Showing posts with label arjunan sakshi. Show all posts
Showing posts with label arjunan sakshi. Show all posts

Friday, February 18, 2011

ട്രാഫിക് വന്‍ നഗരങ്ങളില്‍, മേക്കപ്പ്‌മാന്‍ ഹിറ്റ്



മലയാളത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന ഇന്ത്യയിലെ വന്‍ നഗരങ്ങളിലേക്ക് ഒരു ചെറിയ ചിത്രം എത്തുന്നു. മുംബൈ, പൂനെ, കൊല്‍ക്കത്ത നഗരങ്ങളില്‍ ‘ട്രാഫിക്’ പ്രദര്‍ശനം ആരംഭിക്കുകയാണ്. പുതിയ 18 കേന്ദ്രങ്ങളിലാണ് അടുത്തയാഴ്ച ട്രാഫിക് റിലീസ് ചെയ്യുന്നത്. സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഈ സിനിമ കേരളത്തില്‍ സ്റ്റഡി കളക്ഷനില്‍ മുന്നേറുന്നു.

ജനുവരി ഏഴിന് 44 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ട്രാഫിക് മൂന്നാമത്തെ ആഴ്ചയില്‍ 22 കേന്ദ്രങ്ങളില്‍ മാത്രമായി ചുരുങ്ങി. സൂപ്പര്‍സ്റ്റാറുകളില്ലാത്ത ഒരു ചെറിയ ചിത്രത്തിന് അത്രയും ദിവസങ്ങള്‍ അനുവദിച്ചതുതന്നെ വലിയ കാര്യം എന്ന നിലപാടിലായിരുന്നു തിയേറ്ററുടമകള്‍. എന്നാല്‍ മൌത്ത് പബ്ലിസിറ്റിയും റിപ്പീറ്റ് ഓഡിയന്‍സും കാര്യങ്ങള്‍ മാറ്റിമറിച്ചു. ഈ സിനിമ ഒരത്ഭുതമാണെന്ന് തിയേറ്ററുടമകള്‍ക്ക് മനസിലായി. പടത്തിന്‍റെ വന്‍ വിജയം അവിടെ ആരംഭിക്കുകയായിരുന്നു.

ഇപ്പോള്‍ ആറു വാരങ്ങള്‍ പിന്നിടുമ്പോള്‍ ട്രാഫിക് ഒരു തരംഗമായി മാറിക്കഴിഞ്ഞു. ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ് ഈ സിനിമ. ദിലീപിന്‍റെ മേരിക്കുണ്ടൊരു കുഞ്ഞാടാണ് ഒന്നാം സ്ഥാനത്ത്.

ബോക്സോഫീസ് ഹിറ്റ് ചാര്‍ട്ട് ഈ വാരം ഇങ്ങനെ:

1. മേരിക്കുണ്ടൊരു കുഞ്ഞാട്
2. ട്രാഫിക്
3. മേക്കപ്പ്‌മാന്‍
4. ഗദ്ദാമ
5. അര്‍ജുനന്‍ സാക്ഷി

നിലവാരമില്ലാത്ത തിരക്കഥയില്‍ ഒരു തട്ടിക്കൂട്ട് സിനിമയാണെങ്കിലും മേക്കപ്പ്‌മാന്‍ ഹിറ്റായി മാറുകയാണ്. എല്ലാ കേന്ദ്രങ്ങളിലും ഫുള്‍ ഹൌസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കുഞ്ഞാടിന് ശേഷമെത്തിയ ഷാഫിച്ചിത്രം എന്ന പബ്ലിസിറ്റിയാണ് ചിത്രത്തിന് ഗുണമാകുന്നത്. ജഗതിയുടെയും സുരാജ് വെഞ്ഞാറമ്മൂടിന്‍റെയും പ്രകടനവും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നു. പുതിയ റിലീസായ റേസ് മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

Thursday, February 10, 2011

റേസിനൊപ്പം പയ്യന്‍സിന്റെ റേസ്



തിയറ്ററുകളില്‍ ഇത് ത്രില്ലറുകളുടെ കാലം. പാസഞ്ചറിലും കോക്ക്‌ടെയിലും തുടങ്ങി ട്രാഫിക്കിലും അര്‍ജ്ജുനന്‍ സാക്ഷിയിലുമെത്തി നില്‍ക്കുന്ന ത്രില്ലര്‍ സിനിമകളുടെ ഗണത്തിലേക്ക് ഒന്നുകൂടി വരികയാണ്.

ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും ഒന്നിയ്ക്കുന്ന റേസ് ഫെബ്രുവരി 11നാണ് തിയറ്ററുകളിലെത്തുന്നത്. കുക്കു സുരേന്ദ്രന്‍ സംവിധാനവും തിരക്കഥയും നിര്‍വഹിയ്ക്കുന്ന ചിത്രം പ്രമേയമാക്കുന്നത് ജീവിത്തിലെ അപ്രതീക്ഷിതസംഭവങ്ങളാണ്. ഇതാദ്യമായി മംമ്ത മോഹന്‍ദാസ് കുഞ്ചാക്കോയുടെ നായികയായെത്തുന്ന പ്രത്യേകതയും റേസിന് സ്വന്തം. റോബിന്‍ തിരുമലയാണ് സിനിമയുടെ സംഭാഷണം എഴുതിയിരിക്കുന്നത്.

റേസിനോട് റേസ് ചെയ്യാനെത്തുന്നതും മറ്റൊരു യുവതാരത്തിന്റെ ചിത്രമാണ്. ജയസൂര്യ നായകനാവുന്ന കോമഡി ഫ്ളിക്ക് പയ്യന്‍സാണ് റേസിനോട് മത്സരിയ്ക്കുന്നത്. 'അങ്ങാടിത്തെരു' ഫെയിം അഞ്ജലിയുടെ ആദ്യ മലയാള ചിത്രമായ സിനിമ ഉത്തരവാദിത്വങ്ങളൊന്നും ഏല്‍ക്കാതെ ചുമ്മാ നടക്കുന്ന പയ്യന്‍സിന്റെ കഥയാണ് പറയുന്നത്.

യുവസംവിധായകരില്‍ ശ്രദ്ധേയനായ ലിയോ തദേവൂസാണ് പയ്യന്‍സ് ഒരുക്കുന്നത്. മുന്‍കാല നടി രോഹിണിയും ലാലും ജയസൂര്യയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത് സിനിമയുടെ മറ്റൊരു പുതുമയാണ്. പയ്യന്‍സിനോടും റേസിനോടും മത്സരിയ്ക്കാന്‍ ജയറാമിന്റെ മേക്ക്പ്പ് മാന്‍ കൂടി വരുന്നതോടെ ബോക്‌സ് ഓഫീസ് വീണ്ടും സജീവമാവും

Thursday, February 3, 2011

Review: Arjunan Sakshi



രഞ്‌ജിത് ശങ്കര്‍ എഴുതി സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷിയുടെ പശ്ചാത്തലം കൊച്ചിയാണ്; പിന്നെ കൊച്ചിയുടെ തനതുകലയെന്ന മട്ടില്‍ നമ്മുടെ സിനിമക്കാര്‍ തലങ്ങും വിലങ്ങും എടുത്തുപെരുമാറുന്ന ക്വട്ടേഷന്‍- ലാന്‍‌ഡ് മാഫിയ ഇടപാടുകളും. പത്രപ്രവര്‍ത്തകയാ‍യ അഞ്‌ജലി മേനോന്‍ (ആന്‍ അഗസ്‌റ്റിന്‍) ഒരു കുരുക്കില്‍ പെടുന്നു. എറണാകുളം കളക്‍ടറായിരുന്ന ഫിറോസ് മൂപ്പന്റെ (മുകേഷ്) കൊലപാതകത്തിന് സാക്ഷിയാണെന്നു പറഞ്ഞ് അര്‍ജുനന്‍ എന്ന പേരില്‍ ഒരാളെഴുതിയ കത്ത് അഞ്‌ജലി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഒറ്റ നോട്ടത്തില്‍ നിരുപദ്രവം എന്നു തോന്നാവുന്ന ഇത് അപ്രതീക്ഷിതമായ പ്രശ്‌നങ്ങളിലേക്കാണ് അഞ്‌ജലിയെ നയിക്കുന്നത്. ഇതേസമയത്ത് കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ആര്‍ക്കിടെക്‍റ്റായി ജോലിക്കു ചേര്‍ന്ന റോയ് മാത്യുവും (പൃഥ്വിരാജ്) ഇതേ പ്രശ്‌നത്തില്‍ കുരുങ്ങുന്നു; തികച്ചും അപ്രതീക്ഷിതമായി.

