Showing posts with label jayaraj. Show all posts
Showing posts with label jayaraj. Show all posts

Friday, August 5, 2011

കുഞ്ഞാലി മരയ്ക്കാരാവാന്‍ മോഹല്‍ലാല്‍?


മലയാള സിനിമ ഇപ്പോഴും രണ്ടു മഹാരഥന്‍മാരുടെ തോളിലേറി സഞ്ചരിക്കുന്നു. അതിനാല്‍ ഇവര്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുന്നതിനു മുന്‍പേ വാര്‍ത്തയാകുന്നു.

പല ഇതിഹാസ കഥാപാത്രങ്ങളെയും മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമാക്കിയിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ജനശ്രദ്ധ നേടി.

അത്തരം കഥാപാത്രങ്ങള്‍ തനിയ്ക്കും നന്നായി വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ലാല്‍. ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ കോഴിക്കോട് അടക്കിവാണിരുന്ന കുഞ്ഞാലി മരയ്ക്കാരായാണ് ലാലെത്തുന്നത്. ലാലും ജയരാജും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

നാഷ്ണല്‍ അവാര്‍ഡു നേടിയ നടി ശാരദയുടെ ജീവിതം സിനിമയാക്കുന്ന തിരക്കിലാണ് ജയരാജിപ്പോള്‍. നായിക എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പത്മപ്രിയ, ജയറാം, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tuesday, June 14, 2011

ജയരാജിന്റെ 'നായിക'യില്‍ ജയറാം നായകന്‍

 


'ദി ട്രെയിന്‍' റിലീസ് ചെയ്തതിന് പിന്നാലെ ജയരാജ് പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നു. ദീദി ദാമോദരന്റെ തിരക്കഥയില്‍ ഒരുക്കുന്ന 'നായിക'യുടെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിക്കുന്നു. ജയറാം, ശാരദ, പത്മപ്രിയ, മംമ്ത തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മകയിരം ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ബഞ്ചമിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'സീനിയേഴ്‌സ്' പൂര്‍ത്തിയാക്കി ഒരു മാസത്തെ കുടുംബസമേതമുള്ള വിദേശപര്യടനവും പൂര്‍ത്തിയാക്കിയാണ് ജയറാം ഈ പുതിയ ചിത്രത്തിലഭിനയിക്കുവാന്‍ എത്തിയത്.

കസ്തൂരി മണക്കുന്നല്ലോ കാറ്റേ...
നീ വരുമ്പോള്‍...
കണ്മണിയെ കണ്ടുവോ നീ...
കവിളിണ തഴുകിയോ നീ...


മലയാളികള്‍ നെഞ്ചോടുചേര്‍ത്തുപിടിച്ച ഹിറ്റ് മേക്കര്‍ ശശികുമാറിന്റെ 'പിക്‌നിക്' എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനം. നായികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ് മൂന്നാറില്‍ ചിത്രത്തിന്റെ ചിത്രീകരണമാരംഭിച്ചത്.

നായികയെ ഒരുക്കുന്നവര്‍


ബാനര്‍-മകീര്യം ക്രിയേഷന്‍സ്, നിര്‍മാണം-തോമസ് ബെഞ്ചമിന്‍, സംവിധാനം-ജയരാജ്, കഥ, തിരക്കഥ, സംഭാഷണം-ദീദി ദാമോദരന്‍, ഛായാഗ്രഹണം-സീനു മുരിക്കുമ്പുഴ, കലാസംവിധാനം-സുജിത് രാഘവ്, നൃത്തസംവിധാനം-സെല്‍വി, സംഗീതം-എം.കെ. അര്‍ജുനന്‍, ഗാനരചന- ശ്രീകുമാരന്‍തമ്പി, വസ്ത്രാലങ്കാരം-ഷീബാ രോഹന്‍, ചമയം- ബിജുഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മഹേഷ് കവടിയാര്‍.

Tuesday, February 8, 2011

റഹ്‌മാന്‍ വരില്ല, മമ്മൂട്ടി ട്രെയിനില്



ജയരാജ് മലയാളത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ സംവിധായകനാണ്. ഭരതന്‍റെ ശിഷ്യനായ ഈ സംവിധായകന്‍ അടുത്ത ഭരതനായി മാറുമെന്നുവരെ പ്രേക്ഷകര്‍ വിശ്വസിച്ചു. എന്നാല്‍ എല്ലാം തകിടം മറിയുകയായിരുന്നു. മികച്ച സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ തീരെ നിലവാരമില്ലാത്ത സൃഷ്ടികളും ഈ സംവിധായകനില്‍ നിന്നുണ്ടായി. ഒടുവില്‍ നിലവാരമില്ലാത്ത സിനിമകള്‍ തുടരെ നല്‍കിയപ്പോള്‍ ജയരാജ് എന്ന പേര് കണ്ട് തിയേറ്ററില്‍ കയറുന്ന പതിവ് പ്രേക്ഷകര്‍ അവസാനിപ്പിച്ചു.

