Wednesday, December 22, 2010

ചട്ടമ്പിക്കല്യാണിയുടെ പേര് മാറും

ഉര്‍വശിയെ നായികയാക്കി ടിഎസ് സജി സംവിധാനം ചെയ്യുന്ന ചട്ടമ്പിക്കല്യാണിയുടെ പേര് മാറുന്നു. സിനിമയ്‌ക്കെതിരെ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയതോടെയാണ് ടിഎസ് സജി പേരുമാറ്റാന്‍ തീരുമാനിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷീലയെ നായികയാക്കി ശ്രീകുമാരന്‍ തമ്പി ചട്ടമ്പിക്കല്യാണിയെന്ന സിനിമ പുറത്തിറക്കിയിരുന്നു. ഈ സിനിമയുടെ റീമേക്കിനെപ്പറ്റി താന്‍ ആലോചിയ്ക്കുന്നുണ്ടെന്നും അതിനാല്‍ പേര് വിട്ടുതരാന്‍ ആവില്ലെന്ന് തമ്പി വ്യക്തമാക്കിയിരുന്നു. ഇതേ പേരില്‍ തന്നെയാണ് സജി പുതിയ സിനിമയെടുക്കുന്നതെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ശ്രീകുമാരന്‍ തമ്പിയെ വേദനിപ്പിയ്ക്കുന്നതൊന്നും താന്‍ ചെയ്യില്ലെന്നും സിനിമയ്ക്ക് പേരിടേണ്ടി വന്നപ്പോള്‍ തന്റെ മകളുടെ പേരായ കല്യാണിയ്ക്ക് മുന്നില്‍ ചട്ടമ്പിയെന്ന് കൂട്ടിച്ചേര്‍ക്കുക മാത്രമേ ചെയ്തുള്ളൂവെന്നും സജി പറഞ്ഞു.

ഒറിജിനല്‍ ചട്ടമ്പിക്കല്യാണിയുമായി ഇതിന് യാതൊരു ബന്ധവുമില്ല. തമ്പി സാര്‍ ചട്ടമ്പിക്കല്യാണിയെന്ന പേര് ഉപയോഗിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തില്‍ പുതിയ പേര് കണ്ടെത്തുമെന്നും ടിഎസ് സജി പറഞ്ഞു.