിക്കുവാന്‍ എത്തിയത്.

കസ്തൂരി മണക്കുന്നല്ലോ കാറ്റേ...
നീ വരുമ്പോള്‍...
കണ്മണിയെ കണ്ടുവോ നീ...
കവിളിണ തഴുകിയോ നീ...


മലയാളികള്‍ നെഞ്ചോടുചേര്‍ത്തുപിടിച്ച ഹിറ്റ് മേക്കര്‍ ശശികുമാറിന്റെ 'പിക്‌നിക്' എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനം. നായികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ് മൂന്നാറില്‍ ചിത്രത്തിന്റെ ചിത്രീകരണമാരംഭിച്ചത്.

നായികയെ ഒരുക്കുന്നവര്‍


ബാനര്‍-മകീര്യം ക്രിയേഷന്‍സ്, നിര്‍മാണം-തോമസ് ബെഞ്ചമിന്‍, സംവിധാനം-ജയരാജ്, കഥ, തിരക്കഥ, സംഭാഷണം-ദീദി ദാമോദരന്‍, ഛായാഗ്രഹണം-സീനു മുരിക്കുമ്പുഴ, കലാസംവിധാനം-സുജിത് രാഘവ്, നൃത്തസംവിധാനം-സെല്‍വി, സംഗീതം-എം.കെ. അര്‍ജുനന്‍, ഗാനരചന- ശ്രീകുമാരന്‍തമ്പി, വസ്ത്രാലങ്കാരം-ഷീബാ രോഹന്‍, ചമയം- ബിജുഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മഹേഷ് കവടിയാര്‍.

Thursday, June 9, 2011

വരുന്നൂ... ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’



ഹിറ്റുകള്‍ അപൂര്‍വ സംഭവങ്ങളായി മാറുന്ന ഇക്കാലത്ത്, 200 ദിവസങ്ങളോളം തിയേറ്ററുകളില്‍ കളിച്ച് കോടികളുടെ ലാഭം നേടിയ മലയാള സിനിമയായിരുന്നു ‘ഹാപ്പി ഹസ്ബന്‍ഡ്സ്’. സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രം 8.5 കോടി രൂപയാണ് ലാഭം നേടിയത്. ഹാപ്പി ഹസ്ബന്‍ഡ്സിലെ തമാശകള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത - ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു.

‘കുഞ്ഞളിയന്‍’ എന്ന ചെറിയ ചിത്രത്തിന് ശേഷം സജി സുരേന്ദ്രന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമയിരിക്കും ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, ഭാവന, റീമ കല്ലിങ്കല്‍ എന്നിവര്‍ തന്നെ രണ്ടാം ഭാഗത്തിലും അഭിനയിക്കും. കൃഷ്ണ പൂജപ്പുരയായിരിക്കും തിരക്കഥയെഴുതുക.

മിലന്‍ ജലീല്‍ ചിത്രം നിര്‍മ്മിക്കുമെന്നാണ് ആദ്യ സൂചന. ജയറാമിന്‍റെയും ജയസൂര്യയുടെയും മറ്റ് പ്രൊജക്ടുകളുടെ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം ഹാപ്പി ഹസ്ബന്‍ഡ്സിന്‍റെ രണ്ടാം ഭാഗം ആരംഭിക്കാനാണ് സജി സുരേന്ദ്രന്‍ ഉദ്ദേശിക്കുന്നത്. അതിനു മുമ്പ് ‘കുഞ്ഞളിയന്‍’ തീര്‍ക്കും. ജയസൂര്യയാണ് ആ ചിത്രത്തിലെ നായകന്‍.

ഹാപ്പി ഹസ്ബന്‍ഡ്സ് രണ്ടാം ഭാഗത്തിന്‍റെ വണ്‍‌ലൈന്‍ കൃഷ്ണ പൂജപ്പുര പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുഞ്ഞളിയന്‍, മിസ്റ്റര്‍ സെക്യൂരിറ്റി എന്നീ ജയസൂര്യ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുന്നതും കൃഷ്ണ പൂജപ്പുരയാണ്.

Monday, May 16, 2011

സീനിയേഴ്‌സിന് തകര്‍പ്പന്‍ കളക്ഷന്‍



മെഗാഹിറ്റായ പോക്കിരി രാജയിലൂടെ അരങ്ങേറ്റംമ കുറിച്ച സംവിധായകന്‍ വൈശാഖിന്റെ രണ്ടാം ചിത്രമായ സീനിയേഴ്‌സും ചരിത്രം ആവര്‍ത്തിയ്ക്കുന്നു. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ ഈ കോമഡി-സസ്‌പെന്‍സ് ചിത്രത്തിന് തകര്‍പ്പന്‍ തുടക്കമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചിരിയ്ക്കുന്നത്.

ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ നായകന്മാരായ സീനിയേഴ്‌സ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളോട് കിടപിടിയ്ക്കുന്ന വരവേല്‍പാണ് ലഭിയ്ക്കുന്നത്. പത്മപ്രിയ, അനന്യ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

ആദ്യവാരത്തില്‍ മൂന്ന് കോടിയോളം രൂപയാണ് സീനിയേഴ്‌സിന് ഗ്രോസ് കളക്ഷന്‍ വന്നിരിയ്ക്കുന്നത്്. ഇതില്‍ നിര്‍മാതാവിന് മാത്രം 1.44 കോടി ഷെയര്‍ ലഭിയ്ക്കും. മമ്മൂട്ടി-ലാല്‍-പൃഥ്വി സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു ചിത്രത്തിന് ലഭിയ്ക്കുന്നഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണിത്.

പതിവ് ക്യാമ്പസ് മൂവീകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് സീനിയേഴ്‌സിന്റെ ജീവന്‍. തിരക്കഥയിലെ ചെറിയ പാളിച്ചകള്‍ സംവിധാന മികവിലൂടെ മറികടക്കാന്‍ വൈശാഖിന് കഴിഞ്ഞതും ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവരുടെ ഔട്ട്‌സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സുമാണ് സീനിയേഴ്‌സിന് തുണയാവുന്നത്. 80-100 ശതമാനം കളക്ഷനോടെ കുതിയ്ക്കുന്ന സീനിയേഴ്‌സ് 2011ലെ ഹിറ്റുകളിലൊന്നാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

Tuesday, May 10, 2011

സീനിയേഴ്സ് - ഒരു അടിപൊളി കാമ്പസ് സിനിമ



1. സീനിയേഴ്സ് കണ്ടു. 2. രസമുള്ള സിനിമ. 3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. 4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇം‌പ്രസീവ് ആക്കുന്നത്. 5. നായകന്‍‌മാരായ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ മനോഹരമായി അഭിനയിച്ചു. 6. പോക്കിരിരാജയെ അപേക്ഷിച്ച് വൈശാഖ് ഏറെ മുന്നേറിയിരിക്കുന്നു.

