Friday, February 18, 2011

ട്രാഫിക് വന്‍ നഗരങ്ങളില്‍, മേക്കപ്പ്‌മാന്‍ ഹിറ്റ്



മലയാളത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന ഇന്ത്യയിലെ വന്‍ നഗരങ്ങളിലേക്ക് ഒരു ചെറിയ ചിത്രം എത്തുന്നു. മുംബൈ, പൂനെ, കൊല്‍ക്കത്ത നഗരങ്ങളില്‍ ‘ട്രാഫിക്’ പ്രദര്‍ശനം ആരംഭിക്കുകയാണ്. പുതിയ 18 കേന്ദ്രങ്ങളിലാണ് അടുത്തയാഴ്ച ട്രാഫിക് റിലീസ് ചെയ്യുന്നത്. സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഈ സിനിമ കേരളത്തില്‍ സ്റ്റഡി കളക്ഷനില്‍ മുന്നേറുന്നു.

ജനുവരി ഏഴിന് 44 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ട്രാഫിക് മൂന്നാമത്തെ ആഴ്ചയില്‍ 22 കേന്ദ്രങ്ങളില്‍ മാത്രമായി ചുരുങ്ങി. സൂപ്പര്‍സ്റ്റാറുകളില്ലാത്ത ഒരു ചെറിയ ചിത്രത്തിന് അത്രയും ദിവസങ്ങള്‍ അനുവദിച്ചതുതന്നെ വലിയ കാര്യം എന്ന നിലപാടിലായിരുന്നു തിയേറ്ററുടമകള്‍. എന്നാല്‍ മൌത്ത് പബ്ലിസിറ്റിയും റിപ്പീറ്റ് ഓഡിയന്‍സും കാര്യങ്ങള്‍ മാറ്റിമറിച്ചു. ഈ സിനിമ ഒരത്ഭുതമാണെന്ന് തിയേറ്ററുടമകള്‍ക്ക് മനസിലായി. പടത്തിന്‍റെ വന്‍ വിജയം അവിടെ ആരംഭിക്കുകയായിരുന്നു.

ഇപ്പോള്‍ ആറു വാരങ്ങള്‍ പിന്നിടുമ്പോള്‍ ട്രാഫിക് ഒരു തരംഗമായി മാറിക്കഴിഞ്ഞു. ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ് ഈ സിനിമ. ദിലീപിന്‍റെ മേരിക്കുണ്ടൊരു കുഞ്ഞാടാണ് ഒന്നാം സ്ഥാനത്ത്.

ബോക്സോഫീസ് ഹിറ്റ് ചാര്‍ട്ട് ഈ വാരം ഇങ്ങനെ:

1. മേരിക്കുണ്ടൊരു കുഞ്ഞാട്
2. ട്രാഫിക്
3. മേക്കപ്പ്‌മാന്‍
4. ഗദ്ദാമ
5. അര്‍ജുനന്‍ സാക്ഷി

നിലവാരമില്ലാത്ത തിരക്കഥയില്‍ ഒരു തട്ടിക്കൂട്ട് സിനിമയാണെങ്കിലും മേക്കപ്പ്‌മാന്‍ ഹിറ്റായി മാറുകയാണ്. എല്ലാ കേന്ദ്രങ്ങളിലും ഫുള്‍ ഹൌസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കുഞ്ഞാടിന് ശേഷമെത്തിയ ഷാഫിച്ചിത്രം എന്ന പബ്ലിസിറ്റിയാണ് ചിത്രത്തിന് ഗുണമാകുന്നത്. ജഗതിയുടെയും സുരാജ് വെഞ്ഞാറമ്മൂടിന്‍റെയും പ്രകടനവും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നു. പുതിയ റിലീസായ റേസ് മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.