Monday, May 2, 2011

അടിച്ചുപൊളിക്കാന്‍ സീനിയേഴ്സ് എത്തുന്നു



അവര്‍ വീണ്ടും മഹാ‍രാജാസ് ക്യാമ്പസ്സിലെത്തുന്നു. ഒരിക്കല്‍ കൂടി അവര്‍ അവിടെ പി ജി വിദ്യാര്‍ഥികളാകും. പഴയ സഹപാഠി ലക്ചററായി അവിടെയുള്ളതൊന്നും അവര്‍ക്ക് പ്രശ്നമല്ല. ക്ലാസ്സില്‍ അനുസരണയുള്ള വിദ്യാര്‍ഥികളാകാന്‍ മാത്രം കിട്ടില്ലെന്ന് മാത്രം. അല്‍പ്പം തല്ലുകൊള്ളിത്തരം ഉണ്ടെന്ന് ചുരുക്കം. പോക്കിരിരാജയുടെ വന്‍ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്സിനെ നായകരാണ് അവര്‍. മെയ് 27ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരാണ് വീണ്ടും കോളേജില്‍ ചേരുന്നത്. പഠനത്തിന് ശേഷം പല ജോലികള്‍ കണ്ടെതി ജീവിതം നയിക്കുകയായിരുന്ന ഇവര്‍ വീണ്ടും ക്യാമ്പസ്സിലെത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. കോളേജില്‍ ഇവര്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ ജെനി എന്ന പെണ്‍കുട്ടിയും ചേരുന്നു. പണ്ട് ഇവര്‍ക്കൊപ്പം ഇതേ കോളജില്‍ പഠിച്ച ഇന്ദുലേഖ ഇപ്പോള്‍ അവിടെ അധ്യാപികയാണെന്നതും കൌതുകം പകരും.

പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരെ യഥാക്രമം ജയറാം, ബിജുമേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ജെനിയെ അനന്യയും ഇന്ദുലേഖയെ പത്മപ്രിയയും അവതരിപ്പിക്കും. ഇവര്‍ക്ക് പുറമെ സിദ്ധിഖ്‌, വിജയരാഘവന്‍, ജഗതി, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ശ്രീജിത്‌ രവി, മധുപാല്‍, ലാലു അലക്‌സ്‌, നാരായണന്‍കുട്ടി, ഡോക്‌ടര്‍ റോണി, ജ്യോതിര്‍മയി, രാധാവര്‍മ, ഹിമ, ലക്ഷ്‌മിപ്രിയ എന്നിവരും ചിത്രത്തില്‍ ഉണ്ട്.

വാണിജ്യസിനിമയുടെ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം രഹസ്യയുടെ ഐറ്റം ഡാന്‍സ് യുവപ്രേക്ഷകര്‍ക്ക് ഹരം‌പകരും.

സച്ചി-സേതു തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖാ ഫിലിംസിന്റെ ബാനറില്‍ പി രാജനാണ്. അനില്‍ പനച്ചൂരാന്‍, വയലാര്‍ ശരത്‌ചന്ദ്രവര്‍മ, സന്തോഷ്‌ വര്‍മ എന്നിവര്‍ ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അല്‍ഫോന്‍സ്‌, ജാസിഗിഫ്‌റ്റ്‌, അലക്‌സ്‌ പോള്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാജിയാണ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.