Showing posts with label ranjith. Show all posts
Showing posts with label ranjith. Show all posts

Tuesday, June 14, 2011

‘ഇന്ത്യന്‍ റുപ്പീ’ ജൂലൈയില്‍, അമലാ പോള്‍ നായിക



രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പീ’യില്‍ അമലാ പോള്‍ നായിക. തമിഴകത്തെ ഈ ‘മൈന’പ്പെണ്ണ് മലയാളത്തില്‍ നായികയാകുന്ന ആദ്യ ചിത്രമാണ് ഇന്ത്യന്‍ റുപ്പീ. പൃഥ്വിരാജാണ് നായകന്‍. സുരേഷ്ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം, പൃഥ്വിരാജിന്‍റെ 'ഓഗസ്‌റ്റ്‌ സിനിമ’യും രഞ്ജിത്തിന്‍റെ കാപിറ്റോള്‍ തീയേറ്ററും ചേര്‍ന്ന്‌ നിര്‍മ്മിക്കും.

മെയിന്‍‌സ്ട്രീം സിനിമയിലേക്ക് മഹാനടന്‍ തിലകന്‍റെ തിരിച്ചുവരവും ഈ ചിത്രത്തിലൂടെ ഉണ്ടാകും. നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങിയവരും അഭിനയിക്കുന്നു. ഷഹബാസ് അമനാണ് സംഗീതം. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍.

വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഇന്ത്യന്‍ റുപ്പീയുടേത്. ഇന്നത്തെ യുവത്വത്തിന്‍റെ കഥയാണിത്. ‘ജെ പി’ എന്ന ജയപ്രകാശിനെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ പ്രതീകം. പുതിയ തലമുറയുടെ കഥയെന്നു പറയുമ്പോള്‍ ആട്ടവും പാട്ടും ബൈക്കും റൊമാന്‍സും കോളജുമൊക്കെ ചേര്‍ത്തൊരു മസാല ഒനുമല്ല ഉദ്ദേശിക്കുന്നത്. അതിനപ്പുറത്ത്, പണത്തിനോട് അത്യാര്‍ത്തി പൂണ്ട് നടക്കുന്ന യുവത്വത്തിന്‍റെ കഥയാണിത്.

ജെ പിയുടെ മുത്തച്ഛന്‍ ഗാന്ധിയനായ ഒരു കള്ളുചെത്തുകാരനായിരുന്നു. ഒരു തുള്ളി കള്ള് പോലും കഴിക്കാത്ത കള്ളുചെത്തുകാരന്‍. മഹാത്മാഗാന്ധിയോടുള്ള ആദരവ് കാരണം അയാള്‍ മകന് ഗാന്ധി എന്ന് പേരിട്ടു. മുഴുക്കുടിയനായിരുന്നു ഗാന്ധി. ഗാന്ധിയാകട്ടെ മകന് ജയപ്രകാശ് എന്ന് പേരിട്ടു. ഒരുദിവസം കൊണ്ട് എങ്ങനെ പണക്കാരനാകാം എന്നായിരുന്നു അവന്‍റെ ചിന്ത. എല്ലാ പണക്കാരും അവന്‍റെ ദൈവങ്ങളായി. പൃഥ്വിരാജിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യന്‍ റുപ്പീയിലെ ജെ പി.

Sunday, May 15, 2011

തിലകന്‍ തിരിച്ചെത്തുന്നു; ഒപ്പം രഞ്ജിത്തും പൃഥ്വിരാജും


വളരെക്കാലമായി സമാന്തരസിനിമയിലും ലോ ബജറ്റ് സിനിമകളിലും മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന തിലകന്‍ ഇതാ വീണ്ടും മെയിന്‍ സ്ട്രീം സിനിമയില്‍ തിരിച്ചെത്തുന്നു. തിലകന് ഏര്‍പ്പെടുത്തിയിരുന്ന അപ്രഖ്യാപിത വിലക്ക് സിനിമാ സംഘടനകള്‍ നീക്കിയതിനെ തുടര്‍ന്നാണിത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റിന് ശേഷം പ്രമുഖ സംവിധായകന്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലൂടെയാണ് തിലകന്‍ മുഖ്യധാരാ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍. ഈ സിനിമ കൂടാതെ മോഹന്‍ലാല്‍ നായകനാവുന്ന മറ്റൊരു സിനിമയിലും തിലകന്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കും എന്നറിയുന്നു.

മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കിയിട്ടാണ് ഇന്ത്യന്‍ റുപ്പീ ഒരുക്കുന്നത്. ഒറ്റദിവസം കൊണ്ട് കോടീശ്വരന്‍‌മാരാകാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ യുവത്വത്തെക്കുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്.
ആദ്യചിത്രമായ ഉറുമിയിലൂടെ തന്നെ മലയാളത്തിലെ പ്രമുഖ സിനിമാ ബാനറായി മാറിക്കഴിഞ്ഞ ഓഗസ്‌റ്റ്‌ സിനിമയും രഞ്‌ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോള്‍ തിയറ്ററും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. പൃഥ്വിരാജ്‌, സന്തോഷ്‌ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ഓഗസ്‌റ്റ്‌ സിനിമയുടെ സാരഥികള്‍.

ജയപ്രകാശ്‌ അല്ലെങ്കില്‍ ജെ.പി എന്ന് വിളീക്കപ്പെടുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനായി പൃഥ്വിരാജ് ഇതില്‍ വേഷമിടും. മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ്‌ തിലകന്‍ അവതരിപ്പിക്കുക. നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ്‌, കല്‍പ്പന, ബാബുരാജ്‌ എന്നിവരും ഇന്ത്യന്‍ റുപ്പീയില്‍ അഭിനയിക്കും. റീമാ കല്ലിങ്കല്‍ ആണ്‌ നായിക. ടിനിടോമിനും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ്‌ ചിത്രത്തില്‍. എസ്‌ കുമാറാണ്‌ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും. ഷഹബാസ്‌ അമനാണ്‌ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്‌. എഡിറ്റര്‍ - വിജയശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സണ്‍ പൊടുത്താസ്‌.

Monday, May 2, 2011

ഇന്ത്യന്‍ റുപ്പീയില്‍ പങ്കാളിയാകാന്‍ ഓഗസ്‌റ്റ്‌ സിനിമയും



ആദ്യചിത്രമായ ഉറുമിയിലൂടെ തന്നെ മലയാളത്തിലെ പ്രമുഖ സിനിമാ ബാനറായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌ ഓഗസ്‌റ്റ്‌ സിനിമ. പണമെത്ര മുടക്കിയാലും സിനിമ മികച്ചതാകണമെന്ന ആഗ്രഹത്തോടെ ഒന്നിച്ച പൃഥ്വിരാജ്‌, സന്തോഷ്‌ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ഓഗസ്‌റ്റ്‌ സിനിമയുടെ സാരഥികള്‍.

അതുകൊണ്ടുതന്നെ തന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ റുപ്പീയുടെ നിര്‍മ്മാണത്തില്‍ പങ്കാ‍ളിയാകാന്‍ രഞ്ജിത് ഓഗസ്റ്റ് സിനിമാ ബാനറിനെയും ക്ഷണിച്ചിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം രഞ്‌ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോള്‍ തിയറ്റര്‍ നിര്‍മ്മിക്കുമെന്ന വാര്‍ത്തയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓഗസ്‌റ്റ്‌ സിനിമയെ കൂടി സഹകരിപ്പിച്ച്‌ കൂടുതല്‍ മികവോടെ ചിത്രം ചെയ്യാനുള്ള പദ്ധതിയിലാണ്‌ രഞ്‌ജിത്ത്‌.

മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കിയിട്ടാണ് ഇന്ത്യന്‍ റുപ്പീ ഒരുക്കുന്നത്. റിമ കല്ലിംഗലാണ്‌ ചിത്രത്തില്‍ നായികയായി എത്തുന്നത്‌. തിലകന്‍, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും.

Monday, March 28, 2011

അച്ചായനായി മോഹന്‍ലാല്‍, സംവിധാനം രഞ്ജിത്



സംവിധായകന്‍ രഞ്ജിത്തിന്റെ പഴയ പരിഭവങ്ങളും പിണക്കവുമെല്ലാം മാറി. ഒരിക്കല്‍ കൂടി രഞ്ജിത്തും മലയാളികളുടെ പ്രിയ താരവുമായ മോഹന്‍‌ലാലും ഒന്നിക്കുന്നു. മലയാള സിനിമയില്‍ പരീക്ഷണവഴിയിലൂടെ നടക്കുന്ന രഞ്ജിത് ഒരുക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രവും ഒരു പരീക്ഷണമാണ്. ഏറെ പുതുമകളുള്ളൊരു പ്രമേയമാണ് സിനിമയായി മാറുന്നത്. വ്യത്യസ്ത മാനറിസങ്ങളുള്ള ഒരു കോട്ടയം അച്ചാ‍യനെയാണ് മോഹന്‍ലാലിനായി രഞ്ജിത് തയ്യാറാക്കിയിരിക്കുന്നത്.