എങ്കിലും, ജയരാജ് ഒടുവില്‍ ചെയ്ത ‘ലൌഡ് സ്പീക്കര്‍’ എന്ന സിനിമ പുതുമയുള്ള ഒന്നായിരുന്നു. അത് മലയാളികള്‍ സ്വീകരിക്കുകയും ചെയ്തു. വീണ്ടും ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനായിരുന്നു ജയരാജിന്‍റെ പദ്ധതി. ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്നായിരുന്നു സിനിമയുടെ പേര്. ഈ ചിത്രത്തില്‍ സാക്ഷാല്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. മമ്മൂട്ടി ഒരു പൊലീസ് ഓഫീസറായി അഭിനയിക്കുന്ന സിനിമയില്‍ ജയസൂര്യയും പ്രധാനവേഷം ചെയ്യുമെന്നായിരുന്നു വിവരം. പെട്ടെന്ന് ഈ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു.

പിന്നീട് പല വാര്‍ത്തകള്‍ വന്നു. ജയറാമും സബിതാ ജയരാജും ഒന്നിക്കുന്ന ‘പകര്‍ന്നാട്ടം’ എന്ന ചിത്രം ജയരാജ് സംവിധാനം ചെയ്യുന്നു എന്നായിരുന്നു അതിലൊന്ന്. ശാരദയെ നായികയാക്കി ‘നായിക’ എന്നൊരു സിനിമ ചെയ്യുന്നതായും വാര്‍ത്തയെത്തി. ഇപ്പോഴിതാ ജയരാജിന്‍റെ മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചിരിക്കുന്നു. ‘ദി ട്രെയിന്‍’ എന്നാണ് സിനിമയുടെ പേര്. ഈ സിനിമയില്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുന്നില്ല. അതായത് ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്ന സിനിമ പേരുമാറി ‘ദി ട്രെയിന്‍’ ആയതല്ല എന്നര്‍ത്ഥം. കഥ അപ്പാടെ മാറിയിരിക്കുന്നു.

2006ല്‍ മുംബൈയില്‍ ട്രെയിനുകളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലമാണ് പുതിയ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. ഈ സ്ഫോടനം ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് നോക്കിക്കാണുകയാണ് സംവിധായകന്‍. ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് കമാന്‍ഡറായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. ബോളിവുഡ് നായിക അഞ്ചല സബര്‍വാള്‍ ആണ് നായിക.

സബിത ജയരാജ്, ജയസൂര്യ, ജഗതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി എസ് ടി, നരിമാന്‍ പോയിന്‍റ്, നവി മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പെട്ടെന്നുള്ള പ്രൊജക്ട് പ്രഖ്യാപനവും ചിത്രീകരണം ആരംഭിക്കലുമൊക്കെ ജയരാജിന് പതിവുള്ളതാണ്. എന്നാല്‍ ഒരു മമ്മൂട്ടിച്ചിത്രം ആ രീതിയില്‍ ആരംഭിച്ച് സിനിമാലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് ജയരാജ്.

Sunday, November 28, 2010

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഒരു ചിത്രത്തിന് വിഷയമാകുന്നു



കാലികപ്രാധാന്യമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ വിഷയമാക്കിയ എത്രയോ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ പുകഞ്ഞുകൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഒരു ചിത്രത്തിന് വിഷയമാകുന്നു.

സംവിധായകന്‍ ജയരാജാണ് മനുഷ്യരാശിയ്ക്ക് ഭീഷണിയാകുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ അധികരിച്ച സിനിമയെടുക്കുന്നത്.

ജയറാമാണ് ചിത്രത്തിലെ നായകന്‍. പകര്‍ന്നാട്ടമെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയരാജിന്റെ ഭാര്യയും വസ്ത്രാലങ്കാരവിദഗ്ധയുമായ സബിതാ ജയരാജാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തുന്നത്. നായികയെന്ന നിലയില്‍ സബിതയുടെ ആദ്യ ചിത്രമാണ് ഇത്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ പ്രതികരിക്കുന്ന ചിത്രത്തില്‍ സാമൂഹ്യതിന്‍മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന തോമസ് എന്ന രാഷ്ട്രീയക്കാരനായാണ് ജയറാം അഭിനയിക്കുന്നത്.

സി പി ഉദയഭാനു തിരക്കഥ രചിക്കുന്ന പകര്‍ന്നാട്ടം എന്‍ഡോസാള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസമാണ് പ്രധാനമായും വിഷയമാക്കുന്നത്.

ജയരാജിന്റെ മുപ്പത്തിനാലാമത്തെ ചിത്രമാണിത്. സന്ദേശം, പൌരന്‍, സമസ്തകേരളം പി ഒ തുടങ്ങിയ സിനിമകളിലാണ് ജയറാം രാഷ്ട്രീയക്കാരനായി മുമ്പ് അഭിനയിച്ചിട്ടുള്ളത്.