Thursday, February 10, 2011

Review: Gaddama



സൌദിയിലെ ഒരു അറബികുടുംബത്തില്‍ വീട്ടുജോലിക്കാരിയായി (അതാണ് ഗദ്ദാമ) എത്തിപ്പെടുന്ന അശ്വതിയുടെ (കാവ്യ മാധവന്‍) കഥയാണ് കമല്‍ സംവിധാനം ചെയ്‌ത ഗദ്ദാ‍മ പറയുന്നത്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി കെ യു ഇക്‍ബാല്‍ എഴുതിയ കഥ തിരക്കഥയാക്കിയിരിക്കുന്നത് കമലും ഗിരീഷ് കുമാറും ചേര്‍ന്ന്.

നാട്ടിലെ ദുരിതങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ മാത്രമല്ല നികത്താനാവാത്ത നഷ്‌ടങ്ങളുടെ ദുഃഖങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കൂടിയാണ് അശ്വതി അറിയാത്ത നാട്ടിലേക്ക് വിമാനം കയറുന്നത്; അവിടെ കാത്തിരിക്കുന്നത് കൂടുതല്‍ വേദനകളാണെന്നറിയാതെ. അറബിയുടെ വീട്ടിലെ പീഢനങ്ങള്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ അശ്വതി അവിടുന്ന് പുറത്തുകടക്കുന്നു. വറചട്ടിയില്‍ നിന്ന് എരിതീയിലേക്കുള്ള രക്ഷപ്പെടല്‍ പോലെ തന്നെയായിരുന്നു അത്. അവളെ രക്ഷിക്കാന്‍ ശ്രമിച്ചവരും ആ വേദനകളുടെ പങ്കുകാരാകേണ്ടി വരുന്നതാണ് പിന്നെ നമ്മള്‍ കാണുന്നത്. തീക്കാറ്റ് പാറുന്ന മണല്‍ക്കാട്ടിലും ജയിലിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളിലും പിന്നെയും ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്ന അശ്വതിയുടെ രക്ഷയ്‌ക്ക് ഒടുവില്‍ പൊതുകാര്യപ്രവര്‍ത്തകനായ റസാഖ് (ശ്രീനിവാസന്‍) എത്തുന്നു.

FIRST IMPRESSION
കുടുംബവഴക്കും കുത്തിത്തിരിപ്പും കുടുംബത്ത് കയറ്റാന്‍ കൊള്ളാത്ത തമാശകളും ഉത്സവം / പെരുന്നാള്‍ നടത്തിപ്പും larger-than-life കഥാപാത്രങ്ങളുമില്ലാത്ത ഒരു സിനിമ മലയാളത്തില്‍ കാണാനുള്ള സൌഭാഗ്യമുണ്ടാക്കിത്തന്നതിന് കമലിന് ആദ്യമേ നന്ദി. (സകലകലാവല്ലഭരും സര്‍വരോഗസംഹാരികളുമായ നായകന്മാരെ കണ്ടു കണ്ട് മതിയായി!)

വളരെ പ്രാധാന്യമുള്ള, വളരെ ഹൃദയഭേദകമായ ഒരു പ്രശ്‌നമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. ജീ‍വിതം പലപ്പോഴും മനുഷ്യനായി കാത്തുവയ്‌ക്കുന്ന അപരിഹാര്യമായ ആകുലതകളെ ആവിഷ്‌കരിക്കാന്‍ കമല്‍ ശ്രമിക്കുന്നു; പകപ്പോടെയാണെങ്കിലും. രേഖീയമല്ലാത്ത കഥപറച്ചില്‍ ഒരു പഴഞ്ചന്‍ ഫ്രെയിമിലേക്ക് ഒതുങ്ങിപ്പോകാതെ ഗദ്ദാമയെ രക്ഷിക്കുന്നുണ്ട്. പ്രമേയപരിചരണത്തില്‍ കമല്‍ സാമര്‍ഥ്യം കാണിച്ച ഒരേയൊരു കാര്യവും ഇതാണ്.

തികഞ്ഞ പെര്‍ഫക്ഷനോടെ രൂപപ്പെടുത്തപ്പെട്ട ഒരു കഥാപാത്രമുണ്ട് ഇതില്‍; ഡ്രൈവര്‍ ഉസ്‌മാന്‍. ഇത്രയും പച്ചയായ ഒരു മനുഷ്യന്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ തന്നെ വിരളമാണ്. ഉസ്‌മാനെ അവതരിപ്പിച്ച സുരാജ് അഭിനയം തനിക്ക് നന്നായി അറിയാവുന്ന ജോലി തന്നെയാണെന്ന് തെളിയിക്കുകയും ചെയ്‌തു. സുരാജിന്റെ തന്നെ ഭാഷ കടമെടുത്താല്‍, അദ്ദേഹം മിക്കപ്പോഴും ചെയ്യുന്ന കൂതറ വേഷങ്ങള്‍ക്ക് ഒരു പ്രായശ്ചിത്തം.

അശ്വതി എന്ന ഗദ്ദാമയെ അവതരിപ്പിച്ച കാവ്യയും സ്വന്തം കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. (നിര്‍ഭാഗ്യവശാല്‍, കാവ്യയ്‌ക്കാവുന്നതിന്റെ അപ്പുറത്ത് ഡിമാന്‍‌ഡ് ചെയ്യുന്ന കഥാപാത്രമായിപ്പോയി ഗദ്ദാമ എന്നത് വേറെ കാര്യം. ഗദ്ദാമയുടെ പരസ്യത്തില്‍ അഭിനയിച്ച മഞ്ജു വാര്യര്‍ അശ്വതിയായി സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നി. എടുത്താല്‍ പൊന്താത്ത ചുമടുകളൊന്നും വഹിക്കാതെ ഒരു സുന്ദരി യുവതിയായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെങ്കില്‍ കാവ്യയെ വെല്ലാന്‍ മലയാളത്തില്‍ ഇപ്പോഴാരുമില്ല എന്നു കൂടി പറയട്ടെ.)

ജാഫര്‍ ഇടുക്കി, ശശി കലിംഗ, സുകുമാരി, കെ പി എ സി ലളിത, ബിജു മേനോന്‍, ലെന എന്നിവരും ബഷീറായി വന്ന പുതുമുഖം ഷൈന്‍ ടോമും ഫാത്തിമയായ ഇന്‍ഡോനേഷ്യന്‍ നടിയും മനസ്സില്‍ നില്‍ക്കുന്ന മട്ടില്‍ത്തന്നെ സ്വന്തം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീനിവാസനും മുരളീകൃഷ്‌ണനുമുള്‍പ്പടെ മറ്റ് അഭിനേതാക്കള്‍ മോശമാക്കിയില്ല എന്നു പറയാം.

മനോജ് പിള്ളയുടെ ക്യാമറയും എം ജയചന്ദ്രന്റെ പശ്ചാത്തലസംഗീതവും കമലിനെ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്; പിന്നെ ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്റെ ഗരിമയോടെ നില്‍ക്കുന്ന അനന്തമായ മണലാരണ്യവും.

SECOND THOUGHTS
ഈ ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന ഗൌരവത്തിലും ആഴത്തിലും അതിനെ സമീപിക്കാനുള്ള പ്രതിഭ കമലിനോ ഗിരീഷ് കുമാറിനോ ഇല്ലാതെ പോയി എന്നതാണ് ഈ സിനിമ നേരിടുന്ന പ്രധാന പ്രശ്‌നം. തിളങ്ങിനില്‍ക്കുന്ന പുതുമകളൊന്നും ഈ സിനിമയുടെ രൂപത്തിലോ ഭാവത്തിലോ വിളക്കിച്ചേര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ അശ്വതിയുടെ ദുഃഖം മിക്കപ്പോഴും നമ്മുടെ ഹൃദയത്തിലേക്ക് കയറാതെ അതിന്റെ പുറംഭിത്തിയില്‍ തട്ടി തിരിച്ചു പോകുന്നു.