പ്രമുഖ കഥാകൃത്ത് ഉണ്ണി ആര്‍ എഴുതിയ ‘ലീല’ എന്ന ചെറുകഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. കോട്ടയം ഭാഷ സംസാരിക്കുന്ന നായകനെ മോഹന്‍‌ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കും. ഒരു സ്‌ത്രീ ലമ്പടനായ കഥാപാത്രമാണ് ചിത്രത്തില്‍ ലാലിന്റേത്.

വിചിത്രമായ മോഹങ്ങള്‍ ഉള്ള ആളാണ് നായകന്‍. ഒരു കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കയ്യോട് ചേര്‍ത്ത്‌ ഒരു സ്‌ത്രീയെ നഗ്നയാക്കി നിര്‍ത്തി ഭോഗിക്കണം എന്നതാണ് ഇയാളുടെ വിചിത്രമായ മോഹം. ഈ മോഹം നടപ്പിലാക്കാനായി ഇയാള്‍ ഒരു ദിവസം രാവിലെ യാത്ര പുറപ്പെടുന്നു. കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് വയനാട്ടിലാണ്. ഇതിനിടയില്‍ ഇയാള്‍ ചെന്നുചേരുന്ന ദേശങ്ങളും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.

പൃഥ്വിരാജിനെ നായകനാക്കി രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പീ’ എന്ന ചിത്രത്തിനുശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. മമ്മൂ‍ട്ടി തൃശൂര്‍ ഭാഷയില്‍ സംസാരിച്ച ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്‍റ്’ എന്ന രഞ്ജിത് ചിത്രം വന്‍‌വിജയമായിരുന്നു.

ഓര്‍ക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ദേവാസുരം, മായാമയൂരം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഉസ്താദ്, നരസിംഹം, രാവണപ്രഭു, ചന്ദ്രോത്സവം, റോക്ക് ‘ന്‍ റോള്‍ എന്നിവയാണ് മോഹന്‍ലാലുമായി രഞ്ജിത് സഹകരിച്ച ചിത്രങ്ങള്‍. റോക്ക് ‘ന്‍ റോളിന് ശേഷം മോഹന്‍ലാല്‍ ‘അടച്ചിട്ട ഒരു മുറി’യായി രഞ്ജിത്തിന് മുന്നില്‍ മാറി. മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ലെന്നും വേഗം സമീപിക്കാനാവുന്നത് മമ്മൂട്ടിയെയാണെന്നും രഞ്ജിത് അഭിപ്രായപ്പെട്ടത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.

എന്തായാലും രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

Wednesday, March 9, 2011

‘ഇന്ത്യന്‍ റുപ്പീ’ - രഞ്ജിത്തും പൃഥ്വിരാജും ഒന്നിക്കുന്നു

cinema news updates, film news updates, film news, cinema news, filim news

മലയാള സിനിമയിലെ നമ്പര്‍ വണ്‍ സംവിധായകന്‍ രഞ്ജിത് തന്‍റെ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ജി എസ് വിജയനുവേണ്ടി ‘രാവു മായുമ്പോള്‍’ എന്ന തിരക്കഥ എഴുതി നല്‍കിയതിന് ശേഷം താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലേക്ക് രഞ്ജിത് കടന്നു. ‘ഇന്ത്യന്‍ റുപ്പീ’ എന്നാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര്. പൃഥ്വിരാജാണ് നായകന്‍.

പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റിന് ശേഷം ക്യാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് ചെയ്യുന്ന ചിത്രമാണ് ഇന്ത്യന്‍ റുപ്പീ. എസ് കുമാര്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമന്‍. മറ്റുള്ള താരങ്ങളെ നിര്‍ണയിച്ചുവരുന്നു.

