Showing posts with label chiyan vikram. Show all posts
Showing posts with label chiyan vikram. Show all posts

Wednesday, July 13, 2011

'ദൈവതിരുമകള്‍' 15 ന് പ്രദര്‍ശനത്തിനെത്തും

ചെന്നൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം നായകനാവുന്ന പുതിയ ചിത്രം 'ദൈവ തിരുമകള്‍' ജൂലായ് 15 ന് പ്രദര്‍ശനത്തിനെത്തും. 'മദ്രാസിപ്പട്ടണ' ത്തിലൂടെ ശ്രദ്ധേയനായ എ.എല്‍. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ''ദൈവ തിരുമകള്‍ ആര്‍ട്ട് സിനിമയല്ല. പ്രേക്ഷകരെ വിനോദിപ്പിക്കാനുള്ള എല്ലാ ചേരുവകളുമുള്ള വാണിജ്യ സിനിമ തന്നെയാണ്'' - വിജയ് പറയുന്നു. 

മുപ്പതാം വയസ്സിലും അഞ്ചു വയസ്സുകാരന്റെ മാനസികവളര്‍ച്ച മാത്രമുള്ള കഥാപാത്രത്തെയാണ് 'ദൈവ തിരുമകളി'ല്‍ വിക്രം അവതരിപ്പിക്കുന്നത്. അനുഷ്‌കയും അമലപോളും ചിത്രത്തില്‍ മികച്ച വേഷത്തില്‍ അഭിനയിക്കുന്നു. ഹാസ്യത്തിന് കൊഴുപ്പേകാന്‍ സന്താനത്തിന്റെ പ്രകടനവുമുണ്ട്. 

'ദൈവ തിരുമകളി'ലെ കഥാപാത്രം തന്നെ കൂടുതല്‍ പ്രശസ്തിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് വിക്രം. ''നിരവധി ചിത്രങ്ങളില്‍ ഞാന്‍ മികച്ച വേഷം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിലെ പ്രകടനത്തിനാണ് എനിക്ക് ആദ്യമായി സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നുതന്നെ അഭിനന്ദനം ലഭിക്കുന്നത്.'' 'ദൈവ തിരുമകളി'ലെ കഥാപാത്രം അവതരിപ്പിക്കുന്നതിനു മുന്നോടിയായി താന്‍ കാര്യമായ ഗവേഷണവും പരിശീലനവും കൂടി നടത്തിയിരുന്നുവെന്നും വിക്രം പറയുന്നു. 

ബുദ്ധിവളര്‍ച്ചയില്ലാത്ത കുട്ടികളുടെ സ്വഭാവവും പെരുമാറ്റരീതിയും നേരില്‍ക്കണ്ടു പഠിക്കാന്‍ ഇത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കുറെ ദിവസങ്ങള്‍ ചെലവഴിച്ചിരുന്നു. കൂടാതെ മാനസികരോഗ വിദഗ്ധ കൂടിയായ തന്റെ ഭാര്യ ഇത്തരം കുട്ടികളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നുവെന്നും വിക്രം വ്യക്തമാക്കി. കഥാപാത്രത്തിനു വേണ്ടി 12 കിലോഗ്രാം ശരീരഭാരം കുറച്ചിട്ടുണ്ട് വിക്രം. 

വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ എങ്ങനെയാണ് ഇത്രയും മികവുറ്റതാക്കുന്നത് എന്ന ചോദ്യത്തിന് വിക്രം അഭിമാനത്തോടെ ഉദാഹരിക്കുന്നത് നടന്‍ മമ്മൂട്ടിയെയാണ്. ''തന്റെ അഭിനയ ജീവിതത്തില്‍ വ്യത്യസ്ത സിനിമകളിലായി മമ്മൂട്ടി 40 ഓളം പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

എന്നാല്‍ ഈ കഥാപാത്രങ്ങള്‍ക്കൊന്നും സാമ്യമില്ലാതെ, വേറിട്ട രീതിയില്‍ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിട്ടുണ്ട്'' - വിക്രം പറയുന്നു. ചിത്രത്തില്‍ മൂന്നു ഗാനങ്ങള്‍ ആലപിക്കുന്നതും വിക്രം തന്നെയാണ്. ഇതില്‍ ഒരു ഗാനം വിക്രം തന്നെ ഒറ്റ ദിവസം കൊണ്ട് കംപോസ് ചെയ്തതാണ്. ജി.വി. പ്രകാശാണ് സംഗീത സംവിധായകന്‍. ആദ്യം ചിത്രത്തിന് ദൈവ തിരുമകന്‍ എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ പിന്നീട് സംവിധായകന്‍ പേര് മാറ്റുകയായിരുന്നു.

Tuesday, May 31, 2011

സുശീന്ദ്രന്‍ ചിത്രത്തില്‍ വിക്രമിന് ഇരട്ട വേഷം



അഴകര്‍സാമിയിന്‍ കുതിരൈ എന്ന ചിത്രത്തിന് ശേഷം സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം ഇരട്ടവേഷത്തില്‍. അച്‌ഛനായും മകനായുമായാണ് വിക്രം ഈ സിനിമയില്‍ അഭിനയിക്കുക.

