Monday, July 11, 2011
Salt N Pepper Wall Paper
Thursday, June 9, 2011
‘സ്റ്റോപ്പ് വയലന്‍സ്’ രണ്ടാം ഭാഗം തുടങ്ങി, പൃഥ്വി ഇല്ല
2002ല്‍ എ കെ സാജന്‍ സംവിധാനം ചെയ്ത ‘സ്റ്റോപ്പ് വയലന്‍സ്’ മലയാള സിനിമയില്‍ മാറ്റത്തിന്‍റെ സന്ദേശവുമായി വന്ന ചിത്രമാണ്. പൃഥ്വിരാജ് എന്ന യുവ സൂപ്പര്‍താരത്തിന്‍റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു ആ സിനിമ. സ്റ്റോപ്പ് വയലന്‍സിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ സ്റ്റോപ്പ് വയലന്‍സില്‍ ‘സാത്താന്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നില്ല. മറ്റൊരു യുവപ്രതീക്ഷയായ ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.
അതേ, സ്റ്റോപ്പ് വയലന്‍സിന്‍റെ രണ്ടാം ഭാഗമായ ‘അസുരവിത്ത്’ പെരുമഴയത്തും ചിത്രീകരണം പുരോഗമിക്കുകയാണ്. എ കെ സാജന്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ഡോണ്‍ ബോസ്കോ എന്ന യുവ പുരോഹിതനെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. സംവൃത സുനിലാണ് നായിക.
സ്റ്റോപ്പ് വയലന്‍സില്‍ ചന്ദ്രാ ലക്ഷ്മണ്‍ അവതരിപ്പിച്ച ആഞ്ചലീന എന്ന കഥാപാത്രത്തിന്‍റെ മകനാണ് ഡോണ്‍ ബോസ്കോ. ഒരു മാലാഖയെപ്പോലെ പരിശുദ്ധയായിരുന്ന ആഞ്ചലീനയ്ക്ക് സാത്താനില്‍(പൃഥ്വി അവതരിപ്പിച്ച കഥാപാത്രം) ഉണ്ടായ മകന്‍. അയാള്‍ ഒരു പുരോഹിതനാണ്. പക്ഷേ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ചില സംഭവങ്ങള്‍ അവനെ മാറ്റിത്തീര്‍ക്കുകയാണ്.
ലീലാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അസുരവിത്തില്‍ ബിജു മേനോന്‍, നിവിന്‍ പോളി, ജഗതി, വിജയരാഘവന്‍, കലാഭവന്‍ മണി, വിജയകുമാര്‍, സീമാ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
സ്റ്റോപ്പ് വയലന്‍സ്, ലങ്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള എ കെ സാജന്‍ ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ തകര്‍ച്ചയോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന എ കെ സാജന്‍ അസുരവിത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്.
Thursday, February 3, 2011
Review: Ithu Nammude Katha

ആത്മാര്‍ത്ഥസുഹൃത്തുക്കളാണ് വിനോദും (അസിഫ് അലി) സന്തോഷും (നിഷാന്‍) കൊച്ചുമോനും (അഭിഷേക്). സ്വന്തമായി ഒരു കംപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുക എന്ന ലക്ഷ്യവുമായി നടക്കുന്ന സന്തോഷ്, വിനോദിന്റെ സഹോദരിയുമായി (നിമിഷ) പ്രണയത്തിലാണ്. വിനോദിനുമുണ്ട് ഒരു ലക്ഷ്യം: ഒരു സര്‍ക്കാര്‍ ജോലി. അതു കിട്ടിയില്ലെങ്കില്‍ മുറപ്പെണ്ണ് കല്യാണിയെ (അനന്യ) അമ്മാവന്‍ (ജഗതി ശ്രീകുമാര്‍) വേറെ ആര്‍ക്കെങ്കിലും പിടിച്ചുകൊടുക്കും. കൊച്ചുമോന്റെ ലക്ഷ്യം പാസ്‌പോര്‍ട്ടും വിസയും സംഘടിപ്പിച്ച് ഗള്‍ഫിലെത്തുക എന്നതാണ്. കാരണം, രണ്ടാം ഭാര്യയെ ഭയന്ന് മകനോടുള്ള സ്നേഹം ഒളിപ്പിച്ചു വയ്‌ക്കുകയും അവനെ തള്ളിപ്പറയുകയും ചെയ്യുന്ന അച്ഛനാണ് അയാളുടെ ദുഃഖം.
