Showing posts with label sathyan andhikkadu. Show all posts
Showing posts with label sathyan andhikkadu. Show all posts

Thursday, May 26, 2011

സത്യന്‍-മോഹഹന്‍ലാല്‍ ചിത്രം തുടങ്ങുന്നു



പ്രേക്ഷകര്‍ക്ക് ഒട്ടേറെ ജീവിതഗന്ധിയായ സിനിമകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നു. 2008ല്‍ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയത്തിന് ശേഷമാണ് ലാല്‍-സത്യന്‍ ടീം വീണ്ടുമൊന്നിയ്ക്കുന്നത്. ആശീര്‍വാദ് ഫിലിസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇനിയും പേരിടാത്ത ചിത്രത്തിന്റെ നിര്‍മാതാവ്.

കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ നര്‍മ്മവും സെന്റിമെന്റ്‌സും ചേരുംപടി ചേര്‍ത്താണ് സത്യന്‍ സിനിമയൊരുക്കുന്നതെന്ന് സൂചനകളുണ്ട്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ മുതിര്‍ന്ന നടി ഷീലയും ഏറെ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നുണ്ട്.

ബിഗ് ബഡ്ജറ്റ് ചിത്രമായ കാസനോവയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ പകുതിയോടെ സത്യന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യാനാണ് ലാലിന്റെ പ്ലാന്‍. സിംഗിള്‍ ഷെഡ്യൂളില്‍ തീരുന്ന ചിത്രം മിക്കവാറും ലാലിന്റെ ഓണച്ചിത്രമായിരിക്കും.

Wednesday, April 27, 2011

വിലക്കിന്‍റെ കാലം കഴിഞ്ഞു, തിലകന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം



മലയാള സിനിമയില്‍ വിലക്കിന്‍റെ കാലം അവസാനിക്കുകയാണ്. നടന്‍ തിലകന്‍ പൂര്‍വാധികം ശക്തിയോടെ മലയാള സിനിമയില്‍ സജീവമാകുന്നു. തിലകനെതിരായ വിലക്ക് ഫെഫ്ക പിന്‍‌വലിച്ചതോടെ തിലകന്‍റെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്നു.

മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് തിലകന്‍ തിരിച്ചെത്തുന്നത് ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്. മോഹന്‍ലാല്‍ നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തിലകന്‍ അവതരിപ്പിക്കും എന്നാണ് സൂചന. മേയ് അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന.

‘എന്‍റെ ചിത്രത്തില്‍ തിലകന്‍ ചേട്ടന് യോജിക്കുന്ന ഒരു വേഷമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ സഹകരിപ്പിക്കും” - എന്ന് തിലകനെതിരെ വിലക്കുവന്ന സമയത്തുതന്നെ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ തിലകന്‍ അഭിനയിക്കുന്ന കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഷീലയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മനസ്സിനക്കരെയ്ക്ക് ശേഷം സത്യന്‍ ചിത്രത്തില്‍ വീണ്ടും ഷീല എത്തുകയാണ്. പത്മപ്രിയ, ബിജുമേനോന്‍, ഇന്നസെന്‍റ്, മാമുക്കോയ, കെ പി എ സി ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇളയരാജ സംഗീതം നല്‍കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസ്.

കിരീടം, ചെങ്കോല്‍, സ്ഫടികം, കിലുക്കം, നരസിംഹം, മിന്നാരം, ഇവിടം സ്വര്‍ഗമാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ - തിലകന്‍ കോമ്പിനേഷന്‍ മലയാളികള്‍ ആസ്വദിച്ചു. വീണ്ടും ലാലും തിലകനും ഒന്നിക്കുമ്പോള്‍ അഭിനയലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്‍‌മാരുടെ പ്രകടനത്തിനാവും ഏവരും സാക്‍ഷ്യം വഹിക്കുക.

Monday, January 24, 2011

സത്യന്‍-ലാല്‍ ചിത്രം ജീവിത സാഗരമല്ല



മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ജീവിത സാഗരമെന്ന് പേര് നല്‍കിയിട്ടില്ലെന്ന് സത്യന്‍ അന്തിക്കാട്.

പതിവുകള്‍ തെറ്റിച്ച് സത്യന്‍ തന്റെ പുതിയ ചിത്രത്തിന് ആദ്യമേ പേരിട്ടുവെന്ന് പല മാധ്യമങ്ങളും വെബ്‌സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവിതസാഗരമെന്ന പേരില്‍ പതിവു പോലെ ഒരു കുടുംബകഥയാണ് സത്യന്‍ ഒരുക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്റെ സിനിമകള്‍ക്ക് എപ്പോഴും അവസാനമാണ് ഞാന്‍ പേര് കണ്ടെത്താറുള്ളത്. ഇത്തവണയും അത് മാറ്റാന്‍ ഉദ്ദേശിയ്ക്കുന്നില്ല. എന്തായാലും ജീവിത സാഗരമെന്നൊരു പേര് ഞാന്‍ ഇട്ടിട്ടില്ല സത്യന്‍ പറയുന്നു.