ഇനി ഓരോന്നായി പറയാം:

1. സീനിയേഴ്സ് കണ്ട

ഞാന്‍ വളരെ അകലെ നിന്ന് തിയേറ്ററിനെ നോക്കി. സീനിയേഴ്സ് റിലീസാകുന്ന ദിവസം. വലിയ തിരക്കൊന്നുമില്ല. ടിക്കറ്റ് കൌണ്ടറിനു മുന്നില്‍ അധികം പേരൊന്നുമില്ല. കഴിഞ്ഞ ദിവസം ‘മാണിക്യക്കല്ല്’ കാണാന്‍ പോയപ്പോള്‍ വിരലാല്‍ എണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് അതിലൊക്കെ എത്രയോ മെച്ചമാണ്.

തിയേറ്റര്‍ പരിസരത്ത് സിനിമാ രംഗത്തെ പരിചിത മുഖങ്ങളെയൊന്നും കണ്ടില്ല. എല്ലാ സിനിമയും ആദ്യ ദിവസം ആ‍ദ്യ ഷോ തന്നെ കാണുന്ന ചില സംവിധായകരുണ്ട്. അവരെയും കാണാനില്ല. തിയേറ്ററിനുള്ളില്‍ കടന്നു. എനിക്കു തോന്നുന്നത് ‘ഡബിള്‍സ്’ ഇം‌പാക്ട് ആണ് ഈ ചിത്രത്തിന് തിരക്കു കുറയാന്‍ കാരണം എന്നാണ്. സച്ചി - സേതു എഴുതുന്ന സിനിമ, ഡബിള്‍സിന് ശേഷമെത്തുന്ന അവരുടെ സിനിമ എന്നതൊക്കെ പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുണ്ടാകണം.

പക്ഷേ സിനിമ തുടങ്ങിയപ്പോഴേക്കും തിയേറ്റര്‍ ഏകദേശം നിറഞ്ഞു. ‘മമ്മൂട്ടിക്ക് നന്ദി’ എന്ന് എഴുതിക്കാണിച്ചപ്പോള്‍ ഒരു ആരവം. കുറച്ചുപേരുടെ ‘ജെയ്’ വിളികളും പിന്നെ ചിലയിടങ്ങളില്‍ നിന്ന് കൂവലും. സിനിമ തുടക്കം തന്നെ ഞെട്ടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കോളജില്‍ ഒരു കൊലപാതകം. അതും നമ്മുടെ മീരാ നന്ദനെ. ഫ്ലാഷ്ബാക്കാണ് കേട്ടോ. ജയറാമിന്‍റെ വോയിസ്‌ഓവറിലാണ് കഥ പറയുന്നത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്മനാഭന്‍(ജയറാം) ജയിലില്‍ പോകുന്നു.

11 വര്‍ഷത്തിന് ശേഷം പത്മനാഭന്‍റെ തീരുമാനമനുസരിച്ച് അയാളും കൂട്ടുകാരായ ഇടിക്കുള(ബിജുമേനോന്‍), റെക്സ്(കുഞ്ചാക്കോ ബോബന്‍), മുന്ന(മനോജ് കെ ജയന്‍) എന്നിവരും ക്യാം‌പസില്‍ പഠിക്കാനായി തിരിച്ചെത്തുകയാണ്. ഇനിയല്ലേ കളി...


2. രസമുള്ള സിനി

രസകരമായ ഒരു സിനിമയാണ് സീനിയേഴ്സ്. നാല്‍‌വര്‍ സംഘം എന്തിനാണ് കോളജില്‍ മടങ്ങിയെത്തിയത് എന്നതാണ് സിനിമയുടെ സസ്പെന്‍സ്. അവര്‍ക്ക് ചില ഉദ്ദേശ്യങ്ങളൊക്കെയുണ്ട്. കോളജില്‍ ചെല്ലുന്നപാടെ അതൊക്കെ അങ്ങു വെളിപ്പെടുത്താന്‍ പറ്റുമോ? അവിടെ ചില കളികള്‍, തമാശകള്‍, ഏറ്റുമുട്ടലുകള്‍. എന്തായാലും സീനിയേഴ്സ് തകര്‍ത്തുവാരി എന്നു പറഞ്ഞാല്‍ മതിയല്ലോ. ആദ്യ പകുതി ഒരു നിമിഷം പോലും ബോറടിക്കില്ല. 100% ഗ്യാരണ്ടി.

3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്

ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവയാണല്ലോ അടുത്ത കാലത്ത് ആഘോഷപൂര്‍വം എത്തിയ സിനിമകള്‍. സീനിയേഴ്സ് അവയെയൊക്കെ കടത്തിവെട്ടി. ചിരിപ്പിക്കുകയും രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണിത്. ഒരു രസമുണ്ട്. നമ്മുടെ അനന്യയുടെ ഒരു പ്രകടനം. ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയെ അനുകരിക്കുന്നുണ്ട് കക്ഷി. തിയേറ്ററില്‍ അതിന് സമ്മിശ്ര പ്രതികരണമാണെങ്കിലും ആ നിലപാട് എനിക്കിഷ്ടപ്പെട്ടു. വൈശാഖ് തന്‍റെ ആദ്യ സിനിമയെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്.

4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇം‌പ്രസീവ് ആക്കുന്നത

സച്ചി - സേതു കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് സീനിയേഴ്സില്‍. ഒരു നല്ല എന്‍റര്‍ടെയ്നര്‍ എങ്ങനെയെഴുതാമെന്ന് ഈ സിനിമയിലൂടെ അവര്‍ കാണിച്ചു തന്നു. ഡബിള്‍സിന് എന്താണാവോ പറ്റിയത്? നമ്മുടെ ലാല്‍(സിദ്ദിഖ് - ലാല്‍) സംവിധാനം ചെയ്ത ടു ഹരിഹര്‍ നഗര്‍ എന്ന സിനിമയില്ലേ. അതിന്‍റെ രചനാരീതിയാണ് സീനിയേഴ്സില്‍ സച്ചി - സേതു പിന്തുടര്‍ന്നിരിക്കുന്നത്. ചില ഡയലോഗുകളൊക്കെ ഗംഭീരമായി. ജയറാം ഒരിടത്ത് മിമിക്രി നമ്പര്‍ കാണിക്കുന്നുണ്ട്. പഴശ്ശിരാജയെയാണ് തോണ്ടിയിരിക്കുന്നത്. “പഴശ്ശിയുടെ സമരമുറകള്‍ കാമ്പസ് ഇനി കാണാന്‍ പോകുന്നതേയുള്ളൂ” - എന്താ ഒരു കൈയടി തിയേറ്ററില്‍!



5. നായകന്‍‌മാരായ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ മനോഹരമായി അഭിനയിച്ച

എങ്കിലും അടിച്ചുപൊളിച്ചത് ബിജു മേനോന്‍ തന്നെ. മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ബിജുവിന്‍റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തില്‍. ഫിലിപ്പ് ഇടിക്കുള എന്ന കഥാപാത്രം ബിജു അല്ലാതെ വേറെ ആരു ചെയ്താലും ഇത്ര നന്നാവില്ല. നല്ല മദ്യപാനിയാണ് കക്ഷി. ഇഷ്ടം പോലെ പണം. “ലിവര്‍ നല്ല കുങ്കുമപ്പൂ പോലെ ഇരുന്നപ്പോ...” എന്നൊക്കെയുള്ള തട്ടിവിടലുകള്‍ സൂപ്പര്‍. പിന്നെ ചില മാനറിസങ്ങള്‍. ‘കര്‍ത്താവേ...മിന്നിച്ചേക്കണേ...” പോലുള്ള നമ്പരുകള്‍. ബിജു ശരിക്കും കസറി.

