Showing posts with label ponniyin selvan. Show all posts
Showing posts with label ponniyin selvan. Show all posts

Monday, February 7, 2011

സൂര്യയെ വെട്ടി മണിരത്നം ചിത്രത്തിലും വിജയ്



ഇങ്ങനെയൊരു ആക്രമണം സൂര്യ പ്രതീക്ഷിച്ചിരിക്കില്ല. അതും ആത്മാര്‍ത്ഥ സുഹൃത്തായ ഇളയദളപതിയില്‍ നിന്ന്. ഷങ്കറിന്‍റെ 3 ഇഡിയറ്റ്സ് റീമേക്കില്‍ നിന്ന് അവസാന നിമിഷം സൂര്യ പുറത്തായതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാനവാര്‍ത്ത. ഇപ്പോഴിതാ, മണിരത്നത്തിന്‍റെ സിനിമയില്‍ നിന്നും സൂര്യ പുറത്തായിരിക്കുന്നു. പകരം ആ സ്ഥാനത്ത് എത്തിയത് വിജയ് തന്നെ.

മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍‌വന്‍’ ഇതോടെ വാര്‍ത്തകളില്‍ നിറയുകയാണ്. നേരുക്കു നേര്‍, ഫ്രണ്ട്സ് തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച സൂര്യയും വിജയ്‌യും അവരുടെ താരമൂല്യം വര്‍ദ്ധിച്ചപ്പോള്‍ പഴയ ബന്ധം മറക്കുന്നതായാണ് കോടമ്പാക്കത്തെ അടക്കിപ്പിടിച്ച സംസാരം. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, വിജയ് - അജിത് എന്ന പ്രയോഗം മാറി വിജയ് - സൂര്യ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരികയാണ്. അജിത്തിന്‍റെ സിനിമയുടെ ലൊക്കേഷനിലെത്തി വിജയ് അടുത്തകാലത്ത് സൌഹൃദം പുതുക്കിയിരുന്നു. ഇനി കാണാന്‍ പോകുന്നത് വിജയ് - സൂര്യ പോരാട്ടങ്ങളായിരിക്കുമെന്നാണ് സൂചനകള്‍. എന്തായാലും വിവാദങ്ങള്‍ മണിരത്നം ചിത്രത്തിന് ഗുണമാകുകയാണ്.

വിജയ് മാത്രമല്ല പൊന്നിയിന്‍ സെല്‍‌വനിലെ താരസാന്നിധ്യം. വിക്രം, വിശാല്‍ എന്നിവരും ഈ സിനിമയിലുണ്ടാകും. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം സണ്‍ പിക്ചേഴ്സാണ്.

‘രാവണന്‍’ എന്ന തന്‍റെ മുന്‍ ചിത്രം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞതിനെപ്പറ്റിയൊന്നും മണിരത്നം ഇപ്പോള്‍ ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ബിഗ്ബജറ്റില്‍ പൊന്നിയിന്‍ സെല്‍‌വര്‍ ഒരുക്കാനാണ് മണിരത്നം തീരുമാനിച്ചിരിക്കുന്നത്. യന്തിരന് ശേഷം നൂറുകണക്കിന് കോടികള്‍ ചെലവഴിക്കാന്‍ സണ്‍ പിക്ചേഴ്സ് മുന്നോട്ടുവന്നതും മണിരത്നത്തിന്‍റെ ആത്മവിശ്വാസം തിരിച്ചറിഞ്ഞാണ്.

കാവലന്‍റെ വിജയം വിജയ്ക്ക് ഏറെ ഗുണമായതായാണ് റിപ്പോര്‍ട്ടുകള്‍. ഷങ്കര്‍, മണിരത്നം എന്നീ ബിഗ് നെയിമുകളുടെ സിനിമകളില്‍ സഹകരിക്കാനുള്ള അവസരം തന്‍റെ താരമൂല്യം ഉയര്‍ത്തുമെന്ന് ഇളയദളപതി വിശ്വസിക്കുന്നു.