Tuesday, January 11, 2011

മോഹന്‍ലാല്‍ ഉറച്ചുതന്നെ, ബ്ലെസിയെയും പിടിച്ചു!



2010ല്‍ ഏറ്റ തിരിച്ചടി മോഹന്‍‌ലാല്‍ ക്യാമ്പിനെ ഉണര്‍ത്തിയിരിക്കുകയാണ്. ഈ വര്‍ഷം വമ്പന്‍ ഹിറ്റുകളിലൂടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. മുമ്പ് തീരുമാനിച്ചിരുന്ന പ്രൊജക്ടുകള്‍ കൂടാതെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാന്‍ കഴിയുന്ന ചില പ്രൊജക്ടുകള്‍ കൂടി ഇത്തവണത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ലാല്‍. ഏറ്റവും പുതിയ വാര്‍ത്ത, ബ്ലെസിയുടെ ഒരു സിനിമയും ഈ വര്‍ഷം മോഹന്‍ലാലിന് ഉണ്ടാകും എന്നതാണ്.

നേരത്തേ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നീ വമ്പന്‍‌മാരുടെ ചിത്രങ്ങളില്‍ ഈ വര്‍ഷം അഭിനയിക്കുക എന്ന ചടുലനീക്കത്തിലൂടെ മോഹന്‍ലാല്‍ എതിര്‍ക്യാമ്പുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബ്ലെസിയെക്കൂടി പിടിച്ചതോടെ ഈ വര്‍ഷം മോഹന്‍ലാലിന് ഗംഭീര സിനിമകളാണ് വരിക എന്നുറപ്പായി. ലാല്‍ ജോസിന്‍റെ സിനിമയും ഈ വര്‍ഷം ഉള്‍പ്പെടുത്താനാണ് പുതിയ നീക്കം.

‘ആ‍ടുജീവിതം’ എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാണ് ബ്ലെസി തീരുമാനിച്ചിരുന്നത്. അതിനുശേഷം ഒരു വിക്രം ചിത്രം സംവിധാനം ചെയ്യാനും ബ്ലെസിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, തന്‍റെ മറ്റെല്ലാ പ്രൊജക്ടുകളും മാറ്റിവച്ച് മോഹന്‍ലാലിനോട് സഹകരിക്കാന്‍ ബ്ലെസി തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിന്‍റെ നേരിട്ടുള്ള അഭ്യര്‍ത്ഥനപ്രകാരമാണ് ബ്ലെസി തന്‍റെ മറ്റ് പ്രൊജക്ടുകള്‍ നീട്ടിവച്ചതെന്നറിയുന്നു.

ഈ വര്‍ഷം റിലീസാകുമെന്ന് പ്രതീക്ഷിക്കുന്ന മോഹന്‍ലാല്‍ പ്രൊജക്ടുകള്‍ ശ്രദ്ധിക്കുക - ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, കാസനോവ, സത്യന്‍ അന്തിക്കാടിന്‍റെ ‘ജീവിതസാഗരം’, പ്രിയദര്‍ശന്‍റെ കോമഡിച്ചിത്രം, ബ്ലെസിയുടെ ഫാമിലി ഡ്രാമ, ലാല്‍ ജോസിന്‍റെ ഹ്യൂമര്‍ ചിത്രം. 2010 ആവര്‍ത്തിക്കാതിരിക്കാനുള്ള ലാലിന്‍റെ ഈ ശ്രമങ്ങള്‍ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.

Thursday, January 6, 2011

മോഹന്‍ലാല്‍ പ്രതിസന്ധിയില്‍, സുഹൃത്തുക്കള്‍ രക്ഷയ്ക്ക്!



മോഹന്‍ലാല്‍ എന്ന പേരിന് ബോക്സോഫീസില്‍ കോടികളുടെ വിലയാണുള്ളത്. 1984 മുതല്‍ ഇന്നു വരെ അതിന് മാറ്റമൊന്നുമില്ല. എന്നാല്‍ 2010 ലാലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി നേരിട്ട വര്‍ഷമാണ്. മാത്രമല്ല, കടുത്ത പ്രതിസന്ധിയിലേക്ക് താരം വീണിരിക്കുകയാണ്.