വിനോദിന്റെ സുഹൃത്തായ മഹേഷ് (വിനീത്കുമാര്‍) ഒരു ദിവസം ഇവരെ തേടി വരുന്നു. കാമുകിയെ (അമല പോള്‍) മറ്റൊരാള്‍ സ്വന്തമാക്കാന്‍ പോകുന്നതില്‍ മനം നൊന്താണ് അയാളുടെ വരവ്. മഹേഷിനെ സഹായിക്കാന്‍ സുഹൃദ്സംഘം തീരുമാനിക്കുന്നതോടെ ശാന്തമായിരുന്ന അവരുടെ ജീവിതം കലുഷിതവും പ്രശ്‌നഭരിതവുമാകുന്നു. മഹേഷിനെയും കാമുകിയേയും ഒന്നിപ്പിക്കാന്‍ ഈ സുഹൃത്തുക്കള്‍ക്കു കഴിയുന്നുണ്ടെങ്കിലും തീര്‍ത്താല്‍ തീരാത്ത നഷ്‌ടങ്ങളാണ് മൂന്നു പേരെയും തേടിയെത്തിയത്. ആ നഷ്‌ടങ്ങളേക്കാള്‍ അമ്പരപ്പിച്ച ചിലതും പിന്നീടവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.
FIRST IMPRESSION
സമുദ്രക്കനി എഴുതി സംവിധാനം ചെയ്‌ത നാടോടികള്‍ (2009) എന്ന നല്ല തമിഴ് ചിത്രത്തിന്റെ ഒരു മലയാളീകരിച്ച വിവര്‍ത്തനമാണ് രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ഇതു നമ്മുടെ കഥ എന്നു പറയാം. (മോഷണമല്ല, റീമേക്കാണ് ഈ ചിത്രം. കഥ സമുദ്രക്കനിയുടേതാണെന്ന് വ്യക്തമായി എഴുതിക്കാണിക്കുന്നുമുണ്ട്.) അതേ കഥാപാത്രങ്ങള്‍, അതേ കഥാഗതി.. സീനുകളും പാട്ടുകളും ഡയലോഗുകളുമൊക്കെ ഏറെക്കുറേ അതേപടി. ഒന്നാന്തരം തമിഴ് പശ്ചാത്തലത്തിലുള്ള കഥയെ കുട്ടനാട്ടിലേക്ക് വലിയ പരിക്കുകളില്ലാതെ പറിച്ചുനട്ടിട്ടുണ്ട് എന്നതു മാത്രമാണ് എടുത്തുപറയത്തക്ക വ്യത്യാസം.
നാടോടികളില്‍ സമുദ്രക്കനി സൂക്ഷിച്ചുവച്ചിരിക്കുന്ന സൌഹൃദത്തിന്റെയും കരുതലിന്റെയും ഊര്‍ജമോ തീക്ഷ്‌ണതയോ അതേയളവില്‍ പ്രസരിപ്പിക്കാന്‍ തിരക്കഥയും സംഭാഷണവും എഴുതി ഈ ചിത്രം സംവിധാനം ചെയ്‌ത രാജേഷ് കണ്ണങ്കരയ്‌ക്ക് കഴിഞ്ഞിട്ടില്ല. നാടോടികള്‍ കണ്ട പ്രേക്ഷകര്‍ക്കായി മലയാളം പതിപ്പില്‍ അദ്ഭുതങ്ങളൊന്നും കരുതി വച്ചിട്ടുമില്ല അദ്ദേഹം. വിവര്‍ത്തകന്‍ എന്ന നിലയില്‍ രാജേഷ് കണ്ണങ്കരയ്‌ക്ക് പാസ്‌മാര്‍ക്ക് (അതില്‍ കൂടുതല്‍ ഇല്ല) കൊടുക്കാമെങ്കിലും ഫിലിം മേക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അഭിമാനിക്കാവുന്ന എന്തെങ്കിലും ഇതു നമ്മുടെ കഥയില്‍ ഉണ്ടെന്നു തോന്നുന്നില്ല.
കൊച്ചുമോനെ അവതരിപ്പിച്ച അഭിഷേകിന്റെ അഭിനയം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കോട്ടയം നസീറിന്റെ പേരും എടുത്തു പറയാം. മറ്റുള്ളവരെല്ലാം ശരാശരിവരയുടെ അപ്പുറവും ഇപ്പുറവുമായി നില്‍ക്കുന്നു. നാടോടികളിലും ഇതു നമ്മുടെ കഥയിലും ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച അനന്യ പോലും തമിഴിലെ മെച്ചപ്പെട്ട പ്രകടനം മലയാളത്തില്‍ പുറത്തെടുത്തില്ല.