മനോജ് കെ ജയനും മികച്ച കഥാപാത്രമാണ് - റഷീദ് മുന്ന. ഒരു പ്രണയരോഗി. നന്നായി, ഒരു വ്യത്യസ്തത അനുഭവപ്പെട്ടു. കുഞ്ചാക്കോ ബോബനും പെര്‍ഫോം ചെയ്യാന്‍ ഇടമുണ്ട്. അല്‍പ്പം മങ്ങിയത് ജയറാമാണ്. എങ്കിലും നല്ല ഊര്‍ജ്ജമുള്ള പ്രകടനം തന്നെയാണ് ജയറാമും നടത്തിയത്.

6. പോക്കിരിരാജയേക്കാള്‍ വൈശാഖ് ഏറെ മുന്നേറിയിരിക്കുന്ന

വൈശാഖ് ഒരു നല്ല സംവിധായകനാണെന്ന് പോക്കിരിരാജയിലേ തെളിയിച്ചതാണ്. നല്ല സ്ക്രിപ്റ്റ് കിട്ടിയാല്‍ വൈശാഖ് ഗംഭീരമാക്കും. ടെക്നിക്കലി ബ്രില്യന്‍റ്. പ്രേക്ഷകരെ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ അനുവദിക്കാതെ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ വൈശാഖിന് കഴിഞ്ഞു. ക്ലൈമാക്സിലെ സസ്പെന്‍സില്‍ വലിയ ത്രില്ലൊന്നും ഒളിപ്പിച്ചു വയ്ക്കാന്‍ സാധിച്ചില്ലെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ ഹാപ്പിയാണ്. വളരെ ഫാസ്റ്റായി കഥ പറഞ്ഞു പോകാന്‍ വൈശാഖിനു കഴിഞ്ഞു. ഈ ചെറുപ്പക്കാരന് നല്ല തിരക്കഥയില്‍ മനോഹരങ്ങളായ എന്‍റര്‍ടെയ്‌നറുകള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പ്.

അന്തിമവാചകം: കാണുക. ആസ്വദിക്കുക. ഒരു അടിപൊളി കാമ്പസ് സിനിമ.

 

Monday, May 2, 2011

അടിച്ചുപൊളിക്കാന്‍ സീനിയേഴ്സ് എത്തുന്നു



അവര്‍ വീണ്ടും മഹാ‍രാജാസ് ക്യാമ്പസ്സിലെത്തുന്നു. ഒരിക്കല്‍ കൂടി അവര്‍ അവിടെ പി ജി വിദ്യാര്‍ഥികളാകും. പഴയ സഹപാഠി ലക്ചററായി അവിടെയുള്ളതൊന്നും അവര്‍ക്ക് പ്രശ്നമല്ല. ക്ലാസ്സില്‍ അനുസരണയുള്ള വിദ്യാര്‍ഥികളാകാന്‍ മാത്രം കിട്ടില്ലെന്ന് മാത്രം. അല്‍പ്പം തല്ലുകൊള്ളിത്തരം ഉണ്ടെന്ന് ചുരുക്കം. പോക്കിരിരാജയുടെ വന്‍ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്സിനെ നായകരാണ് അവര്‍. മെയ് 27ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരാണ് വീണ്ടും കോളേജില്‍ ചേരുന്നത്. പഠനത്തിന് ശേഷം പല ജോലികള്‍ കണ്ടെതി ജീവിതം നയിക്കുകയായിരുന്ന ഇവര്‍ വീണ്ടും ക്യാമ്പസ്സിലെത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. കോളേജില്‍ ഇവര്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ ജെനി എന്ന പെണ്‍കുട്ടിയും ചേരുന്നു. പണ്ട് ഇവര്‍ക്കൊപ്പം ഇതേ കോളജില്‍ പഠിച്ച ഇന്ദുലേഖ ഇപ്പോള്‍ അവിടെ അധ്യാപികയാണെന്നതും കൌതുകം പകരും.

പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരെ യഥാക്രമം ജയറാം, ബിജുമേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ജെനിയെ അനന്യയും ഇന്ദുലേഖയെ പത്മപ്രിയയും അവതരിപ്പിക്കും. ഇവര്‍ക്ക് പുറമെ സിദ്ധിഖ്‌, വിജയരാഘവന്‍, ജഗതി, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ശ്രീജിത്‌ രവി, മധുപാല്‍, ലാലു അലക്‌സ്‌, നാരായണന്‍കുട്ടി, ഡോക്‌ടര്‍ റോണി, ജ്യോതിര്‍മയി, രാധാവര്‍മ, ഹിമ, ലക്ഷ്‌മിപ്രിയ എന്നിവരും ചിത്രത്തില്‍ ഉണ്ട്.

വാണിജ്യസിനിമയുടെ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം രഹസ്യയുടെ ഐറ്റം ഡാന്‍സ് യുവപ്രേക്ഷകര്‍ക്ക് ഹരം‌പകരും.

സച്ചി-സേതു തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖാ ഫിലിംസിന്റെ ബാനറില്‍ പി രാജനാണ്. അനില്‍ പനച്ചൂരാന്‍, വയലാര്‍ ശരത്‌ചന്ദ്രവര്‍മ, സന്തോഷ്‌ വര്‍മ എന്നിവര്‍ ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അല്‍ഫോന്‍സ്‌, ജാസിഗിഫ്‌റ്റ്‌, അലക്‌സ്‌ പോള്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാജിയാണ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Friday, April 8, 2011

സീനീയേഴ്സ് ചിത്രീകരണം പൂര്‍ത്തിയാവുന്നു




പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം വൈശാഖന്‍ സംവിധാനം ചെയ്യുന്ന സീനീയേഴ്സിന്‍റെ ചിത്രീകരണം പൂര്‍ത്തിയാവുന്നു.ചിത്രം മെയ്‌ അവസാന വാരം പ്രദര്‍ശനത്തിന് എത്തും.ജയറാം,മനോജ്‌ കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.പദ്മപ്രിയ,അനന്യ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍ .തമിഴിലെ ഐറ്റം ഡാന്‍സര്‍ ആയ രഹസ്യയുടെ ഒരു നൃത്ത രംഗം ഈയിടെ ചിത്രത്തിന് വേണ്ടി ആലുവയില്‍ ചിത്രീകരിക്കുകയുണ്ടായി.ചിത്രത്തിലെ വളരെയധികം പ്രാധാന്യമുള്ള ഒരു രംഗമായിരുന്നു അത്.സച്ചി സേതു ടീം രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏപ്രില്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയാകും.

