Wednesday, July 20, 2011

മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഡിജിറ്റല്‍ ഓണത്തിന്


ഇന്ത്യന്‍ വെള്ളിത്തിരയിലെ അദ്ഭുതമായി മാറിയ ആദ്യ ത്രിഡി സിനിമ 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വീണ്ടുമെത്തുന്നു. ഓണത്തിന് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് നവോദയ അപ്പച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതിയ ചില കൂട്ടിച്ചേര്‍ക്കലുകളുമായാണ് കുട്ടിച്ചാത്തന്റെ മൂന്നാം വരവ്. തമിഴ് നടന്‍ പ്രകാശ്‌രാജ്, ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മുന്‍ പതിപ്പിനേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം കൂടുതലുണ്ട് പുതിയതിന്.

മലയാളത്തില്‍ റിലീസ് ചെയ്തതിന് ശേഷം ഇന്ത്യയിലെ മറ്റ് ഭാഷകകളിലേയ്ക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും.

ഒരു തലമുറയെ ആകെ വിസ്മയിപ്പിച്ച കുട്ടിച്ചാത്തന്‍ 1984ലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 1995ല്‍ വീണ്ടും പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ പ്രദര്‍ശനത്തിനെത്തിയപ്പോഴും വിജയചരിത്രം ആവര്‍ത്തിച്ചു. ജിജോ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ വിതരണത്തിനെത്തിക്കുന്നത് യൂണിവേഴ്‌സല്‍ മൂവി മേക്കേഴ്‌സ് റിലീസാണ്.