SECOND THOUGHTS
തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും നന്നായി സ്വീകരിക്കപ്പെടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌ത ചിത്രമാണ് നാടോടികള്‍. നല്ല സിനിമ ഇഷ്ടപ്പെടുന്ന മലയാളികളെല്ലാം തന്നെ തിയറ്ററിലും ഡി വി ഡികളിലുമായി അതു കാണുകയും ചെയ്തു കഴിഞ്ഞു. അങ്ങനെയൊരു സിനിമ പറയത്തക്ക മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും കേരളത്തിലേക്ക് കൊണ്ടുവന്നത് സാമ്പത്തികമായി disastrous ആയ തീരുമാനമായിപ്പോയി എന്നാണ് എന്റെ എളിയ വിശ്വാസം. (എന്റെ വിശ്വാസം തെറ്റാകട്ടെ എന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.)
ഏറെക്കുറേ ഒഴിഞ്ഞ തിയറ്ററിലിരുന്ന് ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഓര്‍ത്തുപോയത് ഫര്‍ഹന്‍ അക്‍തറിന്റെ ഡോണ്‍ റീമേക്കിനെക്കുറിച്ചാണ്. അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തില്‍ വന്ന ഡോണ്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം (1978, Chandra Barot) 2006-ല്‍ ഷാരുഖ് ഖാനെ ഡോണ്‍ ആക്കി ഫര്‍ഹാന്‍ അക്തര്‍ റീമേക്ക് ചെയ്‌തപ്പോള്‍, ബോക്സ് ഓഫീസ് മണികള്‍ക്ക് വിശ്രമം കൊടുക്കാതിരുന്ന മറ്റൊരു ക്രൌഡ് പുള്ളറായി മാറിയതിന്റെ പ്രധാന കാരണം ബുദ്ധിപൂര്‍വം അതില്‍ വരുത്തിയ ചില മാറ്റങ്ങളായിരുന്നു. നാടോടികളുടെ പ്ലോട്ടിനെ കീഴ്‌മേല്‍ മറിക്കുന്ന ചില മാറ്റങ്ങള്‍ ഇതു നമ്മുടെ കഥയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതു ശരിക്കും നമ്മുടെ കഥയായി മാറുമായിരുന്നു.
LAST WORD
നമുക്കറിയാത്ത ഭാഷയില്‍ നിന്ന് അത്ര വിദഗ്ദ്ധമല്ലാത്ത കരങ്ങള്‍ കൊണ്ട് വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു സാഹിത്യകൃതി സ്വന്തം ഭാഷയില്‍ വായിക്കുമ്പോള്‍ കിട്ടുന്ന അനുഭവം എന്താണോ, അതാണ് രാജേഷ് കണ്ണങ്കരയുടെ ഇതു നമ്മുടെ കഥ കാണികള്‍ക്ക് നല്‍കുന്നത്. തിയറ്ററിലോ ഡി വി ഡിയിലോ (ഇംഗ്ലീഷ് സബ്‌ടൈറ്റിലുള്ള തമിഴ് ഡി വി ഡികള്‍ മാര്‍ക്കറ്റിലുണ്ട്) നാടോടികള്‍ കാണാന്‍ പറ്റാത്തവര്‍ക്കും തമിഴും ഇംഗ്ലീഷും മനസ്സിലാകാത്തവര്‍ക്കും ഇതു നമ്മുടെ കഥ ആസ്വാദ്യകരമായി തോന്നിയേക്കാം.
Monday, January 10, 2011
Review: Traffic

ചെറിയ ഒരു കാലപരിധിയിലാണ് സഞ്‌ജയ്- ബോബി സഹോദരങ്ങള്‍ എഴുതി രാജേഷ് പിള്ള സംവിധാനം ചെയ്‌ത ട്രാഫിക് അരങ്ങേറുന്നത്. ഒരു പകലും അല്പം രാത്രിയും അതിനിടെ കടന്നുവരുന്ന ഇത്തിരി ഫ്ലാഷ്‌ബാക്കും. ബൈക്കില്‍ യാത്ര ചെയ്‌തിരുന്ന റെയ്‌ഹാനും (വിനീത് ശ്രീനിവാസന്‍) രാജീവും (അസിഫ് അലി) ട്രാഫിക് സിഗ്നലില്‍ വച്ച് ഒരു അപകടത്തില്‍ പെടുന്നു. സിഗ്നല്‍ തെറ്റിച്ച് പാഞ്ഞുവന്ന ഒരു കാര്‍ അവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോവുകയായിരുന്നു.
ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന റെയ്‌ഹാന്‍ സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ഥ് ശങ്കറിനെ (റഹ്‌മാന്‍) ഇന്റര്‍വ്യൂ ചെയ്യാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. അപ്പോള്‍ അതേ സിഗ്നലില്‍ മറ്റൊരു കാറില്‍ ഡോ. ഏബലും (കുഞ്ചാക്കോ ബോബന്‍) ട്രാഫിക് ഡ്യൂട്ടിയുള്ള പൊലീസ് കോണ്‍സ്റ്റബിളായി സുദേവനും (ശ്രീനിവാസന്‍) ഉണ്ട്. കൈക്കൂലിക്കേസിലെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സുദേവന്‍ ആദ്യമായി ജോലിക്കെത്തിയ ദിവസമാണത്.
പാലക്കാടുള്ള ആശുപത്രിയില്‍ സിദ്ധാര്‍ഥ് ശങ്കറിന്റെ മകള്‍ ഹൃദ്രോഗവുമായി മല്ലടിച്ചുകൊണ്ടിരിക്കുകയാണ് അപ്പോള്‍. റെയ്‌ഹാന്റെ പിതാവും (സായ്‌കുമാര്‍) പ്രണയിനിയും (സന്ധ്യ) അവരുടെ കുടുംബവും അവന്‍ ആദ്യമായി അവതരിപ്പിക്കുന്ന അഭിമുഖം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. വിധി എന്നോ യാദൃശ്ചികത എന്നോ (അല്ലെങ്കില്‍, അതായിരിക്കാം ജീവിതം) പറയാവുന്ന ഒന്ന് ഇവരുടെയെല്ലാം ജീവിതങ്ങളെ കൂട്ടിക്കലര്‍ത്തുന്നു. വേദനയും വിരഹവും സ്നേഹവും കാമവും ചതിയും പ്രതികാരവുമെല്ലാം നിറഞ്ഞ ഒരുപിടി സംഭവങ്ങളിലൂടെയാണ് പിന്നെ നമ്മള്‍ യാത്ര ചെയ്യുന്നത്; അമ്പരപ്പിക്കുന്ന- വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു യാത്ര.
PLUSES
ഒരുപക്ഷേ, സംവിധായകനു പോലും ഓര്‍ക്കാന്‍ ഇഷ്‌ടം തോന്നാത്ത ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005) ആണ് രാജേഷ് പിള്ള സംവിധാനം ചെയ്‌ത ആദ്യചിത്രം. അതില്‍ നിന്ന് ട്രാഫിക്കില്‍ എത്തുമ്പോള്‍ സംവിധാനകലയില്‍ ഈ ചെറുപ്പക്കാരന്‍ എത്തിപ്പിടിച്ചിരിക്കുന്ന ഉയരം ആരെയും അമ്പരപ്പിക്കുന്നതാണ്. (അഭിനേതാക്കള്‍ സംവിധായകന്റെ കൈയിലെ കരുക്കളാണെന്നൊക്കെ വാചകമടിക്കുമെങ്കിലും താരശോഭ കാണുമ്പോള്‍ മുട്ടില്‍ പനി വരുന്ന സംവിധായകരാണ് നമുക്കുള്ളതില്‍ നല്ല പങ്കും. അവര്‍ രാജേഷിന്റെ കൈയില്‍ നിന്ന് എന്തെങ്കിലും പഠിച്ചെടുത്താല്‍ അവര്‍ക്കും നന്ന്, മലയാളസിനിമയ്‌ക്കും നന്ന്.)
