Sunday, February 13, 2011

യന്തിരനെ വെട്ടിക്കാന്‍ കിങ് ഖാന്റെ റാ വണ്‍



രജനീകാന്ത്-ഐശ്വര്യ-ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമാവിസ്മയം യന്തരിനെ കവച്ചുവയ്ക്കുന്നതായിരിക്കും ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് നായകനാകുന്ന റാ വണ്‍ എന്ന് റിപ്പോര്‍ട്ട്.

ഷാരൂഖിന്റെതന്നെ നിര്‍മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ചിത്രം ഏതുവിധേനയും യന്തിരനെ കവച്ചുവയ്ക്കുന്നതാവണമെന്ന് ഷാരൂഖിന് നിര്‍ബ്ബന്ധമാണത്രേ. ഇതിന്റെ ഭാഗമായി ഷാരൂഖ് ആധിമാനുഷിക കഥാപാത്രമായി വരുന്ന റാ വണ്‍ 3 ഡി ചിത്രമാക്കി മാറ്റുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രീകരണ അനുബന്ധ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായ ചിത്രം ത്രീഡി രൂപത്തിലേക്ക് മാറ്റുന്നതിനായി ഹോളിവുഡ് സ്റ്റുഡിയോകളുള്‍പ്പെടെ അനേകം സ്ഥലങ്ങളുമായി ഷാരൂഖ് ബന്ധപ്പെട്ടുവരികയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സിന്‍ഹ പറയുന്നു.

സാധാരണ ഫോര്‍മാറ്റില്‍ ചിത്രീകരിച്ച ചിത്രത്തിലെ ചില സീനുകള്‍ക്ക് യന്തിരനുമായി സാമ്യം തോന്നുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം ത്രീഡിയായി മാറുമ്പോള്‍ അതിന് കുറച്ച് മാറ്റവും സംഭവിക്കും.

അതേസമയം തന്നെ 3ഡി രൂപമായി മാറുമ്പോള്‍ ചിത്രത്തിന് ഇതിനോടകംതന്നെ കണക്കാക്കിയിരുന്ന ബജറ്റായ 150 കോടിയിലും കൂടുതല്‍ തുക ആവശ്യമായിവരും. അപ്പോള്‍ മുതല്‍മുടക്കിന്റെ കാര്യത്തിലും ചിത്രം വളരെ മുന്‍പന്തിയിലെത്തും.

അങ്ങനെ തന്റെ ചിത്രത്തെ ഏതുവിധേനയും യന്തിരനേക്കാള്‍ ഒരുപടി മുന്നിലെത്താനാണ് ഷാരൂഖിന്റെ പ്ലാന്‍. ഷാരൂഖിന്റെ നായികയായി കരീന കപൂറാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഹാന്‍സ് സിമ്മര്‍, ഇളയരാജ, വിശാല്‍ ശേഖര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തീന് സംഗീതമൊരുക്കുന്നത്പുതിയ സാങ്കേതിവിദ്യ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ റിലീസ് ഒക്‌ടോബറിലേക്ക് മാറ്റിയിരിക്കുകയാണ്.