Monday, March 14, 2011

വിഷു ചിരിയുടെ വെടിക്കെട്ടായി ചൈനാ ടൗണ്‍



ഈ വര്‍ഷത്തെ സൂപ്പര്‍ മള്‍ട്ടിസ്റ്റാര്‍ മൂവി ചൈനാ ടൗണിന്റെ റിലീസ് ഡേറ്റ് വീണ്ടും മാറ്റി. ഏപ്രില്‍ ഏഴില്‍ നിന്നും വിഷു ദിനമായ 15ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. ചൈനാ ടൗണ്‍ ഈ ദിവസം തന്നെ തിയറ്ററുകളിലെത്തുമെന്നും നിര്‍മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ദിലീപിനെയും ജയറാമിനെയും കൂട്ടുപിടിച്ച് ബോക്‌സ് ഓഫീസ് വെട്ടിപ്പിടിയ്ക്കാനെത്തുന്ന മോഹന്‍ലാല്‍ ചിത്രം ഈ സമ്മര്‍ സീസണിലെ വന്‍ഹിറ്റാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്‍ കേരളം തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോള്‍ സിനിമ റിലീസ് ചെയ്യുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഏപ്രില്‍ 15ലേക്ക് റിലീസ് നീട്ടാന്‍ ആശീര്‍വാദ് ഫിലിംസിനെ പ്രേരിപ്പിച്ചത്.

വിഷുവിന് വന്‍ ചിത്രങ്ങള്‍ക്കൊന്നും റിലീസ് ഇല്ലാത്ത സാഹചര്യത്തില്‍ ചൈനാ ടൗണിന് നൂറിലധികം തിയറ്ററുകള്‍ ലഭിയ്ക്കുമെന്നും ഉറപ്പാണ്.

Thursday, March 10, 2011

ഷാഫിയെ പിടികൂടാന്‍ സൂപ്പര്‍താരങ്ങള്‍



മലയാള സിനിമയില്‍ ഇന്ന് മിനിമം ഗ്യാരണ്ടിയുള്ള സംവിധായകന്‍ ആരാണ്? സത്യന്‍ അന്തിക്കാടെന്ന് നിസംശയം പറയാം. അതിന് ശേഷം? വേറൊരാളെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഷാഫി എന്ന യുവസംവിധായകന്‍ ആ വിശേഷണത്തിന് അര്‍ഹനാണ്. സംവിധാനം ചെയ്തവയില്‍ ഒരു ചിത്രമൊഴികെ മറ്റെല്ലാം ഹിറ്റുകള്‍, പണം‌വാരിപ്പടങ്ങള്‍. അവസാനം ചെയ്ത രണ്ട് സിനിമകളും മെഗാഹിറ്റുകള്‍(മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്‌മാന്‍)‍. ചൂണ്ടയും വലയുമായി സൂപ്പര്‍താരങ്ങള്‍ ഇറങ്ങിത്തിരിക്കാന്‍ കാരണം വേറെ വേണോ?

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഇപ്പോള്‍ ഷാഫിക്ക് പിന്നാലെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എല്ലാം ഷാഫിയുടെ ഡേറ്റ് എപ്പോഴത്തേക്ക് അവൈലബിളാകും എന്ന് കാത്ത് നില്‍ക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രൊജക്ടുകള്‍ ഷാഫി തീരുമാനിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിച്ചിത്രമാണ് ഷാഫി ഉടന്‍ ചെയ്യുന്നത്. മുരളീ മൂവീസ് മാധവന്‍ നായരാണ് നിര്‍മ്മാതാവ്. ഒരു ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നറാണ് ഷാഫി ഈ ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. തൊമ്മനും മക്കളും, മായാവി എന്നീ ബമ്പര്‍ ഹിറ്റുകള്‍ മുമ്പ് ഷാഫി - മമ്മൂട്ടി ടീം നല്‍കിയിട്ടുണ്ട്.

മമ്മൂട്ടിച്ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുകയാണ് ഷാഫിയുടെ ലക്‍ഷ്യം. കാണ്ഡഹാറിന്‍റെ സഹനിര്‍മാതാവായ സുനില്‍ സി നായരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ബെന്നി പി നായരമ്പലം, സച്ചി - സേതു തുടങ്ങി ഷാഫിയുടെ പതിവ് എഴുത്തുകാരെല്ലാം പുതിയ ഷാഫിച്ചിത്രങ്ങളുടെ ആലോചനകളുമായി തിരക്കിലാണ്.

Wednesday, March 2, 2011

മാതൃഭൂമി മ്യൂസിക്കിന്റെ 'ചൈന ടൗണ്‍' ഓഡിയോ സി.ഡി. പുറത്തിറക്കി



മാതൃഭൂമി മ്യൂസിക്ക് പുറത്തിറക്കുന്ന 'ചൈന ടൗണ്‍' ഓഡിയോ സി.ഡി പ്രകാശനം ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്‍ കേണല്‍ ബി.എസ്. ബാലിയില്‍ നിന്ന് മാക്‌സ് ലാബ് ഡയരക്ടര്‍ കെ.സി. ബാബു ഏറ്റുവാങ്ങി.

കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല, മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ചലചിത്രതാരങ്ങളായ മോഹന്‍ലാല്‍, ജയറാം, പ്രിഥ്വിരാജ്, ദിലീപ്, ഇന്ദ്രജിത്ത്, ബിജുമേനോന്‍, കാവ്യമാധവന്‍, സ്വരാജ് വെഞ്ഞാറംമൂട്, സുരേഷ്‌കൃഷ്ണ, സംവൃതാസുനില്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രമുഖവ്യവസായി രവിപിള്ള, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയാ മാനേജര്‍ കെ.ആര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ടിനി ടോം, സ്വരാജ് വെഞ്ഞാറംമൂട് എന്നിവര്‍ അവതരിപ്പിച്ച കോമഡിഷോയും അഫ്‌സലിന്റെ ഗാനമേളയുമുണ്ടായിരുന്നു. മലബാര്‍ ഗോള്‍ഡായിരുന്നു പരിപാടിയുടെ പ്രായോജകര്‍.

Sunday, February 13, 2011

ഉറുമിയെപ്പേടിച്ച് സൂപ്പര്‍റുകള്‍ മാറി?




അവധിക്കാലചിത്രങ്ങളായി പ്രദര്‍ശനത്തിന് വരുന്നവയുടെ പട്ടികയില്‍ പ്രമുഖ ചിത്രങ്ങളായിരുന്നു ഉറുമി, ചൈനാ ടൗണ്‍, ആഗസ്റ്റ് 15 എന്നിവ.

എന്നാല്‍ ഇതില്‍ ഉറുമി മാത്രമേ മാര്‍ച്ച് 30 റിലീസ് ചെയ്യുകയുള്ളുവെന്നാണ് പുതിയ റിപ്പോര്‍്ട്ട്. ഉറുമിയെപ്പേടിച്ചാണ് ചൈനാ ടൗണ്‍, ആഗസ്റ്റ് 15 എന്നിവയുടെ റീലീസ് നീട്ടിയിരിക്കുന്നതെന്നാണ് സൂചന.

