Showing posts with label amala paul. Show all posts
Showing posts with label amala paul. Show all posts

Wednesday, July 13, 2011

'ദൈവതിരുമകള്‍' 15 ന് പ്രദര്‍ശനത്തിനെത്തും

ചെന്നൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം നായകനാവുന്ന പുതിയ ചിത്രം 'ദൈവ തിരുമകള്‍' ജൂലായ് 15 ന് പ്രദര്‍ശനത്തിനെത്തും. 'മദ്രാസിപ്പട്ടണ' ത്തിലൂടെ ശ്രദ്ധേയനായ എ.എല്‍. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ''ദൈവ തിരുമകള്‍ ആര്‍ട്ട് സിനിമയല്ല. പ്രേക്ഷകരെ വിനോദിപ്പിക്കാനുള്ള എല്ലാ ചേരുവകളുമുള്ള വാണിജ്യ സിനിമ തന്നെയാണ്'' - വിജയ് പറയുന്നു. 

മുപ്പതാം വയസ്സിലും അഞ്ചു വയസ്സുകാരന്റെ മാനസികവളര്‍ച്ച മാത്രമുള്ള കഥാപാത്രത്തെയാണ് 'ദൈവ തിരുമകളി'ല്‍ വിക്രം അവതരിപ്പിക്കുന്നത്. അനുഷ്‌കയും അമലപോളും ചിത്രത്തില്‍ മികച്ച വേഷത്തില്‍ അഭിനയിക്കുന്നു. ഹാസ്യത്തിന് കൊഴുപ്പേകാന്‍ സന്താനത്തിന്റെ പ്രകടനവുമുണ്ട്. 

'ദൈവ തിരുമകളി'ലെ കഥാപാത്രം തന്നെ കൂടുതല്‍ പ്രശസ്തിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് വിക്രം. ''നിരവധി ചിത്രങ്ങളില്‍ ഞാന്‍ മികച്ച വേഷം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിലെ പ്രകടനത്തിനാണ് എനിക്ക് ആദ്യമായി സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നുതന്നെ അഭിനന്ദനം ലഭിക്കുന്നത്.'' 'ദൈവ തിരുമകളി'ലെ കഥാപാത്രം അവതരിപ്പിക്കുന്നതിനു മുന്നോടിയായി താന്‍ കാര്യമായ ഗവേഷണവും പരിശീലനവും കൂടി നടത്തിയിരുന്നുവെന്നും വിക്രം പറയുന്നു. 

ബുദ്ധിവളര്‍ച്ചയില്ലാത്ത കുട്ടികളുടെ സ്വഭാവവും പെരുമാറ്റരീതിയും നേരില്‍ക്കണ്ടു പഠിക്കാന്‍ ഇത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കുറെ ദിവസങ്ങള്‍ ചെലവഴിച്ചിരുന്നു. കൂടാതെ മാനസികരോഗ വിദഗ്ധ കൂടിയായ തന്റെ ഭാര്യ ഇത്തരം കുട്ടികളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നുവെന്നും വിക്രം വ്യക്തമാക്കി. കഥാപാത്രത്തിനു വേണ്ടി 12 കിലോഗ്രാം ശരീരഭാരം കുറച്ചിട്ടുണ്ട് വിക്രം. 

വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ എങ്ങനെയാണ് ഇത്രയും മികവുറ്റതാക്കുന്നത് എന്ന ചോദ്യത്തിന് വിക്രം അഭിമാനത്തോടെ ഉദാഹരിക്കുന്നത് നടന്‍ മമ്മൂട്ടിയെയാണ്. ''തന്റെ അഭിനയ ജീവിതത്തില്‍ വ്യത്യസ്ത സിനിമകളിലായി മമ്മൂട്ടി 40 ഓളം പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

