Showing posts with label shobhana. Show all posts
Showing posts with label shobhana. Show all posts

Thursday, February 10, 2011

മേലേപ്പറമ്പിലെ ആണ്‍വീട്ടിലേക്ക് ചാക്കോച്ചന്‍



രണ്ടാംഭാഗങ്ങളുടെ പ്രളയകാലത്ത് ജയറാം-രാജസേനന്‍ ടീമിന്റെ മേലപ്പറമ്പിലെ ആണ്‍വീടിന്റെ കഥ ഒരിയ്ക്കല്‍ കൂടി വെള്ളിത്തിരയിലെത്തുകയാണ്. ജയറാം ജഗതിയും ശോഭനയുമെല്ലാം നിറഞ്ഞുനിന്ന മേലേപ്പറമ്പ് വീട്ടുകാരുടെ കഥ തുടര്‍ന്നും പറയുന്നത് സംവിധായകന്‍ രാജസേനന്‍ തന്നെ.

എന്നാല്‍ രണ്ടാം ഭാഗത്തില്‍ ജയറാമിന് പകരം യുവനിരയിലെ പ്രമുഖനായ കുഞ്ചാക്കോ ബോബന്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാമിന്റെ കഥാപാത്രം അതേരീതിയില്‍ തുടരാതെ മറ്റൊരു തലത്തില്‍ അവതരിപ്പിയ്ക്കാനാണ് സംവിധായകന്‍ രാജസേനന്റെ തീരുമാനം. ശോഭന അതിഥിതാരമായിട്ടായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുക.

അതേസമയം ചാക്കോച്ചന്‍ സിനിമയ്ക്ക് പൂര്‍ണമായും സമ്മതം മൂളിയിട്ടില്ല. ദുബയിലുള്ള താരം തിരിച്ചെത്തിയാലുടന്‍ ഇക്കാര്യം ഫൈനലൈസ് ചെയ്യും. രണ്ടാംവരവില്‍ നല്ല കഥാപാത്രങ്ങളെ മാത്രം തേടുന്ന കുഞ്ചാക്കോ എണ്ണം കുറഞ്ഞാലും മികച്ച റോളുകള്‍ മതിയെന്ന ഉദ്ദേശത്തിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.

ക്ലിയോപാട്ര എന്ന സിനിമയ്ക്ക് കഥയെഴുതിയ സതീഷ് കുമാറാണ് മേലപ്പറമ്പിന്റെ കടലാസ് ജോലികള്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. നല്ല തിരക്കഥകളില്‍ എന്നും മികച്ച റിസല്‍ട്ട് ഉണ്ടാക്കിയ രാജസേനന്‍ മേലേപ്പറമ്പിന്റെ രചനയില്‍ കൈകടത്താത് നല്ല സൂചനയാണ്. മാണി സി കാപ്പന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും നിര്‍മാതാവ്.

Wednesday, December 22, 2010

മേലേപ്പറമ്പില്‍ ആണ്‍വീടിന് രണ്ടാം ഭാഗം

ഇത് റീമേക്കുകളുടെയും രണ്ടാംഭാഗങ്ങളുടെയും കാലമാണ്. മുമ്പ് പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പല ചിത്രങ്ങള്‍ക്കും രണ്ടാം ഭാഗവും മൂന്നാംഭാഗവുമൊക്കെ വന്നുകൊണ്ടിരിക്കുകയാണ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് കോമഡി ചിത്രങ്ങളില്‍ ഒന്നായ ജയറാം- രാജസേനനന്‍ കൂട്ടുകെട്ടില്‍ ഉണ്ടായ ഹിറ്റ് ചിത്രം മേലേപ്പറമ്പില്‍ ആണ്‍വീടിനും രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് വിവരം.

രാജസേനന്‍ സംവിധാനം ചെയ്ത ഈ ചിത്രം 1993ലാണ് പുറത്തുവന്നത്. ജയറാമിനെ ജനപ്രിയനായകനാക്കി മാറ്റുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച സിനിമയാണിത്.

വെറും 40 ലക്ഷം രൂപ മാത്രം മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ സിനിമ കേരളത്തില്‍ നിന്നുമാത്രം രണ്ടരക്കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.

ഗിരീഷ് പുത്തഞ്ചേരിയായിരുന്നു മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ കഥ ജയറാമിനോട് പറഞ്ഞത്. കഥകേട്ട ജയറാം താന്‍ തന്നെ ചിത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു.

അങ്ങനെ ഗിരീഷ് പുത്തഞ്ചേരി ചിത്രത്തിന്റെ കഥ നോവല്‍ രൂപത്തിലെഴുതി. ആദ്യം വിതരണത്തിനേല്‍പ്പിച്ച ഗുഡ്‌നൈറ്റ് മോഹന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതോടെ ചിത്രം തല്‍ക്കാലം നിര്‍ത്തിവച്ചു. പിന്നീടാണ് മാണി സി കാപ്പന്‍ ചിത്രം നിര്‍മ്മിക്കാമെന്ന് ഏല്‍ക്കു്‌നനത്.

അങ്ങനെ കഥയുടെ അവകാശം 20000 രൂപ നല്‍കി ഗുഡ്‌നൈറ്റ് മോഹനില്‍ നിന്ന് രാജസേനന്‍ തിരികെ വാങ്ങി. രഘുനാഥ് പലേരിയെ തിരക്കഥയെഴുതാല്‍ ഏല്‍പ്പിച്ചു. പിന്നീടാണ് ഈ ചിത്രം യാഥാര്‍ത്ഥ്യമായത്.

ജയറാം, ശോഭന, നരേന്ദ്രപ്രസാദ്, ജഗതി, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, മീന, വിനു ചക്രവര്‍ത്തി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവച്ചത്.

മാണി സി കാപ്പന്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. രഘുനാഥ് പലേരി തിരക്കഥയെഴുതുന്ന ചിത്രം രാജസേനന്‍ തന്നെ സംവിധാനം ചെയ്യും.

ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. ജയറാമും ശോഭനയും ഉള്‍പ്പടെ ആദ്യ ഭാഗത്തിലെ മിക്കവരും രണ്ടാം ഭാഗത്തിലുമുണ്ടാകും. നരേന്ദ്രപ്രസാദ്, മീന എന്നിവരുടെ കഥാപാത്രങ്ങളെ ഒഴിവാക്കിയുള്ള സ്‌ക്രിപ്റ്റിംഗാണ് രഘുനാഥ് പലേരി നിര്‍വഹിക്കുന്നത്.