Friday, November 26, 2010

പ്രിയന്‍- ലാല്‍ ടീം വീണ്ടും


ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം വീണ്ടുമൊരു മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രത്തിന്‌ അരങ്ങൊരുങ്ങുന്നു. മലയാളത്തില്‍ ഇനിയൊരു ചിത്രമെടുക്കുന്നുണ്ടെങ്കില്‍ അതു സീരിയസ്‌ ചിത്രമായിരിക്കും എന്നു മുന്‍പ്‌ പ്രിയന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പുന:സമാഗമത്തിലും ഇരുവരും ഹാസ്യ ചിത്രമായിരിക്കും ഒരുക്കുന്നതെന്നാണ്‌ സൂചന. മാര്‍ച്ചില്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്‌ പ്രിയന്‍ കടക്കുമെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്‌. ചിത്രം, കിലുക്കം, വന്ദനം, മിന്നാരം തുടങ്ങിയ ഹിറ്റ്‌ സിനിമകളുടെ ഗാനത്തില്‍പ്പെടുത്താവുന്ന ഒരു ചിത്രമായിരിക്കും പുതിയതെന്നാണ്‌ സൂചനകള്‍. സെവന്‍ ആര്‍ട്‌സ് വിജയകുമാറാണ്‌ ഈ സിനിമ നിര്‍മ്മിക്കുന്നത്‌. പ്രിയദര്‍ശന്‍ തന്നെയാണ്‌ കഥയും തിരക്കഥയും രചിക്കുന്നത്‌.

2004-ല്‍ ദിലീപിനെ നായകനാക്കി വെട്ടം എന്ന ചിത്രമാണ്‌ പ്രിയന്‍ അവസാനമായി മലയാളത്തില്‍ ഒരുക്കിയത്‌. 2003 ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം ആയിരുന്നു മോഹന്‍ലാലും പ്രിയനും ഒന്നിച്ച അവസാന ചിത്രം. താന്‍ ഒടുവില്‍ ചെയ്‌ത രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടതോടെ പ്രിയന്‍

ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. താന്‍ ഇനി മലയാളത്തില്‍ കോമഡി ചിത്രം ചെയ്യില്ലെന്നും ചെയ്‌താല്‍ അത്‌ സീരിയസ്‌ സബ്‌ജക്‌ട് ആയിരിക്കുമെന്നും അന്ന്‌ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നത്‌ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ പഴയകാല സിനിമകളുടെ ഗണത്തില്‍പ്പെടുന്ന ചിത്രമാണെന്ന തിരിച്ചറിവിലാണ്‌ ഇപ്പോള്‍ ഹാസ്യചിത്രം ഒരുക്കുന്നത്‌. ഹിന്ദിയില്‍ താന്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്‌ പ്രിയന്‍ ഇപ്പോള്‍. ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന ഹിന്ദി ചിത്രമായ തേസില്‍ ഒരു പ്രധാന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നുണ്ട്‌. ഇതിന്റെ ചിത്രീകരണം ജനുവരിയില്‍ അവസാനിക്കും.