Thursday, February 3, 2011

Review: Kudumbasree Travels



സിനിമ കാണാതെ റിവ്യു എഴുതാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ബഹുമാനപ്പെട്ട വായനക്കാര്‍ യോജിക്കുമെന്നു തന്നെയാണ് എന്റെ വിചാരം; സിനിമയുടെ പോസ്റ്റര്‍ പോലും കാണാതെ കമന്റ് എഴുതുന്നവര്‍ക്കു വരെ ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായം ഉണ്ടാകാനിടയില്ല. (സിനിമയ്‌ക്കൊപ്പം റിവ്യുവും തയാറാക്കുകയും അതൊക്കെ പല പേരുകളില്‍ പത്രവാരികകളില്‍ അച്ചടിപ്പിക്കാനുള്ള ഷോര്‍ട്ട്കട്ടുകള്‍ അറിയുകയും ചെയ്യാവുന്ന ലോകപ്രശസ്തരായ ചില അവാര്‍ഡ് സിനിമക്കാരുണ്ട് മലയാളത്തില്‍. അവര്‍ക്ക് ഈ നിയമം ബാധകമല്ല; നിങ്ങള്‍ യോജിച്ചാലും ഇല്ലെങ്കിലും.)

ഈ നിയമമനുസരിച്ച്, കുടുംബശ്രീ ട്രാവല്‍‌സ് എന്ന സിനിമയേക്കുറിച്ച് എഴുതണമെങ്കില്‍ ഞാന്‍ അതു കാണുക തന്നെ വേണം. പക്ഷേ, ദ് മെട്രോ എന്ന സിനിമ കണ്ട് മുകളില്‍ കാണുന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ അവസ്ഥയിലായ ഞാന്‍ ഉടനെ മറ്റൊരു മലയാ‍ളം സിനിമ കാണുന്നത് അപകടകരമായിരിക്കുമെന്ന് കുടുംബഡോക്‍ടര്‍ കര്‍ശനമായി വിലക്കി. വെറുതേ കയറി അങ്ങ് റിവ്യു എഴുതാന്‍ ഞാന്‍ ലോകപ്രശസ്‌ത സംവിധായകനൊന്നും അല്ല താനും.

ഈ വിഷമസന്ധിയില്‍ പെട്ട് എന്റെ ഉറക്കവും ഊണും നഷ്‌ടപ്പെട്ട സമയത്താണ് ദേവദൂതനെപ്പോലെ ഒരു ചെറുപ്പക്കാരന്‍ രക്ഷയ്‌ക്കെത്തിയത്. ദാ, ഈ ചിത്രത്തില്‍ കാണുന്നതുപോലെ ഒരു മിടുക്കന്‍‍. നല്ല അറിവും ബോധവുമൊക്കെയുള്ള ഒരാളാണെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നിപ്പോകും. എനിക്കും തോന്നി. അദ്ദേഹം സിനിമ കാണാന്‍ പോവുകയാണെന്നും കണ്ടാലുടന്‍ റിവ്യു ഇ-മെയില്‍ ചെയ്യാമെന്നും പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷം മാത്രമല്ല, ബഹുമാനവും തോന്നി. എഴുത്ത് മോശമല്ലെങ്കില്‍ റിവ്യുപ്പണി പതിവായി ഈ മഹാനുഭാവനെ ഏല്പിച്ചാലോയെന്ന് പോലും തോന്നിപ്പോയി. ഇതാ അദ്ദേഹം അയച്ചുതന്ന റിവ്യു:

മലയാളസിനിമയിലെ നവാഗതപ്രതിഭാസമാ‍യ കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവല്‍‌സ് പറയുന്നത് ചാക്യാര്‍കൂത്തില്‍ കേമനായ അരവിന്ദന്റെ (ജയറാം) കഥയാണ്. അരവിന്ദന്‍ പെണ്ണു കെട്ടാന്‍ റെഡിയായി നടപ്പു തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഗണപതിയുടെ വിവാഹം പോലെ അതിങ്ങനെ നീണ്ടു നീണ്ടു പോവുകയാണ്. നങ്ങ്യാര്‍കൂത്ത് കലാകാരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന അരവിന്ദന്റെ പോളിസിയാണ് വിവാഹത്തിനു വിലങ്ങനെ നില്‍ക്കുന്നത്. ഒടുവില്‍, അശ്വതിയെ (ഭാവന) കാണുന്നതോടെ ആ പ്രശ്‌നത്തിനു പരിഹാരമാകുന്നു. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കല്യാണം.. അതു മാത്രം നടക്കുന്നില്ല. കാരണം കൊച്ചി നഗരത്തില്‍ ബോംബു വയ്‌ക്കാന്‍ വന്ന ഭീകരപ്രവര്‍ത്തകര്‍! ഇവിടെ കല്യാണം, അവിടെ ബോംബു വയ്‌ക്കല്‍… ഇവിടെ കല്യാണം, അവിടെ ബോംബു വയ്‌ക്കല്‍… കല്യാണം, ബോംബു വയ്‌ക്കല്‍… കല്യാണം, ബോംബു വയ്‌ക്കല്‍… അതിങ്ങനെ മാറി മാറി ഫാസ്‌റ്റായി കാണിക്കുന്നു. പക്ഷേ, കല്യാണം നടക്കുന്നില്ല.. ബോംബ് പൊട്ടുന്നില്ല! അരവിന്ദന്‍ ബോംബ് വച്ച പെട്ടിയുമായി ഓടുകയാണ്.. ഒരു ഭ്രാന്തനെപ്പോലെ. അയാളത് പുഴയിലേക്ക് വലിച്ചെറിയുന്നു.. ഭും! എന്തൊരു അതിശയം.. അപ്പോള്‍ ബോംബ് പൊട്ടുന്നു.. അരവിന്ദന്റെയും അശ്വതിയുടെയും വിവാഹം നടക്കുന്നു. എല്ലാവരും ചിരിക്കുന്നു. തിയറ്ററില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിക്കുന്നു… ആഹഹ! പൊട്ടിച്ചിരിപ്പിക്കുകയും ഉറക്കെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല എന്ന് എനിക്ക് വേദനയോടെ പറയേണ്ടിവരും.

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഇത്രയും നല്ല സിനിമ കാണാതിരിക്കുന്നത് ശരിയല്ലല്ലോ എന്നൊരു വിചാരമാണ് എനിക്ക് ആദ്യമുണ്ടായത്; തികച്ചും സ്വാഭാവികം. റിവ്യു മൂവിരാഗയ്‌ക്ക് അയക്കുന്നതിനു മുന്‍‌പ് തീര്‍ച്ചയായും കുടുംബശ്രീ ട്രാവല്‍‌സ് കാണണമെന്ന തീരുമാനത്തിലെത്താന്‍ പിന്നെ ഒരുപാട് സമയമൊന്നും വേണ്ടിവന്നില്ല. ഈ സംഭവപരമ്പരയില്‍ വലിയൊരു ട്വിസ്റ്റ് ഉണ്ടായത് പിറ്റേന്നാണ്. സിനിമയ്‌ക്ക് പോകുന്ന വഴി നമ്മുടെ നവനിരൂപകനെ വീണ്ടും കാണാനിടയായി. താഴെ കാണുന്നതുപോലുള്ള അവസ്ഥയിലായിരുന്നു അദ്ദേഹം! കുടുംബശ്രീ ട്രാ‍വല്‍‌സ് കണ്ടതിനു ശേഷം ഇതാണത്രേ പാവത്തിന്റെ കോലം.