നന്ദനം, അമ്മക്കിളിക്കൂട്, തിരക്കഥ, കേരളാ കഫെ എന്നിവയിലാണ് പൃഥ്വിരാജുമായി രഞ്ജിത് സഹകരിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ സിനിമ ഈ ചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് അണിയറ വര്‍ത്തമാനം.

മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കി ചെയ്യുന്ന ഈ സിനിമ പ്രാഞ്ചിയേട്ടന്‍ പോലെ വേറിട്ടുനില്‍ക്കുന്ന ഒന്നായിരിക്കും. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും.

Wednesday, January 26, 2011

ലാലും രഞ്ജിത്തും ഒന്നിക്കുമോ?



മലയാളത്തിലെ ഏറ്റവും മികച്ച സംവിധാകയര്‍ക്കൊപ്പം ചേര്‍ന്ന് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മോഹന്‍ലാല്‍. വന്‍ പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോഴാണ് കരിയറില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്താന്‍ ലാല്‍ തീരുമാനിച്ചത്. ഷാഫി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ബ്ലെസി, റോഷന്‍ ആന്‍ഡ്രൂസ്, ലാല്‍ജോസ് ഇവര്‍ക്കെല്ലാം ലാല്‍ ഡേറ്റ് നല്‍കിയത് ഈയൊരു നീക്കത്തിന്റെ ഭാഗമായാണ്.

ഇപ്പോഴിതാ ഒരുകാലത്ത് ലാലിന് തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായി രഞ്ജിത്തുമായി കൈകോര്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒത്തുവരികയാണ്. ലാല്‍ സിനിമകളുടെ നിര്‍മതാാവായ ആശീര്‍വാദ് ഫിലിംസിന്റെ അമരക്കാരന്‍ ആന്റണി പെരുമ്പാവൂരാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.

ലാലിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്ത റോക്ക് ആന്റ് റോള്‍, ചന്ദ്രോത്സവം എന്നിവയുടെ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ക്യാമ്പിലേക്ക് ചേക്കേറിയിരുന്നു. കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ ഏറ്റവുമൊടുവില്‍ പ്രാഞ്ചിയേട്ടന്‍ എന്നിങ്ങനെയുള്ള മികച്ച ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറവിയെടുക്കുകയും ചെയ്തു.

മമ്മൂട്ടിയുമായി മികച്ച സിനിമകള്‍ ഒരുക്കുമ്പോഴും ലാല്‍ സിനിമകള്‍ ചെയ്യാത്തതിന് രഞ്ജിത്ത് അഭിമുഖങ്ങളില്‍ മറുപടി നല്‍കിയിരുന്നു. ലാലുമൊത്ത് സിനിമകള്‍ ചെയ്യുന്നതിന് ചില തടസ്സങ്ങളുണ്ടെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്.

എന്നാല്‍ ഇതേക്കുറിച്ച് ആന്റണി പറയുന്നത് അങ്ങിനെയല്ല. രഞ്ജിത്തുമായുള്ള സൗഹൃദത്തിന് യാതൊരു കുറവുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് എന്തെങ്കിലും മാറ്റം സംഭവിച്ചുവോയെന്ന് അറിയില്ല. ഞാന്‍ ആഗ്രഹിയ്ക്കുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലാണ് രഞ്ജിയേട്ടന്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. എനിയ്ക്കാണെങ്കില്‍ അത്തരം സിനിമകളോട് താത്പര്യവുമില്ല. ലാല്‍ സാറിന് ചിലപ്പോള്‍ താത്പര്യമുണ്ടാവും ആന്റണി പറയുന്നു.

ഇത് തന്നെയാണ് ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. തിരക്കഥാ-സംവിധാനരംഗത്ത് വേറിട്ട വഴിയിലൂടെ മുന്നോട്ട് പോകുന്ന രഞ്ജിത്ത് തന്റെ ഭാഗത്ത് നിന്ന് ഇനി ദേവാസുരവും രാവണപ്രഭുവും പ്രജാപതിയുമൊന്നും പ്രതീക്ഷിയ്‌ക്കേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ ആഗ്രഹിയ്ക്കുന്ന തരത്തിലൊരു അടിപൊളി സിനിമകള്‍ക്കൊന്നും രഞ്ജിത്ത് തയാറാവില്ല. നിലപാടുകള്‍ മാറ്റി നല്ല സിനിമകള്‍ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ മുന്‍കൈയ്യെടുത്താല്‍ ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും സംഭവിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Wednesday, December 22, 2010

രാവ് മായുമ്പോള്‍ മമ്മൂട്ടി-രേവതി ടീം വീണ്ടും

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രേവതിയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിയ്ക്കുന്നു. ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന രാവ് മായുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് ഈ പ്രതിഭകള്‍ വീണ്ടും സംഗമിയ്ക്കുന്നത്.