നേരത്തേ മോഹന്‍ാല്‍ ചിത്രത്തിനൊപ്പം തന്റെ ചിത്രം റിലീസ് ചെയ്യാന്‍ പൃഥ്വിരാജ് ധൈര്യം കാണിക്കുകയായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ ആഗസ്റ്റ് 15ഉം ഇതേദിവസം റിലീസ് തീരുമാനിച്ചു. എന്നാല്‍ പൃഥ്വിയോട് ഏറ്റുമുട്ടാന്‍ സൂപ്പര്‍താരങ്ങള്‍ ഭയക്കുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ആഗസ്റ്റ് 15 ഉറുമിക്ക് മുമ്പേ റീലീസ് ചെയ്യാനാണ് നീക്കമെന്നാണ് സൂചന. അതേസമയം ചൈനാ ടൗണ്‍ വൈകും. ഏപ്രില്‍ ഏഴിനു മാത്രമേ ചൈനാ ടൌണ്‍ പ്രദര്‍ശനത്തിനെത്തൂകയുള്ളു.

ഗസ്റ്റ് 15 എത്തുന്നത് മാര്‍ച്ച് 25നാണ്. ഉറുമിയുമായി ഒരു ആഴ്ചയുടെ സുരക്ഷിതമായ അകലം പാലിച്ചാണ് രണ്ടു സിനിമകളും പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടെ പൃഥ്വിയ്ക്ക് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മാറ്റുരയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടു.

ഉറുമിയിലാകട്ടെ പ്രഭുദേവ, ജനിലിയ, തബു, വിദ്യാ ബാലന്‍ തുടങ്ങിയ വന്‍ താരനിരയാണ് പൃഥ്വിക്കൊപ്പം അണിനിരക്കുന്നത്. ലോകോത്തര സംവിധായകന്‍ സന്തോഷ് ശിവനാണ് ഉറുമി ഒരുക്കുന്നത്.

മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും കാവ്യാമാധവനുമാണ് ചൈനാ ടൌണിലെ താരങ്ങള്‍. ചൈനാ ടൌണ്‍ സംവിധാനം ചെയ്തിരിക്കുന്നത് റാഫി മെക്കാര്‍ട്ടിനാണ്. ആഗസ്റ്റ് 15ല്‍ ഷാജി കൈലാസ് എസ് എന്‍ സ്വാമി ടീമാണ് മമ്മൂട്ടിക്കൊപ്പം ചേരുന്നത്.

Thursday, February 10, 2011

മേക്കപ്പ്‌മാന്‍: ഇതും കഥ! ഇതും സിനിമ!



നല്ല പേരും പെരുമയുമുള്ള കുടുംബത്തിന്‍റെ യശസൊന്നാകെ നശിപ്പിക്കാന്‍ ഒരുത്തനെങ്കിലും ആ കുടുംബത്തില്‍ ഉണ്ടാകും എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് ചില നല്ല സംവിധായകര്‍ ഇടയ്ക്ക് പടച്ചുവിടുന്ന സിനിമകള്‍. ഷാഫി മലയാളത്തിലെ നല്ല സംവിധായകരില്‍ ഒരാളാണ്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളയാള്‍. അദ്ദേഹത്തിന്‍റെ പേര് നശിപ്പിക്കുന്ന ചില സിനിമകള്‍ ഇടയ്ക്ക് ജനിക്കും. ലോലിപോപ്പ് അങ്ങനെയൊന്നായിരുന്നു. ഇപ്പോഴിതാ മേക്കപ്പ്‌മാന്‍.

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന എന്‍റര്‍ടെയ്നറിന്‍റെ വിജയശോഭയില്‍ നില്‍ക്കുന്ന ഷാഫിക്ക് കണ്ണുകിട്ടാതിരിക്കണമെങ്കില്‍ ഒരു കറുത്തപൊട്ട് ആവശ്യമാണല്ലോ. ഷാഫിയുടെ കരിയറിലെ കറുത്ത പാടാണ് മേക്കപ്പ്‌മാന്‍. ഇതും കഥ, ഇതും സിനിമ എന്ന് പരിതപിക്കുകയല്ലാതെ വഴിയില്ല.

മികച്ച രീതിയില്‍ തുടങ്ങുകയും ആദ്യ പകുതി ഭംഗിയായി അവസാനിപ്പിക്കുകയും ചെയ്ത ശേഷം രണ്ടാം പകുതിയില്‍ മൂക്കും കുത്തി വീഴുന്ന അനുഭവം. (ഈ സിനിമ ഇടയില്‍ നിര്‍ത്തി ഷാഫി മേരിക്കുണ്ടൊരു കുഞ്ഞാട് ചെയ്യാന്‍ പോയതിന്‍റെ രഹസ്യം സിനിമ കണ്ടപ്പോഴാണ് മനസിലായത്. മേക്കപ്പ്‌മാന്‍റെ വിധി ഷാഫി മുമ്പുതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകണം).

മേലേപ്പറമ്പിലെ ആണ്‍വീട്ടിലേക്ക് ചാക്കോച്ചന്‍



രണ്ടാംഭാഗങ്ങളുടെ പ്രളയകാലത്ത് ജയറാം-രാജസേനന്‍ ടീമിന്റെ മേലപ്പറമ്പിലെ ആണ്‍വീടിന്റെ കഥ ഒരിയ്ക്കല്‍ കൂടി വെള്ളിത്തിരയിലെത്തുകയാണ്. ജയറാം ജഗതിയും ശോഭനയുമെല്ലാം നിറഞ്ഞുനിന്ന മേലേപ്പറമ്പ് വീട്ടുകാരുടെ കഥ തുടര്‍ന്നും പറയുന്നത് സംവിധായകന്‍ രാജസേനന്‍ തന്നെ.

എന്നാല്‍ രണ്ടാം ഭാഗത്തില്‍ ജയറാമിന് പകരം യുവനിരയിലെ പ്രമുഖനായ കുഞ്ചാക്കോ ബോബന്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാമിന്റെ കഥാപാത്രം അതേരീതിയില്‍ തുടരാതെ മറ്റൊരു തലത്തില്‍ അവതരിപ്പിയ്ക്കാനാണ് സംവിധായകന്‍ രാജസേനന്റെ തീരുമാനം. ശോഭന അതിഥിതാരമായിട്ടായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുക.

അതേസമയം ചാക്കോച്ചന്‍ സിനിമയ്ക്ക് പൂര്‍ണമായും സമ്മതം മൂളിയിട്ടില്ല. ദുബയിലുള്ള താരം തിരിച്ചെത്തിയാലുടന്‍ ഇക്കാര്യം ഫൈനലൈസ് ചെയ്യും. രണ്ടാംവരവില്‍ നല്ല കഥാപാത്രങ്ങളെ മാത്രം തേടുന്ന കുഞ്ചാക്കോ എണ്ണം കുറഞ്ഞാലും മികച്ച റോളുകള്‍ മതിയെന്ന ഉദ്ദേശത്തിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.

ക്ലിയോപാട്ര എന്ന സിനിമയ്ക്ക് കഥയെഴുതിയ സതീഷ് കുമാറാണ് മേലപ്പറമ്പിന്റെ കടലാസ് ജോലികള്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. നല്ല തിരക്കഥകളില്‍ എന്നും മികച്ച റിസല്‍ട്ട് ഉണ്ടാക്കിയ രാജസേനന്‍ മേലേപ്പറമ്പിന്റെ രചനയില്‍ കൈകടത്താത് നല്ല സൂചനയാണ്. മാണി സി കാപ്പന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും നിര്‍മാതാവ്.

