Showing posts with label priyadarsan with mohanlal. Show all posts
Showing posts with label priyadarsan with mohanlal. Show all posts

Tuesday, February 8, 2011

ടീം മോഹിച്ച പ്രിയന് ലഭിച്ചത് ആല്‍ബം



ഐ.പി.എല്‍ ടീം രൂപീകരിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൊച്ചി ടീമിന്റെ പ്രമോഷന്‍ ആല്‍ബം തയാറാക്കാനുള്ള ഭാഗ്യം സംവിധായകന്‍ പ്രിയദര്‍ശനെ തേടിയെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ കൊച്ചി ടീമും പ്രയദര്‍നും ഒപ്പിട്ടകഴിഞ്ഞു.

ചെന്നൈയിലും കൊച്ചിയിലുമായിരിക്കും ആല്‍ബം ചിത്രീകരിക്കുക. അടുത്തമാസത്തിന്റെ തുടക്കത്തില്‍ തന്നെ ആല്‍ബം പുറത്തിറക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ടീം അധികൃതര്‍.

ബോളിവുഡിലെയും മോളിവുഡിലെയും നമ്പര്‍ വണ്‍ സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍ ഒട്ടേറെ പരസ്യചിത്രങ്ങളുടെ അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നേരത്തെ പ്രിയദര്‍ശനും മോഹന്‍ലാലുമൊരുമിച്ച് ഐ.പി.എല്‍ ടീം രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റൊന്ദേവു കണ്‍സോര്‍ഷ്യം ടീമുമായി രംഗത്തെത്തിയത്.

Thursday, January 6, 2011

മോഹന്‍ലാല്‍ പ്രതിസന്ധിയില്‍, സുഹൃത്തുക്കള്‍ രക്ഷയ്ക്ക്!



മോഹന്‍ലാല്‍ എന്ന പേരിന് ബോക്സോഫീസില്‍ കോടികളുടെ വിലയാണുള്ളത്. 1984 മുതല്‍ ഇന്നു വരെ അതിന് മാറ്റമൊന്നുമില്ല. എന്നാല്‍ 2010 ലാലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി നേരിട്ട വര്‍ഷമാണ്. മാത്രമല്ല, കടുത്ത പ്രതിസന്ധിയിലേക്ക് താരം വീണിരിക്കുകയാണ്.

ഏറെ കഠിനാദ്ധ്വാനം ചെയ്ത, കോടികള്‍ ചെലവഴിച്ച ‘കാണ്ഡഹാര്‍’ എന്ന സിനിമയുടെ വീഴ്ചയാണ് മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് നേരെ ചോദ്യചിഹ്നമുയര്‍ത്തുന്നത്. അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും തുടങ്ങിയ സിനിമകളും പരാജയത്തിന്‍റെ പടുകുഴിയിലേക്ക് പതിച്ചപ്പോള്‍ ഒരു ‘ശിക്കാര്‍’ മാത്രമായിരുന്നു ലാലിന് കഴിഞ്ഞ വര്‍ഷം ആശ്വസിക്കാനുണ്ടായിരുന്നത്.

ബിഗ് ബജറ്റ് പ്രൊജക്ടുകളില്‍ മാത്രം അഭിനയിക്കുന്നതാണ് മോഹന്‍ലാലിന്‍റെ പരാജയത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. 2011ലും വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമകളാണ് ലാലിനുള്ളത്. കാസനോവ, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവ. ഇവ വിജയിച്ചാല്‍ ഗംഭീര വിജയമാകും, എന്നാല്‍ തകര്‍ന്നാലോ? നിലയില്ലാക്കയത്തിലേക്കുള്ള ഒരു വീഴ്ചയായിരിക്കും അത്. മാത്രമല്ല ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ്. സോളോ ഹീറോ ആയി വിജയം കൊണ്ടുവരുന്ന പ്രൊജക്ടുകളാണ് ലാലിന് ഇപ്പോള്‍ ആവശ്യം. ചെറിയ ബജറ്റില്‍ നല്ല കഥ പറയുന്ന സിനിമകളില്ലാത്തതാണ് മോഹന്‍ലാലിന്‍റെ പ്രതിസന്ധി.

വിഷമവൃത്തത്തിലായിരിക്കുന്ന മോഹന്‍ലാലിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ലാലിന്‍റെ രക്ഷയ്ക്കായി രണ്ടു പ്രൊജക്ടുകള്‍ പെട്ടെന്ന് പ്ലാന്‍ ചെയ്തിരിക്കുന്നു. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമാണ് ഈ സിനിമകള്‍ സംവിധാനം ചെയ്യുന്നത്.