മലയാള സിനിമയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്ന രഞ്ജിത്ത് തന്നെയാണ് രാവ് മായുമ്പോളിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. കൊമേഴ്‌സ്യല്‍ സിനിമകളുടെ ചിട്ടവട്ടങ്ങളില്‍ നിന്നും വ്യതിചലിച്ച് മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ച കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ, പ്രാഞ്ചിയേട്ടന്‍ എന്നീ സിനിമകളെല്ലാം നിരൂപകപ്രശംസയ്‌ക്കൊപ്പം ജനപ്രിയവുമായി മാറിയിരുന്നു.

എന്റെ കാണാക്കുയില്‍(1985), പാഥേയം എന്നിങ്ങനെ ചുരുങ്ങിയ ചില സിനിമകളില്‍ മാത്രമാണ് മമ്മൂട്ടിയും രേവതിയും ഇതിന് മുമ്പ് ഒന്നിച്ചിട്ടുള്ളത്. സിനമയുടെ സവിശേഷതകള്‍ ഇവിടെയും തീരുന്നില്ല, 1989ല്‍ മമ്മൂട്ടിയുടെ തന്നെ ചരിത്രം എന്ന സിനിമ ഒരുക്കിക്കൊണ്ടാണ് ജിഎസ് വിജയന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്നത്. 22 വര്‍ഷത്തിന് ശേഷം ഈ കൂട്ടുകെട്ടിനൊപ്പം രഞ്ജിത്തും അണിചേരുമ്പോള്‍ വേറിട്ടൊരു സിനിമയാണ് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്.

Saturday, November 20, 2010

മേക്കപ്പ്മാന്റെ വരവ് നീളും



ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജയറാമിന്റെ മേക്കപ്പ്മാന്റെ റിലീസ് ഇനിയും നീളുമെന്ന് ഉറപ്പായി. ജൂലൈയില്‍ റിലീസ് തീരുമാനിച്ച 2010 മാര്‍ച്ചില്‍ ഷൂട്ടിങ് ആരംഭിച്ച മേക്കപ്പ്മാന്റെ ജോലികള്‍ പല കാരണങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു.

ചിത്രത്തില്‍ പൃഥ്വിയും കുഞ്ചാക്കോ ബോബനും അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതില്‍ പൃഥ്വിയുടെ വന്‍ തിരക്കാണ് മേക്കപ്പമാന്റെ താളം തെറ്റിച്ചത്. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ സെറ്റുകളില്‍ സെറ്റുകളിലേക്ക പറക്കുന്ന പൃഥ്വിയുടെ ഡേറ്റ് കിട്ടാഞ്ഞതോടെ ഷൂട്ടിങ് സ്തംഭിയ്ക്കുകയായിരുന്നു.

ഇതിനിടെ മേക്കപ്പ്മാന്റെ ഷൂട്ടിങ് പാതിവഴിയ്ക്ക് നിര്‍ത്തി നിര്‍മാതാവായ രഞ്ജിത്ത് എല്‍സമ്മയെന്ന ആണ്‍കുട്ടിയുടെ ഷൂട്ടിങ് തുടങ്ങുകയും അത് റിലീസ് ചെയ്യുകയും ചെയ്തു. എല്‍സമ്മയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം മേക്കപ്പ്മാന്റെ ഷൂട്ടിങ് തീര്‍ക്കാന്‍ രഞ്ജിത്ത് പ്ലാന്‍ ചെയ്‌തെങ്കിലും അതും നടന്നില്ല. സംവിധായകന്‍ ഷാഫിയുടെയും ജയറാമിന്റെയും തിരക്കുകളാണ് ഇപ്പോള്‍ വിലങ്ങുതടിയായത്. ഇനി 2011 ജനുവരിയില്‍ മേക്കപ്പ്മാന്റെ ജോലികള്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കാനാണ് നിര്‍മാതാവിന്റെ തീരുമാനം.

കടപ്പാട് one india.com