വേണ്ടത്ര പാകപ്പെട്ടിട്ടില്ലാത്ത മൂന്ന് കഥാപാത്രങ്ങളുണ്ട് ഇതില്‍: ജയിലില്‍ നിന്ന് അശ്വതിയെ രക്ഷിക്കുന്ന റസാഖ് (ശ്രീനിവാസന്‍), മരുഭൂമിയില്‍ നിന്ന് അശ്വതിയെ രക്ഷിക്കുന്ന ഭരതന്‍ (മുരളികൃഷ്‌ണന്‍), അശ്വതിയേക്കുറിച്ച് കഥകളുണ്ടാക്കാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന അജിത് മേനോന്‍ എന്ന പത്രപ്രവര്‍ത്തകന്‍ (മനു ജോസ്). നിര്‍ഭാഗ്യവശാല്‍ ഈ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതും ഇവരാണ്. ഈ കഥാപാത്രങ്ങളുടെ കാര്യത്തില്‍ സംവിധായകന്‍ മാത്രമല്ല, കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും വളരെ confused ആയിട്ടാണ് പെരുമാറുന്നത് എന്നു കാണാം. കെട്ടിയിരിക്കുന്ന വേഷം പച്ചയാണോ കത്തിയാണോ താടിയാണോ എന്നറിയാതെ അരങ്ങില്‍ കയറേണ്ടിവരുന്ന ആട്ടക്കാ‍രന്റെ മനോനില മൂവരുടെയും മുഖങ്ങളില്‍ വായിക്കാം.

അജിത് മേനോന്‍ തീരെ അനാവശ്യമായ കഥാപാത്രമാണെന്നു പോലും പറയാം. പൊതുകാര്യതല്പരനായ റസാഖിനെ അശ്വതിയിലേക്ക് എത്തിക്കാന്‍ അയാളേക്കാള്‍ നല്ല എത്രയോ വഴികള്‍ തുറന്നെടുക്കാമായിരുന്നു സംവിധായകന്!

അറബിനാട്ടില്‍ അശ്വതി നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ക്ലിഷേയ്‌ഡ് ആണ്. ഉദാഹരണത്തിന്, ഗള്‍ഫിലെ സവിശേഷസാഹചര്യത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെ അവയര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ട സമയത്ത് നായികയുടെ കാലില്‍ കുപ്പിച്ചില്ല് കയറ്റിയും നായകന്റെ അമ്മയുടെ ജീവനെടുത്തുമൊക്കെ സഹതാപമുണ്ടാക്കാനാണ് സംവിധായക-രചയിതാക്കള്‍ ശ്രമിച്ചത്. ഇതു പ്രതിഭാശൂന്യത കൊണ്ടുണ്ടാകുന്ന പ്രശ്‌നമല്ല. വിശദാംശങ്ങള്‍ തേടിപ്പോകാനുള്ള ഉത്തരവാദിത്തമോ അല്പമൊന്ന് തല പുകയ്‌ക്കാനുള്ള ക്ഷമയോ ഇല്ലാത്തതുകൊണ്ട് ഉണ്ടാകുന്നതാണ്. ഇതുകൊണ്ട് ഈ സിനിമ ഉന്നയിക്കേണ്ടിയിരുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും വേലിക്കു വെളിയില്‍ത്തന്നെ നില്‍ക്കേണ്ടിവരുന്നു.

ചില കഥാപാത്രങ്ങള്‍ ചിലപ്പോള്‍ തീരെ യുക്തിരഹിതമായി പെരുമാറുന്നതും ഇതേ കാരണം കൊണ്ടുതന്നെ. ഉദാഹരണത്തിന്, ചെയ്യുന്നതു കുറ്റമാണെന്നും അതിന്റെ അനന്തരഫലമെന്താണെന്നും അറിയാമായിരുന്നിട്ടും ഭരതന്‍ എന്തുകൊണ്ട് അശ്വതിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു; അതും ഏറെക്കുറേ പരസ്യമായിത്തന്നെ? അശ്വതിയെ വഴിയില്‍ ഇറക്കിവിടുന്ന ഭരതന്റെ ട്രക്ക് അടുത്ത നിമിഷം തിരിച്ചുവരുന്നതിന്റെ കാരണവും തല പുകയ്‌ക്കാനുള്ള രചയിതാക്കളുടെ മടിയോ അലസതയോ ആണ്. ആ സീനുകള്‍ വെറും മെലോഡ്രാമയില്‍ കൂടുതല്‍ ഒന്നുമായില്ല.