എഴുന്നു നില്‍ക്കുന്ന അരികുകളും വളവുകളും മാറ്റി രാകി മിനുക്കി മൂര്‍ച്ചപ്പെടുത്തിയ തിരക്കഥ രാജേഷ് പിള്ളയുടെ ജോലി കുറച്ചൊന്നുമല്ല എളുപ്പമാക്കിയത്. ഒരുപക്ഷേ, കെ ജി ജോര്‍ജിന്റെയും പദ്മരാജന്റെയും നല്ല കാലത്തിനു ശേഷം ഇത്ര ലക്ഷണമൊത്ത, വളരെ സിനിമാറ്റിക് ആയ തിരക്കഥ അധികം മലയാളസിനിമകള്‍ക്കൊന്നും ഉണ്ടായിട്ടില്ല. അഭിനേതാക്കളല്ല, കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയില്‍ താരശോഭയോടെ നില്‍ക്കുന്നത്. ബോബിക്കും സഞ്‌ജയ്‌ക്കും അഭിമാനിക്കാം. ക്യാമറാമാന്‍ ഷൈജു ഖാലിദ്, ചിത്രസംയോജകന്‍ മഹേഷ് നാരായണൻ എന്നിവരേയും പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
കഥയ്‌ക്ക് ശേഷമുള്ള സ്ഥാനത്താണെങ്കിലും മിക്ക കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും നമ്മുടെ ഉള്ളില്‍ കയറുക തന്നെ ചെയ്യും. സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി, ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍, കൃഷ്‌ണ, അനൂപ് മേനോന്‍, റോമ, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ പ്രശസ്തര്‍ മുതല്‍ ഒന്നു രണ്ടു സീനുകളില്‍ വന്ന പേരറിയാത്തവര്‍ വരെ തങ്ങളിട്ട വേഷത്തോട് ആവുന്നത്ര ആത്മാര്‍ഥത പുലര്‍ത്തി. ഒരുപാട് കാലത്തിനു ശേഷം ജോസ് പ്രകാശിനെ കാണാനായത് വളരെ സന്തോഷകരം; അതും കഥയുടെ ഗതി മാറ്റുന്ന ഒരു ഒറ്റ സീന്‍ പ്രകടനം.
ഹൃദയസ്‌പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. മകളേക്കുറിച്ച് ഒരു ചുക്കുമറിയാതെ കൈയടികള്‍ക്കു പിന്നാലെ പോകുന്ന അച്ഛനും മകനെ മരണത്തിനു വിട്ടു കൊടുക്കാന്‍ സമ്മതിക്കേണ്ടിവരുന്ന പിതാവുമൊക്കെ ഏറെക്കാലം നമ്മുടെ മനസ്സില്‍ വേദനയുണ്ടാക്കും.
MINUSES
ഈ സിനിമയ്‌ക്ക് ഒരു കുറവുമില്ല എന്ന് പറയാനാവില്ല. ചിലതൊക്കെ കാണാം. പക്ഷേ, അവയേക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ തോന്നുന്നില്ല. അഥവാ, ആ കുറവുകള്‍ക്കു നേരേ ഞാന്‍ മനഃപൂര്‍വം കണ്ണടയ്‌ക്കുന്നു. അതൊരു പാപമാണെങ്കില്‍ വായനക്കാര്‍ കാരുണ്യത്തോടെ ക്ഷമിക്കുക.
EXTRAS
ക്ലൂസോ സംവിധാനം ചെയ്‌ത പഴയൊരു ഫ്രഞ്ച് സിനിമയാണ് ദ് വേജസ് ഓഫ് ഫിയര്‍ (The Wages Of Fear / Le Salaire De La Peur, Henri- Georges Clouzot, 1953). എണ്ണപ്പാടത്തെ തീയണയ്‌ക്കാന്‍ നൈട്രോ ഗ്ലിസറിനുമായി പോകുന്ന നാല് ട്രക്ക് ഡ്രൈവര്‍മാരുടെ യാത്രയാണ് ക്ലൂസോയുടെ ചിത്രത്തിലെ കേന്ദ്രസംഭവം. മിണ്ടിയാല്‍ പൊട്ടിത്തെറിക്കുന്ന ചരക്കാണ് നൈട്രോ ഗ്ലിസറിന്‍. ഓരോ ലോറി നിറയെ നൈട്രോ ഗ്ലിസറിനുമായി റോഡ് എന്നതിനു മറ്റൊരു വാക്കില്ലാത്തതു കൊണ്ടു മാത്രം ആ പേരു വിളിക്കുന്ന അതിദുര്‍ഘടമാര്‍ഗങ്ങളിലൂടെ നീങ്ങുന്ന ആ നാലു പേരുടെയും മുഖവും ജീവിതവും മരിക്കുന്നതുവരെ മനസ്സിലുണ്ടാവും. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടു മാത്രം മരണവുമായി കടശ്ശിക്കളിക്കിറങ്ങിയ നാലു പേര്‍. മറ്റൊരു സിനിമയും ഇതുപോലെ എന്നെ പിടിച്ച് ഉലച്ചിട്ടില്ല. ഞാന്‍ കണ്ട മറ്റൊരു സിനിമയും ജീവിതം എന്നു പറയുന്ന സംഗതിയെ ഇത്ര പച്ചയായി define ചെയ്‌തിട്ടില്ല. ദ് വേജസ് ഓഫ് ഫിയര്‍ കണ്ട ദിവസത്തെ ഞെട്ടലിനേക്കുറിച്ച് ട്രാഫിക് ഓര്‍മപ്പെടുത്തി. രാജേഷ് പിള്ളയ്‌ക്കും ബോബി-സഞ്‌ജയ് സഹോദരങ്ങള്‍ക്കും നന്ദി.
