Monday, May 2, 2011

ഇന്ത്യന്‍ റുപ്പീയില്‍ പങ്കാളിയാകാന്‍ ഓഗസ്‌റ്റ്‌ സിനിമയും



ആദ്യചിത്രമായ ഉറുമിയിലൂടെ തന്നെ മലയാളത്തിലെ പ്രമുഖ സിനിമാ ബാനറായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌ ഓഗസ്‌റ്റ്‌ സിനിമ. പണമെത്ര മുടക്കിയാലും സിനിമ മികച്ചതാകണമെന്ന ആഗ്രഹത്തോടെ ഒന്നിച്ച പൃഥ്വിരാജ്‌, സന്തോഷ്‌ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ഓഗസ്‌റ്റ്‌ സിനിമയുടെ സാരഥികള്‍.

അതുകൊണ്ടുതന്നെ തന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ റുപ്പീയുടെ നിര്‍മ്മാണത്തില്‍ പങ്കാ‍ളിയാകാന്‍ രഞ്ജിത് ഓഗസ്റ്റ് സിനിമാ ബാനറിനെയും ക്ഷണിച്ചിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം രഞ്‌ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോള്‍ തിയറ്റര്‍ നിര്‍മ്മിക്കുമെന്ന വാര്‍ത്തയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓഗസ്‌റ്റ്‌ സിനിമയെ കൂടി സഹകരിപ്പിച്ച്‌ കൂടുതല്‍ മികവോടെ ചിത്രം ചെയ്യാനുള്ള പദ്ധതിയിലാണ്‌ രഞ്‌ജിത്ത്‌.

മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കിയിട്ടാണ് ഇന്ത്യന്‍ റുപ്പീ ഒരുക്കുന്നത്. റിമ കല്ലിംഗലാണ്‌ ചിത്രത്തില്‍ നായികയായി എത്തുന്നത്‌. തിലകന്‍, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും.