Showing posts with label malaylam movie asuravithu. Show all posts
Showing posts with label malaylam movie asuravithu. Show all posts

Thursday, June 9, 2011

‘സ്റ്റോപ്പ് വയലന്‍സ്’ രണ്ടാം ഭാഗം തുടങ്ങി, പൃഥ്വി ഇല്ല



2002ല്‍ എ കെ സാജന്‍ സംവിധാനം ചെയ്ത ‘സ്റ്റോപ്പ് വയലന്‍സ്’ മലയാള സിനിമയില്‍ മാറ്റത്തിന്‍റെ സന്ദേശവുമായി വന്ന ചിത്രമാണ്. പൃഥ്വിരാജ് എന്ന യുവ സൂപ്പര്‍താരത്തിന്‍റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു ആ സിനിമ. സ്റ്റോപ്പ് വയലന്‍സിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ സ്റ്റോപ്പ് വയലന്‍സില്‍ ‘സാത്താന്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നില്ല. മറ്റൊരു യുവപ്രതീക്ഷയായ ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.

അതേ, സ്റ്റോപ്പ് വയലന്‍സിന്‍റെ രണ്ടാം ഭാഗമായ ‘അസുരവിത്ത്’ പെരുമഴയത്തും ചിത്രീകരണം പുരോഗമിക്കുകയാണ്. എ കെ സാജന്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ഡോണ്‍ ബോസ്കോ എന്ന യുവ പുരോഹിതനെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. സംവൃത സുനിലാണ് നായിക.

സ്റ്റോപ്പ് വയലന്‍സില്‍ ചന്ദ്രാ ലക്ഷ്മണ്‍ അവതരിപ്പിച്ച ആഞ്ചലീന എന്ന കഥാപാത്രത്തിന്‍റെ മകനാണ് ഡോണ്‍ ബോസ്കോ. ഒരു മാലാഖയെപ്പോലെ പരിശുദ്ധയായിരുന്ന ആഞ്ചലീനയ്ക്ക് സാത്താനില്‍(പൃഥ്വി അവതരിപ്പിച്ച കഥാപാത്രം) ഉണ്ടായ മകന്‍. അയാള്‍ ഒരു പുരോഹിതനാണ്. പക്ഷേ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ചില സംഭവങ്ങള്‍ അവനെ മാറ്റിത്തീര്‍ക്കുകയാണ്.

ലീലാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അസുരവിത്തില്‍ ബിജു മേനോന്‍, നിവിന്‍ പോളി, ജഗതി, വിജയരാഘവന്‍, കലാഭവന്‍ മണി, വിജയകുമാര്‍, സീമാ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സ്റ്റോപ്പ് വയലന്‍സ്, ലങ്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള എ കെ സാജന്‍ ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ തകര്‍ച്ചയോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന എ കെ സാജന്‍ അസുരവിത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്.