ഫിറോസ് മൂപ്പന്റെ ഘാതകര്‍ റോയിയെ ഉന്നമിടുന്നതോടെ പുതിയ കളികളും പുതിയ കളിക്കാരും ഇരുവരുടെയും മുന്നില്‍ നിരക്കുകയാണ്. പിടി വിട്ടുപോകുന്ന സ്വന്തം ജീവിതത്തെ നേരെയാക്കാനുള്ള റോയിയുടെ ശ്രമങ്ങളാണ് പിന്നീട്. (ഇതേ പോയിന്റില്‍ വച്ച് പിടിവിട്ടു പോകുന്ന സിനിമ, നേരെയാക്കാന്‍ കഴിയാതെ വിഷമിക്കുന്ന സംവിധായകനെയും പിന്നീട് കാണാം എന്നതാണ് ഇതിലെ ട്രാജഡി!)

PLUSES
പറഞ്ഞു കേള്‍ക്കുമ്പോള്‍ കൌതുകം തോന്നുന്ന ഒരു കഥാംശം ഈ ചിത്രത്തിലുണ്ട്; അതിന്റെ പരിസരം വളരെ പഴകിയതും പല വട്ടം ഉപയോഗിക്കപ്പെട്ടിട്ടുള്ളതും ആണെങ്കിലും. പദ്മരാജന്റെ അപരനെ മറ്റൊരു വാതിലിലൂടെ ഈ കഥയിലേക്ക് കടത്തിവിട്ടിരിക്കുന്നതും നന്നായിരിക്കുന്നു.

ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കാണികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം കൂടിയുണ്ട്: സമൂഹത്തിന്റെ ദുര്‍നടപ്പു കാണുമ്പോള്‍ ശബ്‌ദിക്കാനോ പ്രവര്‍ത്തിക്കാനോ തരിക്കുകയും പല ഭീതികളാലും പൊതിയപ്പെട്ട് ഉള്‍വലിയുകയും ചെയ്യുന്ന മധ്യവര്‍ഗത്തിന് വളരെ സ്വീകാര്യരാവുന്ന കഥാപാത്രങ്ങള്‍ ഒന്നിലധികമുണ്ട് ഈ ചിത്രത്തില്‍.

അജയന്‍ വിന്‍സന്റിന്റെ ക്യാമറ പതിവുപോലെ മികച്ചത്. ഈ സിനിമ കുറച്ചെങ്കിലും കണ്ടിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനു പ്രധാനമായും നന്ദി പറയേണ്ടത് ഈ സമര്‍ഥനായ ഛായാഗ്രാഹകനോടാണ്. അജയന്‍ വിന്‍സന്റ്, നന്ദി!

MINUSES
ത്രില്ലറുകളുടെ ഗണത്തില്‍ പെടുത്തേണ്ട സിനിമയാണെങ്കിലും ത്രില്ലിങ് ആയ ഒരു വസ്‌തുവും ഇല്ല അര്‍ജുനന്‍ സാക്ഷിയില്‍. ആദ്യപകുതിയില്‍ ഇടയ്‌ക്കൊക്കെ ഒരു കൌതുകം ജനിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പാതി പോലും വേകാത്ത ചേരുവകളും പ്രവചനീയമായ നീക്കങ്ങളും മാത്രം; ഒടുവില്‍, അങ്ങേയറ്റം അമച്വറിഷ് ആയ ക്ലൈമാക്‍സും.

രഞ്‌ജിത്തിന്റെ ആദ്യചിത്രമായ പാസഞ്ചറിലെ തുറുപ്പുചീട്ട് ഒരു വീഡിയോ ക്ലിപ്പിങ്ങാണ്. ഇതിലും അതു തന്നെ! വേറെ എന്തെങ്കിലുമൊന്ന്ആലോചിച്ചെടുക്കാന്‍ ഒരു രാത്രിയെങ്കിലും സംവിധാ‍യക-രചയിതാവ് മാറ്റി വച്ചിരുന്നെങ്കില്‍ ഒരു പക്ഷേ, ഈ സിനിമയുടെ ജാതകം തന്നെ മാറിപ്പോയേനെ.

ഒന്നൊഴിയാതെ അഭിനേതാക്കളെല്ലാം വളരെ passive ആയിട്ടാണ് സ്‌ക്രീനില്‍ വന്നുപോകുന്നത്; വളരെ വിരസമായ എന്തോ കാര്യം ചെയ്യുന്ന മട്ടില്‍! (outstanding performance ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍ ഇതില്‍ ഇല്ലാതെ പോയതും അതിനു കാരണമാകാം.) സി ആര്‍ നീലകണ്‌ഠന്റെയും സാറാ ജോസഫിന്റെയും പ്രസംഗവും മീറ്റിങ്ങുമൊക്കെ ഏച്ചുകെട്ടിയതിനേക്കാള്‍ മുഴച്ചുനില്‍ക്കുന്നുണ്ട്.

REALLY FUNNY
തമാശകള്‍‌ക്ക് ഒരു ക്ഷാമവുമില്ലാത്ത സിനിമയാണ് അര്‍ജുനന്‍ സാക്ഷി. നമ്മള്‍ ചിരിച്ചു മരിക്കാന്‍ മാത്രമുണ്ട്. (അവയൊന്നും നമ്മളെ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയല്ല എന്നതു മാത്രമാണ് പ്രശ്‌നം.) കുറച്ച് സാം‌പിളുകള്‍ ഇതാ.

1. ഊമക്കത്ത് എന്നു വിശേഷിപ്പിക്കാവുന്ന ഒരു കുറിപ്പ് പത്രത്തില്‍ പ്രസിദ്ധീകരിക്കാ‍നായി എടുത്തുകൊടുത്തു എന്നല്ലാതെ അഞ്‌ജലി മേനോന്‍ ഒന്നും ചെയ്‌തിട്ടില്ല. പത്രത്തിന്റെ വായനക്കാരെ സംബന്ധിച്ചിടത്തോളം അഞ്‌ജലി അജ്ഞാതയാണെന്നു മാത്രമല്ല, അഞ്‌ജലിക്ക് ഈ സംഭവത്തേക്കുറിച്ച് ഒരു ചുക്കും അറിയുകയുമില്ല. പക്ഷേ, ബിന്‍ ലാദന്റെ താവളത്തില്‍ ഇടിച്ചു കയറിച്ചെന്ന് മൂപ്പരെ ഇന്റര്‍വ്യൂ ചെയ്തിട്ട് ജീവനോടെ ഇറങ്ങിവരുന്ന ജേണലിസ്റ്റിനു പോലും കിട്ടാത്ത സ്വീകരണമാണ് ഈ കഥാപാത്രത്തിന് പിന്നീട് കിട്ടുന്നത്. ചാനല്‍ചര്‍ച്ചകള്‍, ഭീഷണിഫോണുകള്‍, അന്ത്യശാസനങ്ങള്‍, വീടുകൈയേറ്റം.. അങ്ങനെ എന്തെല്ലാം!

2. അര്‍ജുനനെ ഇല്ലാതാക്കുകയാണ് ഫിറോസ് മൂപ്പന്റെ കൊലപാതകികളുടെ ലക്ഷ്യം. അത് ഒരു വെടിയുണ്ടയില്‍ തീര്‍ക്കാവുന്ന അവസരങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. കാരണം, ഒരു ബോധവുമില്ലാതെ തേരാപ്പാരാ റോഡിലൂടെ നടപ്പാണ് ഈ കക്ഷിയുടെ പ്രധാന പണി. എന്നാല്‍, ഒരു ചപ്പടാച്ചി ലോറിയും നേരെ നില്‍ക്കാന്‍ വയ്യാത്ത കുറേ കാറുകളും കൊണ്ട് അയാളുടെ കൂറ്റന്‍ എസ് യു വിയില്‍ ഇടിക്കുക, പാര്‍ക്കിങ് ലോട്ടില്‍ വന്ന് വടിവാളും ഇടിമുട്ടിയും വീശുക ഇത്യാദി age-old വേലകളാണ് വില്ലന്മാരുടെ കൈയില്‍. ഇവന്മാര്‍ക്ക് തരി ബുദ്ധിയുണ്ടായിരുന്നെങ്കില്‍ തുടങ്ങുന്നതിനു മുന്‍പേ ഈ സിനിമ തീര്‍ന്നു പോയേനെ! അര്‍ജുനനെ കൊല്ലാതെ ഫിറോസ് മൂപ്പന്റെ പിതാവിനെ കൊന്നിട്ട് സ്ഥലം വിടുന്ന സീനില്‍ ഇവരുടെ മണ്ടത്തരത്തിന്റെ തകര്‍പ്പന്‍ തനിയാവര്‍ത്തനം കാണാം.