ചിത്രത്തിന് വെന്തന്‍ എന്നാണ് പേരിട്ടിരിക്കുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സുശീന്ദ്രനാണ്.

ദീക്ഷാ സേത്തും മിത്രാ കുര്യനുമാണ്‌ ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കനകരത്‌ന രമേഷാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. യുവന്‍ ശങ്കര്‍രാജയുടെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണ്‍ 7 ന്‌ ആരംഭിക്കും.

Friday, April 8, 2011

വിക്രം ഇനി പതിനെട്ടുകാരന്‍!



തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം പരീക്ഷണങ്ങളോട് എന്നും താല്‍പ്പര്യമുള്ള വ്യക്തിയാണ്. തന്‍റെ സിനിമകള്‍ക്ക് എന്തെങ്കിലും പ്രത്യേകതകളുണ്ടാകണമെന്നും അത് തന്‍റെ തന്നെ പഴയ സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കണമെന്നുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പുതിയ ചിത്രമായ ‘ദൈവ തിരുമകന്‍’ പുതിയ ഒരു വിക്രത്തെ നമുക്ക് കാട്ടിത്തരും. മദ്രാസപ്പട്ടണം ഫെയിം വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കുറച്ചുരംഗങ്ങളില്‍ വിക്രം പതിനെട്ടുകാരനായി അഭിനയിക്കുന്നു.

ഇതിനായി കഠിനമായ പരിശ്രമത്തിലാണ് വിജയ്. ആഹാരരീതികളില്‍ മാറ്റം വരുത്തി തന്‍റെ ശരീരഭാരം പത്തുകിലോയിലധികം കുറയ്ക്കാനാണ് വിക്രം ഒരുങ്ങുന്നത്. ജിമ്മില്‍ തന്‍റെ വര്‍ക്കൌട്ട് സമയം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് താരം.

ദൈവ തിരുമകന്‍ ഒരു ഇമോഷണല്‍ സ്റ്റോറിയാണ്. ഒരു അച്ഛനും മകളും തമ്മിലുള്ള ഹൃദയബന്ധമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ‘ഐ ആം സാം’ എന്ന ഹോളിവുഡ് ചിത്രമാണ് ദൈവ തിരുമകന്‍റെ പ്രചോദനമെന്നും സൂചനയുണ്ട്.

അനുഷ്കയും അമല പോളുമാണ് ചിത്രത്തിലെ നായികമാര്‍. സന്താനവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മണിരത്നത്തിന്‍റെ രാവണനിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമെത്തുന്ന വിക്രം ചിത്രം എന്ന നിലയില്‍ ദൈവ തിരുമകന്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നു.

Tuesday, February 22, 2011

അന്ന് കലാഭവന്‍ മണി, വിക്രം - ഇന്ന് വിശാല്‍



വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി, അതിനു ശേഷം വിക്രം. ഇപ്പോഴിതാ വിശാല്‍. എന്താണ് ഇവര്‍ തമ്മിലുള്ള ബന്ധം എന്നല്ലേ? കണ്ണുകള്‍ കൊണ്ടുള്ള അഭ്യാസത്തില്‍ വിരുത് തെളിയിച്ചവരാണ് ഈ മൂന്ന് നടന്‍‌മാരും. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ അന്ധനായി അഭിനയിച്ച് മണി കഴിവ് തെളിയിച്ചു. ‘കാശി’ എന്ന തമിഴ് ചിത്രത്തില്‍ വിക്രം അത് ആവര്‍ത്തിച്ചു.

കൃഷ്ണമണി മുകളിലേക്ക് വച്ച് വളരെ ബുദ്ധിമുട്ടിയാണ് മണിയും വിക്രവും അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സിനിമയിലെ എല്ലാ സീനുകളും ആ രീതിയില്‍ അവര്‍ ഗംഭീരമാക്കി. ഇപ്പോഴിതാ, പുരട്ചി ദളപതി വിശാല്‍ പുതിയ സ്റ്റൈലില്‍ എത്തുന്നു. അതും കണ്ണുകള്‍ കൊണ്ടുള്ള അഭ്യാസം തന്നെ. ബാല സംവിധാനം ചെയ്യുന്ന ‘അവന്‍ ഇവന്‍’ എന്ന സിനിമയില്‍ കോങ്കണ്ണുകള്‍ ഉള്ള യുവാവായാണ് വിശാല്‍ അഭിനയിക്കുന്നത്.