Tuesday, February 8, 2011

റഹ്‌മാന്‍ വരില്ല, മമ്മൂട്ടി ട്രെയിനില്



ജയരാജ് മലയാളത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ സംവിധായകനാണ്. ഭരതന്‍റെ ശിഷ്യനായ ഈ സംവിധായകന്‍ അടുത്ത ഭരതനായി മാറുമെന്നുവരെ പ്രേക്ഷകര്‍ വിശ്വസിച്ചു. എന്നാല്‍ എല്ലാം തകിടം മറിയുകയായിരുന്നു. മികച്ച സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ തീരെ നിലവാരമില്ലാത്ത സൃഷ്ടികളും ഈ സംവിധായകനില്‍ നിന്നുണ്ടായി. ഒടുവില്‍ നിലവാരമില്ലാത്ത സിനിമകള്‍ തുടരെ നല്‍കിയപ്പോള്‍ ജയരാജ് എന്ന പേര് കണ്ട് തിയേറ്ററില്‍ കയറുന്ന പതിവ് പ്രേക്ഷകര്‍ അവസാനിപ്പിച്ചു.

എങ്കിലും, ജയരാജ് ഒടുവില്‍ ചെയ്ത ‘ലൌഡ് സ്പീക്കര്‍’ എന്ന സിനിമ പുതുമയുള്ള ഒന്നായിരുന്നു. അത് മലയാളികള്‍ സ്വീകരിക്കുകയും ചെയ്തു. വീണ്ടും ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനായിരുന്നു ജയരാജിന്‍റെ പദ്ധതി. ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്നായിരുന്നു സിനിമയുടെ പേര്. ഈ ചിത്രത്തില്‍ സാക്ഷാല്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. മമ്മൂട്ടി ഒരു പൊലീസ് ഓഫീസറായി അഭിനയിക്കുന്ന സിനിമയില്‍ ജയസൂര്യയും പ്രധാനവേഷം ചെയ്യുമെന്നായിരുന്നു വിവരം. പെട്ടെന്ന് ഈ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു.

പിന്നീട് പല വാര്‍ത്തകള്‍ വന്നു. ജയറാമും സബിതാ ജയരാജും ഒന്നിക്കുന്ന ‘പകര്‍ന്നാട്ടം’ എന്ന ചിത്രം ജയരാജ് സംവിധാനം ചെയ്യുന്നു എന്നായിരുന്നു അതിലൊന്ന്. ശാരദയെ നായികയാക്കി ‘നായിക’ എന്നൊരു സിനിമ ചെയ്യുന്നതായും വാര്‍ത്തയെത്തി. ഇപ്പോഴിതാ ജയരാജിന്‍റെ മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചിരിക്കുന്നു. ‘ദി ട്രെയിന്‍’ എന്നാണ് സിനിമയുടെ പേര്. ഈ സിനിമയില്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുന്നില്ല. അതായത് ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്ന സിനിമ പേരുമാറി ‘ദി ട്രെയിന്‍’ ആയതല്ല എന്നര്‍ത്ഥം. കഥ അപ്പാടെ മാറിയിരിക്കുന്നു.

2006ല്‍ മുംബൈയില്‍ ട്രെയിനുകളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലമാണ് പുതിയ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. ഈ സ്ഫോടനം ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് നോക്കിക്കാണുകയാണ് സംവിധായകന്‍. ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് കമാന്‍ഡറായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. ബോളിവുഡ് നായിക അഞ്ചല സബര്‍വാള്‍ ആണ് നായിക.

സബിത ജയരാജ്, ജയസൂര്യ, ജഗതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി എസ് ടി, നരിമാന്‍ പോയിന്‍റ്, നവി മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പെട്ടെന്നുള്ള പ്രൊജക്ട് പ്രഖ്യാപനവും ചിത്രീകരണം ആരംഭിക്കലുമൊക്കെ ജയരാജിന് പതിവുള്ളതാണ്. എന്നാല്‍ ഒരു മമ്മൂട്ടിച്ചിത്രം ആ രീതിയില്‍ ആരംഭിച്ച് സിനിമാലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് ജയരാജ്.

Monday, February 7, 2011

മാര്‍ച്ച് 30: ചൈനാ ടൗണ്‍ X ആഗസ്റ്റ് 15

ഷാജി കൈലാസ് മമ്മൂട്ടി ചിത്രമായ ആഗസ്റ്റ് 15ന്റെ റിലീസ് വീണ്ടും മാറിയിരിക്കുന്നു. ആദ്യം ക്രിസ്മസിനും പിന്നീട് ഫെബ്രുവരി മൂന്നിലേക്കും ചാര്‍ട്ട് ചെയ്ത ചിത്രം ഏറെ വൈകി മാര്‍ച്ച് 30ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യം നിര്‍മാതാക്കളായ അരോമ ഫിലിംസ് തിയറ്ററുകളെ അറിയിച്ചു കഴിഞ്ഞു.

20 വര്‍ഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗമായാണ് ആഗസ്റ്റ് 15 റിലീസിനൊരുങ്ങുന്നത്. ആഗസ്റ്റ് 15ലെ പെരുമാളിലൂടെ ചെറിയൊരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.

ഡേറ്റ് മാറ്റത്തെപ്പറ്റി ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റും പരീക്ഷാക്കാലവുമാണ് അരോമ മണിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ദ്രോണയുടെ തിക്താനുഭവം ഓര്‍മ്മയിലുള്ളത് കൊണ്ടാണ് ഇതെന്ന് പറയുന്നവരും കുറവല്ല.

എന്തായാലും ആഗസ്റ്റ് 15ന്റെ റിലീസ് മാറ്റം ഒരു വമ്പന്‍ പോരിനാണ് വഴിതുറന്നരിയ്ക്കുന്നത്. മാര്‍ച്ചില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന സിനിമകളുടെ പട്ടികയിലാണ് മമ്മൂട്ടി ചിത്രം എത്തിപ്പെട്ടിരിയ്ക്കുന്നത്. ലാലിന്റെ മള്‍ട്ടിസ്റ്റാര്‍ മൂവികളും പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയോടും മത്സരിയ്ക്കാനാണ് ഷാജി-മമ്മൂട്ടി സഖ്യം ഒരുങ്ങുന്നതെന്ന് ചുരുക്കം.

ക്രിസത്യന്‍ ബ്രദേഴ്‌സ്, ഉറുമി, ചൈനാ ടൗണ്‍ എന്നീ സിനിമകളെല്ലാം മാര്‍ച്ചിലാണ് തിയറ്ററുകളിലെത്തുന്നത്. ഇതില്‍ ചൈനാ ടൗണും ആഗസ്റ്റ് 15ഉം ഒരു ദിവസം റിലീസ് ചെയ്യുന്നു. ദിലീപ് -ജയറാം-മോഹന്‍ലാല്‍ ടീമിനെ മമ്മൂട്ടി-ഷാജി സഖ്യം എതിരിടുമ്പോള്‍ വിജയം ആര്‍ക്കെന്ന് പ്രവചിയ്ക്കുക പ്രയാസമാവും.