അതിസുന്ദരവും അതേസമയം വായനക്കാരന്റെ ഹൃദയത്തെ വിമലീകരിക്കാന്‍ പോന്നത്ര ശക്തവും അമ്ലശേഷിയുള്ളതുമാ‍യ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ആടുജീവിതത്തെ ഓര്‍മിപ്പിച്ചു ഈ സിനിമയുടെ അവസാനഭാഗങ്ങള്‍. മരുഭൂമിയിലെ തീയാളുന്ന പൊടിക്കാറ്റിലും മെല്ലെ മെല്ലെ പൊന്തിവരുന്ന ചെറുചെടികളേക്കുറിച്ച് റസാഖ് ഒടുവില്‍ പറയുന്നുമുണ്ട്. പക്ഷേ, ബെന്യാമിന്റെ കൃതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആല്‍ക്കെമിയുടെ സ്‌പര്‍ശം കമലിന്റെ കൃതിയില്‍ തീരെ ഇല്ലാതെ പോയി. മറ്റൊരു വിധത്തില്‍‍, ആടുജീവിതം അമര്‍ത്തിവരച്ചിട്ട അമ്പരപ്പിക്കുന്ന ജീവിതചിത്രങ്ങള്‍ക്കു മുന്നില്‍ ഗദ്ദാമ വെറും നിഴല്‍ചിത്രമായിപ്പോകുന്നു പലപ്പോഴും.

EXTRA
അറബിയുടെ വീട്ടിലും ജയിലിലുമായി അഞ്ചാറു മാസമോ അതില്‍ കൂടുതലോ പുറം‌ലോകം കാണാതെ കഴിഞ്ഞ അശ്വതിയുടെ പുരികങ്ങള്‍ എപ്പോഴും സുന്ദരമായി ഷേപ്പ് ചെയ്യപ്പെട്ടിരിക്കുന്നതു കാണാം. ജയിലില്‍ നിന്നിറങ്ങി വരുന്ന അശ്വതിയുടെ മുഖം ചന്ദ്രനെപ്പോല്‍ വിളങ്ങുന്നു.. നേരെ പിടിച്ചുകൊണ്ടുപോയി ഫെയര്‍ & ലവ്‌ലിയുടെ പരസ്യത്തില്‍ ഉപയോഗിക്കാം!

LAST WORD
കമലിന്റെ പ്രതിഭയുടെയും കാവ്യയുടെ അഭിനയപാടവത്തിന്റെയും പരിധികള്‍ക്കു വളരെ മുകളിലൂടെ കടന്നുപോകുന്ന ഒരു ട്രീറ്റ്മെന്റ് ആവശ്യപ്പെടുന്ന പ്രമേയമാണ് ഗദ്ദാമയുടേത്. അതുകൊണ്ടുതന്നെ, മോശമല്ലാത്ത ഒരു സിനിമയുണ്ടാക്കാനേ കമലിനും സംഘത്തിനും കഴിഞ്ഞിട്ടുള്ളു. പക്ഷേ, അതിനവരെ കുറ്റപ്പെടുത്താന്‍ ഞാനില്ല. പാതി പോലും വേകാത്തതും വേവിക്കാന്‍ കൊള്ളാത്തതുമായ സാധനങ്ങള്‍ നിര്‍മിക്കാന്‍ ചെറുപ്പക്കാര്‍ പോലും മത്സരിക്കുന്ന ഇക്കാലത്ത് കമലിനെപ്പോലൊരാള്‍ ഇത്രയെങ്കിലും ചെയ്‌തല്ലോ.. അത്രയും നന്ന്.