വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രേവതിയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിയ്ക്കുന്നു. ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന രാവ് മായുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് ഈ പ്രതിഭകള്‍ വീണ്ടും സംഗമിയ്ക്കുന്നത്.
മലയാള സിനിമയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്ന രഞ്ജിത്ത് തന്നെയാണ് രാവ് മായുമ്പോളിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. കൊമേഴ്‌സ്യല്‍ സിനിമകളുടെ ചിട്ടവട്ടങ്ങളില്‍ നിന്നും വ്യതിചലിച്ച് മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ച കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ, പ്രാഞ്ചിയേട്ടന്‍ എന്നീ സിനിമകളെല്ലാം നിരൂപകപ്രശംസയ്‌ക്കൊപ്പം ജനപ്രിയവുമായി മാറിയിരുന്നു.
എന്റെ കാണാക്കുയില്‍(1985), പാഥേയം എന്നിങ്ങനെ ചുരുങ്ങിയ ചില സിനിമകളില്‍ മാത്രമാണ് മമ്മൂട്ടിയും രേവതിയും ഇതിന് മുമ്പ് ഒന്നിച്ചിട്ടുള്ളത്. സിനമയുടെ സവിശേഷതകള്‍ ഇവിടെയും തീരുന്നില്ല, 1989ല്‍ മമ്മൂട്ടിയുടെ തന്നെ ചരിത്രം എന്ന സിനിമ ഒരുക്കിക്കൊണ്ടാണ് ജിഎസ് വിജയന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്നത്. 22 വര്‍ഷത്തിന് ശേഷം ഈ കൂട്ടുകെട്ടിനൊപ്പം രഞ്ജിത്തും അണിചേരുമ്പോള്‍ വേറിട്ടൊരു സിനിമയാണ് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്.