ദിലീപിനെയോ ജയറാമിനെയോ നായകനാക്കി സെന്‍‌ട്രല്‍ പിക്ചേഴ്സിന് വേണ്ടി ഒരു സിനിമ ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാട് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ അവസ്ഥ മനസിലാക്കി സത്യന്‍ തന്‍റെ ചിത്രത്തിലെ നായകനായി ലാലിനെ നിശ്ചയിച്ചിരിക്കുകയാണ്. ഈ സിനിമയുടെ തിരക്കഥ സത്യന്‍ തന്നെ നിര്‍വഹിക്കും. ഓണം റിലീസാണ് സത്യന്‍ - മോഹന്‍ലാല്‍ ചിത്രം.

പ്രിയദര്‍ശന്‍ ഈ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ അത് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു. ഇപ്പോഴത്തെ സഹചര്യത്തില്‍ വളരെ സീരിയസായ ഒരു സിനിമയ്ക്ക് ബോക്സോഫീസില്‍ എത്രമാത്രം സ്വീകാര്യത ലഭിക്കും എന്ന ആശയക്കുഴപ്പം പ്രിയനെയും മാറ്റിച്ചിന്തിപ്പിക്കുന്നു. എം ടി സിനിമ മാറ്റിവച്ച് ഒരു കോമഡിച്ചിത്രം ഒരുക്കാനാണ് പ്രിയന്‍റെ ഇപ്പോഴത്തെ പരിപാടി. ഈ സിനിമയും ഈ വര്‍ഷം ഉണ്ടാകും.

രണ്ട് ‘ലൈറ്റ് ഹ്യൂമര്‍’ ചിത്രങ്ങളിലൂടെ തന്‍റെ താരമൂല്യം ഉയര്‍ത്തുക എന്നത് തന്നെയാണ് മോഹന്‍ലാലിന്‍റെ ലക്‍ഷ്യം. ഈ രണ്ട് ചിത്രങ്ങളും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കുമെന്നും അറിയുന്നു.

Friday, November 26, 2010

പ്രിയന്‍- ലാല്‍ ടീം വീണ്ടും


ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം വീണ്ടുമൊരു മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രത്തിന്‌ അരങ്ങൊരുങ്ങുന്നു. മലയാളത്തില്‍ ഇനിയൊരു ചിത്രമെടുക്കുന്നുണ്ടെങ്കില്‍ അതു സീരിയസ്‌ ചിത്രമായിരിക്കും എന്നു മുന്‍പ്‌ പ്രിയന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പുന:സമാഗമത്തിലും ഇരുവരും ഹാസ്യ ചിത്രമായിരിക്കും ഒരുക്കുന്നതെന്നാണ്‌ സൂചന. മാര്‍ച്ചില്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്‌ പ്രിയന്‍ കടക്കുമെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്‌. ചിത്രം, കിലുക്കം, വന്ദനം, മിന്നാരം തുടങ്ങിയ ഹിറ്റ്‌ സിനിമകളുടെ ഗാനത്തില്‍പ്പെടുത്താവുന്ന ഒരു ചിത്രമായിരിക്കും പുതിയതെന്നാണ്‌ സൂചനകള്‍. സെവന്‍ ആര്‍ട്‌സ് വിജയകുമാറാണ്‌ ഈ സിനിമ നിര്‍മ്മിക്കുന്നത്‌. പ്രിയദര്‍ശന്‍ തന്നെയാണ്‌ കഥയും തിരക്കഥയും രചിക്കുന്നത്‌.

2004-ല്‍ ദിലീപിനെ നായകനാക്കി വെട്ടം എന്ന ചിത്രമാണ്‌ പ്രിയന്‍ അവസാനമായി മലയാളത്തില്‍ ഒരുക്കിയത്‌. 2003 ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം ആയിരുന്നു മോഹന്‍ലാലും പ്രിയനും ഒന്നിച്ച അവസാന ചിത്രം. താന്‍ ഒടുവില്‍ ചെയ്‌ത രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടതോടെ പ്രിയന്‍

ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. താന്‍ ഇനി മലയാളത്തില്‍ കോമഡി ചിത്രം ചെയ്യില്ലെന്നും ചെയ്‌താല്‍ അത്‌ സീരിയസ്‌ സബ്‌ജക്‌ട് ആയിരിക്കുമെന്നും അന്ന്‌ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നത്‌ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ പഴയകാല സിനിമകളുടെ ഗണത്തില്‍പ്പെടുന്ന ചിത്രമാണെന്ന തിരിച്ചറിവിലാണ്‌ ഇപ്പോള്‍ ഹാസ്യചിത്രം ഒരുക്കുന്നത്‌. ഹിന്ദിയില്‍ താന്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്‌ പ്രിയന്‍ ഇപ്പോള്‍. ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന ഹിന്ദി ചിത്രമായ തേസില്‍ ഒരു പ്രധാന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നുണ്ട്‌. ഇതിന്റെ ചിത്രീകരണം ജനുവരിയില്‍ അവസാനിക്കും.