Thursday, February 3, 2011

Review: Kudumbasree Travels



സിനിമ കാണാതെ റിവ്യു എഴുതാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ബഹുമാനപ്പെട്ട വായനക്കാര്‍ യോജിക്കുമെന്നു തന്നെയാണ് എന്റെ വിചാരം; സിനിമയുടെ പോസ്റ്റര്‍ പോലും കാണാതെ കമന്റ് എഴുതുന്നവര്‍ക്കു വരെ ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായം ഉണ്ടാകാനിടയില്ല. (സിനിമയ്‌ക്കൊപ്പം റിവ്യുവും തയാറാക്കുകയും അതൊക്കെ പല പേരുകളില്‍ പത്രവാരികകളില്‍ അച്ചടിപ്പിക്കാനുള്ള ഷോര്‍ട്ട്കട്ടുകള്‍ അറിയുകയും ചെയ്യാവുന്ന ലോകപ്രശസ്തരായ ചില അവാര്‍ഡ് സിനിമക്കാരുണ്ട് മലയാളത്തില്‍. അവര്‍ക്ക് ഈ നിയമം ബാധകമല്ല; നിങ്ങള്‍ യോജിച്ചാലും ഇല്ലെങ്കിലും.)

ഈ നിയമമനുസരിച്ച്, കുടുംബശ്രീ ട്രാവല്‍‌സ് എന്ന സിനിമയേക്കുറിച്ച് എഴുതണമെങ്കില്‍ ഞാന്‍ അതു കാണുക തന്നെ വേണം. പക്ഷേ, ദ് മെട്രോ എന്ന സിനിമ കണ്ട് മുകളില്‍ കാണുന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ അവസ്ഥയിലായ ഞാന്‍ ഉടനെ മറ്റൊരു മലയാ‍ളം സിനിമ കാണുന്നത് അപകടകരമായിരിക്കുമെന്ന് കുടുംബഡോക്‍ടര്‍ കര്‍ശനമായി വിലക്കി. വെറുതേ കയറി അങ്ങ് റിവ്യു എഴുതാന്‍ ഞാന്‍ ലോകപ്രശസ്‌ത സംവിധായകനൊന്നും അല്ല താനും.

ഈ വിഷമസന്ധിയില്‍ പെട്ട് എന്റെ ഉറക്കവും ഊണും നഷ്‌ടപ്പെട്ട സമയത്താണ് ദേവദൂതനെപ്പോലെ ഒരു ചെറുപ്പക്കാരന്‍ രക്ഷയ്‌ക്കെത്തിയത്. ദാ, ഈ ചിത്രത്തില്‍ കാണുന്നതുപോലെ ഒരു മിടുക്കന്‍‍. നല്ല അറിവും ബോധവുമൊക്കെയുള്ള ഒരാളാണെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നിപ്പോകും. എനിക്കും തോന്നി. അദ്ദേഹം സിനിമ കാണാന്‍ പോവുകയാണെന്നും കണ്ടാലുടന്‍ റിവ്യു ഇ-മെയില്‍ ചെയ്യാമെന്നും പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷം മാത്രമല്ല, ബഹുമാനവും തോന്നി. എഴുത്ത് മോശമല്ലെങ്കില്‍ റിവ്യുപ്പണി പതിവായി ഈ മഹാനുഭാവനെ ഏല്പിച്ചാലോയെന്ന് പോലും തോന്നിപ്പോയി. ഇതാ അദ്ദേഹം അയച്ചുതന്ന റിവ്യു:

മലയാളസിനിമയിലെ നവാഗതപ്രതിഭാസമാ‍യ കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവല്‍‌സ് പറയുന്നത് ചാക്യാര്‍കൂത്തില്‍ കേമനായ അരവിന്ദന്റെ (ജയറാം) കഥയാണ്. അരവിന്ദന്‍ പെണ്ണു കെട്ടാന്‍ റെഡിയായി നടപ്പു തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഗണപതിയുടെ വിവാഹം പോലെ അതിങ്ങനെ നീണ്ടു നീണ്ടു പോവുകയാണ്. നങ്ങ്യാര്‍കൂത്ത് കലാകാരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന അരവിന്ദന്റെ പോളിസിയാണ് വിവാഹത്തിനു വിലങ്ങനെ നില്‍ക്കുന്നത്. ഒടുവില്‍, അശ്വതിയെ (ഭാവന) കാണുന്നതോടെ ആ പ്രശ്‌നത്തിനു പരിഹാരമാകുന്നു. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കല്യാണം.. അതു മാത്രം നടക്കുന്നില്ല. കാരണം കൊച്ചി നഗരത്തില്‍ ബോംബു വയ്‌ക്കാന്‍ വന്ന ഭീകരപ്രവര്‍ത്തകര്‍! ഇവിടെ കല്യാണം, അവിടെ ബോംബു വയ്‌ക്കല്‍… ഇവിടെ കല്യാണം, അവിടെ ബോംബു വയ്‌ക്കല്‍… കല്യാണം, ബോംബു വയ്‌ക്കല്‍… കല്യാണം, ബോംബു വയ്‌ക്കല്‍… അതിങ്ങനെ മാറി മാറി ഫാസ്‌റ്റായി കാണിക്കുന്നു. പക്ഷേ, കല്യാണം നടക്കുന്നില്ല.. ബോംബ് പൊട്ടുന്നില്ല! അരവിന്ദന്‍ ബോംബ് വച്ച പെട്ടിയുമായി ഓടുകയാണ്.. ഒരു ഭ്രാന്തനെപ്പോലെ. അയാളത് പുഴയിലേക്ക് വലിച്ചെറിയുന്നു.. ഭും! എന്തൊരു അതിശയം.. അപ്പോള്‍ ബോംബ് പൊട്ടുന്നു.. അരവിന്ദന്റെയും അശ്വതിയുടെയും വിവാഹം നടക്കുന്നു. എല്ലാവരും ചിരിക്കുന്നു. തിയറ്ററില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിക്കുന്നു… ആഹഹ! പൊട്ടിച്ചിരിപ്പിക്കുകയും ഉറക്കെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല എന്ന് എനിക്ക് വേദനയോടെ പറയേണ്ടിവരും.

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഇത്രയും നല്ല സിനിമ കാണാതിരിക്കുന്നത് ശരിയല്ലല്ലോ എന്നൊരു വിചാരമാണ് എനിക്ക് ആദ്യമുണ്ടായത്; തികച്ചും സ്വാഭാവികം. റിവ്യു മൂവിരാഗയ്‌ക്ക് അയക്കുന്നതിനു മുന്‍‌പ് തീര്‍ച്ചയായും കുടുംബശ്രീ ട്രാവല്‍‌സ് കാണണമെന്ന തീരുമാനത്തിലെത്താന്‍ പിന്നെ ഒരുപാട് സമയമൊന്നും വേണ്ടിവന്നില്ല. ഈ സംഭവപരമ്പരയില്‍ വലിയൊരു ട്വിസ്റ്റ് ഉണ്ടായത് പിറ്റേന്നാണ്. സിനിമയ്‌ക്ക് പോകുന്ന വഴി നമ്മുടെ നവനിരൂപകനെ വീണ്ടും കാണാനിടയായി. താഴെ കാണുന്നതുപോലുള്ള അവസ്ഥയിലായിരുന്നു അദ്ദേഹം! കുടുംബശ്രീ ട്രാ‍വല്‍‌സ് കണ്ടതിനു ശേഷം ഇതാണത്രേ പാവത്തിന്റെ കോലം.