പരസ്‌പരം കടന്നു പോകുന്ന നാലു കഥകള്‍ കോര്‍ത്തിണക്കി അലെജാന്‍ഡ്രോ എന്ന മെക്സിക്കന്‍ സംവിധായകന്‍ ഒരുക്കിയ ബാബേലിലെ (Babel, Alejandro González Iñárritu, 2006) ആഖ്യാനതന്ത്രം ട്രാഫിക്കില്‍ ഉപയോഗിച്ചിട്ടുണ്ട്. ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ എന്ന കനേഡിയന്‍ ചിത്രത്തെ അതേപടി കോപ്പി ചെയ്ത് കോക്ക്ടെയില്‍ ആക്കി മിടുക്കനായ അനൂപ് മേനോന് ഇന്‍സ്‌പിരേഷനും മോഷണവും തമ്മിലുള്ള വ്യത്യാസം ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്ന് കരുതാം. (അനൂപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്; അദ്ദേഹത്തിന്റെ മടുപ്പിക്കുന്ന know-all ഭാവം മാറ്റി വച്ച് കൃത്യമായ അഭിനയം.)
സമാനതകളില്ലെങ്കിലും രഞ്ജിത് ശങ്കറിന്റെ പാസഞ്ചറിനെയും ഈ ചിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. ശ്രീനിവാസന്‍, യാത്ര തുടങ്ങിയ പൊതുഘടകങ്ങളാകാം കാരണം. എന്നാല്‍, പാസഞ്ചറിന്റെ അത്ര പ്രകാശമാനമല്ല ട്രാഫിക് പറയുന്ന കാര്യങ്ങള്‍. പാസഞ്ചര്‍ കഴിഞ്ഞപ്പോള്‍ ഒരു ആശ്വാസത്തോടെയാണ് നമ്മള്‍ തിയറ്റര്‍ വിട്ടതെങ്കില്‍ ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും നമ്മുടെ ഹൃദയത്തെ കൊളുത്തിവലിച്ചുകൊണ്ടിരിക്കും.
രാജേഷ് പിള്ള, ബോബി, സഞ്‌ജയ്, സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി എന്നിവരെ ഞാന്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നു; ഈ ചിത്രത്തിന്റെ മുന്നിലും പിന്നിലും ചെയ്‌ത ജോലിയുടെ പേരില്‍ അവരോടുള്ള സ്നേഹം ഇങ്ങനെയല്ലാതെ പ്രകടിപ്പിച്ചാല്‍ അതു വളരെ ഉപരിപ്ലവവും ഹൃദയശൂന്യവും ആയിപ്പോകുമെന്നതുകൊണ്ട്.
LAST WORD
പരീക്ഷണങ്ങളെയും പുതുമകളെയും ഭയക്കാത്ത പുതുരക്തം മലയാളസിനിമയില്‍ ചൂടു പിടിച്ചു വരുന്നുണ്ടെന്നും ആ ചോരയോടുന്ന തലച്ചോറുകളില്‍ രണ്ടാം തരമല്ല, ഒന്നാം തരം പ്രതിഭ തന്നെ പ്രവര്‍ത്തനനിരതമാണെന്നും ഇനി നമുക്ക് ആരുടെ മുഖത്തു നോക്കിയും പറയാം. EXCELLENT movie; do not miss it.
Monday, January 3, 2011
Sunday, December 26, 2010
Traffic - Stills
After the Kunchacko Boban starrer Hrudayathil Sookshikkaan, director Rajesh R Pillai is back with his new movie TRAFFIC, this time a thriller genre one.
This one is a multi narrative
Starcast includes Sreenivasan, Kunchacko Boban, Vineeth Sreenivasan, Asif Ali, Jose Prakash....Bengali Actres Tanushree Ghosh plays the heroine
Script : Bobby-Sanjay
Music : Mejo Joseph & Sejo John