കോങ്കണ്ണനായി ഒരു സിനിമയിലെ എല്ലാ രംഗങ്ങളും അഭിനയിക്കുക എന്ന വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആവേശത്തിലാണ് വിശാല്‍. “ലോകത്തില്‍ ആദ്യമായാണ് ഒരു നായകന്‍ സിനിമയിലുടനീളം കോങ്കണ്ണനായി പ്രത്യക്ഷപ്പെടുന്നത്. അതുതന്നെയാണ് എന്നെ ത്രില്ലടിപ്പിച്ചത്. ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു ഡോക്ടറുടെ ഉപദേശം തേടിയിരുന്നു. ഓരോ സീനും അഭിനയിച്ചുകഴിഞ്ഞ് കടുത്ത തലവേദന എനിക്കുണ്ടായി. സിനിമയോടുള്ള ആവേശവും ബാലയ്ക്കൊപ്പം ജോലി ചെയ്യുന്നതിന്‍റെ സന്തോഷവുമാണ് ‘അവന്‍ ഇവന്‍’ പൂര്‍ത്തിയാക്കാന്‍ എനിക്ക് ധൈര്യം തന്നത്” - വിശാല്‍ വ്യക്തമാക്കി.

സേതു, പിതാമഹന്‍, നാന്‍ കടവുള്‍ തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് സൃഷ്ടിച്ച ബാലയുടെ ‘അവന്‍ ഇവന്‍’ ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമാണ്. ആര്യയും ഈ സിനിമയില്‍ നായകനാണ് എന്ന സവിശേഷതയുമുണ്ട്. ഏപ്രിലില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ സിനിമയുടെ സംഗീതം യുവന്‍ ശങ്കര്‍ രാജ.

Tuesday, February 1, 2011

വിജയിന്റെ പുതിയ ചിത്രത്തില്‍ വിക്രം



മദ്രാസ്​പട്ടണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ വിജയിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകനാകുന്നു. ദൈവമകന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനമെന്ന് സംവിധായകന്‍ പറയുന്നു.

വിക്രമിന്റെ അഭിനയ മികവ് തികച്ചും ഉപയോഗപ്പെടുത്താവുന്ന കഥാപാത്രമാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നതെന്നും വിജയ് വ്യക്തമാക്കി. ''ചിത്രത്തിലെ ഓരോ സീനിലും വളരെ വ്യത്യസ്തമായ അഭിനയമായിരിക്കും അദ്ദേഹം കാഴ്ചവെക്കുക. വിക്രം വളരെ പ്രഗല്ഭനായ നടനാണ്''- വിജയ് പറഞ്ഞു. അനുഷ്‌കയ്ക്കും അമല പോളിനും ചിത്രത്തില്‍ പ്രധാന വേഷമുണ്ട്.

കിരീടം, പൊയ് സൊല്ല പോറോം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വിജയിന്റെ 'മദ്രാസ് പട്ടണം' ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു.

Wednesday, November 24, 2010

രജനിക്കും കമലിനുമൊപ്പം അഭിനയിക്കില്ല: വിക്രം



രജനീകാന്തിനും കമലഹാസനുമൊപ്പം താന്‍ അഭിനയിക്കില്ലെന്ന് ചിയാന്‍ വിക്രം. അവരുടെ സിനിമകളില്‍ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിനാലാണ് ഈ തീരുമാനമെന്നും വിക്രം പറയുന്നു. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിക്രമിന്‍റെ ഈ വെളിപ്പെടുത്തല്‍.


“രജനീകാന്തിനും കമലഹാസനുമൊപ്പം ഞാന്‍ സിനിമകളില്‍ അഭിനയിക്കില്ല. അവരുടെ ചിത്രങ്ങളില്‍ എനിക്ക് ലഭിക്കാവുന്ന പ്രാധാന്യത്തേക്കുറിച്ച് ഞാന്‍ ബോധവാനാണ്. ഒന്നുകില്‍ ഒരു അതിഥിവേഷം, അല്ലെങ്കില്‍ കഥയില്‍ വഴിത്തിരിവാകുന്ന ഒരു കഥാപാത്രം. അങ്ങനെയൊരു കഥാപാത്രമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ നായകനായ പിതാമഹനില്‍ സൂര്യ അഭിനയിച്ച വേഷം കമലഹാസന്‍ ചെയ്യാന്‍ തയ്യാറാകുമോ?” വിക്രം ചോദിക്കുന്നു.

സിനിമ തന്‍റെ ശ്വാസമാണെന്നും എന്നും സിനിമയോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും വിക്രം പറയുന്നു. എന്തായാലും കമലിനും രജനിക്കുമൊപ്പം അഭിനയിക്കില്ലെന്ന വിക്രമിന്‍റെ തുറന്നുപറച്ചില്‍ കോടമ്പാക്കത്ത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.

പത്തുവര്‍ഷത്തിലധികം മലയാളം, തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിക്രം ‘സേതു’ എന്ന സിനിമ ഹിറ്റായതോടെയാണ് സ്റ്റാറായി മാറിയത്. പിന്നീട് ജെമിനി, ദൂള്‍, പിതാമഹന്‍, അന്ന്യന്‍, രാവണന്‍ തുടങ്ങി ഒട്ടേറെ വമ്പന്‍ ചിത്രങ്ങള്‍ വിക്രമിന്‍റേതായി പുറത്തുവന്നു.