Friday, April 8, 2011

വിക്രം ഇനി പതിനെട്ടുകാരന്‍!



തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം പരീക്ഷണങ്ങളോട് എന്നും താല്‍പ്പര്യമുള്ള വ്യക്തിയാണ്. തന്‍റെ സിനിമകള്‍ക്ക് എന്തെങ്കിലും പ്രത്യേകതകളുണ്ടാകണമെന്നും അത് തന്‍റെ തന്നെ പഴയ സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കണമെന്നുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പുതിയ ചിത്രമായ ‘ദൈവ തിരുമകന്‍’ പുതിയ ഒരു വിക്രത്തെ നമുക്ക് കാട്ടിത്തരും. മദ്രാസപ്പട്ടണം ഫെയിം വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കുറച്ചുരംഗങ്ങളില്‍ വിക്രം പതിനെട്ടുകാരനായി അഭിനയിക്കുന്നു.

ഇതിനായി കഠിനമായ പരിശ്രമത്തിലാണ് വിജയ്. ആഹാരരീതികളില്‍ മാറ്റം വരുത്തി തന്‍റെ ശരീരഭാരം പത്തുകിലോയിലധികം കുറയ്ക്കാനാണ് വിക്രം ഒരുങ്ങുന്നത്. ജിമ്മില്‍ തന്‍റെ വര്‍ക്കൌട്ട് സമയം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് താരം.

ദൈവ തിരുമകന്‍ ഒരു ഇമോഷണല്‍ സ്റ്റോറിയാണ്. ഒരു അച്ഛനും മകളും തമ്മിലുള്ള ഹൃദയബന്ധമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ‘ഐ ആം സാം’ എന്ന ഹോളിവുഡ് ചിത്രമാണ് ദൈവ തിരുമകന്‍റെ പ്രചോദനമെന്നും സൂചനയുണ്ട്.

അനുഷ്കയും അമല പോളുമാണ് ചിത്രത്തിലെ നായികമാര്‍. സന്താനവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മണിരത്നത്തിന്‍റെ രാവണനിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമെത്തുന്ന വിക്രം ചിത്രം എന്ന നിലയില്‍ ദൈവ തിരുമകന്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നു.