Tuesday, February 8, 2011

റഹ്‌മാന്‍ വരില്ല, മമ്മൂട്ടി ട്രെയിനില്



ജയരാജ് മലയാളത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ സംവിധായകനാണ്. ഭരതന്‍റെ ശിഷ്യനായ ഈ സംവിധായകന്‍ അടുത്ത ഭരതനായി മാറുമെന്നുവരെ പ്രേക്ഷകര്‍ വിശ്വസിച്ചു. എന്നാല്‍ എല്ലാം തകിടം മറിയുകയായിരുന്നു. മികച്ച സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ തീരെ നിലവാരമില്ലാത്ത സൃഷ്ടികളും ഈ സംവിധായകനില്‍ നിന്നുണ്ടായി. ഒടുവില്‍ നിലവാരമില്ലാത്ത സിനിമകള്‍ തുടരെ നല്‍കിയപ്പോള്‍ ജയരാജ് എന്ന പേര് കണ്ട് തിയേറ്ററില്‍ കയറുന്ന പതിവ് പ്രേക്ഷകര്‍ അവസാനിപ്പിച്ചു.

എങ്കിലും, ജയരാജ് ഒടുവില്‍ ചെയ്ത ‘ലൌഡ് സ്പീക്കര്‍’ എന്ന സിനിമ പുതുമയുള്ള ഒന്നായിരുന്നു. അത് മലയാളികള്‍ സ്വീകരിക്കുകയും ചെയ്തു. വീണ്ടും ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനായിരുന്നു ജയരാജിന്‍റെ പദ്ധതി. ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്നായിരുന്നു സിനിമയുടെ പേര്. ഈ ചിത്രത്തില്‍ സാക്ഷാല്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. മമ്മൂട്ടി ഒരു പൊലീസ് ഓഫീസറായി അഭിനയിക്കുന്ന സിനിമയില്‍ ജയസൂര്യയും പ്രധാനവേഷം ചെയ്യുമെന്നായിരുന്നു വിവരം. പെട്ടെന്ന് ഈ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു.

പിന്നീട് പല വാര്‍ത്തകള്‍ വന്നു. ജയറാമും സബിതാ ജയരാജും ഒന്നിക്കുന്ന ‘പകര്‍ന്നാട്ടം’ എന്ന ചിത്രം ജയരാജ് സംവിധാനം ചെയ്യുന്നു എന്നായിരുന്നു അതിലൊന്ന്. ശാരദയെ നായികയാക്കി ‘നായിക’ എന്നൊരു സിനിമ ചെയ്യുന്നതായും വാര്‍ത്തയെത്തി. ഇപ്പോഴിതാ ജയരാജിന്‍റെ മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചിരിക്കുന്നു. ‘ദി ട്രെയിന്‍’ എന്നാണ് സിനിമയുടെ പേര്. ഈ സിനിമയില്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുന്നില്ല. അതായത് ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്ന സിനിമ പേരുമാറി ‘ദി ട്രെയിന്‍’ ആയതല്ല എന്നര്‍ത്ഥം. കഥ അപ്പാടെ മാറിയിരിക്കുന്നു.

2006ല്‍ മുംബൈയില്‍ ട്രെയിനുകളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലമാണ് പുതിയ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. ഈ സ്ഫോടനം ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് നോക്കിക്കാണുകയാണ് സംവിധായകന്‍. ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് കമാന്‍ഡറായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. ബോളിവുഡ് നായിക അഞ്ചല സബര്‍വാള്‍ ആണ് നായിക.

സബിത ജയരാജ്, ജയസൂര്യ, ജഗതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി എസ് ടി, നരിമാന്‍ പോയിന്‍റ്, നവി മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പെട്ടെന്നുള്ള പ്രൊജക്ട് പ്രഖ്യാപനവും ചിത്രീകരണം ആരംഭിക്കലുമൊക്കെ ജയരാജിന് പതിവുള്ളതാണ്. എന്നാല്‍ ഒരു മമ്മൂട്ടിച്ചിത്രം ആ രീതിയില്‍ ആരംഭിച്ച് സിനിമാലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് ജയരാജ്.