3. വില്ലന്മാരെ ബോട്ടില്‍ കയറ്റി കൊണ്ടുപോകുന്ന സീന്‍. ബോട്ട് പുറപ്പെടും മുന്‍പ് നാലു പേരുടെയും ഫോണുകള്‍ വാങ്ങി കായലില്‍ എറിയുന്നുണ്ട്. കൊള്ളാം, നല്ലതു തന്നെ. എന്നാല്‍, ഈ വിദ്വാന്മാരുടെ പോക്കറ്റില്‍ വല്ല കൊച്ചുപിച്ചാത്തിയോ കളിത്തോക്കൊ മറ്റോ ഉണ്ടോയെന്ന് നോക്കുന്ന കാര്യം കൊണ്ടുപോകുന്നയാള്‍ ആലോചിക്കുന്നതു പോലുമില്ല. ഇതിലൊരുത്തന്‍ ഒടുവില്‍ തോക്കുമെടുത്ത് ചാടിവീഴുന്നതു കൂടി കാണുമ്പോള്‍ നമ്മള്‍ ശരിക്കും ചിരിച്ചുപോകും. സംവിധായകന്റെ ബുദ്ധി അപാരം!

4. വില്ലന്മാരുമായി സംഭാഷണം നടത്താന്‍ കൈയും വീശി തുറമുഖത്തു വന്ന് തെക്കു വടക്കു നോക്കി നില്‍ക്കുന്ന നായകന്‍ ചിരിക്കാനാണോ കൂവാനാണോ പ്രേരിപ്പിക്കുന്നതെന്നു ചോദിച്ചാല്‍ രണ്ടിനും എന്നു മാത്രമേ മറുപടി പറയാന്‍ പറ്റൂ. കൈയില്‍ കിട്ടിയ പ്രതിയോഗിയെ മൂന്നോ നാലോ തവണ കൊല്ലാന്‍ സമയം കിട്ടിയിട്ടും അതു ചെയ്യാതെ പൊലീസ് വന്നപ്പോള്‍ വെള്ളത്തില്‍ ചാടി മുങ്ങിക്കളയുന്ന വില്ലന്മാരും ചിരിക്കാനോ കൂവാനോ നമ്മളെ പ്രേരിപ്പിക്കും.

5. ക്ലൈമാക്‍സിലെ കാരവാന്‍ സീക്വന്‍‌സും തുടര്‍ന്നുളള സീനുകളും പൊട്ടിച്ചിരിച്ചുകൊണ്ടല്ലാതെ കണ്ടിരിക്കാന്‍ കഴിയില്ല. ഗഡാഗഡിയന്മാരായ വില്ലന്മാരെ നായകന്‍ പാട്ട കൊണ്ട് തല്ലി കാരവനില്‍ കയറ്റുന്നതും മറ്റും അഹോ ഗംഭീരം!

ഈ ലിസ്റ്റ് എത്ര വേണമെങ്കിലും ഇങ്ങനെ നീട്ടാം. പക്ഷേ, ഇതിനപ്പുറം കടന്നാല്‍ കഥയുടെ സ്വതേ ദുര്‍ബലമായ രസച്ചരട് പൊട്ടിപ്പോയേക്കാമെന്നതുകൊണ്ട് ഇവിടെ നിര്‍ത്തുന്നു.

EXTRAS
പാസഞ്ചര്‍ എന്ന പല വ്യത്യസ്തതകളുമുള്ള ചിത്രത്തിലൂടെ മലയാളത്തിലെ നല്ല ഫിലിം മേക്കര്‍മാര്‍ക്കുള്ള കസേരയില്‍ അന്തസായി ഇരിക്കാന്‍ യോഗ്യതയുണ്ടെന്ന് തോന്നിച്ച സംവിധായകനാണ് രഞ്‌ജിത് ശങ്കര്‍. ആ സിനിമയില്‍ അദ്ദേഹം കാണിച്ച ചെറിയ അബദ്ധങ്ങളും കഥ കെട്ടിപ്പൊക്കിയ അയുക്തികമായ അടിത്തറയും ഒരു തുടക്കക്കാരന്റെ കൈക്കുറ്റപ്പാടായി കാണാമെന്നാണ് അന്നു കരുതിയത്. നേരത്തെ പറഞ്ഞ കസേരയുടെ പരിസരത്തു ചുറ്റിത്തിരിയാമെന്നല്ലാതെ അതില്‍ കയറി ഇരിക്കാനുള്ള യോഗ്യത നേടാന്‍ രഞ്‌ജിത് ശങ്കര്‍ ഏറെ പണിപ്പെടേണ്ടിവരുമെന്ന് തെളിയിക്കുന്നു അദ്ദേഹത്തിന്റെ രണ്ടാംചിത്രം.

ബ്രാന്‍ഡിങ് എത്ര സൂക്ഷിച്ചു ചെയ്യേണ്ട കാര്യമാണെന്ന് അറിയാത്ത മാര്‍ക്കറ്റിങ്ങുകാര്‍ക്ക് ഒരു കേസ് സ്റ്റഡിയായി എടുത്ത് പഠിക്കാന്‍ മാത്രമുണ്ട് ഈ ചിത്രത്തിലെ മാതൃഭൂമിയുടെ അവസ്ഥ. വെറുതേ അവസ്ഥ എന്നു പറഞ്ഞാല്‍ പോര, ദയനീയമായ അവസ്ഥ എന്നു തന്നെ പറയണം. കാരണം, അങ്ങേയറ്റം നിരുത്തരവാദപരമായി നടത്തപ്പെടുന്ന ഒരു മാധ്യമസ്ഥാപനമാണ് മാതൃഭൂമി എന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. നാടിനെ പ്രകമ്പനം കൊള്ളിച്ച ഒരു കൊലപാതകത്തിന്റെ സാക്ഷി എന്നവകാശപ്പെട്ട് ഒരാളെഴുതിയ കത്ത് കിട്ടിയാല്‍ അത് പത്രാധിപര്‍ക്കുള്ള കത്തുകളില്‍ കൊടുക്കാനുള്ള ബോധമേ മാതൃഭൂമിയിലെ ജേണലിസ്റ്റുകള്‍ക്ക് ഉള്ളോ? പത്രത്തിന്റെ തലച്ചോറ് എന്നൊക്കെ ഫോര്‍ത്ത് എസ്റ്റേറ്റ് പണ്ഡിതര്‍ വീമ്പിളക്കാറുള്ള എഡിറ്റോറിയല്‍ പേജിലെ വളരെ crucial ആയ ഒരു കോളം എന്നു മുതലാണ് മുലകുടി മാറാത്ത കുട്ടികളെ മാതൃഭൂമി ഏല്പിച്ചുതുടങ്ങിയത്? ഇതുപോലുള്ള ഒരാളെ തങ്ങളുടെ പ്രതിനിധിയായി ടെലിവിഷന്‍ ചര്‍ച്ചകളിലേക്കും മറ്റും മാതൃഭൂമി പറഞ്ഞയയ്‌ക്കാന്‍ തുടങ്ങിയത് എന്നുമുതലാണ്? മാതൃഭൂമിയുടെ എഡിറ്റര്‍ എന്നു മുതലാണ് കൊച്ചിയില്‍ താമസമാക്കിയത്? കാണികള്‍ക്ക് തോന്നാവുന്ന സംശയങ്ങള്‍ ഇനിയുമുണ്ട്…

LAST WORD
വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ നനഞ്ഞു നാണിച്ചു നില്‍ക്കുന്ന യുക്തികളും ശിക്കാരി ശംഭുവിന്റെ അക്കൌണ്ടില്‍ മാത്രം എഴുതാന്‍ പറ്റുന്ന യാദൃശ്ചികതകളും ശുപ്പാണ്ടിയുടെ അക്കൌണ്ടില്‍ പോലും എഴുതാന്‍ പറ്റാത്ത മണ്ടത്തരങ്ങളും നിര്‍ലോഭം നിറച്ചിരിക്കുന്ന ഒരു സിനിമ. ഒരു കുഞ്ഞു പ്രേതവും കുറച്ചു കൂടി ശരീരപ്രദര്‍ശനവും (അതു മരുന്നിനു ചേര്‍ത്തിട്ടുണ്ട് രഞ്‌ജിത് ശങ്കര്‍) ഉണ്ടായിരുന്നെങ്കില്‍ A Film By Vinayan എന്ന് ഒടുവില്‍ ധൈര്യമായി എഴുതിക്കാണിക്കാമായിരുന്നു; ആര്‍ക്കും സംശയം തോന്നില്ല! വിനയന്‍സിനിമകളുടെ ആരാധകര്‍ക്ക് ഈ ചിത്രം watchable ആയി തോന്നുകയും ചെയ്യും.

Friday, January 28, 2011

എല്ലാത്തിനും സാക്ഷിയാവാന്‍ അര്‍ജ്ജുന്‍ വരുന്നു



വിജയം അനിവാര്യമായിരിക്കുന്ന വേളയില്‍ അര്‍ജുനന്‍ സാക്ഷിയുമായി പൃഥ്വി വീണ്ടും തിയറ്ററുകളിലേക്ക്. വന്‍ കോലാഹലങ്ങളോടെ പൃഥ്വി ചിത്രങ്ങള്‍ തകിടുപൊടിയാവുന്നതിനാണ് 2010 സാക്ഷ്യം വഹിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള പോക്കിരി രാജ മാറ്റനിര്‍ത്തിയാല്‍ പൃഥ്വിയുടെ താന്തോന്നിയും ത്രില്ലറും അന്‍വറുമെല്ലാം വന്‍തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്.

പുതുവര്‍ഷത്തിലെ ആദ്യ പൃഥ്വി ചിത്രം ഈ പരാജയപരമ്പരയ്ക്ക് വിരാമമിടുമോയെന്നാണ് സിനിമാ വിപണി ഉറ്റുനോക്കുന്നത്. പാസഞ്ചര്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളത്തിന് പുതുപ്രതീക്ഷകള്‍ സമ്മാനിച്ച സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ കൂട്ടുപിടിച്ചാണ് പൃഥ്വി തിരിച്ചുവരവിനൊരുങ്ങുന്നത്.

രഞ്ജിത്ത് ശങ്കര്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന അര്‍ജുനന്‍ സാക്ഷി തികച്ചും പുതുമയേറിയ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഭൂമാഫിയക്കെതിരെ പോരടുന്ന റോയി മാത്യു എന്ന യുവ ആര്‍ക്കിടെക്റ്റായാണ് പൃഥ്വി എത്തുന്നത്

വര്‍ഷങ്ങളോളം കേരളത്തിന് പുറത്തുകഴിഞ്ഞ റോയി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മാറിയ സാഹചര്യങ്ങളോടുംഅവസ്ഥകളോടും എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് അര്‍ജുനന്‍ സാക്ഷിയുടെ പ്രമേയം. അഞ്ജലിയെന്ന വനിതാ ജേര്‍ണലിസ്റ്റായി ആന്‍ അഗസ്റ്റിന്‍ അഭിനയിക്കുന്നു. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ആക്ഷന്‍ ത്രില്ലറായ അര്‍ജുനന്‍ സാക്ഷിയിലൂടെ പൃഥ്വി ഒരു വിജയത്തിന് സാക്ഷ്യം വഹിയ്ക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

Tuesday, December 7, 2010

Ann Augustine teaming up with Prithviraj



Actress Ann Augustine, who debuted with Lal Jose's film Elsamma Enna Aankutty, is now gearing up for her next film. She is teaming up with superstar Prithviraj in her second movie Arjunan Sakshi, which is being directed by Passenger fame Ranjith Sankar, a software engineer.

The budding Malayalam actress has essayed a role of newspaper girl in Elsamma Enna Aankutty. As if a coincidence, Ann Augustine will now play daredevil journalist in the film Arjunan Sakshi. Prithvi will reprise the role of Roy Mathew, a young architect. She says that she has learned a lot from her first film EEA and that experience makes her feel comfortable on the sets.

However, Arjunan Sakshi is being produced by S Sundararajan under the banner of SRT Films. Biji Bal will compose music, while Ajayan Vincent handles camera
for the film. Biju Menon, Jagathy Sreekumar, Nedumudi Venu, Vijayaraghavan, Salim Kumar and Suraj Venjarammoodu are in other cast.