എന്നാല്‍ ഈ കഥാപാത്രങ്ങള്‍ക്കൊന്നും സാമ്യമില്ലാതെ, വേറിട്ട രീതിയില്‍ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിട്ടുണ്ട്'' - വിക്രം പറയുന്നു. ചിത്രത്തില്‍ മൂന്നു ഗാനങ്ങള്‍ ആലപിക്കുന്നതും വിക്രം തന്നെയാണ്. ഇതില്‍ ഒരു ഗാനം വിക്രം തന്നെ ഒറ്റ ദിവസം കൊണ്ട് കംപോസ് ചെയ്തതാണ്. ജി.വി. പ്രകാശാണ് സംഗീത സംവിധായകന്‍. ആദ്യം ചിത്രത്തിന് ദൈവ തിരുമകന്‍ എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ പിന്നീട് സംവിധായകന്‍ പേര് മാറ്റുകയായിരുന്നു.

Tuesday, June 14, 2011

‘ഇന്ത്യന്‍ റുപ്പീ’ ജൂലൈയില്‍, അമലാ പോള്‍ നായിക



രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പീ’യില്‍ അമലാ പോള്‍ നായിക. തമിഴകത്തെ ഈ ‘മൈന’പ്പെണ്ണ് മലയാളത്തില്‍ നായികയാകുന്ന ആദ്യ ചിത്രമാണ് ഇന്ത്യന്‍ റുപ്പീ. പൃഥ്വിരാജാണ് നായകന്‍. സുരേഷ്ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം, പൃഥ്വിരാജിന്‍റെ 'ഓഗസ്‌റ്റ്‌ സിനിമ’യും രഞ്ജിത്തിന്‍റെ കാപിറ്റോള്‍ തീയേറ്ററും ചേര്‍ന്ന്‌ നിര്‍മ്മിക്കും.

മെയിന്‍‌സ്ട്രീം സിനിമയിലേക്ക് മഹാനടന്‍ തിലകന്‍റെ തിരിച്ചുവരവും ഈ ചിത്രത്തിലൂടെ ഉണ്ടാകും. നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങിയവരും അഭിനയിക്കുന്നു. ഷഹബാസ് അമനാണ് സംഗീതം. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍.

വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഇന്ത്യന്‍ റുപ്പീയുടേത്. ഇന്നത്തെ യുവത്വത്തിന്‍റെ കഥയാണിത്. ‘ജെ പി’ എന്ന ജയപ്രകാശിനെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ പ്രതീകം. പുതിയ തലമുറയുടെ കഥയെന്നു പറയുമ്പോള്‍ ആട്ടവും പാട്ടും ബൈക്കും റൊമാന്‍സും കോളജുമൊക്കെ ചേര്‍ത്തൊരു മസാല ഒനുമല്ല ഉദ്ദേശിക്കുന്നത്. അതിനപ്പുറത്ത്, പണത്തിനോട് അത്യാര്‍ത്തി പൂണ്ട് നടക്കുന്ന യുവത്വത്തിന്‍റെ കഥയാണിത്.

ജെ പിയുടെ മുത്തച്ഛന്‍ ഗാന്ധിയനായ ഒരു കള്ളുചെത്തുകാരനായിരുന്നു. ഒരു തുള്ളി കള്ള് പോലും കഴിക്കാത്ത കള്ളുചെത്തുകാരന്‍. മഹാത്മാഗാന്ധിയോടുള്ള ആദരവ് കാരണം അയാള്‍ മകന് ഗാന്ധി എന്ന് പേരിട്ടു. മുഴുക്കുടിയനായിരുന്നു ഗാന്ധി. ഗാന്ധിയാകട്ടെ മകന് ജയപ്രകാശ് എന്ന് പേരിട്ടു. ഒരുദിവസം കൊണ്ട് എങ്ങനെ പണക്കാരനാകാം എന്നായിരുന്നു അവന്‍റെ ചിന്ത. എല്ലാ പണക്കാരും അവന്‍റെ ദൈവങ്ങളായി. പൃഥ്വിരാജിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യന്‍ റുപ്പീയിലെ ജെ പി.