ഏറെ കഠിനാദ്ധ്വാനം ചെയ്ത, കോടികള്‍ ചെലവഴിച്ച ‘കാണ്ഡഹാര്‍’ എന്ന സിനിമയുടെ വീഴ്ചയാണ് മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് നേരെ ചോദ്യചിഹ്നമുയര്‍ത്തുന്നത്. അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും തുടങ്ങിയ സിനിമകളും പരാജയത്തിന്‍റെ പടുകുഴിയിലേക്ക് പതിച്ചപ്പോള്‍ ഒരു ‘ശിക്കാര്‍’ മാത്രമായിരുന്നു ലാലിന് കഴിഞ്ഞ വര്‍ഷം ആശ്വസിക്കാനുണ്ടായിരുന്നത്.

ബിഗ് ബജറ്റ് പ്രൊജക്ടുകളില്‍ മാത്രം അഭിനയിക്കുന്നതാണ് മോഹന്‍ലാലിന്‍റെ പരാജയത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. 2011ലും വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമകളാണ് ലാലിനുള്ളത്. കാസനോവ, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവ. ഇവ വിജയിച്ചാല്‍ ഗംഭീര വിജയമാകും, എന്നാല്‍ തകര്‍ന്നാലോ? നിലയില്ലാക്കയത്തിലേക്കുള്ള ഒരു വീഴ്ചയായിരിക്കും അത്. മാത്രമല്ല ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ്. സോളോ ഹീറോ ആയി വിജയം കൊണ്ടുവരുന്ന പ്രൊജക്ടുകളാണ് ലാലിന് ഇപ്പോള്‍ ആവശ്യം. ചെറിയ ബജറ്റില്‍ നല്ല കഥ പറയുന്ന സിനിമകളില്ലാത്തതാണ് മോഹന്‍ലാലിന്‍റെ പ്രതിസന്ധി.

വിഷമവൃത്തത്തിലായിരിക്കുന്ന മോഹന്‍ലാലിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ലാലിന്‍റെ രക്ഷയ്ക്കായി രണ്ടു പ്രൊജക്ടുകള്‍ പെട്ടെന്ന് പ്ലാന്‍ ചെയ്തിരിക്കുന്നു. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമാണ് ഈ സിനിമകള്‍ സംവിധാനം ചെയ്യുന്നത്.

ദിലീപിനെയോ ജയറാമിനെയോ നായകനാക്കി സെന്‍‌ട്രല്‍ പിക്ചേഴ്സിന് വേണ്ടി ഒരു സിനിമ ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാട് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ അവസ്ഥ മനസിലാക്കി സത്യന്‍ തന്‍റെ ചിത്രത്തിലെ നായകനായി ലാലിനെ നിശ്ചയിച്ചിരിക്കുകയാണ്. ഈ സിനിമയുടെ തിരക്കഥ സത്യന്‍ തന്നെ നിര്‍വഹിക്കും. ഓണം റിലീസാണ് സത്യന്‍ - മോഹന്‍ലാല്‍ ചിത്രം.

പ്രിയദര്‍ശന്‍ ഈ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ അത് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു. ഇപ്പോഴത്തെ സഹചര്യത്തില്‍ വളരെ സീരിയസായ ഒരു സിനിമയ്ക്ക് ബോക്സോഫീസില്‍ എത്രമാത്രം സ്വീകാര്യത ലഭിക്കും എന്ന ആശയക്കുഴപ്പം പ്രിയനെയും മാറ്റിച്ചിന്തിപ്പിക്കുന്നു. എം ടി സിനിമ മാറ്റിവച്ച് ഒരു കോമഡിച്ചിത്രം ഒരുക്കാനാണ് പ്രിയന്‍റെ ഇപ്പോഴത്തെ പരിപാടി. ഈ സിനിമയും ഈ വര്‍ഷം ഉണ്ടാകും.

രണ്ട് ‘ലൈറ്റ് ഹ്യൂമര്‍’ ചിത്രങ്ങളിലൂടെ തന്‍റെ താരമൂല്യം ഉയര്‍ത്തുക എന്നത് തന്നെയാണ് മോഹന്‍ലാലിന്‍റെ ലക്‍ഷ്യം. ഈ രണ്ട് ചിത്രങ്ങളും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കുമെന്നും അറിയുന്നു.

Wednesday, December 29, 2010

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍



സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇന്നത്തെ ചിന്താവിഷയത്തിനുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം-വേണു, കലാസംവിധാനം-ജോസഫ് നെല്ലിക്കല്‍, എഡിറ്റിങ്-രാജഗോപാല്‍. ചിത്രത്തിന്റെ തിരക്കഥാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍.