Saturday, November 20, 2010

ത്രില്ലറിന് തകര്‍പ്പന്‍ ഓപ്പണിങ്



താരസിംഹാസനത്തിലേറാനുള്ള പൃഥ്വിയുടെ കാത്തിരിപ്പ് ഇനിയധികം നീളില്ലെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ദ ത്രില്ലറിന് മികച്ച ഓപ്പണിങ്. വന്‍ ഇനീഷ്യല്‍ കളക്ഷനാണ് മോളിവുഡിലെ യങ് സ്റ്റാറിന്റെ ത്രില്ലറിന് ലഭിയ്ക്കുന്നത്. മമ്മൂട്ടി-ലാല്‍ സിനിമകളുടെ ഓപ്പണിങിനെയാണ് പൃഥ്വി ചിത്രം ഓര്‍മിപ്പിയ്ക്കുന്നത്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ത്രില്ലറിന് പൃഥ്വിയുടെ മുന്‍ചിത്രമായ അന്‍വറിനെക്കാളും മികച്ച പ്രതികരണമാണ് വരുന്നത്. ഒരുമാസം മുമ്പ് തിയറ്ററുകളിലെത്തിയ അന്‍വറിനും ബോക്‌സ്ഓഫീസില്‍ തകര്‍പ്പന്‍ തുടക്കം കിട്ടിയിരുന്നു.

ഇനീഷ്യല്‍ കളക്ഷന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ 2010ലെ ഹിറ്റുകളിലൊന്നായി ദ ത്രില്ലര്‍ മാറും. പൃഥ്വിയുടെ മാര്‍ക്കറ്റ് ഏറുന്നതിന്റെ പ്രധാന തെളിവ് ദ ത്രില്ലറിന് ലഭിച്ച ചാനല്‍ റേറ്റാണ്. ഒന്നേമുക്കാല്‍ കോടിയോളം സാറ്റലൈറ്റ് റേറ്റായി ത്രില്ലറിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം അടുത്ത രണ്ടാഴ്ചത്തെ കളക്ഷന്‍ സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. ഇതിന് ശേഷമേ ത്രില്ലറിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയുള്ളൂ.