Monday, January 31, 2011

ജയറാമും ഓണ്‍ലൈനിലെ താരം



ലേശം വൈകിയാണെങ്കിലും മലയാളത്തിലെ ജനപ്രിയ താരം ജയറാമും ഓണ്‍ലൈനില്‍. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ദിലീപിനും പിന്നാലെയാണ് പത്മശ്രീ ജയറാമും ഓണ്‍ലൈനില്‍ സാന്നിധ്യം അറിയിച്ചിരിയ്ക്കുന്നത്.

കൊച്ചിയിലെ ഡി വാലോര്‍ ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ജയറാമിന്റെ വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനാ ടൗണിന്റെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ദിലീപും പങ്കെടുത്തു.

ജയറാമിന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്.

ജയറാം അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ആരാധകര്‍ക്ക് വാള്‍പേപ്പറുകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സേവനങ്ങള്‍ അധികം വൈകാതെ ഉള്‍പ്പെടുത്തുമെന്നാണ് സൈറ്റ് അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.

ദക്ഷിണേന്ത്യന്‍ നടന്മാരില്‍ ആദ്യമായി വെബ്‌സൈറ്റ് ആരംഭിച്ചത് മമ്മൂട്ടിയായിരുന്നു. പിന്നീട് കംപ്ലീറ്റ്ആക്ടര്‍ എന്ന പേരില്‍ മോഹന്‍ലാലും ദിലീപ് ഓണ്‍ലൈന്‍ എന്ന സൈറ്റിലൂടെ ദിലീപും ഓണ്‍ലൈന്‍ ലോകത്തെ താരങ്ങളായി.

Friday, January 14, 2011

മോഹന്‍ലാല്‍ അച്‌ഛനും മകനുമായി വേഷമിടുന്നു



കോമഡിയുടെ അകമ്പടിയോടെ ഒരുങ്ങുന്ന ഫാമിലി ആക്ഷന്‍ ചിത്രമായ ചൈനാ ടൗണില്‍ നീണ്ട ഒരിടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍ അച്‌ഛനും മകനുമായി വേഷമിടുന്നു. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ഈ മള്‍ട്ടി സ്‌റ്റാര്‍ മൂവിയില്‍ ജയറാമും ദിലീപുമാണ്‌ മറ്റു രണ്ട്‌ നായകന്മാര്‍. കാവ്യ മാധവന്‍, പൂനം ബജ്‌വ, ദിപാഷ എന്നിവരാണ്‌ നായികമാര്‍.

ഗുണ്ടയായ മാത്യുക്കുട്ടിയായി ലാല്‍, പണക്കൊതിയന്‍ സഖറിയ, സ്‌നേഹം ഒരു ദൗര്‍ബല്യമായി കൊണ്ടുനടക്കുന്ന ബിനോയി എന്നീ കഥാപാത്രങ്ങളെ ജയറാമും ദിലീപും അവതരിപ്പിയ്‌ക്കുന്നു. എന്നാല്‍ ചൈനാ ടൗണ്‍ രണ്ട്‌ തലമുറകളുടെ കഥ കൂടിയാണ്‌. ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന മൂന്ന്‌ പേരുടെ മക്കളാണ്‌ മാത്യുക്കുട്ടിയും സക്കറിയയും ബിനോയിയും. പക്ഷേ ഇവരെല്ലാം പലവഴിയ്‌ക്കായി പിരിയുന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു പ്രത്യേക ലക്ഷ്യത്തിന്‌ വേണ്ടി ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒന്നിയ്‌ക്കുന്നതാണ്‌ ചൈനാ ടൗണിന്റെ പ്രമേയം.

ചൈനാ ടൗണിലെ ആദ്യ തലമുറയിലെ രണ്ട്‌ സുഹൃത്തുക്കളെ അവതരിപ്പിയ്‌ക്കുന്നത്‌ ശങ്കറും ജോസുമാണ്‌. മറ്റൊരാള്‍ മോഹന്‍ലാല്‍ തന്നെ. അതേ ഉടയോന്‌ ശേഷം ലാല്‍ വീണ്ടും അച്‌ഛനും മകനുമായി അഭിനയിക്കുകയാണ്‌. ഉടയോന്‌ പുറമെ രാവണപ്രഭുവിലും അച്‌ഛനും മകനുമായി ലാല്‍ തകര്‍ത്തഭിനയിച്ചിരുന്നു. പഴയ തലമുറകളുടെ ഗെറ്റപ്പിലാണ്‌ ലാല്‍ അവതരിപ്പിയ്‌ക്കുന്ന അച്‌ഛന്‍ കഥാപാത്രവും ശങ്കറും ജോസും ചൈനാ ടൗണില്‍ പ്രത്യക്ഷപ്പെടുന്നത്‌.

Monday, December 27, 2010

സമരം: ചൈനാ ടൗണ്‍ ഊട്ടിയില്‍



മോഹന്‍ലാല്‍, ദിലീപ്, ജയറാം ടീം ഒന്നിയ്ക്കുന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ചൈനാ ടൗണിന് തുടക്കത്തിലെ കല്ലുകടി. രണ്ടാഴ്ച മുമ്പ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഊട്ടിയിലേക്ക് മാറ്റേണ്ടി വന്നിരിയ്ക്കുകയാണ്.

ആന്ധ്രയിലെ സിനിമാ സമരമാണ് ചൈനാ ടൗണിന് തിരിച്ചടിയായത്. രാമോജിയിലും ഹൈദരാബാദിന്റെ മറ്റിടങ്ങളിലുമായി 25 ദിവസത്തെ ഷൂട്ടിങാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമരം എല്ലാ കണക്കുക്കൂട്ടലും തെറ്റിയ്ക്കുകയായിരുന്നു.

സമരം തീരുന്നതും കാത്ത് വന്‍താരനിരയെ വെറുതെയിരുത്താന്‍ കഴിയാത്ത സംവിധായകര്‍ സിനിമയുടെ ലൊക്കേഷന്‍ ഊട്ടിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍-മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഹലോയുടെ ലൊക്കേഷനും ഊട്ടിയായിരുന്നു.

ഇതിനിടെ സിനിമയില്‍ പ്രധാനപ്പെട്ട റോള്‍ അവതരിപ്പിയ്ക്കാനിരുന്ന നടി റോമ പിന്‍മാറിയത് മറ്റൊരു തലവേദനയായി. അവസാന നിമിഷമാണ് റോമ പ്രൊജക്ടില്‍ നിന്നും പിന്‍മാറിയത്. പകരം നടിയ്ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിയ്ക്കുകയാണ്.

കോമഡി സബജക്ടില്‍ വമ്പന്‍താരനിരയുമായെത്തുന്ന ചൈനാ ടൗണ്‍ 2011ലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന പ്രൊജക്ടുകളിലൊന്നാണ്.