Wednesday, July 20, 2011

ആഷിഖിന്റെ ദോശക്കഥ




ദോശ കഴിക്കാന്‍ പോയിട്ട് ഒരു ബിരിയാണി കഴിച്ച അനുഭവം''- ആഷിഖ് അബു സംവിധാനംചെയ്ത 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ' എന്ന ചിത്രത്തെക്കുറിച്ച് ഒരു സഹൃദയന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി. ഒപ്പം ' വെറും വയറ്റില്‍ ഈ സിനിമ കാണരുതെന്ന' ഉപദേശവും. പ്രേക്ഷകരെ നല്ല സിനിമയുടെ രുചിയറിയിച്ച ഒരു കൊച്ചു സിനിമയുടെ വിജയത്തിലേക്കുള്ള കുതിപ്പ് ആ കമന്റില്‍നിന്ന് തുടങ്ങുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ കമന്റുകളിലൂടെയും മൊബൈല്‍ എസ്. എം. എസ്സുകളിലൂടെയും മൗത്ത് പബ്ലിസിറ്റിയിലൂടെയും സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രുചിപ്പെരുമ പതുക്കെ പ്പതുക്കെ നാടാകെ പാട്ടായി. ഫലമോ, കേവലം 20 തീയേറ്ററുകളില്‍ മാത്രമായി റിലീസ് ചെയ്ത ചിത്രം, രണ്ടാഴ്ച പിന്നിടുമ്പോള്‍ 40 തീയേറ്ററുകളിലേക്ക് ഉയര്‍ന്നു. 

ആളുകള്‍ കണ്ടുകണ്ട്, കണ്ട ആളുകള്‍ പറഞ്ഞു പറഞ്ഞ്, അങ്ങനെ ഒരു കുഞ്ഞുപടം കൂടി തിയേറ്ററുകളില്‍ ആളെ കൂട്ടുന്നു. പരസ്പരം കണ്ടിട്ടില്ലാത്ത, വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത രണ്ടുപേര്‍. ആര്‍ക്കിയോളജിസ്റ്റ് കാളിദാസനും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് മായയും. ഇരുവരെയും തമ്മില്‍ ഒന്നിപ്പിക്കാന്‍ നിമിത്തമാകുന്നത് ഒരു ദോശ. ആ ദോശ ഉണ്ടാക്കിയ കഥയാണ് ആഷിഖ് അബു സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ വളരെ കൂളായി പറയുന്നത്. കാളിദാസനായി ലാലും മായയായി ശ്വേത മേനോനും അഭിനയിക്കുന്നു. 

ഒപ്പം ആസിഫ് അലി, മൈഥിലി, ബാബുരാജ്, വിജയരാഘവന്‍, കല്പന എന്നിവരും അതിഥിതാരമായി അര്‍ച്ചനകവിയും എത്തുന്നു. ' ഡാഡികൂള്‍ ' എന്ന മമ്മൂട്ടി ചിത്രത്തിനുശേഷം ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ കഥ, തിരക്കഥ, സംഭാഷണം ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നീ നവാഗതരുടേതാണ്. ഒരു ദോശ ഉണ്ടാക്കിയ ആ കഥയുടെ പാചകക്കൂട്ടുകള്‍ ഇവിടെ സംവിധായകന്‍ ആഷിഖ് അബു' നഗര'വുമായി പങ്കുവെക്കുന്നു.

ഒരു 'ഫീല്‍ ഗുഡ് സിനിമ' ചെയ്ത സന്തോഷം


ആദ്യ സിനിമയ്ക്ക് കിട്ടിയതിനേക്കാള്‍ നൂറിരട്ടി ത്രില്ല് എനിക്ക് തന്ന സിനിമയാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഈ സിനിമയെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത്ര വലിയ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിന് സന്തോഷമുണ്ടാക്കുന്ന, ഒരു ' ഫീല്‍ ഗുഡ് സിനിമ ' ചെയ്യണം. അതായിരുന്നു ടാര്‍ജറ്റ്. പക്ഷേ, ആ ടാര്‍ജറ്റിനെയെല്ലാം ക്രോസ് ചെയ്ത് ഒരുപാട് മുന്നോട്ടുപോയി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ആ സന്തോഷത്തിലാണ് ഞങ്ങളെല്ലാവരും.
പരസ്യം പ്രേക്ഷകവാക്കുകള്‍


വലിയ പോസ്റ്ററുകളോ കൂറ്റന്‍ ഫ്ലക്‌സ്‌ബോര്‍ഡുകളോ ഒന്നും സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ പ്രചാരണത്തിനില്ലായിരുന്നു. ചിത്രം കണ്ടിറങ്ങിയവരുടെ വാക്കുകളായിരുന്നു സിനിമയുടെ ഏറ്റവും വലിയ പരസ്യം. ഫേസ്ബുക്ക് കമന്റുകളിലൂടെയും മൊബൈല്‍ എസ്. എം. എസ്സുകളിലൂടെയും പ്രേക്ഷകര്‍തന്നെ ചിത്രത്തിന്റെ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ പടമല്ലാതിരുന്നിട്ടും ആദ്യ ദിവസങ്ങളില്‍ ചിത്രം ഹൗസ്ഫുള്ളാകാന്‍ കാരണം ഫേസ്ബുക്ക് പോലുള്ള സൈറ്റുകളാണ്. പാട്ടുകള്‍ നേരത്തേമുതല്‍ ചാനലുകളില്‍ വന്നുതുടങ്ങിയതും സഹായകമായി. ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടാതെ എറണാകുളം പദ്മ തിയേറ്ററിന്റെ ഒരു മൂലയില്‍നിന്ന് പടം കണ്ടപ്പോള്‍ത്തന്നെ ഒരു മാജിക് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എല്ലാത്തിനും നന്ദി പറയേണ്ടത് പ്രേക്ഷകരോടാണ്. 
ടൈറ്റില്‍ സോങ്ങിലൂടെ സിനിമയുടെ രസക്കൂട്ടിലേക്ക്

പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലാത്ത ടോണിലുള്ള ഒരു സബ്ജക്ടായതിനാല്‍ അവരെ സിനിമയുടെ മൂഡിലോട്ട് കൊണ്ടുവരാന്‍ വേണ്ടിയാണ്, കേരളത്തിലെ പ്രധാന ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും എല്ലാം ഉള്‍പ്പെടുത്തി ടൈറ്റില്‍ സോങ് അവതരിപ്പിച്ചത്. കേരളത്തിന്റെ വിഭിന്ന രുചികളെ തൊട്ട് പാട്ട് കടന്നുപോകുമ്പോള്‍ കാണികള്‍ അറിയാതെ സിനിമയുടെ രസക്കൂട്ടിലേക്കെത്തും. 

ബാബുരാജിന്റെ കുക്ക് 


കുക്ക് ബാബുവിന്റെ വേഷത്തില്‍ ബാബുരാജിന് കസറാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഒരു കൊമേഡിയന്‍ ചെയ്താല്‍ ചിലപ്പോള്‍ ഏറെ ചളമായിപ്പോകാന്‍ സാധ്യതയുള്ള ഒരു റോളായിരുന്നു അത്. ഒരു നേര്‍ത്ത വരയിലൂടെയാണ് ആ വേഷം കടന്നുപോകുന്നത്. അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാല്‍ പാളും. ബാബുവേട്ടന്‍ വളരെ സമര്‍ഥമായി അത് കൈകാര്യം ചെയ്തു.



അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഇമേജും ആ വലിയ ശരീരവുംവെച്ച് വളരെ സില്ലിയായിട്ടുള്ള, ' രണ്ട് രാധാസ് ' പോലുള്ള ഡയലോഗുകള്‍ പറയുമ്പോള്‍ ആളുകള്‍ക്ക് സ്വാഭാവികമായും ചിരിവരും. കാളിദാസനെയും മനുവിനെയും പോലെ കുക്ക് ബാബുവിനും ഒരു ജീവിതപ

ങ്കാളിയെ കിട്ടുന്നതായി ക്ലൈമാക്‌സില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നു. വാണിവിശ്വനാഥിനെത്തന്നെയാണ് ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. അത് പിന്നീട് നടക്കാതെ പോകുകയായിരുന്നു. 

മുന്‍വിധികളാണ് പ്രശ്‌നം


ഇത്തരം ചെറുപടങ്ങള്‍ വിജയിച്ചാല്‍, ചെറിയ സിനിമകളെടുക്കാന്‍ ആഗ്രഹിക്കുന്ന ഫിലിം മേക്കേഴ്‌സിന് അതൊരു പ്രചോദനമായിരിക്കും. ഇങ്ങനെയുള്ള പടങ്ങള്‍ക്കും കേരളത്തില്‍ സ്‌പേസുണ്ടെന്ന ഒരു ഉറപ്പ് അവരില്‍ ഉണ്ടാകുകയും നല്ല നല്ല സിനിമകള്‍ ഇന്‍ഡസ്ട്രിക്ക് ലഭിക്കുകയും ചെയ്യും. കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് ക്വാളിറ്റി വന്നാല്‍ കുഴപ്പമായിപ്പോകും, ക്ലാസ്സ് സിനിമ എന്നാല്‍ അവാര്‍ഡ് പടമായിരിക്കും എന്നൊക്കെയുള്ള ധാരണകളെ മാറ്റിയെഴുതാന്‍ ഈ ചിത്രം ഒരു നിമിത്തമായെങ്കില്‍ അതിലാണ് എനിക്ക് ഏറെ സന്തോഷം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഇറങ്ങിയപ്പോള്‍ ലോക്കല്‍ ഓഡിയന്‍സിന് ഈ ചിത്രം ഇഷ്ടപ്പെടുമോ, അവരിലേക്ക് എത്തുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. എല്ലാത്തിനെയും ഒരേ അച്ചില്‍ കാണുന്ന ഇത്തരം മുന്‍വിധികളാണ് യഥാര്‍ഥ പ്രശ്‌നം.